ഉച്ചമയക്കത്തിനു ശേഷം
ഇനിയൊരു കവിതയെഴുതിയേക്കാമെന്ന ചിന്തയിൽ
അയാൾ മൊബൈലുമായി
സിറ്റൗട്ടിലേക്ക് നടന്നു.
കസേരയിൽ ഇരുന്നതേ
അടുക്കളയിൽ നിന്ന് ഭാര്യ –
‘ അതേയ് ചായയ്ക്ക് പാലില്ലാ ട്ടോ’
അയാൾ കവിതയുടെ
ആദ്യവരി ടൈപ്പ് ചെയ്തു –
പാലില്ലാത്ത ചായ .
പെട്ടന്നാണ് ഇളയമകൻ
ഓടിവന്ന് പറഞ്ഞത് ,
‘ അച്ഛാ പേനയിലെ മഷി തീർന്നു. രണ്ട് അസൈൻമെന്റുകൾ ഇനിയുമുണ്ട്…’
കുട്ടി തിരിഞ്ഞുനടന്നതേ
അയാളെഴുതി
മഷിയില്ലാത്ത പേന.
ഓൺലൈൻ ക്ലാസ്സ് കേട്ടിരുന്ന
മൂത്തമകൾ അടുത്തെത്തി
ഒരു ചെവിയിൽനിന്നും സ്പീക്കർ മാറ്റിക്കൊണ്ട് പറഞ്ഞു,
‘അച്ഛാ ഇന്നെന്റെ ഡേറ്റ തീരും’
അവൾ സ്പീക്കർ തിരിച്ച് ചെവിയിൽ വയ്ക്കുന്നതിനു മുൻപേ
അയാളുടെ വിരലുകൾ വേഗത്തിൽ ചലിച്ചു
ഡേറ്റയില്ലാത്ത കുട്ടികൾ
പിന്നീട്,
നിലവിളക്ക് തുടച്ചുകൊണ്ടിരുന്ന അമ്മ
അയാളോടായി പറഞ്ഞു –
‘രാഘവാ , എണ്ണ തീരാറായി ട്ടോ’
അമ്മയെ ഒന്ന്
ഇരുത്തി നോക്കിക്കൊണ്ട്
അയാൾ ടൈപ്പ് ചെയ്തു –
എണ്ണതീർന്ന വിളക്കുകൾ
ഭാര്യ കട്ടനുമായി
എത്തിയപ്പോഴേയ്ക്കും
തലക്കെട്ടും ഏറ്റവും താഴെ
തന്റെ പേരും ടൈപ്പ് ചെയ്ത്
അയാളത്
പട പടാന്ന് ഗ്രൂപ്പുകളിലേക്കിട്ടു കഴിഞ്ഞിരുന്നു.
കൊള്ളാം,ഇപ്പോഴത്തെ മിക്ക കവിതകളും ഇങ്ങിനെയൊക്കെത്തന്നെ