തീവ്രവാദികൾ തീവ്രവാദികളെ
തീവ്രവാദികളെന്ന് വിളിക്കുന്നു.
ബോംബും തോക്കുംകൊടുത്ത് കൊല്ലാൻ പഠിപ്പിച്ചവർ
പിന്നെ മാന്യൻമാരായി….
വെള്ളക്കൊടിക്കീഴിൽ സമാധാനപാലകരായി –
തൊപ്പിവെച്ച തീവ്രവാദികൾ,
താടിവളർത്തിയ തീവ്രവാദികളെ –
മലമുകളിൽ വേട്ടയാടി…..
മരിച്ചവരോ തീവ്രവാദം എന്തെന്നറിയാത്ത പാവങ്ങളും…..
പിന്നെയൊരുനാൾ തീവ്രവാദികൾ തമ്മിൽ സന്ധിസംഭാഷണം
വട്ടമേശ സമ്മേളനങ്ങൾ –
കൈകുലുക്കലുകൾ –
തീവ്രവാദികളുടെ ഭാര്യമാരുടെ കവിളുകളിൽ ചുംബനങ്ങൾ –
ഗോൾഫ് കളികൾ –
നീന്തൽക്കുളത്തിലെ നീരാട്ട് –
അങ്ങനെപോകുന്നു സത്കാരങ്ങൾ.
വേട്ടയാടൽ നിർത്തിവെച്ചതായി റേഡിയോ വാർത്ത.
ടി. വിയിലൂടെ പ്രസിഡണ്ടുമാരുടെ
ഇളകാത്ത ചുണ്ടുകളുടെ ഇംഗ്ലീഷ് പ്രഭാഷണം.
എവിടെയും സമാധാനമാണത്രേ…..
വെള്ളക്കൊടിയുടെ മഹത്വത്തെ എല്ലാവരും വാഴ്ത്തി….
എങ്കിലോ, തീവ്രവാദികളുടെ നാട്ടിൽ
ഒരു റൊട്ടിക്കഷണത്തിനുപോലും
കാശില്ലാത്ത പാവംജനതയെ
തീവ്രവാദികളെന്നു മുദ്രകുത്തി
രണ്ടു തീവ്രവാദി സംഘങ്ങളും
ഇന്നും, എന്നും, എപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുന്നു.
അവർ മലമുകളിൽ വേട്ടയാടപ്പെടുന്നു.
കാടുകളിലെ ചെറ്റക്കുടിലിൽ വേട്ടയാടപ്പെടുന്നു.
സ്കൂളുകളിൽ,
പണിശാലകളിൽ,
പാടങ്ങളിൽ,
ലൈബ്രറികളിൽ,
സയൻസ് കോൺഫറൻസുകളിൽ,
പെണ്ണുങ്ങളുടെ ചാരിത്ര്യങ്ങളിൽ,
കുളിക്കടവുകളിൽ,
ഗല്ലികളിൽ,
റോഡുകളിൽ,
ജീവശ്വാസങ്ങളിൽ,
നാറിയ സംസ്കാരങ്ങളിൽ
എല്ലായിടത്തും വേട്ടയാടപ്പെടുന്നു.
അവർ തീവ്രവാദികളാക്കപ്പെടുന്നു.