
ഓണമെത്തി ചന്തമൊട്ടും കുറയാതെ, ചോരാതെ
ഉൾപ്പൂവിടർത്തിവന്നെത്തി ചിന്തകൾ!
മാഴ്കിമറഞ്ഞു പഴകിയെന്നോർമ്മകൾ പിന്നോട്ട് പൂവിറുക്കാനോടി ബാല്യകാലം!
പൂക്കാലമില്ലാതെ, പൂവിളിയില്ലാതെ, പൂന്തോപ്പുമില്ലാതിന്നോണമെത്തിടുമ്പോൾ,
പൂത്തുമ്പിയെങ്ങോ മറഞ്ഞു മനസ്സിന്റെ, ചില്ലയിൽ പാടുന്നുണ്ടോരോണപ്പക്ഷി!
ചിറകുകുടഞ്ഞും തപിച്ചും ശ്രാവണക്കിളികൾ തിരഞ്ഞു തളിർമാമരങ്ങൾ.
ഒടുവിലെ ഓർമ്മയിൽ കൂട്ടിരിപ്പാണാരോ,
ഒരു കൊമ്പിൽ കെട്ടുവാൻ വള്ളിയൂഞ്ഞാൽ!
ഇളംതെന്നലുലഞ്ഞെൻ വയലിലൊരുകോണിൽ മണിക്കതിരപ്പോൾ കസവു ഞൊറിഞ്ഞുചുറ്റി!
കൂകിവിളിച്ചാർത്തു ഞാനാം പൂങ്കുയിൽ,നെഞ്ചിലെ ചെന്തെങ്ങിൽ, എന്നുൾവനിയിൽ!
പൂക്കളം തീർക്കുവാൻ ഒരുതുണ്ടുപൂവിനും പീടിക സദ്യയ്ക്കും വന്നല്ലോ മുറ്റത്തായി!
വള്ളമിറക്കുന്ന നാടെന്റെ നാടിതിൽ, നീരൊഴുക്കില്ലാറ്റിൽ വഞ്ചികളികളില്ല!
കൈകൊട്ടിപ്പാടുവാൻ ഉള്ളിലുറഞ്ഞൊരു, കൈത്തരിപ്പെന്നിൽ പടർന്നിടുമ്പോൾ,
ഒരുകൈ പദം മാറിത്തൊട്ടെൻ വലംചാടി,
കുമ്മിയടിക്കാനും ഇന്നാരുമില്ല!
മുത്തശ്ശി പണ്ടു നെറുകയിൽ ചുംബിച്ചു, കുളിർചന്ദനം തൊട്ടപോൽ പൊന്നോണമേ നീ!