ഇമ്പ്രെസ്സിയോ ഓണപ്പതിപ്പ് 2021 /അ”പൗരൻ”/ജോജിത വിനീഷ്

ജോജിത വിനീഷ്


ഞാനിപ്പോൾ
ആകാശത്തേക്ക് കണ്ണുകൾ പായിക്കുന്ന ഒരു പറവയല്ല,

പൗരത്വം തേടും പുരോഗമന സ്വേച്ഛാധിപത്യത്തിന്റെ യുക്തിവാദിയുമല്ല !

പെട്ടെന്നൊരു രാത്രിയിൽ നിഷേധിക്കപ്പെട്ട സമ്പത്തിന്റെ നോട്ടുകൂമ്പാരവുമല്ല.

അതിരുവത്കരിക്കപ്പെട്ട ഒരു നാട്ടുരാജ്യമാണ് .
ഒരു അധിനിവേശസസ്യത്തിന്റെ
മുൾക്കൂടയാണത്രെ.
അസ്തിത്വമില്ലാത്ത ജനിതകത്തിന്റെ പൊരുൾ തേടും വെറും മൈഗ്രേറ്റഡ് ഡമ്മി .
അർദ്ധരാത്രികളുടെ പ്രകമ്പനങ്ങളെ ഭയക്കുന്ന വെറും പ്രജ !
അംബേദ്കറിന്റെയും സി പി യുടെയും ഭരണരേഖകളിൽ പിതാമഹന്റെ ചിതാഭസ്മം തിരയുന്നവൻ!
അമ്മയുടെ ഗർഭപാത്രത്തിൽ നിന്നും പൊക്കിൾക്കൊടിയുടെ സ്ഫുടം തേടുന്നവൻ !
നെറ്റിയിൽ വരക്കുന്ന കുറിയെയും തഴമ്പിനെയും ഭയക്കുന്നവൻ !

ഇനിയും രേഖകൾ വേണോ ..?
വിശപ്പിന്റെ പിൻവിളിയിൽ തേരട്ട പോലെ ചുരുണ്ട് പോയ കുടൽ രേഖകളുണ്ട്..

സവർണ്ണനെന്ന മുദ്രയിൽ മാത്രം തഴയപ്പെട്ട ജാതി സർട്ടിഫിക്കറ്റുകളുണ്ട് …

ദളിതനെന്ന ചിത്രത്തിന്റെ വയറിൽ അവ്യക്ത ചവിട്ടടിപ്പാട്ടുകളുണ്ട് ….

കിലോമീറ്ററുകളോളം തലയോട്ടിയിൽ ചുമന്ന കുടിവെള്ളപ്പാത്രത്തിന്റെ പാടുകളുണ്ട്…

ഓടുന്ന ചക്രത്തെ നോക്കി ,നിർഭയയായ അമ്മയുടെ,ഇനിയും നടപ്പാക്കാത്ത നാലു പേരുടെ വധശിക്ഷാ കുറിപ്പുണ്ട് ..

അഞ്ചു നേരം ബിസ്മി ചൊല്ലിപ്പിരിയുമ്പോൾ കിട്ടിയ നിസ്കാരത്തഴമ്പുണ്ട് …

ചേമനും ചെറുമനും കപ്യാർക്കും മുസലിയാർക്കും വിളമ്പിയ ചായയുടെ പറ്റു ശീട്ട് ഉണ്ട് .

അയ്യഞ്ചു വർഷത്തിൽ മുദ്രപ്പെടുന്ന കൈരേഖകളുണ്ട്..

എന്നിട്ടും പറയുന്നു
ഞാൻ ‘അപൗരൻ’!

ഞാൻ ” അപൗരൻ!”

HOME PAGE

M K ONAPPATHIPP

You can share this post!