വിറങ്ങലിച്ച ചോപ്പു –
പോലൊരു സൗഹൃദം
തണുത്തു മരിക്കുമ്പോ –
ളെന്തെന്തു ചെയ്തുനീ പൂവേ?
അറംപറ്റും വാക്കിലെ
മുള്ളിൻ വിഷമേറ്റി –
ട്ടമറുവാനാവാതെ
വെറുതെ തേങ്ങി.
തീ പിടിച്ച കാടു പോൽ
സഹജരോരോന്നാ –
യറ്ററുവീഴുമ്പോ-
ളെന്തെന്തു ചെയ്തു നീ പൂവേ ?
മനം ഉടൽ വിട്ടു
കൊഴിഞ്ഞു വീഴും പോൽ
ദുഖം പൊറാഞ്ഞു
വെറുതെ തേങ്ങി.
കഴുത്തറ്റ മയിലു പോൽ
സന്ധ്യ പിടയുമ്പോൾ
ഉണ്ണിയെ കാണാഞ്ഞി –
ട്ടെന്തെന്തു ചെയ്തു നീ പൂവേ ?
പാൽ നിറഞ്ഞു വിങ്ങു –
മൊരമ്മിഞ്ഞ പോലെ
അകലേക്ക് കണ്ണുമായ്
വെറുതേ വിങ്ങി.
ഇത്തിരി വെട്ടത്തിനാ-
യൊരു പാതിരാവ്
താരകം തേടുമ്പോ –
ളെന്തെന്തു ചെയ്തു നീ പൂവേ?
ഓർമ്മയും ഊന്നുവടിയും
പോയ വാർധക്യം പോൽ
വാടീട്ടും കൊഴിയാതെ
വെറുതെ തേങ്ങി.
കണ്ടിട്ടും കേട്ടിട്ടും
പറഞ്ഞിട്ടും തീരാതെ
മണ്ണിൽ തലതല്ലി
ചാകുവതെങ്ങിനെ ഞാൻ?