സ്നേഹ തീർത്ഥത്തിനായ്
കൈക്കുമ്പിൾ നീട്ടുന്ന
ദേവകന്യകേ,
നിനക്കായ് പൂക്കുന്നു
എൻ
ഹൃത്തിലൊരു ദേവദാരു
ഇനി നീ ,
മനസ്സിൽ ഒരു വസന്തം വിരിക്കുക
ഒരു തേനരുവി ഒഴുക്കുക.
മധു കിനിയും
തീരങ്ങളിൽ, സ്നേഹത്തിൻ വിത്തു വിതയ്ക്കുക .
തേൻകണം തൂകുന്ന
അക്ഷരങ്ങൾ കൊണ്ട് നനച്ച്,
സ്നേഹത്തിൻറെ
കണ്ണു മുളപ്പിക്കുക ,
കനിവിന്റെ നിഴൽ വച്ചുകെട്ടുക,
മാറിലെഅമൃത് കുടിപ്പിക്കുക ,
താരാട്ടു കൊണ്ട് പുതപ്പിക്കുക ,
കൂടെ നടക്കുക,
കൂട്ടിന് കിടക്കുക, വെറുപ്പിനെ വെറുക്കുക,
കാമം ത്യജിക്കുക.
അങ്ങനെ സ്നേഹത്തിൻറെ ദേവദാരു
പൂത്തുലയട്ടെ . ഓരോപൂവിലും സ്നേഹത്തിൻ
മുത്തുകൾ
ഓരോ പൂവിലും
തേനുണ്ണും വണ്ടുകൾ
ഇനി
മനസ്സിന്റെ
വാതിൽ തുറക്കുക. അവിടെ ഒരു ദേവിയെ ഇരുത്തുക.
ദേവിക്ക്
ഒരായിരം കൈകൾ കൊടുക്കുക .
കൈ നിറയെ സ്നേഹം നിറയ്ക്കുക .
ഓരോ കൈയ്യിലും
പൂമൊട്ടു നൽകുക .
ഓരോ പൂവിലും
മുത്തു പതിപ്പിക്കുക
ഇനി
മനസ്സിൻറെ
വാതിൽ അടയ്ക്കുക .
ആരും തുറക്കാത്ത താഴിട്ടു പൂട്ടുക .
താക്കോൽ എനിക്കു തരിക
എനിക്കു മാത്രം.