
മരിച്ചവർ ഭാഗ്യം രുചിച്ചവരെന്ന്
കുറിപ്പവരാണ് മരിച്ചിട്ടില്ലാത്തോർ
വെറുപ്പു വിദ്വേഷവിഷാദങ്ങൾക്കൊണ്ടു
വെറുതെയെപ്പൊഴും നിനച്ചിരിക്കുമ്പോൾ
മരണമെത്തുന്നതറിയുന്നേയില്ല.
മരിച്ചു പോകാത്ത സമയത്തെല്ലാരും
രമിച്ചുവാഴുവാൻ കൊതിച്ചിരിക്കുന്നു ,
മരണമെത്തുന്നൂ,വിമാനവേഗത്തിൽ
മരുന്നില്ലാ,യതിനൊളിച്ചിരിക്കുവാൻ…!
പടുത്തുയർത്തിയ പദവിയൊക്കെയും
പിടിച്ചടക്കിയ കിരീടമൊക്കെയും
എടുത്തുയർത്തിയ എടുപ്പുകളെല്ലാം
മറന്നുപോയി ഞാ,നെടുത്തു പോരുവാൻ
ഒരിക്കൽ മാത്രമേ ജനിക്കു വാനാകൂ
ഒരിക്കൽ മാത്രമേ മരിക്കാനുമാകൂ
മരിച്ചവരാരും തിരിച്ചു പോരില്ല
ജനിച്ചതിനാൽ ഞാൻ മരിച്ചതാണെന്നു
മരിച്ചിട്ടില്ലാത്തെൻ മനം മന്ത്രിക്കുന്നു!
മരിച്ചിട്ടില്ലാത്തോർ മറക്കുന്നു,യെന്നെ
മരിക്കില്ലെന്നുള്ള മഹാ മോഹത്താലെ
മരണത്തെയോർത്തു കഴിയാത്തോരെല്ലാം
മദിച്ചു വാഴുവാൻ മനസ്സൊരുക്കുന്നു .
പരസ്പരം പഴി പറയാനല്ലാതെ
പരാനുകമ്പയാലുലക ജീവിതം
പുലരുവാനായി മരിക്കുവോളവും
ജനിച്ചജീവിത,മുയർത്തി വാഴുക!
മഹാദുഖങ്ങളും മഹാരോഗങ്ങളും
മനുഷ്യജീവിതം മഹത്വമാക്കിടും
മരിച്ചവർക്കെന്നും തിരിച്ചുനൽകുവാൻ
ഇതേവരെക്കുമേ, യിടയായിട്ടില്ല.
മരണമെപ്പൊഴും മറക്കാവേദന,
മരണമെപ്പൊഴും സമത്വമാ കിലും
മരണമില്ലാതെ,യുണർന്നിരിക്കുവാൻ
മരണത്തെക്കാളെന്തുമരുന്നു ജീവനിൽ ..?
കൊതിക്കുന്നൂ, ഞാനെൻ മറന്ന ജീവിതം
തിരിച്ചുകിട്ടില്ലെന്നറിയുന്നുവെന്നാൽ
മനോഹരം! മഹാ പ്രതീക്ഷകൾക്കെല്ലാം
മഹാവ്യാഖ്യാന,മതാണു ജീവിതം!
m k onappathipp