മാന്തളിരുണ്ട് മധുവുണ്ട്
പാടും പൂങ്കുയിലേ ..
നിന്‍റെ മുഗ്ദ്ധമാം കണ്ഠത്തില്‍
നിന്നൊഴുകും സുധാവര്‍ഷം
തപ്ത ദുഖവുമാറ്റിയലിയുന്ന_
തറിയുന്നു വെണ്ണ പോലുരുകുമീ ശപ്തജന്മത്തിലും ..
കാന്താര മദ്ധ്യത്തില്‍ ഒരു
വിളിപ്പാടകലെയുള്ളം പുഷ്പ്പിച്ചു
നില്ക്കും പുണ്യ ദേവദാരുച്ചോട്ടില്‍
ദേവപ്രീതി കാത്ത് ശാപമുക്തി
ക്കായ് കല്ലായ് തപിക്കുന്നൊരു
അഹല്യ താനിവള്‍ ..
നാദമായ് നീ മീട്ടിയ ഗീതാമജ്ജ_
രിയില്‍ കേട്ടു തപോവന ഋഗ്വേദ
സൂക്ത വചനങ്ങളത്രയും ..
ഇരു സന്ധ്യയിലുമുരുവിടും ഗായത്രീമന്ത്രത്തില്‍
തുടികൊട്ടി തുകിലുണര്‍ത്തും
പ്രപഞ്ചസത്യങ്ങള്‍
വരണ്ടുണങ്ങിയെന്‍റെ
അധരങ്ങള്‍ക്ക് മധുവായ്
മധുരമാം പൈങ്കിളീ
നിന്‍റെ സ്വരരാഗ വൈഖരി ..
യുഗ യുഗാന്തരങ്ങളായ്
ജീവന്‍തുടിപ്പുമായ്
അര്‍ദ്ധ പ്രജ്ജയായ് കേണു
കിടപ്പതീ കാനനത്തില്‍ ..
അനന്തകോടി നക്ഷത്രങ്ങള്‍
സാക്ഷി നില്ക്കേ..
അംശുമാൻ അങ്ങകലെ
ആഴിയില്‍ മുങ്ങിനില്ക്കേ ..
ആടകളഴിഞ്ഞുലഞ്ഞ്
ഉപസ്ഥിതിയില്‍ കൈപൊത്തി
ആലസ്യ ലാസ്യവിലാസിനിയായ്
മയങ്ങുന്ന വേള ..
വികലാനുഭൂതി പടരുന്നടിമുടി ഞരമ്പിലാകയും ..
പരിരഭംണത്താലബ്ദിയായെന്‍
മൃദുവുടല്‍ രതിസുഖ ലയനത്തില്‍ ഉന്മാദമായൊഴുകി ആകാശഗംഗ_ യിലാറാടുന്ന സ്വര്‍ഗ്ഗാനുഭൂതി ..
മധുരിത തരളമൊരസുലഭ
ലഹരിയില്‍ പതയുമവാച്യമാം മദനോത്സവങ്ങളില്‍ ..
പുലരിയുണരാതിരിക്കുവാന്‍
പ്രാര്‍ത്ഥിച്ചു തിരുമാറിലൊട്ടി
മയങ്ങുവാന്‍ മോഹിച്ചു ..
നീഹാരം പൊഴിയുന്ന രജനീ
യാമത്തിങ്കല്‍ മകരമാസ
നീല നിലാ കുളിരലകളില്‍
കുളിച്ച് പ്രമദമോടവനേകീയ അധരാഭിഷേകനീര്‍ നിറയുന്നു ധമിനികളിലാഗ്നേയ നാളമായ് ..
ഞെട്ടിപ്പിടഞ്ഞുണരുന്നാകെ
അന്തരംഗം ..
കേളീ രസാനുഭൂതി വെറും
ദു:സ്വപ്നമാകയോ ..
മുത്തങ്ങളര്‍പ്പിച്ചെന്റെ
മാറിലുറഞ്ഞ മധുരസം
ദേവേന്ദ്രന്‍റെ കാമാഗ്നി
കത്തിയൊലിച്ചതോ കഷ്ടം ..
ചാരിത്ര്യം ബലിവെച്ച ആസക്ത നിമിഷത്തിങ്കല്‍ പവിത്ര ബന്ധം
പങ്കിലമായ് ഭോഗിച്ച രാത്രിയില്‍
അറിയാതെയെങ്കിലും
അന്യന്‍റെ വിരിമാറില്‍
രതി നൃത്തമാടിയ സര്‍പ്പഗന്ധി
പാപി താനിവള്‍