ഇമ്പ്രെസ്സിയോ ഓണപ്പതിപ്പ് 2021 /ഇനിയെത്ര നാൾ? നമ്മൾ,ദൂരെ ദൂരെ/ആർ.കെ.തഴക്കര,ദില്ലി

ആർ.കെ.തഴക്കര,ദില്ലി


അകലെയാ,ഫോണിൽ-
പ്പറയവേ,യവരോടു,
പ്രണയമാണെപ്പോഴു-
മേവരിലും!
അരികത്തിരിക്കുന്ന സ്വജനത്തിനോടില്ല-
യുര ചെയ്യുവാൻ
ത്വര നമ്മളിലും!
ചിരികൊണ്ടുമൂടുന്നു..
ചെറുമക്കൾ ഫോണിനെ,
അതുകണ്ടിരിക്കുന്നു മാതാ-പിതാക്കളും!
അരിയെന്നപോലെയോ?
യുവതതൻ നോട്ടവും,
അതുകണ്ടു പേടിച്ചൂ..
മാതൃഹൃത്ത്!

ഇനിയെത്ര കഥകൾ?
അരികത്തു കണ്ടത്!
പറയാതിരിക്കുവാ-
നാവതില്ല.
പനിപിടി,ച്ചൊരുനാളു
വീട്ടിൽ,ക്കിടന്നാലോ?
ഒരുവാക്കു ചൊല്ലുകി-
ല്ലൊറ്റയാളും!

പഴയകാലത്തിന്റെ
സ്മൃതിപഥം മുന്നിലായ്
ഒരുവട്ടമല്ല,
പലവട്ട,മെത്തി!
സുഖദുഃഖ,മാരാഞ്ഞു
സുഹൃദയ വൃന്ദത്തി-
ലൊരുപാടുപേരവർ
വന്നിരുന്നു!

മനഃസമാധാനത്തിൻ
നാളുകൾ ഇനിയില്ല,
മരണം വരേയ്ക്കുമോ?
ഏകാന്തത!
ഇതുപോലെ ദുർവ്യാധി-
യിതുവരെ വന്നില്ല!
ഇനിയെത്ര നാൾ?നമ്മൾ ദൂരെ ദൂരെ!

ഊഞ്ഞാൽപ്പാട്ട്

🙏
ഉന്തുക,യുന്നയം
തെറ്റാതെയുന്തുക,
ഉന്നത യാത്രയാ-
ണൂഞ്ഞാലാട്ടം!
ഊണുറക്കങ്ങളു-
മില്ലാതെ ബാല്യത്തിൽ
ഊഞ്ഞാലിൽത്തന്നെ-
യുറങ്ങിയോ,രെത്ര പേർ?

ഊഴത്തിനായ്,യെത്ര കാവലിരുന്നവർ!
ഊഴിയക്കാരായി
ഉന്തിയോരും!
ഊറാവുചില്ലയിൽ കെട്ടി-
യോ,രൂഞ്ഞാലിൽ
ഊർമിളയെപ്പോലെ
കാത്തിരുന്നോർ!

ഊഞ്ഞാലിലാടുവാൻ
വാതു-വക്കാണങ്ങൾ!
ഊഞ്ഞാലൂഴത്തിനായ്
എണ്ണിക്കൊടുത്തവർ!
ഊറിച്ചിരിക്കുവാ-
നൂഞ്ഞാൽക്കഥകളും
ഊഹിക്കുവാൻപോലു-
മാവാ വിധത്തിലും!

“ഉത്രാടത്തിന്റന്ന-
ങ്ങുച്ച തിരിഞ്ഞാലോ….”
ഊഞ്ഞാൽ,ക്കിറുക്കുള്ളോ-
രേറെയെത്തും.
ഉപ്പേരി തിന്നുകൊ-
ണ്ടൊറ്റക്കയ്യാലാടി
ഊഴത്തം കാട്ടിയോ-
രൂഞ്ഞാൽക്കാലം!

ഊഞ്ഞാൽക്കളികളിൽ ചില്ലാട്ടമാടവേ,
ഊഞ്ഞാലാട്ടക്കേമൻ
കുണ്ടിൽ വീണു!
ഊഞ്ഞാലു കണ്ടിന്നു
പേടിച്ച രാജനോ?
ഊഞ്ഞാലറുത്തിട്ടു
തീയുമിട്ടു!

home page

m k onappathipp

You can share this post!