ഇമ്പ്രെസ്സിയോ ഓണപ്പതിപ്പ് 2021 /ഞാൻ കണ്ട മഴവില്ല്…../അരളി നീലാംബരി

അരളി നീലാംബരി


കുട്ടിക്കാലത്തെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നായിരുന്നു ഒരു അധ്യാപിക ആവുക എന്നത്.അടങ്ങാത്ത ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും അന്നത്തെ സാഹചര്യവും മറ്റ് കുടുംബാന്തരീക്ഷവും അതിന് അനുകൂലമല്ലാത്തതിനാൽ മോഹങ്ങളെ പാടെ മുളയിലെ നുള്ളിക്കളയേണ്ടി വന്നു. എങ്കിലും അവസാന ശ്രമം എന്നോണം പഠിത്തത്തിൽ അത്ര മിടുക്കിയല്ലാത്ത എന്നെ അധ്യാപിക ആക്കാൻ വേണ്ടി അച്ഛന്റെ സമ്പാദ്യം ചേർത്തുവച്ചു അന്നത്തെ കാലത്ത് ഒരു അധ്യാപക സുഹൃത്തിന് മാർക്ക് കുറവുമൂലം അഡ്മിഷൻ ലഭിക്കുന്നതിനായി ഡൊണേഷൻ ഒരു 50000 എങ്ങനെയൊക്കെയോ പട്ടിണികിടന്ന് ഉണ്ടാക്കിക്കൊടുത്തു. എന്നാൽ 50000 രൂപയും കൊണ്ട് അധ്യാപകൻ മുങ്ങിയതല്ലാതെ എനിക്കോ എന്റെ വീട്ടുകാർക്കോ,യാതൊരുവിധ ഗുണവും ഉണ്ടായില്ല. അച്ഛൻ പണിയെടുത്ത പണം നഷ്ടമായി അത്രതന്നെ. പിന്നീട് ഇരുപത്തിയൊന്നാം വയസ്സിൽ വിവാഹത്തോടെ സ്വന്തം വീട്ടിൽനിന്ന് പറിച്ചുനടപ്പെട്ടു.അങ്ങനെ എന്റെ മോഹങ്ങളും ഞാൻ അവിടെ ഉപേക്ഷിച്ചു.

ജോലിക്ക് പോകുന്നതിനുള്ള താല്പര്യം, ആഗ്രഹമുണ്ടായിരുന്നു എങ്കിൽ പോലും കുടുംബാന്തരീക്ഷം നല്ലതല്ലാഞ്ഞതിനാൽ വീണ്ടും ആഗ്രഹം സഫലമായില്ല. കുടുംബത്തിൽ നിന്നും തടസ്സങ്ങൾ നേരിട്ടതിനാൽ ജോലി എന്ന ആഗ്രഹവും സ്വപ്നവും, ശ്രമവും തന്നെ അവിടെ ഉപേക്ഷിച്ചു.ഡിഗ്രി കഴിഞ്ഞ ഞാൻ ഒരു ജോലിയും ചെയ്യാതെ, പുറത്തുപോകാതെ അടുക്കളജോലിയും ചെയ്ത് മക്കളെനോക്കലുമായി വീട്ടിൽ അടക്കപ്പെട്ടു. ഏകദേശം എട്ടു വർഷക്കാലത്തോളം. ഭർത്താവിന്റെ ജോലി സംബന്ധമായി പല ജില്ലകളിലൂടെ സ്ഥലം മാറ്റം ഉണ്ടായി.

എന്റെ മോഹങ്ങളെ ഉപേക്ഷിക്കാതെ തന്നെ എന്റെ കൂടെ ചേർത്തു നിർത്തിയ കാലഘട്ടമായിരുന്നു അത്.വിവാഹത്തിന്റെ നാലു വർഷങ്ങൾക്കു ശേഷം അരൂർ എന്ന എറണാകുളം ജില്ലയിലെ ജില്ലയുടെ അമ്പലങ്ങളുടെ നാട്ടിലേക്ക്. കെഎസ്ഇബി ജീവനക്കാരൻ ആണ് ഭർത്താവ്. കുടുംബസമേതം എറണാകുളം ജില്ലയുടെ തിരക്കിലൂടെ ഞങ്ങളും വേഗത്തിൽ മുന്നോട്ട് നടന്നു. രണ്ടായിരത്തിനാല് കാലഘട്ടത്തോടെ വീണ്ടും എറണാകുളം ജില്ലയിൽ നിന്നും ഭർത്താവിന് ട്രാൻസ്ഫറായി മലപ്പുറം ജില്ലയിലേക്ക് .മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ മമേലാറ്റൂരിൽ എത്തി.താമസം ഉച്ചാരക്കടവ് എന്ന ഗ്രാമ പ്രദേശത്ത് ആരംഭിച്ചു. എറണാകുളം ജില്ലക്കാരോട് മലപ്പുറം ജില്ലയിലെ അല്ലെങ്കിൽ മലബാറിലുള്ള ആളുകൾക്ക് വളരെ ബഹുമാനവും സ്നേഹവുമാണ്.

ജോലിസംബന്ധമായി അവിടെ കുടിയേറിയ ഞങ്ങളോട് വളരെയധികം സ്നേഹത്തോടെ ഞങ്ങൾക്ക് വേണ്ട എല്ലാ സഹായസഹകരണങ്ങളും ചെയ്തു തരാൻ ആയിട്ട് മലപ്പുറത്തുള്ളവർ തയ്യാറായി.ഇന്നും കുടുംബത്തിലെ അംഗങ്ങൾ ആയിത്തുടരുകയും ചെയ്യുന്നു. വീണ്ടും ഞാനെന്റെ സ്വപ്നത്തെ പൊടിതട്ടിയെടുത്തു അടുത്ത വീട്ടിലെ ഒരു പെൺകുട്ടിയെ എന്റെ മക്കളെ നോക്കാൻ ഏൽപ്പിച് വീണ്ടും ഞാൻ മുപ്പതാമത്തെ വയസ്സിൽ പാതിവഴിയിൽ നിർത്തിയ പഠനം,എന്റെ സ്വപ്നത്തിലേക്കുള്ള ആദ്യ കാൽവയ്പ്പ് എന്ന് വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം. അങ്ങനെ ഞാൻ മലപ്പുറം ജില്ലയിലെ പടിഞ്ഞാറ്റുമുറി ഫസ്‌ഫരി ക്യാമ്പസിൽ എന്റെ കലാലയ ജീവിതത്തിൽ വീണ്ടും മഴവിൽ വർണ്ണം ചാലിച്ചു. രണ്ടു വർഷത്തെ കോഴ്സ് വളരെ ഭംഗിയായി തന്നെ ഏറ്റവും നല്ല വിദ്യാർഥിനികളിൽ ഒരാൾ എന്ന പേരോടുകൂടി തന്നെ ഫസ്ഫരി ക്യാമ്പസിൽ നിന്നും ഞാൻ പുറത്തിറങ്ങി. അധ്യാപകരുടെയും, സുഹൃത്തുക്കളുടേയും എല്ലാം മനസ്സിൽ മായാതെ നിൽക്കുന്ന ഒരു ചിത്രമായി മാറാൻ ആ കാലഘട്ടത്തിൽ എനിക്ക് സാധിച്ചു.ഇന്നും അവിടുത്തെ അധ്യാപകരേ യും അതുപോലെ എന്റെ സുഹൃത്തുക്കളെയും വിളിക്കുകയും അവരോട് വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്യാൻ ഈശ്വരൻ എനിക്ക്‌ അവസരം തന്നു.

“വൈകി വന്ന വസന്തം എന്ന് വേണമെങ്കിൽ പറയാവുന്ന തരത്തിൽ ഒരു കൂട്ടം കൂട്ടുകാരെയും അതോടൊപ്പം തന്നെ,എന്റെ പ്രായമുള്ള അധ്യാപകർ പഠിപ്പിക്കുന്ന ക്ലാസ്സിൽ പഠിക്കാനുള്ള ഭാഗ്യം സിദ്ധിച്ചു രണ്ടായിരത്തിയേഴിൽ ടി.ടി. സി. നല്ലരീതിയിൽ പാസായി,ഫ്‌സ്ഫരിയുടെ പടിയിറങ്ങി.മലപ്പുറം ജില്ലയിൽ തന്നെ ഏതാനും ഗവൺമെന്റ് സ്കൂളുകളിലെ ദിവസ വേതന ജോലക്കാരിയായി ജോലി ചെയ്തു.വീണ്ടും തിരികെ എറണാകുളം ജില്ലയിലേക്ക് പറിച്ചു നടപ്പെട്ടു ആറോളം പിഎസ്‌സി ലിസ്റ്റുകളിൽ ഉൾപ്പെട്ടെങ്കിലും, ലിസ്റ്റുകളുടെ കാലാവധി തീർന്ന്, എന്റെ ഭാഗ്യക്കേട് കൊണ്ടോ എന്തോ എന്റെ ഗവർണമെന്റ് ജോലി എന്ന സ്വപ്നം യാഥാർഥ്യമായില്ല. വീണ്ടും എനിക്ക് നിരാശപ്പെടേണ്ടി വന്നു എങ്കിലും “ഇന്നലെ കണ്ട കിനാവുകൾ” യാഥാർഥ്യമാക്കാൻ ജഗതീശ്വരൻ എന്നെ അനുഗ്രഹിച്ചു.ഈശ്വരൻ താഴത്ത് ഇറങ്ങിവന്ന് എനിക്ക് നൽകിയ സമ്മാനമാണ് രണ്ടായിരിത്തി ഇരുപത്തിയൊന്ന് ജൂലായ് പതിനഞ്ചാം തീയതിയിലെ ഈ സമ്മാനം. ഏതൊരാളുടെ ജീവിതത്തിലും ഏറ്റവും സന്തോഷം നിറഞ്ഞ ദിവസം ഏതെന്നു എടുത്തുപറയാനായിട്ട് ഒരു ദിനമെങ്കിലും ഉണ്ടാകും. എന്റെ ജീവിതത്തിൽ വിവാഹമോ, അല്ലെങ്കിൽ എന്റെ മക്കളുടെ ജനനമോ അതിനേക്കാളുമെല്ലാമുപരി എന്നെ ഏറ്റവുമധികം സന്തോഷത്തിലേക്ക് എത്തിച്ച ഒരു ദിവസമാണ് 2021 ജൂലൈ 15. അന്നാണ് ഞാൻ ഒരു ഗവൺമെന്റ് അദ്ധ്യാപികയായി ജോലിക്ക് കയറിയത്.ഇതെന്റെ അവസാന അവസരം ആയിരുന്നു.

   ജീവിതത്തിലെ എല്ലാ സ്വപ്നങ്ങളും നിറംകെട്ട് തുടങ്ങിയ ഒരു അവസ്ഥയിൽ നിന്നും അല്ലെങ്കിൽ ഒരുപടുതിരിയായി, എരിഞ്ഞുതീർന്ന അവസ്ഥയിൽ നിന്നും ഒരു നിലവിളക്കിന്റെ പ്രഭയിലേക്ക് എന്നെ മുന്നോട്ടു നയിച്ച ദിനം.  സ്വപ്നം പൂവണിയാൻ എന്നെ സഹായിച്ച എന്റെ ഭർത്താവിനും മക്കൾക്കും, കുടുംബാംഗങ്ങൾക്കും എല്ലാം ആയിട്ട്  ഞാനെന്റെ വിജയം സമർപ്പിക്കുന്നു. അതോടൊപ്പം തന്നെ എനിക്ക് ജോലി കിട്ടി കാണണമെന്ന് ഏറ്റവുമധികം ഈ ഭൂമിയിലെ ആഗ്രഹിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു "അച്ഛൻ" അദ്ദേഹം ഇന്നില്ല അദ്ദേഹത്തിന് വളരെ ആഗ്രഹമായിരുന്നു മകൾ (മരുമകൾ ആണ്) ഒരു ജോലിക്കാരിയായി കാണണമെന്നത്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു അത്.മകളുടെ ആദ്യത്തെ ശമ്പളം വാങ്ങി വളരെയധികം കാര്യങ്ങൾ ചെയ്യാൻ  ആഗ്രഹിച്ചിരുന്നു. നിർഭാഗ്യവശാൽ അദ്ദേഹം ഞങ്ങളെ വിട്ടു പിരിഞ്ഞു. എങ്കിലും ആത്മാവ് എന്നൊരു ശക്തി ഉണ്ടെങ്കിൽ അദ്ദേഹം കാണുന്നുണ്ടാകാം എന്റെയീ ഭാഗ്യത്തെ.  തന്നോടൊപ്പം ചേർത്തുനിർത്തി അദ്ദേഹവും സന്തോഷിക്കുന്നുണ്ടാവാം. 

ഒരു ശക്തിയും തടുത്താലും തകർത്താലും നമ്മൾ ആഗ്രഹിച്ചാൽ അത് നമ്മുടെ കൈപ്പിടിയിലൊതുക്കാൻ കഴിയും എന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട് അതിന് ഉദാഹരണം ഞാൻ തന്നെയാണ്. അധിബുദ്ധിയില്ലാത്ത, സാധാരണ നിലവാരം മാത്രം കാഴ്ച വച്ചിരുന്ന ഒരു പെൺകുട്ടിയായിരുന്നു വിദ്യാഭ്യാസ കാലഘട്ടത്തിൽ ഞാൻ.അക്കാലത്തുണ്ടായിരുന്ന സ്വപ്നങ്ങളെ നേടിയെടുക്കാൻ അന്ന് കഴിയാതെ വന്നെങ്കിലും, മനസ്സിന്റെ കോണിൽ വീണ്ടും എനിക്കായ് സൂക്ഷിച്ചുവെച്ചു. വിധി എന്നെ അതിനോടൊപ്പം നടക്കാൻ അനുവദിച്ചു അതിനാൽ ആഗ്രഹത്തെ ചേർത്തുനിർത്തി വിജയം കൊയ്യാൻ എനിക്ക് ആയി എന്നുള്ളതാണ് ഏറ്റവും വലിയ സന്തോഷകരമായ വസ്തുത. ഒരു ഓർമ്മക്കുറിപ്പ് എഴുതണം എന്ന ആഗ്രഹത്തിൽ നിന്ന്, ഓർമ്മയിൽ ഏറ്റവുമധികം സന്തോഷത്തോടെ നിൽക്കുന്ന, ഒരിക്കലും നഷ്ടമാകാതെ തിരികെ ലഭിച്ച ഈ സൗഭാഗ്യം തന്നെയാണ്. ഓർമകളിലൂടെ നടക്കുമ്പോൾ മധുരമൂറുന്നത് കുട്ടിക്കാലമാണെങ്കിലും എനിക്ക് പ്രീയമേറെ ഈ വല്യ കാലത്തിനോടാണ്…..
എല്ലാ കുട്ടികളോടും മുതിർന്നവരോടും എനിക്ക് പറയാൻ ഉള്ളത്”നിങ്ങൾ നിങ്ങളുടെ സ്വപ്നങ്ങളുടെ പുറകേയല്ല ഒപ്പം നടക്കൂ, അത് നിങ്ങളെ യാഥാർഥ്യത്തിലേക്ക് നയിക്കും”.ലക്ഷ്യത്തിലേക്ക് എത്താൻ പല തടസങ്ങളും നമുക്ക് മുൻപിൽ ഉണ്ടാകും,മടിക്കാതെ മുന്നോട്ട് നടക്കുക…

home page

m k onappathipp

You can share this post!