
സാഹിത്യത്തിലും സംഗീതത്തിലും
ആസ്വാദകരാണ് ദൈവം.
കലാകാരന്റെ അഥവാ എഴുത്തുകാരന്റെ സൃഷ്ടിസ്ഥിതി സംഹാരം ആസ്വാദക മനസ്സുകൾ പ്രകാരം.
മലയാളഭാഷയിൽ വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങളിൽ ഏറെയും മതപരമായ പുരാണ ചിന്തകളുടെ ഏറ്റുപറച്ചിലുകൾ. പിന്നെ കാലിക വാർത്താ പ്രസക്തിയുള്ള വിഷയങ്ങൾ ബോധപൂർവം പ്രമേയങ്ങളാക്കി ഇറക്കുന്ന ചില ഖബറുകൾ. കണ്ണെഴുതി പൊട്ടുതൊട്ട് സർവ്വാലങ്കാര വിഭൂഷിത രചയിതാവിന്റെ ചിത്രം പുറം ചട്ടകളിൽ കണ്ടാൽ ക്രയവിക്രയ സാധ്യത. പകർത്തിയെഴുത്തുകളുടെ ഭൂതകാലകുളിർ തേടി പുസ്തകശാലകൾ കയറിയിറങ്ങുന്ന അക്കാദമിക് സാഹിത്യകുതുകികൾ. !! ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഇത്തരം രചനകളെ എഴുത്തുകാരുടെ നിലപാടുകൾ നോക്കി വാഴ്ത്തിപ്പാടാൻ നവ മാധ്യമങ്ങളിൽ ചിലരെ പ്രസാധക ഷൈലോക്കുമാർ ഏർപ്പാടാക്കുന്ന കാഴ്ചകൾ. ആറു തവണ വായിച്ചാൽ ആറു രൂപങ്ങൾ തരുന്ന കവിതാ ജല്പനങ്ങളും ഇന്ന് വിപണിയിൽ.
ഖസാക്കും, മയ്യഴിയും, സഞ്ചരിച്ച മലയാളി ഇന്നെത്തിനിൽക്കുന്ന ആസ്വാദന ദൂരങ്ങൾ കാണുമ്പോൾ ആശങ്കയോടെ ചിലർ..
“സംഗീതമപി സാഹിത്യം
സരസ്വത്യാ സ്തനദ്വയം
ഏകമപാദ മധുരം
അന്യത് ആലോചനാമൃതം..”
നമ്മുടെ സംഗീതാസ്വാദനത്തിലും
കാലിക മാറ്റങ്ങൾ.
ഏഴു സ്വരങ്ങളും തഴുകി വന്ന ഗാനങ്ങൾ, പ്രമദവനം വീണ്ടും ഋതുരാഗം ചൂടിച്ച പാട്ടുകൾ.. അതേ ശ്രീലതികകൾ തളിരണിഞ്ഞുലഞ്ഞ
പാട്ടാസ്വാദനശേഷിയുടെ നല്ല നാളുകൾ…
ഇന്ന്
“ശുദ്ധമായ തൈരിൽ നിന്ന് ഉണ്ടാക്കുന്ന ‘ഹിറ്റ് സംഗീതം’!!. “
“മർമ്മ”ഭാഗത്ത് തേൾ കുത്തിയാലെന്നപോലെയുള്ള ചാട്ടവും, ആട്ടവുമായുള്ള നൃത്തചുവടുകളുമായി ചിലർ.. നിമ്നോന്നതങ്ങൾ
കുലുക്കിക്കാട്ടികൊണ്ട്……
അതു കണ്ട് ആസ്വദിക്കാനും, ഷെയർ ചെയ്യാനും, ബെൽ ബട്ടൺ അമർത്താനും നമ്മൾ.
പ്രബുദ്ധ മലയാളിയുടെ മാറിമറിയുന്ന സംഗീതാസ്വാദനം.
കോവിഡ് കാലത്ത് തൊഴിൽ നഷ്ട്ടമായി നാട്ടിലെത്തിയ കവിയൂർ സ്വദേശി തട്ടിക്കൂട്ടിയത് ഒരു കച്ചവടസംരംഭം, വിപണി ലാക്കാക്കി കുഞ്ഞുമോനെ കൊണ്ടൊരു വ്ലോഗും..
അതു കണ്ട് ആദരണീയ സംഗീതജ്ഞൻ കുഞ്ഞു മൊഴികൾ ചേർത്തൊരു റാപ്പ് ഒരുക്കി ..
അതു കണ്ടും കേട്ടും ഹർഷ പുളകിതരായി നമ്മൾ.
ഇതാണ് ഇന്നത്തെ സംഗീതനിലവാരം എന്നോർക്കുമ്പോൾ ലജ്ജ തോന്നുന്ന ചിലരുമുണ്ട്…
മലയാളി കേട്ടു കേട്ടു വൈറൽ ആക്കിയ ഗാനം മൂളാം നമുക്കും. അല്ലാതെന്തു ചെയ്യാൻ.
“വിനാഗിരി വിനാഗിരി
ഒട്ടും ചേർക്കാതെ..
നമ്മളെ തൈര് മൊളക്
തൊ(കൊ)ണ്ടാട്ടം… “
ചോദിക്കാതെ വയ്യ..
മ്മടെ.. നവമാധ്യമ വൈറൽ താരം
നൈസിലിക്കാ പാടിയ റാപ്പ് പോലെ
” പെർഫക്ട് ഓക്കേ.. ഇത് പോരേ അളിയാ…?? “
–