അരണ്ട വെളിച്ചത്തിലിരുന്നു
ചിന്തകളോരോന്നായ് പകുത്തു നോക്കി
നുറുങ്ങുന്ന വേദനയാൽ കണ്ടു
നിണംപുരണ്ട ഓർമ്മച്ചെപ്പിൽ
ചിതലരിച്ച സ്വപ്നങ്ങളും പാതിവെന്ത ജീവിതഗ്രന്ഥവും
മരണവുംകാത്തു കിടക്കുന്നു.
കാറ്റിലാടുന്ന തിരിനാളംപോലെ
ഉലയുന്നു ദിനങ്ങളോരോന്നും.
മിന്നാമിനുങ്ങിൻ നുറുങ്ങുവെട്ടമെന്നപോലെ
തിളങ്ങുന്നു അകക്കാമ്പിൽ ചിന്തകളും
തുടിക്കുന്നുഹൃദയതാളവും
നിമിഷനേരമെങ്കിലും
ജീവിക്കണമെനിക്കീപാരിൽ.
പാറിപ്പറക്കുന്ന പറവകളെ കണ്ടും
കാറ്റിലാടുന്ന പൂക്കളെ കണ്ടും
അമ്മതൻമാറിലെ ചൂടുനുകർന്നു
കുഞ്ഞിളംപൈതലായ്മാറിടേണം.
മങ്ങിയ വെട്ടത്തിലിരുന്നു
പുതുചിന്തകളോരോന്നായ് പടുത്തുയർത്തി.