ഓണം അടുത്തു വരുന്നതോർത്ത് മനസ്സു നിറയെ ഓണപ്പൂക്കളമിട്ട് തുള്ളിച്ചാടിയ കുട്ടിയുടെ പഴമനസ്സ്, എവിടെയോ നഷ്ടമായിരിക്കുന്നു…
ഇന്ന് അതിൽ നിറയെ ആകുലതകൾ നിറച്ച ഭാണ്ഡം പോലെ കനം തൂങ്ങുന്നു, കാലത്തിനനുസരിച്ച് കോലം മാറണമെന്നു പഴമക്കാർ പറയാറുള്ളത് വെറുതെ ഓർത്തു പോകുകയാണ്…
കളിക്കാൻ കൂട്ടുകാരില്ലാതെ, വിദ്യാലയം എന്നത് ഓർമ്മകളിൽ മാത്രമായി, ഫോണുകളുടെ നാലു ചുവരുകളിലേയ്ക്ക് ഒതുങ്ങിപ്പോയ ഇന്നത്തെ കുട്ടികൾക്കോ എന്ത് ആഘോഷം, എന്ത് ഓണം…
ജോലിയും കൂലിയുമില്ലാത്ത അവസ്ഥയിൽ പിടിച്ചു നില്ക്കാനാകാതെ, ജീവൻ വെടിയുന്നവരുടെ ആർത്തനാദങ്ങൾ പതിക്കാത്ത വിധം, എന്തുകൊണ്ടോ നമ്മുടെ കാതുകൾ അടഞ്ഞു പോയിരിക്കുന്നുവോ…
ഒരു കുഞ്ഞു വൈറസ് വന്നൊന്നു നൃത്തമാടിയപ്പോൾ, നമ്മുടെയൊക്കെ മുമ്പിൽ പിടഞ്ഞു വീണ് ഓർമ്മയായി മാറിയത് നമുക്കേറെ പ്രിയപ്പെട്ടവർ തന്നെയല്ലേ…
ഭാവിയോർത്തു നീറിയവരിൽ നിന്നും, ഇന്നത്തെ ദിവസം എങ്ങനെ ജീവിക്കാം എന്നതിലേക്കു മാത്രമായി ചുരുങ്ങിയിരിക്കുന്നു ജീവിതത്തിന്റെ പോക്ക്…
എന്നാലും നമ്മൾ മലയാളികൾ ഓണത്തെ മറക്കുന്നതെങ്ങനെ, കഴിയും വിധം എല്ലാ വിഭവവും ഒരു ഇലക്കീറിലൊതുക്കി നമുക്കിത്തവണയും ഓണം ഘോഷിക്കണം, ഒരു കൊറോണയോണം…
M K ONAPPATHIPP