.കൃഷ്ണവനത്തിന് കാളിമയേറി
ശ്യാമ മൂകം നിരാർദ്രം
നിശ്ശബ്ദ മംഗള വിപിനങ്ങൾ
കുന്തിപ്പുഴ തേങ്ങുന്നു.
നിസ്വരായ് , ആരുണ്ടിനി അഭയമായ്
കൈക്കുമ്പിളിൽ ജലം കാക്കാത്ത
സംസ്കൃതിതൻ പടനായകർക്ക് നേരെ
കത്തിജ്വലിച്ച സൗഭ്രാത നക്ഷത്രം……
നദി ചുവന്നപ്പോൾ , മണലൂറ്റിയപ്പോൾ
കുന്നിടിച്ചപ്പോൾ, പെണ്ണിനു ചവിട്ടേറ്റപ്പോൾ
പത്തിവിടർത്തിയാടിയ പെൺസർപ്പം
ഒരു രാപ്പാടി കേണപ്പോൾ, വിതുമ്പിയ
പാവം മാനവ ഹൃദയം …………..
പ്രകൃതിയ്ക്കു പനി പിടിച്ചു
നീലകണ്ഠന്റെ കാളകൂടം
നെഞ്ചിലേക്കാവാഹിച്ച് വിട പറഞ്ഞു.
വിണ്ണിലേക്കുയർത്ത ല്ലെൻ, പ്രിയപുത്രിയെ
വിട്ടു തരില്ല നഭോമണ്ഡല ങ്ങൾക്ക്
ധര വിറച്ചു , ജട മുറിച്ചു , അടവിയിൽ
ഗോപി കാ ജന്മം, തുലാവർഷപ്പച്ചയിൽ
ഭ്രമിച്ച് വിറ കൊള്ളുന്നു വരദയായ്
ഏതോ മുജ്ജന്മ സുകൃതമോ
ആറന്മുളയിൽ വയലിന്നു കാവലായ്
മണ്ണിന്നു പുതപ്പായവൾ ……
അക്ഷരം ആഗ്‌നേയമാക്കി അരണി
കടഞ്ഞവൾ …
രാത്രിമഴയിൽ ഭ്രാന്തിയായ്
നിശാ ശലഭച്ചിറകടിയൊച്ചയിൽകൺചിമ്മി
കണ്ണോണ്ട് കാണാത്തിടേത്തക്ക്
മൃത്യുവിൻ നർത്തനം ഹരിതോന്മാദം
നിലാവിൽ ചുവന്ന പഴം കായ്ക്കും
ആൽ മരം കുരുത്തു നിൻ കാമന
അറിയുന്നോർ തർപ്പണമായ്
നിനക്കായ് കാത്ത് വെച്ചു ,
കാകനായെത്തി, പഴങ്ങളെ കൊത്തി
കൃഷ്ണവനത്തിലേക്ക് ….
ചിറകൊടിയൊച്ച കേട്ട് വിപിനം
കോരിത്തരിച്ചു വനജ്യോത്സന മൊട്ടിട്ടു
നിശ്ശബ്ദ താഴ്‌വര തല കുനിച്ചു
നീലക്കുറിഞ്ഞി പൂത്തു ധരിത്രീ പുത്രിക്ക്
പുഷ്പവൃഷ്ടിയൊരുക്കാൻ കാടകം കാമിതയായ് …
m k onappathipp