
പൂവിളിമൂളക്കങ്ങളിൽ,
ഓണത്തുമ്പികൾ
വകഞ്ഞുവരയ്ക്കുന്ന
മിഴിയെഴുത്തുകളിൽ
കൊലചെയ്യപ്പെട്ട വസന്തം
പരിഭവിക്കുന്നു…
മണ്ണിരത്തൊഴിലാളികളുടെ
പക പകയ്ക്കുന്നു
കിളച്ചുഴുതാനില്ലാത്ത
മൺപതുപ്പിൽ…
വിരിയാൻനാണിക്കുന്നു,
വസന്തത്തിന്റെ പൂക്കുട !
ഓണയന്നം വിളമ്പിയില്ലെന്നു
വയലേലകളോട്
പഞ്ഞം പറയുന്നുവോ
തുമ്പപ്പൂ ?
തമ്പുരാനിങ്ങെഴുന്നെള്ളുമ്പോൾ
ചാണകം പുരളാത്ത
മുറ്റത്തെയശുദ്ധിയുടെ
പൂത്താലം തിരുത്താനായ്
കോപിക്കുമോ…?
മഞ്ഞണിത്തിട്ടൂരങ്ങളിലുടഞ്ഞുപോയ
കുപ്പിവളക്കിലുക്കം,
ശീലുമറന്ന
ഓണപ്പാട്ടുകളുടെ
അബദ്ധതാളങ്ങളായി
ഓണം പൊതിഞ്ഞെത്തുന്ന
കിറ്റുകൾക്കായി
കാത്തിരിപ്പല്ലോ കാലം !