ഇമ്പ്രെസ്സിയോ ന്യൂസ് ബ്യൂറോ
സമാധാനത്തിൻ്റെയും സൗഹൃദത്തിൻ്റെയും അലകളുയർത്തുന്ന ചിത്രങ്ങളാണ് സാബു പുതുപ്പറമ്പൻ രചിക്കുന്നത്. ഒരു ഇടവേളയ്ക്കുശേഷം സാബു ചിത്രരചനയിൽ സജീവമാകുകയാണ്. ഗാലറിയിലെ അനുവാചകർക്കും കലാപ്രേമികൾക്കും കലയുടെ സൂക്ഷിപ്പുകാർക്കും ഒരുപോലെ പ്രിയങ്കരമായ സാബുവിൻ്റെ ചിത്രങ്ങൾക്ക് ഇപ്പോൾ കലാവിപണിയിൽ ധാരാളം ആവശ്യക്കാരുണ്ട്. ഫേസ്ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങളിലൂടെ സാബു സ്ഥാപിച്ച സൗഹൃദം വിദേശ ചിത്രകാരന്മാരിലേക്കും നീളുകയാണ്. തൻ്റെ കലാദൗത്യം ശരിക്കും തിരിച്ചറിഞ്ഞിരിക്കുകയാണ് സാബു. അതുകൊണ്ടുതന്നെ തൻ്റെ സ്റ്റുഡിയോയിൽ വളരെ കർമ്മവ്യാപൃതനുമാണദ്ദേഹം.നമ്മുടെ കാലഘട്ടത്തിലെ മികച്ച ചിത്രകാരന്മാരിലൊരാളായ സാബുവുമായി ഇംപ്രസ്സിയോ ന്യൂസ് ബ്യൂറോ നടത്തുന്ന സംഭാഷണം ഇവിടെ വായിക്കാം.
വരയുടെ ലോകത്തേക്ക് പ്രലോഭിപ്പിക്കപ്പെട്ടത് എങ്ങനെയാണ്?
ചിത്രകലാപാരമ്പര്യം ഒന്നും അവകാശപ്പെടാനില്ലാത്ത ഒരു കുടുംബത്തിലാണ് ഞാൻ ജനിച്ചത്. ചെറുപ്പത്തിൽ സംഗീതത്തോടായിരുന്നു താല്പര്യം. അത്യാവശ്യം പാടുകയും ചെയ്യുമായിരുന്നു.എന്നാൽ സംഗീതത്തിനു വിടാൻ വീട്ടിൽ താല്പര്യം ഇല്ലായിരുന്നു. ഞാൻ പഠിച്ച സ്കൂളിലെ ഡ്രോയിംഗ് മാസ്റ്റർക്ക് എന്നോട് വലിയ സ്നേഹമായിരുന്നു.മറ്റുള്ളവരേക്കാൾ ഞാൻ നന്നായി വരയ്ക്കുമെന്നായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. എങ്കിലും അന്നൊന്നും ചിത്രകാരനാകാനുള്ള ഒരാഗ്രഹം മനസ്സിൽ വന്നില്ല. പത്താം ക്ലാസ് പാസായപ്പോൾ ഒരാഗ്രഹം തോന്നി , ചിത്രകല പഠിച്ചാലോയെന്ന്. അങ്ങനെ കോട്ടയത്തെ പ്രശസ്തനായ ആർട്ടിസ്റ്റ് വാസന്റെ കീഴിൽ പരിശീലനം നടത്തിക്കൊണ്ടിരിക്കെ രവിവർമ്മ ഇൻസ്റ്റിറ്റ്യൂട്ടിൽ അപേക്ഷ നൽകി. പക്ഷേ, പ്രവേശനം ലഭിച്ചില്ല. പിന്നീടു പ്രീഡിഗ്രി പഠനം പൂർത്തിയാക്കിയ ശേഷമാണ് രവിവർമ്മ ഇൻസ്റ്റിറ്റ്യൂട്ടിൽ അഡ്മിഷൻ നേടിയത്.
രവിവർമ്മ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുമ്പോൾ തന്നെ ശനിയും ഞായറും കോട്ടയത്തള്ള ശ്രീധരൻപിള്ള സാറിന്റെ അടുക്കൽ പോർട്രേറേറ് പഠനത്തിന് പൊയ്ക്കൊണ്ടിരുന്നു. അദ്ദേഹം രവിവർമ്മയുടെ മകളുടെ മകൻ ഡാപ്പാ തിരുമേനിയുടെ ശിഷ്യനായിരുന്നു. വളരെ ശ്രദ്ധേയനായ ഒരു പോർട്രെയ്റ്റു പെയിന്ററായിരുന്നു അദ്ദേഹം. സത്യത്തിൽ അദ്ദേഹത്തിന്റെ കീഴിലുള്ള പഠനകാലത്താണ് ചിത്രകാരനായിത്തന്നെ ജീവിതം തുടരണമെന്ന ആഗ്രഹം ഉണ്ടായത്.
ഒരു ചിത്രകാരൻ്റെ പ്രൊഫഷൻ തെരഞ്ഞെടുത്തപ്പോൾ നേരിട്ട പ്രതിസന്ധികൾ എന്തെല്ലാമാണ്?
രവിവർമ്മയുടെ മകൻ രാമവർമ്മ തമ്പുരാൻ തൻ്റെ കുട്ടികളെ ചിത്രകലാപഠനത്തിനു അയച്ചില്ല. അദ്ദേഹം പറഞ്ഞത് ചിത്രകലകൊണ്ട് ജീവിതം പുലർത്താൻ ബുദ്ധിമുട്ടാകുമെന്നാണ്. അത് ഒരു പരിധിവരെ ശരിയാണ്. എന്റെ പഠനകാലത്ത് ഡ്രോയിംഗ് ടീച്ചർപോസ്റ്റ് ഗവൺമെന്റ് നന്നേ കുറച്ചു. പൊതുവിൽ ഗവൺമെന്റ് ഉദ്യോഗം കിട്ടാനുള്ള സാധ്യത ഇല്ലാതായി. വീട്ടിലും താല്പര്യം ഇല്ലായിരുന്നു. എങ്കിലും ഉള്ളിൽ അടങ്ങാത്ത ഒരാഗ്രഹമായിരുന്നു.
താങ്കൾ വരയ്ക്കുന്ന രീതി വിശദമാക്കാമോ ?മാധ്യമം ,പെയിൻ്റിംഗ് തുടങ്ങിയ ഉപകരണങ്ങളുടെ തിരഞ്ഞെടുപ്പ്?
സാബു: ഞാൻ പഠനകാലത്തും ശേഷവും ഓയിൽ പെയിന്റിംഗിലായിരുന്നു താല്പര്യം കാണിച്ചിരുന്നത്. അന്നു പ്രശസ്തരായ യൂറോപ്യൻ ചിത്രകാരന്മാരുടെ പെയിന്റിംഗ്കൾ കോപ്പി ചെയ്യുന്നത് പതിവായിരുന്നു. അതിന്റെ വില്പനയിലുപരി അത് പൂർത്തീകരിക്കുമ്പോൾ ലഭിക്കുന്ന ഒരാനന്ദം പ്രധാനമായിരുന്നു. പഠനത്തിന്ശേഷം നീണ്ടകാലം പരസ്യ രംഗമായിരുന്നു ജീവിതോപാധി. വളരെക്കാലം ബ്രഷ് തൊട്ടതേയില്ല . വർഷങ്ങൾക്കുശേഷം , വീണ്ടും ചിത്രരചന തുടങ്ങുമ്പോൾ അതുവരെ ലഭിച്ച പരിശീലനമൊന്നും സഹായകമായില്ല. ഇത് എന്നിൽ വളരെ അസ്വസ്ഥതകൾ നിറച്ചു. നീണ്ട കാലത്തെ മൗനമായിരുന്നു വിധി. ഇന്നേക്ക് ഏകദേശം പത്തു വർഷങ്ങൾക്കു മുമ്പാണ് വീണ്ടും ചിത്രരചന തുടങ്ങുന്നത്. അക്കാലത്താണ് വാട്ടർ കളറിൽ താല്പര്യം ഉണ്ടാകുന്നത്. വാട്ടർ കളർ എന്ന മീഡിയം അത്രയ്ക്ക് പെട്ടെന്ന് വഴങ്ങുന്ന ഒന്നല്ല. പലപ്പോഴും വരച്ച പേപ്പറുകൾ കീറിക്കളഞ്ഞു. നീണ്ടകാലത്തിന്ശേഷം ഇപ്പോൾ വാട്ടർ കളർ നന്നായി ഉപയോഗിക്കാൻ കഴിയുന്നുണ്ട്. ഇതോടൊപ്പം അക്രിലിക്കിലും വരച്ചുകൊണ്ടിരുന്നു. ഇപ്പോൾ ഈ മൂന്നു മാധ്യമവും അത്യാവശ്യം നന്നായി കൈകാര്യം ചെയ്യാൻ കഴിയുന്നൂ.
ഏതു ചിത്രകലാ പ്രസ്ഥാനവുമായാണ് അടുപ്പം ? താങ്കളുടെ ശൈലി വിവിധ ചിത്രകലാ പ്രസ്ഥാനങ്ങളുടെ ചരിത്രത്തിൽ നോക്കുമ്പോൾ എങ്ങനെ കാണാനാണ് താല്പര്യം?
സാബു: ശൈലികളെ ഒന്നും പിൻപറ്റാൻ ശ്രമിച്ചിട്ടില്ല. വാൻഗോഗ്, പോൾ ഗോഗിൻ തുടങ്ങിയവരോട് ഒരു ആരാധനാ മനോഭാവം ഉണ്ടായിട്ടുണ്ട്. പക്ഷേ, അവരെ പിന്തുടരാൻ ഇഷ്ടപ്പെടുന്നില്ല. അമൂർത്തചിത്രങ്ങൾ ഞാൻ വരച്ചിട്ടുണ്ട്.അമൂർത്തമായ ഒന്നിൽ നിന്നുമാണ് നാം മൂർത്തതയിലേക്ക് എത്തുന്നത്. തന്നെയുമല്ല, ഇസങ്ങൾ ചിത്രകലയിൽ ഇല്ലാതെ വരികയാണ്. ചുരുക്കിപ്പറഞ്ഞാൽ ഇൻഡിവിഡ്വലിസം മാത്രമാണിപ്പോൾ കാണാൻ കഴിയുക. ഡേവിഡ് ഹോക്കിനി,ഷിബു നടേശൻ,അനുരാധാ താക്കൂർ തുടങ്ങിവരുടെ സൃഷ്ടികൾ ശ്രദ്ധേയമായി തോന്നുന്നു.
നിറങ്ങൾ കാൻവാസിൽ എത്തുമ്പോൾ സംഭവിക്കുന്ന മാറ്റങ്ങൾ എങ്ങനെ നിരീക്ഷിക്കുന്നു ?
സാബു :ട്യൂബിലിരിക്കൂന്ന നിറങ്ങൾ ക്യാൻവാസിൽ ലയിപ്പിക്കുമ്പോൾ അവയുടെ അർത്ഥം വ്യക്തിപരമായ കാഴ്ചപ്പാടിന്റെ നിറങ്ങളായി പരിവർത്തനപ്പെടുന്നു. കാൻവാസിൽ നിറയ്ക്കുന്ന ചുവപ്പോ മഞ്ഞയോ മറ്റേതെങ്കിലും നിറമോ , അത് തൻ്റെ വ്യക്തിപരമായ ഒരറിവിന്റെ അല്ലെങ്കിൽ അനുഭൂതികളുടെ സൂചകങ്ങൾ മാത്രമാണ്. അവയ്ക്ക് നിറമെന്ന അവസ്ഥ നഷ്ടപ്പെട്ടു, അനുഭൂതിയായി നിലകൊള്ളുകയാണ്.
കോഴി സീരീസിൻ്റെ പ്രചോദനമെന്താണ്?
സാബു: നിലവിലുള്ള ജലഛായാ ചരിത്രകാരന്മാർ പലരും ഏതെങ്കിലും വിഭാഗങ്ങളുടെ രചനയിലോ മനുഷ്യരൂപങ്ങളിലോ മാത്രമായി പലപ്പോഴും ഒതുങ്ങുന്നു. അതിൽനിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുക എന്ന ചിന്തയുടെ അനന്തരഫലമാണു കോഴി സീരീസ്. മനുഷ്യജീവിതത്തിൽ കാണുന്ന ഈഗോയും സ്വകാര്യതയുമെല്ലാം വർണ്ണപ്പകിട്ടോടെ നമുക്കിവിടെയും ദർശിക്കാം.
ഒരു പ്രകൃതിദൃശ്യം കാൻവാസിൽ വരയ്ക്കുന്നതോടെ ഏത് സൗന്ദര്യാത്മകമാനമാണ് താങ്കൾ പ്രതീക്ഷിക്കുന്നത്?
സാബു:പ്രകൃതിയെ വരയ്ക്കുമ്പോൾ നമ്മൾ കാണുന്നത് അപ്പാടെ പകർത്തുകയല്ല. പ്രകൃതിയിൽ തന്നെയൊരു സൗന്ദര്യമുണ്ട്. ആ സൗന്ദര്യമല്ല നാം പിന്തുടരുന്നത്. നമ്മുടെ മനസ്സിൽ, ചിന്തയിൽ അതെങ്ങനെ കലാസൃഷ്ടിയായി രൂപാന്തരപ്പെടുത്താമെന്നതാണ് പ്രശ്നം. കലാകാരൻ തന്റെ സൗന്ദര്യബോധമനുസരിച്ച് അതിനെ സൃഷ്ടിപരമായ ഒരു തലത്തിലേക്ക് ഉയർത്തിക്കൊണ്ടു വരികയാണ് ചെയ്യുന്നത്. ചിലപ്പോൾ, കാണുന്ന പ്രകൃതിയുമായി അതിനു ബന്ധമില്ലായിരിക്കാം. എങ്കിലും സൃഷ്ടിപരമായ പ്രത്യേകതകൾ പ്രേക്ഷകർക്ക് അതിൽ നിന്നും പ്രതീക്ഷിക്കാം. അങ്ങനെ ഒരു തലത്തിലേക്ക് എത്താത്ത പക്ഷം അത് കലാസൃഷ്ടിയായി അവശേഷിക്കുന്നില്ല.
ഒരാശയത്തെയാണോ വസ്തുവിനെയാണോ താങ്കൾ വരയ്ക്കുമ്പോൾ മനസ്സിൽ ഉറപ്പിക്കുന്നത് ?
സാബു :ഒരിക്കലും ഒരു വസ്തുവിനെയല്ല കലാകാരൻ പിന്തുടരുന്നത്. തികച്ചും ഒരാശയത്തെ തന്നെയാണ് പ്രതിനിധീകരിക്കുന്നത്. വസ്തുവിന് കലാകാരന്റെ വീക്ഷണത്തിൽ മാറ്റം (distortion)സംഭവിക്കാം .ആ മാറ്റത്തിൽ നിന്നാണ് പുതിയതൊന്ന് അല്ലെങ്കിൽ ശ്രേഷ്ഠമായ ഒരു കണ്ടെത്തൽ സംഭവിക്കുന്നത്. ആ കണ്ടെത്തലാണ് സത്യത്തിൽ സമഗ്രമായ ഒരു കലാസൃഷ്ടിയായി മാറുന്നത്.
ചിത്രരചനയിൽ താങ്കളെ അലട്ടുന്ന എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ ?
സാബു: ഓരോ വിഷയവും സ്വീകരിക്കുമ്പോൾ അതിനനുസൃതമായ ശൈലി നാം കണ്ടെത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം അത് കേവലമൊരു ക്രാഫ്റ്റിൽ മാത്രം ഒതുങ്ങും. ഈ കണ്ടെത്തൽ ഒരു വെല്ലുവിളിയാണ്. ഇതിനെ എങ്ങനെ നേരിടാമെന്നതാണ് ഓരോ കലാകാരനെയും അലട്ടുന്ന പ്രശ്നം.
താങ്കളുടെ ചിത്രങ്ങൾ വിൽക്കുന്നതിൻ്റെ പ്രശ്നങ്ങൾ എന്തെല്ലാമാണ്
സാബു: പലപ്പോഴും കലാമൂല്യത്തിന്റെ അടിസ്ഥാനത്തിലല്ല വില്പന നടക്കുന്നത്. തികച്ചും വ്യക്തിപരമായ കാരണങ്ങളാണ് അതിന് പിന്നിലുള്ളത്. ശ്രേഷ്ഠമായ ഒരു സൃഷ്ടി ആണെങ്കിൽപോലും വില്പനയുടെ കാര്യത്തിൽ ചിത്രകാരന്റെ പ്രശസ്തിയും മറ്റുമാണ് ആധാരം.ഒരിക്കൽപോലും ഒരു പ്രദർശനം സംഘടിപ്പിക്കാത്ത എന്റെ ചിത്രങ്ങൾ വിറ്റുപോകുന്നത് അതിശയകരമാണ്. നിഷ്പക്ഷമായി ചിന്തിക്കുന്ന കലാസ്വാദകർക്കു ചില പ്പോൾ നല്ല സൃഷ്ടികളെ തിരിച്ചറിയാൻ കഴിയും. ഇങ്ങനെ ചിന്തിക്കുന്ന ഒരു ന്യൂനപക്ഷം സജീവമാണ്. അവരാണ് യഥാർത്ഥ കലാസ്വാദകർ. അവർ കലാകാരന്റെ പ്രശസ്തിയിലുപരി കലാമൂല്യങ്ങളെ തിരിച്ചറിയുന്നവരാണ്. ഇതുപോലുള്ളവർ ന്യൂനപക്ഷമാണ്. ഇവരാണെന്റെ സൃഷ്ടിയുടെ മൂല്യം കണ്ടറിയുന്നതും വാങ്ങുന്നതും.
എവിടെ നിന്നാണ് ചിത്രകല പഠിച്ചത് ? ഗുരുക്കന്മാർ?
ഞാൻ ആദ്യമായി ചിത്രകലാപഠനം ആരംഭിച്ച വാസൻ എന്ന പ്രശസ്ത ചിത്രകാരൻ ഒരു രാത്രികൊണ്ട് കുഞ്ചാക്കോയുടെ ചിത്രം വരച്ചതിനെപ്പറ്റി അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. കുഞ്ചാക്കോ മരിച്ച അന്ന് രാത്രി മുഴുവൻ വരയ്ക്കാനിരുന്ന അദ്ദേഹം നേരം പുലരുമ്പോൾ കുഞ്ചാക്കോയുടെ ചിത്രം പൂർത്തീകരിച്ചിരുന്നു. ആ ചിത്രമാണ് കുഞ്ചാക്കോയുടെ മൃതശരീരവുമായി പോയ വാഹനത്തിനു മുന്നിൽ വച്ചിരുന്നത്. ഇത് കണ്ട പ്രേംനസീർ ചോദിച്ചു ,ഒരു രാത്രികൊണ്ട് ഈ ചിത്രം വരച്ച മനുഷ്യനാരെന്ന്? ഇങ്ങനെയുള്ള ഒരു ആളിന്റെ കീഴിൽ തുടക്കം സാധ്യമായതു തന്നെ വലിയ കാര്യമാണ്. കോട്ടയത്ത് കോടിമതയിൽ ജീവിച്ചിരുന്ന ശ്രീധരൻ നാരായണപിള്ള എന്റെ ഗുരുവാണ്. അദ്ദേഹത്തെപ്പറ്റി ഇതിനു മുമ്പ് ഞാൻ പ്രസ്താവിച്ചിട്ടുണ്ട്. രവിവർമ്മയിൽ എന്റെ ഗുരുവായിരുന്ന ബാലകൃഷ്ണക്കുറുപ്പാണ് സത്യത്തിൽ, എന്റെ ചിന്താഗതിയെ മാറ്റി മറിച്ച അധ്യാപകൻ. അദ്ദേഹം ശാന്തിനികേതനിൽ നിന്നു രണ്ടാം റാങ്കോടെ പാസായ വ്യക്തിയാണ്. കുറുപ്പുസാറുമായുള്ള ബന്ധമാണ് എന്റെ ചിന്തയിൽ പ്രകടമായ മാറ്റം വരുത്തിയത്. ഒരുപക്ഷെ ,ഇന്ത്യയിൽ തന്നെ പ്രശസ്തനാകേണ്ടിയിരുന്ന ഒരു വ്യക്തി, അകാലമരണത്തെത്തുടർന്ന് വിസ്മൃതിയിലാണ്ടു. കഴിഞ്ഞ വർഷം അദ്ദേഹത്തിന്റെ ഒരു പ്രദർശനം ലളിതകലാഅക്കാദമി എറണാകുളത്ത് നടത്തിയിരുന്നു.
M K ONAPPATHIPP
🙏❤️💕