ഇമ്പ്രെസ്സിയോ ഓണപ്പതിപ്പ് 2021 /ഒരു ലോക്ഡൗൺ ദാമ്പത്യം /സുധ അജിത്

സുധ അജിത് .

േഫാൺ തുടരെത്തുടരെ റിങ്ങ് ചെയ്യുന്ന ശബ്ദം കേട്ടാണ് റസിയ അടുക്കളയിൽ നിന്നും ഓടിയെത്തിയത്. ഫോൺ കാതോടു ചേർത്ത് ഹലോ പറയുമ്പോൾ
അവർ അപ്പുറത്ത് മകളെയാണ് പ്രതീക്ഷിച്ചത്. എന്നാൽ ഫോണെടുത്തത് നാലാം ക്ലാസ്സിൽ പഠിക്കുന്ന കൊച്ചുമകൻ ഹാഫിസാണ്.

” ഉമ്മൂമ്മ ..എനിക്കിന്ന് സ്ക്കൂളിലെ ഓൺ ലൈൻ പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും എ ഗ്രേഡ് കിട്ടി. “

” മിടുക്കൻ. മോന് ഉമ്മൂമ്മയുടെ ഒരുമ്മ . അതിരിക്കട്ടെ മോന്റെ ഉമ്മായെവിടെ?
“ഉമ്മാ .: അടുക്കളയിലാ. നല്ല മാർക്ക് കിട്ടിയതോണ്ട്എനിക്കു വേണ്ടി കേക്ക് ഉണ്ടാക്കുന്ന  തിരക്കിലാ “

ഓ …ഓടെ ഒരു കേക്കുണ്ടാക്കല് എന്തേലുമൊന്നു പറയാമെന്ന് കരുതി തിടുക്കപ്പെടുമ്പഴാ….” അങ്ങനെ സ്വയം പറഞ്ഞ് ഉള്ളിൽ തിങ്ങി വിങ്ങുന്ന ദേഷ്യത്തെ കടിച്ചമർത്തി റസിയ പറഞ്ഞു ” മോൻ ചെന്ന് ഉമ്മായെ വിളിച്ചോണ്ടു വന്നേ….. ഉമ്മുമ്മാ വിളിക്കുന്നെന്ന് പറ ….”

“ഓ.കെ ഉമ്മുമ്മാ …ഞാനിപ്പം വിളിച്ചു കൊണ്ടുവരാം “അവൻ ഫോൺ വച്ചിട്ട് അകത്തേക്ക് ഓടിപ്പോയി.
അല്പം കഴിഞ്ഞ് ഫോണിലൂടെ മകളുടെ സ്വരം കേട്ടു. “എന്താ ഉമ്മാ ഇത് ….ഞാനിവിടെ കേക്കിനുള്ള കൂട്ട് തയ്യാറാക്കിക്കൊണ്ടിരിക്കുവാ … അതുടനെ മിക്സ് ചെയ്ത് ഓവനിൽ വച്ചില്ലേൽ ശരിയാവൂല …ഉമ്മായ്ക്ക് പറയാനുള്ളത് എന്താണെന്ന് എനക്കറിയാം. ഉപ്പായുടെ കുറ്റമല്ലേ?”

“എടീ മോളെ …. ഞാൻ പറേണത് നീ കേക്ക് ….ഞാൻ കണ്ടെടീ.. ഇന്നും നിന്റെ ഉപ്പ അപ്പുറത്തെവീട്ടില്      പുതുതായി വന്നആ കോളേജ് കുമാരി സുന്ദരിക്കോതയെ നോക്കി ചിരിക്കണത്. അവക്കും ഉപ്പായെ നോക്കി ചിരിക്കാനേ നേരമുള്ളൂ. “

” ചിലപ്പോ ഉമ്മായുടെ തോന്നലായിരിക്കാം ഇതെല്ലാം … ഉപ്പാക്ക് അങ്ങനത്തെ സൊ ഭാവൊന്നും ഉണ്ടെന്ന് എനക്ക് തോന്നണില്ല. “

” നീയ് ഇങ്ങനൊക്കെത്തന്നെ പറയണമെടീ… അനക്കറിയോ കൊറെ നാളായി അങ്ങോർക്ക് എന്നെ ബേണ്ടാ… എന്റെ തലനരച്ചൂന്നും, കണ്ണിനു താഴെ കറുപ്പു വീണൂന്നുമൊക്കെയാ ഇപ്പോ പരാതി. ഡൈ ചെയ്യാൻ എന്നും നിർബ്ബന്ധിക്കും. പിന്നെ അങ്ങേര് എപ്പളും മൊബൈൽ ഫോണില് കുത്തിക്കളിയാടീ… ഏതോക്കെയോ പെണ്ണുങ്ങളുമായി ചാറ്റ് ചെയ്യാന്ന് തോന്ന്ണ് .ഞാൻ അടുത്തു ചെല്ലുമ്പോൾ ഫോൺ ഓഫ് ചെയ്യും ഫോൺ എപ്പളും അങ്ങേര് ഡ്രോയറില് പൂട്ടി വച്ചിരിക്കയാ…… നീ നോക്കിക്കോടീ എന്നെങ്കിലും അങ്ങേരുടെ കള്ളത്തരങ്ങള് ഞാൻ മനസ്സിലാക്കും … എങ്കിലും എനക്ക് ആരൂല്ലാണ്ടായി…… അൻവറ് ബാപ്പാന്റെ പക്ഷത്താടീ.ഇത്തറേo നാള്
നീയെങ്കിലും അന്നെ മനസ്സിലാക്കൂ ന്ന് ഞാങ്കരുതി. എന്നാ നീയും ……”
റസിയ മുളന്തണ്ട് ചീളുമ്പോലെ കരയാൻ തുടങ്ങി. അതുകേട്ട് സജ്ന പറഞ്ഞു

“ഉമ്മാ കരയണ്ട…. ഈ വയസുകാലത്ത്ഉപ്പ ഇറക്കിവിട്ടാലുംഉമ്മാക്ക് ഞാനുണ്ടാവും …..”

” ഇത് ലോക്ക് ഡൗൺ കാലായതു കൊണ്ടാടീ. അല്ലേല് ഞാൻ നിന്റെടുത്തേക്ക് അങ്ങോട്ടുള്ള ബസിക്കേറി  വന്നേനേം “

“ശരി….. ശരി..ഉമ്മാ.. ഇപ്പോ ഉമ്മാ എങ്ങനേലും ഉപ്പായുമായി അഡ്ജസ്റ്റ് ചെയ്ത് ജീവിക്ക് …. ലോക് ഡൗൺ കഴിയട്ടെ. ഞാൻ വന്ന് കൂട്ടികൊണ്ടു പോരാം. വയ്ക്കട്ടേ ഉമ്മാ … കേക്ക് കൂട്ട് എങ്ങനായോ എന്തോ?”

അങ്ങനെ പറഞ്ഞ് സജ്ന ഫോൺ വച്ചിട്ട് അടുക്കളയിലേക്കോടി.
റസിയ ഒഴുകിയിറങ്ങിയ കണ്ണീർ തുടച്ചു കൊണ്ട് തിരിഞ്ഞു നടന്നു. നടക്കുന്നതിനിടക്ക് ഭർത്താവിന്റെ മുറിയിലേക്ക് എത്തി നോക്കാനും  മറന്നില്ല. അങ്ങേര്  ചാരുകസേരയിൽ മൊബൈല് നോക്കിക്കിടക്കുന്നതാണ് കണ്ടത്.

” കണ്ടില്ലേ… കള്ള  ഹിമാറ്….. കണ്ട പെണ്ണുങ്ങളോട് ചാറ്റ് ചെയ്ത് കിടക്കുന്നതായിരിക്കും .
ഈ സ്മാർട്ട്ഫോൺ എന്ന് പറയുന്ന സാധനം അനക്ക് കൈകാര്യം ചെയ്യാനും അറിയൂലല്ലോ റബ്ബേ .അല്ലേല് അതെടുത്ത് അങ്ങേരുടെ കള്ളി മുയുവനും കണ്ടു പിടിക്കാരുന്നു…… “
ഒരു ദിവസം താനതെടുത്തു തിരിച്ചും മറിച്ചും നോക്കുന്നതു കണ്ടു അങ്ങേര് ക്രൂദ്ധനായി ഒച്ചയിട്ടത് അപ്പോളോർത്തു

“അതില് മുഴുവൻ തടിക്കച്ചവടത്തിന്റെ കണക്കുകളാടീ….നീ അതെടുത്തു നോക്കിയാലും നെനക്ക് ഒന്നും മനസ്സിലാവൂല “

അങ്ങേരെ ഒന്ന് രൂക്ഷമായി നോക്കി. മൊബൈല് മേശപ്പുറത്ത് വച്ചിട്ട് അന്ന് താൻ തിരിഞ്ഞു നടന്നു.

“ഹും.. ലോക്ഡൗണായെപ്പിന്നെ എന്തു ചോയിച്ചാലും ഇപ്പോ മൂക്കത്താ ശുണ്ഠി. തന്നെക്കാണുന്നതു പോലും മൂപ്പർക്കിഷ്ടമില്ലെന്നാ തോന്നാറ്
. സജ്ന പറേണത് ബാപ്പാക്ക് ബിസിനസ്  നടക്കാത്തതിന്റെ ടെൻഷനാണെന്നാ .. മൊബൈലില് തടിക്കച്ചവടത്തിന്റെ കണക്കാണു പോലും. എനക്കറിയാം. അതിലുമുയുവൻ
മറ്റു പെണ്ണുങ്ങളുമായി വേണ്ടാതീനം പറച്ചിലായിരിക്കും. ഇപ്പോ പിന്നെ ലോക്ക് ഡൗണായതു കൊണ്ട് തടിക്കടയൊക്കെ പൂട്ടിക്കിടക്കുമ്പോ ഇഷ്ടം പോലെ സമയം കിട്ടൂലോ…. എന്റെ റബ്ബേ ഈ നശിച്ച ലോക് ഡൗണൊന്നു തീർന്നു കിട്ടിയാല് അനക്ക് സജ്നേടെ അടുത്തെങ്കിലും പോകാരുന്നു……”

പോകുന്ന പോക്കിൽ അവർ കണ്ണാടിയിൽ ഒന്നു നോക്കി. അമ്പത്തിരണ്ടാം വയസ്സിൽ തന്നെ തന്റെ തല മുഴുവൻ നരച്ചു കഴിഞ്ഞു.

” ഡൈ ഇടാമെന്നു വച്ചാല് അപ്പത്തൊടങ്ങും മോറില് നാശം പിടിച്ചൊരു ചൊറിച്ചില് ” .

അങ്ങനെ സ്വയം പ്രാകിക്കൊണ്ട് അവർ അടുക്കളയിലെത്തി.
അടുക്കളയിൽ തിടുക്കപ്പെട്ടു കോഴി ബിരിയാണി പാകപ്പെടുത്തുന്ന ജോലിയിലേർപ്പെട്ടു. അതിനിടയിൽ അവർ സ്വയം പറഞ്ഞു.

“ബിരിയാണീല്ചേർക്കാൻ ചില മസാലക്കൂട്ടൊന്നുമില്ല. അങ്ങേരോട് പറഞ്ഞാല് ഒരുങ്ങിയെറങ്ങി വഴീലോട്ട് ഒരു പോക്കുണ്ട്. കണ്ട പെണ്ണുങ്ങളെ വായീ നോക്കാനായിരിക്കും. ഇപ്പോ മാസ്ക്ക് വച്ചോണ്ടായതു കൊണ്ട് അധികം പുറത്തോട്ട് പോക്കില്ല. ചോദിക്കുമ്പ പറയണത് പുറത്തിറങ്ങി നടന്നാല് പോലീസ് ശോദ്യം ചെയ്യൂന്നാ ….അതൊന്നുമല്ല കാര്യംന്ന് അനക്കറിയമ്മേലേ .മാസ്ക്കും വച്ചോണ്ട് നടന്നാ പെണ്ണുങ്ങളെ തന്റെ ഭംഗിയൊള്ള മോന്ത കാണിക്കാൻ പറ്റൂല്ലല്ലോ. ഹും….” റസിയ പല്ലിറുമ്മി.

ഭർത്താവുമായി വഴക്കായതിൽ പിന്നെ റസിയ ആഹാരം പാകം ചെയ്ത് മേശപ്പുറത്ത് എടുത്തു വക്കും. ഖാദറ് ഏതെങ്കിലും സമയത്ത് വന്ന് ഒന്നും മിണ്ടാതെഎടുത്തു കഴിച്ചിട്ടുപോകും. വഴക്ക് കൂടുതലാവുന്ന ദിവസങ്ങളിൽ അടുക്കളയിൽ അവർക്കു മാത്രമുള്ളതു പാകം ചെയ്യും. അങ്ങനെയുള്ളപ്പോൾ ഖാദർ ഒന്നും മിണ്ടാതെ പുറത്തേക്ക് ഇറങ്ങിപ്പോയി ഭക്ഷണം കഴിച്ചു വരും. എന്നാൽ ലോക് ഡൗണായതോടെ ഖാദറിന്റെ കാര്യം പരുങ്ങലിലായി . ഹോട്ടലിൽ ആഹാരം കിട്ടാതെ അയാൾ വിഷമിച്ചു. ഇപ്പോൾ മിക്കപ്പോഴുംഅടുത്തു താമസിക്കുന്ന സഹോദരന്റെ വീട്ടീന്നാണ് ഭക്ഷണം കഴിക്കുന്നത്. ഇതിനിടയിൽ ഓരോ ദിവസം കഴിയുന്തോറും റസിയയുടെ സംശയം കൂടിക്കൂടിവന്നു. അപ്പുറത്ത് മതിലിനടുത്തു നിന്ന് തുണി വിരിക്കണ സുന്ദരിയും ചെറുപ്പക്കാരിയുമായ വീട്ടുജോലിക്കാരി റസിയയുടെ സംശയം ഇരട്ടിപ്പിച്ചു. തുണി വിരിക്കുന്നതിനിടയിൽ അവളുടെ കണ്ണ് കിണറ്റുകരയിൽ നിന്ന് പല്ലുതേക്കണ ഭർത്താവിന്റെ മുഖത്തല്ലേ എന്ന് .

“ഹും … ഓരോരോ സുന്ദരിക്കോതകള് വന്നോളും…. അയലത്തെ ആണുങ്ങടെ മേലാ ..കണ്ണു മുയുവനും . എന്റള്ളാ ….. ഓടേ കണ്ണ് പൊട്ടിത്തകർന്നു പോണെ …ഹും… നോക്കിക്കോ ഇന്നു തന്നെ ഞാനെങ്ങനേലും സജ്നേടെ അടുത്തേക്ക് പോവും … പിന്നെ ഒരിക്കലും മടങ്ങിവരൂല ……..”

റസിയ പല്ലു കടിച്ചു കൊണ്ട് അകത്തേക്കു പോയി. മുഖത്ത് മാസ്ക്കണിഞ്ഞ് നല്ല വസ്ത്രം ധരിച്ച് അവർ ഒരു യാത്രക്കുള്ള ഒരുക്കം തുടങ്ങി. അപ്പോഴാണ് ഖാദറിന്റെ മൊബൈൽ ഫോൺ ശബ്ദിച്ചത്.
ഓരോ ദിവസം കഴിയുന്തോറും റസിയയുടെ സംശയം കൂടിവരുന്നതു കണ്ട് ഖാദർ വിഷണ്ണനായിരുന്നു.  ഫോണിലൂടെ സംസാരിച്ച മകനോട് അയാൾ കാര്യങ്ങൾ വിശദീകരിച്ചു
” ഉമ്മയെ നമുക്ക് എവിടെയെങ്കിലും കൗൺസിലിങ്ങിന് കൊണ്ടുപോയി നോക്കാം ഉപ്പ. തനിക്ക്പ്രായമായി എന്ന കോംപ്ലക്സാണെന്നു തോന്നുന്നു ഉമ്മയുടെ പ്രശ്നം…ഏതായാലും ഈ ലോക് ഡൗൺ ഒന്നു കഴിയട്ടേ ഉപ്പാ ….   “

“ശരി യെടാ മോനെ … ഞാനും നിന്നോടിതു പറയണമെന്നു വിചാരിച്ചിരിക്കുവാരുന്നു.  ഓളുടെ സ്വഭാവം ഓരോ ദിവസം കഴിയുന്തോറും പ്രശ്നമായി ക്കൊണ്ടിരിക്കുവാ…തൊട്ടതിനും പിടിച്ചതിനുമൊക്കെ ഓക്ക് എന്നെ ഇപ്പോ സംശയാ… മാത്രമല്ല മിക്ക ദിവസവും ആഹാരോം വച്ചു തരൂല്ല.
റഹിം അടുത്തുള്ളതാ എന്റെ ആശ്വാസം…അല്ലേല് ഞാൻ പട്ടിണി കിടക്കേണ്ടി വന്നേനെ”

അങ്ങനെ പറഞ്ഞ് അയാൾ ഫോൺ വച്ച് തിരിയവേ മുറ്റത്ത് നിന്ന് ഒരു കരച്ചിൽ കേട്ടു. ഖാദർ ഓടി വന്നു നോക്കുമ്പോൾ മുറ്റത്തു നിന്ന് എഴുന്നേൽക്കാൻ പാടുപെടുന്ന റസിയയെ ആണ് കണ്ടത് . മകളുടെ അടുത്തേക്ക് പോകാനുള്ള പുറപ്പാടിൽ മുഖത്ത് മാസ്ക്കും വച്ച് ഒരുങ്ങിയെറങ്ങിയതാണ്. മുറ്റത്ത് മഴ പെയ്ത് കെട്ടി കിടക്കുന്ന ചെളിവെള്ളത്തിൽ തെന്നിവീണതാണ്.

“”അയ്യോ …എന്റെ റബ്ബേ… എന്റെ കാലൊടിഞ്ഞേ ….ഞാനിപ്പം ചാവുവേ….”

റസിയ ഉറക്കെ നിലവിളിച്ചു കൊണ്ടിരുന്നു. തനിയെ എഴുന്നേൽക്കാൻ ശ്രമിച്ച് കഠിനമായ വേദന മൂലം അവർ പരാജയപ്പെട്ടുകൊണ്ടിരുന്നു. ഖാദർ അതു കണ്ട് ഓടിയെത്തി അവരെ കൈ പിടിച്ച് എഴുന്നേൽപ്പിച്ചു. പിന്നെ മെല്ലെ താങ്ങി  ബെഡ് റൂമിലേക്ക് നടത്തി. അപ്പോൾ റസിയയുടെ കുറ്റബോധം കൊണ്ട് നിറഞ്ഞ കണ്ണുകൾ അയാളുടെ മുഖത്തായിരുന്നു. കാലിൽഅയാൾ തൈലമിട്ട് ഉഴിയുമ്പോൾ അവർ പ്രേമത്തോടെ അയാളെ നോക്കി പറഞ്ഞു.
“അല്ലേലും നിങ്ങക്കെന്നോട് പെരുത്ത് ഇഷ്ടാന്ന് എനക്കറിയാമ്മേലേ..”

അവർ ഇരുവരുടേയും പൊട്ടിച്ചിരി ലോക് ഡൗണിൽ മുങ്ങിക്കിടന്ന ആ പരിസരം മുഴുവൻ മുഴങ്ങിക്കേൾക്കാമായിരുന്നു.

home page

m k onappathipp
.

You can share this post!