‘കുറച്ചധികം ‘ മിസ് കാൾ ശ്രദ്ധയിൽ പെട്ടത് വൈകുന്നേരമായിരുന്നു .
കൃഷിത്തോട്ടത്തിൽ പണിക്കാരോടൊപ്പം പണിക്കിറങ്ങുമ്പോൾ മൊബൈൽ ഫോൺ കൊണ്ടുപോകാറില്ലായിരുന്നു.
വൈകിട്ട് കുളിയൊക്കെ കഴിഞ്ഞ് ആസ്വദിച്ച് ചായ കുടിക്കുമ്പോഴാവും മൊബൈൽ ഫോണിൽ ആരൊക്കെ വിളിച്ചു, വാട്ട്സ്ആപ്പിൽ എന്തൊക്കെ സന്ദേശങ്ങളാണ് ഉള്ളത് എന്നൊക്കെ പരിശോധിച്ചു നോക്കുക.
ഒരു പരിചയവുമില്ലാത്ത വാട്ട്സ്ആപ്പ് നമ്പറിൽ നിന്നും പത്ത് മിസ് കോളുകൾ?!….
അപ്പോൾ അത്യാവശ്യക്കാരൻ തന്നെ ‘!
ചായക്കപ്പിൽ നിന്നും അവസാന കവിളും കുടിച്ച ശേഷം ,” ദിനേശൻ ” മിസ് കാൾ നമ്പറിലേക്ക് വിളിച്ചു
അപ്പുറത്തു നിന്നും പരിചയമില്ലാത്ത ഒരു ശബ്ദം
” ദിനേശനല്ലേ?’
“അതേ “
ദിനേശാ ഇതു ഞാൻ തോമാച്ചനാടാ”
ഏത് തോമാച്ചൻ.. കാപ്പിരി തോമയാണോ “
അപ്പുറത്തു നിന്നും ഒരു ചിരി ശബ്ദം ” അതേടാ കോപ്പേ .. “!..
മുപ്പത് വർഷങ്ങൾക്കു മുമ്പുള്ള കോളെജ് ദിനങ്ങൾക്കു ശേഷം വീണ്ടും കാപ്പിരി തോമായുടെ ശബ്ദം!..
നീ എവിടെയാ? എങ്ങിനെ എന്റെ നമ്പർ കിട്ടി ?…
“ഞാനിപ്പോൾ സ്റ്റേറ്റ്സിലാ.. ശനിയാഴ്ച നാട്ടിലെത്തും നിന്നെ ഒന്നു കാണണം നമ്പർ കിട്ടാൻ വളരെ ബുദ്ധിമുട്ടി… വിശേഷങ്ങൾ എല്ലാം നേരിൽ പറയാം നീ ലൊക്കേഷൻ മാപ്പ് സെന്റ് ചെയ്യാമോ”
ശരി അങ്ങിനെ ആകട്ടെ.:
ഫോൺ ബന്ധം വിഛേദിച്ചുകഴിഞ്ഞപ്പോൾ ദിനേശൻ ചിന്തിച്ചു
എന്തിനാവും കാപ്പിരി തന്നെ അന്വേഷിക്കുന്നത്?… എന്തായാലും അവൻ വരട്ടെ:
ശനിയാഴ്ച്ച കാപ്പിരി വീണ്ടുo വിളിച്ചു.
” അളിയാ ഞാൻ നാളെ ഉച്ചയോടെ അവിടെ എത്താം”
പറഞ്ഞ പോലെ ഞായറാഴ്ച പന്ത്രണ്ടു മണിയോടെ ഒരു ബെൻസ് കാർ വീടിന്റെ മുറ്റത്തവന്നു നിന്നു അതിൽ നിന്നും ഇറങ്ങിയ തടിച്ചു, ബുൾഗാൻ താടിവച്ച മൊട്ടത്തലയൻ പഴയ കാപ്പിരിത്തലമുടിയുള്ള തോമാച്ചനാണെന്നു് വിശ്വസിക്കാൻ കഴിഞ്ഞില്ല!?
പക്ഷെ അളിയാ എന്നുള്ള വിളിക്കു മാത്രം യാതൊരു മാറ്റവും ഇല്ല.
കുശലാന്വേഷണങ്ങൾക്കും സൽക്കാരങ്ങൾക്കും ശേഷം കൃഷിത്തോട്ടത്തിലേക്കിറങ്ങി. ജാതിത്തോട്ടത്തിലെ തണുപ്പുള്ള നിഴലിൽ ഇരുന്ന്
തോമാച്ചൻ “ജാക്ക് ഡാനിയേലിന്റെ “കുപ്പി പുറത്തെടുത്തു
“നീ അടി നിറുത്തിയിട്ടൊന്നും ഇല്ലല്ലോ “
” വളരേ അപൂർവ്വം “
തോമാച്ചൻ ചിരിച്ചു:
രണ്ടെണ്ണം ഉള്ളിൽ ചെന്നപ്പോൾ ഉഷാറായി ഗൃഹാതുരത്വം പതഞ്ഞു പൊങ്ങാൻ തുടങ്ങി കോളെജ് ഭിനങ്ങളിലെ പ്രേമങ്ങൾ, കുസൃതികൾ:
പക്ഷെ തോമാച്ചൻ ആകെണിയിൽ വീണില്ല
” ദിനേശാ എനിക്ക് നിന്റെ ഒരു സഹായം വേണം: “
“നീ പറ അളിയാ എന്നെക്കൊണ്ടു സാധിക്കുന്ന കാര്യമാണെങ്കിൽ നമുക്ക് നോക്കാമളിയാ”
” നമുക്ക് ഒരു കടുവയെ വെടിവയ്ക്കണം”
പറഞ്ഞതു മനസ്സിലാകാത്ത പോലെ മിഴിച്ചിരുന്ന ദിനേശനെ നോക്കി തോമാച്ചൻ കെഞ്ചി
” നീ വിചാരിച്ചാ സാധിക്കും ദിനേശാ : പണം എത്ര വേണമെങ്കിലും ചിലവാക്കാം
ജാക്ക് ഡാനിയേൽ രണ്ടെണ്ണം വിട്ടാൽ ഇങ്ങനെ ഒക്കെ സംഭവിക്കുമോ?
” കടുവ ആക്കണ്ടതോമാച്ചാ നമുക്ക് ഒരു സിംഹ രാജനെത്തന്നെ വെടിവച്ചു പിടിക്കാം … സിംഹം: ദ ലയൺ കിങ്ങ്: ഹാ…ഹാ…ഹാ..
തോമാച്ചൻ തെല്ലിട നിശബ്ദനായി…. ദിനേശന്റെ ചിരി മാഞ്ഞു
“ഡാ ഞാനിത് സീരിയസ്സായിത്തന്നെയാ പറഞ്ഞത് “
നിനക്ക് വട്ടാണോ കാക്കയേം, പൂച്ചയേം വെടി വയ്ക്കുന്നതു പോലെയാണോ കടുവ: !?
“നീ എന്തെങ്കിലും ഒരു ഉപായം കണ്ടെത്ത് ദിനേശാ, നീ താമസിക്കുന്നത് ഇടുക്കി ജില്ലയിൽ അല്ലേ, ചുറ്റും കാടും ഉണ്ടല്ലോ?… “
” ശരി എന്താ പ്രശ്ശം നീ ശരിക്കുള്ള കാര്യം പറ.?”
തോമാച്ചൻ തെല്ലിട നിശബ്ദനായി…
“അളിയാ നിനക്കറിയാമോ എനിക്കും ലിസക്കും മക്കളില്ല: തിരക്കുപിടിച്ച ജീവിതത്തിൽ അതിനൊന്നും പ്രാധാന്യം നൽകിയതുമില്ല:
ലിസയുടെ കുഞ്ഞനുജൻ ജെയ്സൺ ഞങ്ങളോടൊപ്പമായിരുന്നു താമസിച്ചു പഠിച്ചിരുന്നത്…
ഞങ്ങൾക്ക് ഒരു മകനുണ്ടായിരുന്നെങ്കിൽ അവനു കിട്ടേണ്ട സ്നേഹവും, ശ്രദ്ധയും ഞങ്ങൾ ജെയ്സണ് കൊടുത്തു.
അമേരിക്കയിലാണ് ജനിച്ചതും വളർന്നതുമെങ്കിലും അവൻ മലയാളം എഴുതാനും വായിക്കാനും പഠിച്ചു അവന്റെ ഇഷ്ട വായനകളിൽ പ്രധാനപ്പെട്ടത്, ബാലരമയും, ബാലമംഗളവും, പൂമ്പാറ്റയു ഒക്കെ ആയിരുന്നു. അതിൽത്തന്നെ അവനെ ഏറ്റവും ആകർഷിച്ച ചിത്രകഥ “ശിക്കാരി ശംഭു ” ആയിരുന്നു.
ചുരുക്കത്തിൽ അവൻ ശിക്കാരി ശംഭുവിന്റെ ഒരു കടുത്ത ആരാധകനായി മാറുകയായിരുന്നു, പിന്നെ ” പുലിമുരുകൻ സിനിമ കണ്ടതോടെ കടുവ പ്രാന്ത് തലയ്ക്കു പിടിക്കുകയും ചെയ്തു
ഇപ്പോൾ :ബ്ലഡ് കാൻസർ എന്ന മാരക രോഗഗ്രസ്ഥനായി മരണവും കാത്തിരിക്കയാണവൻ:
അവന്റെ ഒരേ ഒരാഗ്രഹം ഒരു കടുവയെ വെടിവയ്ക്കുക എന്നതാണ്: തന്നെ വേട്ടയാടുന്ന രോഗത്തിൽ നിന്നും മുക്തനാവാൻ കടുവാ വധം കൊണ്ട് സാധിക്കുമെന്നു് അവൻ ഉറച്ചു വിശ്വസിക്കുന്നു.”
ദിനേശൻ ഒരു നെടുവീർപ്പിട്ടു “ജാക്ക് ഡാനിയേൽ അതിന്റെ പ്രവർത്തനം നിറുത്തിവച്ചു…..
കുഴഞ്ഞ പ്രശനം തന്നെ കാർട്ടൂൺ കടുവകളെ വെടിവച്ചു, വെടി വച്ച് ചെക്കനിപ്പോ തികഞ്ഞ വേട്ടക്കാരനായി മാറിയിരിക്കുന്നു
“അളിയാ നീ എന്തെങ്കിലും ഒരു ഉപായം കണ്ടെത്തിത്താ “!?
തോമാച്ചൻ ജാതിയുടെ ഇല പറിച്ചു കടിച്ചു തുപ്പി:
” ശരി ജെയ്സൺ ഇപ്പോൾ എവിടെയാണ്?അവനു് ഒരു തോക്കു പിടിക്കാനുള്ള ആരോഗ്യമുണ്ടോ?
ഒറിജിനൽ കടുവയെ അവൻ കണ്ടിട്ടുണ്ടോ?”
” ജെയ്സൺ ഇപ്പോ എന്റെ വീട്ടിൽ ഉണ്ട് രോഗത്തെപ്പറ്റി അവന് നല്ല ധാരണയുണ്ട്, കടുവയെ വെടിവയ്ക്കാൻ വേണ്ടി അവൻ ഹൂസ്റ്റൺ റൈഫിൾ ക്ലബ്ബിൽ പോയി വെടി വയ്ക്കാൻ പഠിക്കുകയും ചെയ്തിട്ടുണ്ട്. പിന്നെ ഒറിജിനൽ കടുവയെ വെല്ലുന്ന ഗ്രാഫിക്സ് കടുവയെ വിശകലനം ചെയ്ത് പഠിക്കുകയും ചെയ്തിട്ടുണ്ട്.
പിന്നെ കാട്ടിലൊന്നും പോയിട്ടില്ലെന്നു മാത്രം::
” ശരി എങ്കിൽ നമുക്കൊരു കാര്യം ചെയ്യാം ഇടുക്കി വനത്തിൽ ശരിക്കും കടുവകൾ ഉള്ളത് “പെരിയാർ കടുവാ സങ്കേതത്തിലാണ് അവിടെയെങ്ങാനും തോക്കുമായി ചെന്നാൽ ഒന്നുകിൽ മൃഗത്തിന്റെ വായിൽ അല്ലെങ്കിൽ മാവോയിസ്റ്റായി അകത്ത്:
അതു കൊണ്ട് അക്കാര്യം നമുക്ക് മറക്കാം
പിന്നെ ഉള്ള സാദ്ധ്യത ഡമ്മിയാണ് ,പയ്യൻ കാടു നേരിൽ കണ്ടിട്ടില്ലാത്ത സ്ഥിതിക്ക് കാടുപോലുള്ളൊരു സ്ഥലത്ത് നമുക്കൊരു ഡമ്മി കടുവ സെറ്റ് ചെയ്ത് വെടിവയ്പ്പിച്ചാൽ പോരേ ?
“അളിയാ: സൂപ്പർ ഐഡിയ !”
ജാതിയിലപ്പച്ചപുരണ്ട പല്ലുകാട്ടി തോമാച്ചൻ ഉള്ളുതുറന്ന് ചിരിച്ചു
” ശരി’ ഞാൻ ” പോത്തുമറ്റത്തുള്ള സെൽവരാജിനെ വിളിച്ചു നോക്കാം അങ്ങേർക്ക് സ്വന്തമായിട്ടു കുറേ വനഭൂമി ഉണ്ട് പണ്ട് ഏലകൃഷി നടത്തിയിരുന്ന സ്ഥലമാ: മക്കളൊക്കെ വിദേശത്തായതു ഇപ്പോ കൃഷി ഒന്നുമില്ലാതെ കാടുപിടിച്ചു കിടക്കുന്നു.:
സ്വന്തമായി ലൈസൻസുള്ളതും അല്ലാത്തതുമായ തോക്കുകളും ഉണ്ട്: കുറേ നാളായി എന്നെ വിളിക്കുന്നു. വെടിയിറച്ചിയും,വാറ്റും, നാടൻ പാട്ടുകളും ” ….
” ഡൺ “
തോമാച്ചൻ ആവേശത്തോടെ തള്ളവിരലുയർത്തിക്കാട്ടി.”
ദിനേശൻ അപ്പോൾത്തന്നെ സെൽവരാജിനെ വിളിച്ചു പക്ഷെ കിട്ടിയില്ല. ഏതായാലും അധികം താമസിക്കാതെ തന്നെ വിവരം പറയാമെന്ന ഉറപ്പിൻമേൽ തോമാച്ചൻ ബെൻസിൽ കയറി തിരിച്ചുപോയി
ദിനേശൻ അന്നു രാത്രി തന്നെ സെൽവരാജിനെ വിളിച്ചു. കാര്യങ്ങളുടെ കിടപ്പുവശം അറിഞ്ഞപ്പോൾ ഉറക്കെ പൊട്ടിച്ചിരിച്ചു :: നീ വാ ദിനേശാ സംഗതി നമുക്ക് ജോറാക്കാം:
കാര്യങ്ങൾ ഇത്രവേഗം തരപ്പെടുമെന്ന് തോമാച്ചന് വിശ്വസിക്കാൻ കഴിഞ്ഞില്ല.
ഇനി ആകെയുള്ള പ്രശ്ശം കടുവയാണ് ഗ്രാഫിക്സ് കടുവയെ വെടിവച്ചു പരിശീലിച്ച ജെയ്സന്റെ മുമ്പിൽ യഥാർത്ഥ കടുവയെ വെല്ലുന്ന വ്യാജനെ എങ്ങിനെ സംഘടിപ്പിക്കുമെന്നത് ഒരു വലിയ വെല്ലുവിളി തന്നെയായിരുന്നു.
ഒടുവിൽ അതിനും പരിഹാരമായി! സെൽവരാജിന്റെ സിനിമാബന്ധം വച്ച് എറണാകുളത്തുള്ള കലാസംവിധായകൻ ‘ഷൈജു പട്ടിക്കാടുമായി ബന്ധപ്പെട്ടു: സംഗതി പുള്ളിക്കാരൻെറ കെയറോഫിൽ തലയനക്കുകയും, അലറുകയും ചെയ്യുന്ന ഇലട്രോണിക് കടുവയും കരടിയുമൊക്കെയുണ്ട് പക്ഷെ സംഗതി ഇപ്പോൾ ചെന്നൈയിലാണുള്ളത്.
എത്ര രൂപ ചെലവായാലും ചെന്നൈയിൽ നിന്നും കടുവയെ അടുത്ത ഫ്ലൈറ്റിൽത്തന്നെ നെടുംബാശ്ശേരിയിൽ എത്തിക്കാനുള്ള നടപടിക്രമങ്ങൾ നടത്താൻ തോമാച്ചൻ നിർദ്ദേശിച്ചു.”
എന്നാപ്പിന്നെ ഒറിജിനാലിറ്റിക്കു വേണ്ടി ഒരു കരടിയേയും, മാനിനേയും കൂടെ കൊണ്ടു വരട്ടേ എന്ന് പട്ടിക്കാടു ചോദിച്ചപ്പോൾ ഒരു കടുവ മാത്രം മതി എന്ന് തോമാച്ചൻ കർശനമായും പറഞ്ഞു
അങ്ങിനെ എറണാകുളത്തു നിന്നും ഷൈജു പട്ടിക്കാടും യന്ത്രക്കടുവയും, തൊടുപുഴയിൽ നിന്നും ദിനേശനും, ‘കോട്ടയത്തുനിന്നും തോമാച്ചനും, സെൽവരാജിന്റെ പോത്തുമറ്റത്തുള്ള ഫാം ഹൗസിൽ ഒന്നിച്ചു കൂടി..
സെൽവരാജ് അതിഥികളെ നിറഞ്ഞ സന്തോഷത്തോടെ സ്വീകരിച്ചു വിദേശ, സ്വദേശ മദ്യങ്ങൾ, വെടിയിറച്ചികൾ നൂറോൻ കിഴങ്ങു പുഴുങ്ങിയത്, ആഴത്തിൻ കള്ള്, നാടൻ പാട്ടുകൾ:
‘ലോകത്തിലെ സകല ആനന്ദവും കിട്ടുന്നത് അമേരിക്കയിൽ ആണെന്ന കാപ്പിരി തോമാച്ചൻറ അന്ധവിശ്വാസം തകർന്നുവീണു! അയാൾക്ക് സെൽവരാജിനോട് അസൂയ തോന്നി.അയാൾ ജീവിതത്തിൽ ആദ്യമായി മനസ്സുനിറഞ്ഞു ഒന്നു കൂവി… എന്തൊരാനന്ദം: പിന്നേയും”പിന്നേയും കൂവിവിളിക്കുമ്പോൾ തന്റെ ഉള്ളിൽ നിറച്ചു വച്ചിരിക്കുന്ന തന്റേതല്ലാത്ത ജാഡകൾ ഓരോന്നായി അഴിഞ്ഞു വീഴുന്നതയാൾ അറിഞ്ഞു
ഷൈജു പട്ടിക്കാട് മദ്യാക്രാന്തത്താൽ പരിസരം മറന്ന് കലാഭവൻ മണിയുടെ കുതിരച്ചിരി ചിരിച്ചു
സെൽവരാജ് സന്തോഷത്തോടെ ദിനേശനെ നോക്കി കണ്ണിറുക്കി ചിരിച്ചു.
“അളിയാ സെൽവാ… ഈ സ്ഥലം എനിക്കു തരുമോ: ? ലോകത്തുള്ള പല രാജ്യങ്ങളിലും ഞാൻ സഞ്ചരിച്ചിട്ടുണ്ട് പക്ഷെ ഈ സ്ഥലം ഈ കാട് അതു നൽകുന്ന ഊർജം:: ഫന്റാസ്റ്റിക് …”
തോമാച്ചൻ ആവേശത്തോടെ സെൽവരാജിനെ കെട്ടിപ്പിടിച്ചു
” ഇതൊന്നും എന്റേതല്ല സുഹൃത്തേ…. നമ്മുടേതാണ് നമ്മളും പ്രകൃതിയും ഒന്നു തന്നെയാണ് “
സെൽവരാജ് പറഞ്ഞതു കേട്ട് തോമാച്ചൻ കണ്ണും മിഴിച്ചിരുന്നു.
രാത്രിയിൽ നല്ല തണുപ്പായിരുന്നു. പ്രധാന ഹാളിൽ നെരിപ്പോട് കത്തിച്ചു.കഴിഞ്ഞു’
ഷൈജു പട്ടിക്കാട് പൂസ്സായി കൂർക്കം വലിച്ച് ഉറങ്ങുന്നുണ്ടായിരുന്നു.
ദിനേശനും, സെൽവരാജനും, തോമാച്ചനും ഫയർപ്ലേസിനരുകിലിരുന്ന് നാളത്തെ പരിപാടികൾ ആസൂത്രണം ചെയ്യുകയായിരുന്നു.
നാളെ ഉച്ചയോടെ ജെയ്സണെ എത്തിക്കാനുള്ള ഏർപ്പാട് ചെയ്യിട്ടുണ്ട്. വൈകിട്ട് ആരുമറിയാതെ ഷൈജു പട്ടിക്കാട് റോബോട്ടിക് കടുവയെ നേരത്തെ നിശ്ചയിച്ചിരിക്കുന്ന സ്ഥലത്ത് സെറ്റ് ചെയ്ത് വയ്ക്കണം. ഉച്ചകഴിയുമ്പോൾ മൂടൽമഞ്ഞുള്ളതിനാൽ ദൂരെ കാഴ്ചയിൽ കടുവയുടെ പാർശ്വവീക്ഷണം വെടി കൊണ്ടാലുള്ള അലർച്ച, പിടച്ചിലുകൾ എല്ലാം യാഥാർത്ഥ്യമായി തോന്നുകയും ചെയ്യും: പരിപാടി പാളിപ്പോയാൽ ആകെ പ്രശ്ശമാകും:
എന്തായാലും വെടിവച്ചു കഴിഞ്ഞാൽ പിന്നെ ഒരു നിമിഷം പോലും വൈകാതെ ജെയ്സണെ ഫാം ഹൗസിലേക്ക് തിരിച്ചു കൊണ്ടുവരണം: എല്ലാം പ്ലാൻ പോലെ നടക്കും തോമാച്ചാ സെൽവരാജ് തോമാച്ചന്റെ തോളിൽത്തട്ടി ആശ്വസിപ്പിച്ചു.
അടുത്ത ദിവസം രാവിലെ കടുവയുടെ അലർച്ച കേട്ടാണ് തോമാച്ചൻ കണ്ണു തുറന്നത് രാത്രി സ്വപ്നത്തിലുടനീളം കടുവയും വെടിയും, അലർച്ചയുമൊക്കെയായായിരുന്നു.
നോക്കുമ്പോൾ മെയിൻ ഹാളിൽ ഷൈജു പട്ടിക്കാടും
സെൽവരാജും ഒന്നു രണ്ടു പണിക്കാരും കൂടി നിൽപ്പുണ്ട് റിമോർട്ട് കൺട്രോൾ ഉപയോഗിച്ച് കടുവയുടെ ചലനങ്ങൾ കൃത്യമാണോ എന്ന് പരിശോധിക്കുകയായിരുന്നു പട്ടിക്കാടൻ
പണിക്കാരുടെ കണ്ണുകളിൽ യഥാർത്ഥ കടുവയെ നേരിൽ കാണുന്ന ഭയാത്ഭുതങ്ങൾ!” ”
ഉച്ചയോടെ ലൊക്കേഷൻ
ഫിക്സ് ചെയ്തു. പട്ടിക്കാടനും മൂന്നു പണിക്കാരും കൂടി ഫാം ഹൗസിനു വളരെ അകലെ അല്ലാതെ ഒരിടത്ത് കൂറ്റനൊരു ഇലവുമരത്തിന്റെ പാർശ്വത്തിൽ കാട്ടുവള്ളികൾക്കിടയിൽ കടുവയെ പ്രതിഷ്ടിച്ചു ഏകദേശം നാൽപ്പതു വാര അകലെ നിന്നു വെടിവയ്ക്കാനുള്ള ഇടവും നിശ്ചയിച്ചു.
കാമറയുടെ കാഴ്ച്ച ചതുരത്തിലൂടെ നോക്കുമ്പോൾ ശരിക്കും ഘോരവനത്തിൽ നിൽക്കുന്ന യഥാർത്ഥ കടുവയെപ്പോലെ തന്നെ തോന്നിച്ചു! തോമാച്ചൻ ദിനേശനേയും, സെൽവരാജിനേയും സന്തോഷം കൊണ്ട് കെട്ടിപ്പിടിച്ചു.
ഉച്ചയ്ക്ക് ജെയ്സണെ സ്വീകരിക്കാൻ തോമാച്ചനും, ദിനേശനും കൂടി കുളമാവിലേക്ക് പോയി ഒരു മണി ആയപ്പോൾത്തന്നെ ജെയ്സൺ യാത്ര ചെയ്തിരുന്ന കാർ കുളമാവ് പോലീസ് സ്റ്റേഷൻ ജംഗ്ഷനിൽ എത്തി കാറിൽ നിന്നും ജെയ്സണോടൊപ്പം ലിസയും പുറത്തിറങ്ങുന്നതു കണ്ടപ്പോൾ തോമാച്ചന് അത്ഭുതം തോന്നി.:
ലിസി വരുന്ന കാര്യം പറഞ്ഞിരുന്നില്ല.”
ജെയ്സൺ പത്തിരുപത്തിനാലു വയസ്സുള്ള യുവാവ്: മെലിഞ്ഞ ശരീരപ്രകൃതം, ജീൻസും അയഞ്ഞ ബനിയനും ധരിച്ചിട്ടുണ്ട് കറുത്ത ബനിയനിൽ വെളുത്ത തിളങ്ങുന്ന അക്ഷരങ്ങളാൽ ” യു കാൺട് ബീറ്റ് മീ ” എന്നെഴുതിയിട്ടുണ്ടായിരുന്നു. തോമാച്ചൻ അവർ വന്ന കാറിൽ കയറി.ദിനേശനും ഡ്രൈവറും സെൽവ രാജിന്റെ കാറിൽ മുൻപേ പോയി “..
ഫാം ഹൗസിൽ വിഭവസമൃദ്ധമായ ഉച്ചഭക്ഷണം തയ്യാറാക്കിയിരുന്നു.വിവിധ തരം ഇറച്ചികൾ, ഡാമിൽ നിന്നും പിടിച്ച മീനുകൾ….
ഇത്ര രുചികരമായ ഭക്ഷണങ്ങൾ ജീവിതത്തിൽ അദ്യമായാണ് ലിസ രുചിച്ചു നോക്കുന്നത്
ജെയ്സണും ഭക്ഷണവും , കാടിനു നടുവിലുള്ള ആ ബംഗ്ലാവും വളരെ ഇഷ്ടമായി.
വെയിലിനെ മറച്ചുകൊണ്ടു കോടമഞ്ഞ് ഇറങ്ങാൻ തുടങ്ങി……
ലിസ കാമറയുമായി ബംഗ്ലാവിനു ചുറ്റും നടന്നു.
വിവിധ തരം പക്ഷികൾ, മലയണ്ണാൻ, വലിയ ചിത്രശലഭങ്ങൾ;… ” വണ്ടർഫുൾ: “,
ജെയ്സൺ സെൽവരാജുമായി പൊടുന്നനെ ഇണങ്ങി.
സന്ധ്യ കഴിയുമ്പോൾ താഴെയുള്ള നീർച്ചാലിൽ ചില ദിവസങ്ങളിൽ കടുവ വെള്ളം കുടിക്കാൻ വരാറുണ്ടെന്നും – കടുവയെ വെടി വയ്ക്കുന്നത് അതീവ ഗൗരവമുള്ള കുറ്റകൃത്യമാണെന്നും, അഥവാ വെടിവച്ചാൽ അക്ഷണം തന്നെ തിരിച്ച് ബംഗ്ലാവിൽ എത്തണമെന്നും ജയ്സണോട് പറഞ്ഞു ധരിപ്പിച്ചു’
” അങ്കിൾ എനിക്ക് തോക്ക് ഒന്നു കാണിച്ചു തരാമോ “?
സെൽവരാജ് രഹസ്യ അറയിൽ പൂട്ടി വച്ചിരുന്ന തോക്കുകൾ പുറത്തെടുത്തു
ആദ്യത്തേത് എയർഗൺ ആയിരുന്നു ജെയ്സൺ ചിരിച്ചു കൊണ്ട് നിരസിച്ചു, രണ്ടാമത്തെത് നാടൻ തോക്ക് ആയിരുന്നു., അതും അവന് ബോധിച്ചില്ല മൂന്നാമത്തെത് കറുത്ത തുകൽപ്പെട്ടിയിൽ ഭദ്രമായി വച്ചിരുന്ന ഒന്നായിരുന്നു.
അത് കണ്ടതും ആശ്ചര്യം കൊണ്ട് കണ്ണു വിടർന്ന ജെയ്സൺ അവിശ്വസനീയതയോടെ സെൽവരാജിനെ നോക്കി! :….
” അങ്കിൾ” ”ഇത് അത്ഭുതം തന്നെ: ! ബ്രൗണിങ്ങ് ടി ബോൾട്ട്: ശരിക്കും വിലപ്പെട്ടത് തന്നെ ‘ .22 കാട്രിഡ്ജ്, 1965 ൽ ബെൽജിയത്തിലെ എഫ്.എൻ. ബ്രൗണിങ്ങ് പ്ലാന്റിൽ നിർമ്മിച്ചത് അമ്പത് വാര വരെ പരിധി ഉള്ളത്. ഇത് ശരിക്കും ഒരു അമൂല്യ വസ്തുതന്നെ: “
തോക്കുകളെക്കുറിച്ചുള്ള ജെയ്സന്റെ അറിവ് അപാരം തന്നെ: ” ഹൂസ്റ്റൺ റൈഫിൾ ക്ലബ്ബിലെ മിടുക്കനായ വിദ്യാത്ഥി ആയിരുന്നു അവനെന്ന അറിവ് സെൽവരാജിൽ ആശങ്കയുണർത്തി: കടുവാ കോപ്പ് ചീറ്റിപ്പോയാൽ ആകെ നാണക്കേടാകും °
നേരം സന്ധ്യ കഴിഞ്ഞു’ അവർ ഒരു ചെറു സംഘമായി കടുവാ വേട്ടയ്ക്ക് ഇറങ്ങി നല്ല മൂടൽമഞ്ഞുണ്ടായിരുന്നു ഹെഡ് ലൈറ്റിന്റെ പ്രകാശം അധികം ദൂരേക്ക് കടന്നു പോകുന്നില്ല.
പട്ടിക്കാടൻ നേരത്തേ തന്നെ ആരുടെയും കണ്ണിൽ പെടാതെ ഒരു ഫുൾ ബോട്ടിൽ വോഡ്കയുമായി യന്ത്രക്കടുവയുടെ അടുത്തേക്ക് പോയിരുന്നു.
വേട്ടയിൽ വേണ്ടത് നിശബ്ദതയും ക്ഷമയുമാണെന്ന ബാല പാഠം സെൽവരാജ് എല്ലാവരോടും പറഞ്ഞു. വരേണ്ട എന്നു വിലക്കിയിട്ടും ലിസയും ആവേശത്തോടെ അവരോടൊപ്പം കൂടി…..
ഒരു യന്ത്രക്കടുവയെ ആണ് തന്റെ കുഞ്ഞനിയൻ വെടിവയ്ക്കാൻ പോകുന്നതെന്ന കാര്യം ലിസയ്ക്ക് അറിയില്ലായിരുന്നു.’
കുറച്ചു ദൂരം നടന്നപ്പോൾ ലൊക്കേഷൻ തെറ്റിപ്പോയോ എന്നു് സെൽവരാജിന് സംശയമായി ഇരുട്ടും, മൂടൽമഞ്ഞും: ….
പൊടുന്നനെ അവരുടെ മുന്നിൽ അധിക ദൂരത്തല്ലാതെ കടുവയുടെ മുരളൽ …..
അവർ എല്ലാവരും നിശബ്ദം നിന്നു.
ജെയ്സൺ സ്ഥിരം ശിക്കാരിയുടെ ശരീരഭാഷ കടമെടുത്ത് നിറച്ച തോക്കൂമായി സൂക്ഷ്മ ധ്യാനത്തിൽ ഓരോ ചുവടും മുന്നോട്ടുവച്ചു: സെൽവനും, ദിനേശനും, തോമാച്ചനും, ലിസയും ജെയ്സണെ അനുഗമിച്ചു:
ഏതു നിമിഷവും ചാടി വീണേക്കാവുന്ന കടുവയെ പ്രതീക്ഷിച്ച് ലിസ ഭയന്നു വിറച്ചു
ഷൈജു പട്ടിക്കാടിന്റെ യന്ത്രക്കടുവ അല്ലാതെ ആ കാട്ടിൽ യാതൊരു വിധ വന്യ ജീവിയും ഇല്ല എന്നറിയാമായിരുന്നിട്ടും ലിസയുടെ പേടി തോമാച്ചനേയും ബാധിച്ചു!’
പൊടുന്നനെ ജെയ്സൺ നിശ്ചലനായി അവന്റെ ഹെഡ് ലൈറ്റിന്റെ പ്രകാശത്തിൽ തിളങ്ങുന്ന പൂച്ചക്കണ്ണുകൾ !… ഒരു നാപ്പതു വാര അകലത്തിൽ മൂടൽമഞ്ഞിനിടയിലൂടെ കടുവയുടെ ക്രൗര്യ മുഖം കണ്ട് ജെയ്സൺ ഉന്നം പിടിച്ചു!
ഏതോ ചെറു മൃഗത്തെ കൊന്നു ഭക്ഷിച്ചു കൊണ്ടിരുന്ന നിലയിൽ കടുവയുടെ മുഖത്ത് ചോരപ്പാട് കാണാമായിരുന്നു.
നിമിഷങ്ങൾക്കുള്ളിൽ വെടി പൊട്ടി: കടുവ നിന്ന നിൽപ്പിൽ അലർച്ചയോടെ മുകളിലേക്ക് പൊങ്ങിച്ചാടി.. :വീണ്ടും വെടി പൊട്ടി കുറ്റിച്ചെടികളെ ഞ്ഞെരിച്ചുകൊണ്ട് കടുവ തിരിഞ്ഞോടി:
പൊടുന്നനെ ആരും പ്രതീക്ഷിക്കാതെ തോക്കും താഴെയിട്ട് ജെയ്സൺ കടുവയുടെ പുറകേ കുതിച്ചു പാഞ്ഞു.
ലിസ’ എന്താണ് സംഭവിക്കുന്നതെന്നറിയാതെ ‘ഉറക്കെ കരഞ്ഞു.
യന്ത്രക്കടുവയെ കണ്ടെത്തിയാൽ ആകെ കളി പൊളിയും, സെൽവരാജ് തോക്കുമെടുത്ത് ജെയ്സനെ തിരിച്ചുവിളിച്ചു കൊണ്ട് മുന്നോട്ടോടി.
വെടിത്തറയിൽ പകുതി ഭക്ഷിച്ച നിലയിൽ കിടക്കുന്ന കേഴമാനിന്റെ അവശിഷ്ടവും ചിതറിത്തെറിച്ച ചോരത്തുള്ളികളും കണ്ട് സെൽവരാജ് അത്ഭുതപ്പെട്ടു: ഷൈജു പട്ടിക്കാടന്റെ കലാസംവിധാനം, യന്ത്രക്കടുവയുടെ പ്രകടനവും തകർപ്പൻ …
പക്ഷെ കടുവ എവിടെ?, കടുവയുടെ പുറകിൽ ഓടിയ ജെയ്സൺ എവിടെ?
പൊടുന്നനെ അവർ നിൽക്കുന്നതിന്റെ വലതുഭാഗത്തായി ഒരു ഹെഡ് ലൈറ്റ് തെളിഞ്ഞു.മരച്ചില്ലകൾ വകഞ്ഞു മാറ്റി ആരോ വരുന്നു ദിനേശൻ ആ ഭാഗത്തേക്ക് ലൈറ്റു തെളിച്ചു. അത് ഷൈജു പട്ടിക്കാട്ടായിരുന്നു.
“കലക്കി പട്ടിക്കാടാ നിന്റെ കടുവ ഉഗ്രൻ “
ദിനേശൻ പറഞ്ഞതു കേട്ട് പട്ടിക്കാടൻ നിന്നു.
” നിങ്ങൾ എന്തിനാ വെടിവച്ചെ?.. ഞാനെത്ര നേരമായി തോട്ടാപ്പുഴുവിന്റെ കടിയും കൊണ്ടു കാത്തിരിക്കുന്നു: മുടിഞ്ഞ തണുപ്പ് സാധനവും തീർന്നു പോയി: “
ഇതിനോടകം കാര്യങ്ങളുടെ നാടകീയത തോമാച്ചൻ ലിസയോട് വിവരിച്ചിരുന്നതിനാൽ അച്ചായന്റെ ബുദ്ധി അപാരം തന്നെ എന്ന് അവൾ മനസ്സിലോർക്കുകയും ചെയ്തു
കടുവയെ കണ്ടതും, വെടിവച്ചതും, ജെയ്സൺ അതിന്റെ പിന്നാലെ ഓടിയതും ഒക്കെ കേട്ട് പട്ടിക്കാടൻ തരിച്ചു നിന്നു.:
“സെൽവൻ സാറേ നമ്മുടെ കടുവ ഇപ്പോഴും സെറ്റു ചെയ്ത സ്ഥലത്തു തന്നെ ഉണ്ടല്ലോ?”
“എന്ത്?!….”
വിശ്വാസം വരാതെ അവർ പട്ടിക്കാടന്റെ പുറകെ തിടുക്കത്തിൽ നടന്നു
അവിടെ ഇലവുമരത്തോടു ചേർന്ന് യന്ത്രക്കടുവ അപ്പോഴും നിശ്ചലം നിൽക്കുന്നുണ്ടായിരുന്നു.
” ജെയ്സൺ: മോനേ ജെയ്സൺ :…” തോമാച്ചനും ലിസയും ഭീതിയോടെ ഉറക്കെ വിളിച്ചു:
സെൽവരാജ് അവിശ്വസനീയതയോടെ ദിനേശന്റെ തോളിൽ കൈവച്ചു.
…… ജെയ്സൺ ‘….. ജെയ്സൺ: … ദൂരെ എവിടെയോ നിന്നും അവരുടെ ശബ്ദങ്ങൾ പ്രതിദ്ധ്വനിച്ചു കൊണ്ടേയിരുന്നു