ഇമ്പ്രെസ്സിയോ ഓണപ്പതിപ്പ് 2021 /ഓർമ്മകൾ പൂക്കുന്നു/ മുരളി കുളപ്പുള്ളി

മുരളി കുളപ്പുള്ളി

ഫലവൃക്ഷ,ലതാ സമൃദ്ധികളെങ്ങും
ഞങ്ങൾക്കേകീ ഭൂ’ മാതേ .
മഞ്ഞായ്, മഴയായ്, തോടായ്, പുഴയായ്
കടലായും നീ വരമേകി.

തൃണമായ്, ലതയായ്, ചെടിയതു –
മരമായ്, കനിയായും നീ മാറുന്നു.
അണുവിനും, പുഴുവിനുമനുവി-
നുമെന്നും മാതാവായും മാറുന്നു.

ഹരിതമണിഞ്ഞൊരു നെൽ വയലിൽ പല
വർണ്ണ ത്തുമ്പികൾ നൃത്തം ചെയ്തു.
തെങ്ങോലകളിൽ നെല്ലോലകളാൽ
നെയ്തൂ കുരുവികൾ കൂടെങ്ങും .

അടവിയിൽ ആനകൾ മേയും പോലെ
കരിമുകിൽ വാനിൽ നിര നിരയായ്
കരിവണ്ടിൻ ശ്രുതിയാൽ ,പാടും
കുയിലിൻ ,ഗാനത്തിൽ മയിലാടുന്നു.

കുള നീറ്റിൽ ചായും ചില്ലകളൊന്നിൽ
കുരവയിടും കുളക്കോഴികളും
വയൽ വരമ്പുകളിൽ തപം ചെയ്യുന്നു
കൊറ്റികളും ചെറു പൊന്മാനും .

മുളങ്കാടിന്നുള്ളിൽ ചകോര കൂജനം
ദിക്കുകളെങ്ങും ധ്വനിപകരും,
വാഴത്തോപ്പിൽ തേനുണ്ണാൻ വരും
മുറിവാലൻ ചെറു അണ്ണാനും .

കുങ്കുമമണിയും പശ്ചിമ വാനിൽ
ഹാരമൊരുക്കും വിഹഗംങ്ങൾ
ഓരിയിടുന്നൂ സന്ധ്യയിൽ ദൂരെ
പാറക്കുന്നിൽ കുറുനരികൾ .

തുഷാരമണിയും കുന്നിൻ നെറുകയിൽ
കളഭം ചാർത്തും അമൃതാംശു
തമസ്സിൻ മാറിൽ വദനം ചേർത്തു
വിലപിയ്ക്കുന്നൊരു രാപ്പാടി.

home page

m k onappathipp

You can share this post!