ഒന്ന്
എത്ര യാദൃച്ഛികം! എത്ര യാദൃച്ഛികം!
എത്ര യാദൃച്ഛികമെന്‍റെ ജന്മം.
ലക്ഷോപലക്ഷം ബീജരേണുക്കളുള്‍ക്കൊള്ളും
താതരേതസ്സില്‍ നിന്നുമൊരെണ്ണം
അമ്മതന്നണ്ഡരേണുവില്‍ച്ചേര്‍ന്നതും
ഒരുമിച്ചു ഗര്‍ഭഗുഹയില്‍ കടന്നതും
പത്തുമാസം ഒളിവില്‍ക്കഴിഞ്ഞതും
അണുമാത്രരൂപികൾ ആണ്ഡബീജങ ങൾ
മനുഷ്യക്കിടാവായ് പരിണാമപ്പെട്ടതും
ഗര്‍ഭപാത്രത്തിന്‍റെ ഭിത്തിയില്‍ തട്ടിയും
മുട്ടിയും നീണ്ടു നിവരാന്‍ ശ്രമിച്ചതും
പൊക്കിള്‍ക്കൊടിച്ചുരുള്‍ക്കെട്ടു വലിഞ്ഞതും
ഞെളിഞ്ഞും പുളഞ്ഞും തിരിഞ്ഞും മറിഞ്ഞും
നൊംപറക്കയ്പുനീരമ്മ കുടിച്ചതും
അക്ഷതനായി ഞാന്‍ ഭൂജാതനായതും
എത്ര യാദൃച്ഛികം! എത്ര യാദൃച്ഛികം!
രണ്ട്
പാഞ്ചഭൌതികമെന്‍ ദേഹത്തിനുള്ളിലും
പ്രാണചൈതന്യം കൊടുക്കുന്നതാര്?
ദൃശ്യ പ്രപഞ്ച രഹസ്യങ്ങള്‍ തേടി
ബുദ്ധിയെ വ്യാപരിപ്പിക്കുന്നതാര്?
വാഴ്വിന്‍ നിയതികളോരോന്നു നോക്കിയും
കണ്ടു പഠിച്ചുമതുള്ളിലുറപ്പിക്കാന്‍
ഉള്ളിന്‍റെയുള്ളിലിരുന്നുകൊണ്ടെപ്പോഴും
നിര്‍ദ്ദേശം നല്‍കുന്ന ശക്തിയേത്?
ചിത്തം തെളിഞ്ഞുണര്‍ന്നുണ്‍മകള്‍ കാണുവാന്‍
പ്രേരണ നല്‍കുന്നതേതു ശക്തി?
വിശ്വവിശാലതയോളം വളരാനും
ഉള്ളിന്‍റെയുള്ളില്‍ ചുരുങ്ങിയൊതുങ്ങാനും
പ്രാപ്തി മനസ്സിനു നല്‍കുന്നതാര്?
ഒന്നും നിയന്ത്രണവൃത്തത്തിലല്ലെനി-
ക്കില്ലാ നിയാമകശക്തി തെല്ലും
എല്ലാമദൃശ്യ കരങ്ങള്‍ നടത്തുന്നു
ഞാനൊരു തുച്ഛന്‍ – വെറും സാക്ഷി മാത്രം.
മൂന്ന്
ഓര്‍ക്കുന്നു ഞാനെന്‍റെ ബാല്യകാലം
സമജാത ബാലന്മാര്‍ ഞങ്ങള്‍ കിടാങ്ങള്‍
തമ്മിലടിച്ചും, കളിച്ചും, ചിരിച്ചും
നാട്ടാശാനോതിയ പാഠം പഠിച്ചും
അല്ലലില്ലാതെ കഴിച്ചൂ ദിനങ്ങള്‍…
തുമ്പിയെക്കൊണ്ടൊരാള്‍ കല്ലു ചുമപ്പിച്ചു
ഉയിരോടു മീനിനെ തീയിലെറിഞ്ഞൊരാള്‍
ഞണ്ടിന്‍റെ കാലുകള്‍ ഛേദിച്ചു മറ്റൊരാള്‍
ഞങ്ങള്‍ കിടാങ്ങള്‍ കളിച്ചു രസിച്ചു…
മണ്ണുകൊണ്ടുണ്ടാക്കി വീടുകള്‍ ഞങ്ങള്‍
തട്ടിത്തെറിപ്പിച്ചു പൊട്ടിച്ചിരിച്ചു
വെള്ളാരം കല്ലുകള്‍ ശേഖരിച്ചൊക്കെയും
ആകാശത്തേക്കു വലിച്ചെറിഞ്ഞു …
ഞങ്ങളറിഞ്ഞില്ല വാഴ്വിന്‍റെ ദു:ഖം
ഞങ്ങളറിഞ്ഞില്ല അദ്ധ്വാനഭാരം
നാല്
കൌമാരവും പൊയ് യുവത്വത്തിലേക്കുള്ള
പടികളോരോന്നായി ഞാന്‍ ചവുട്ടി
അതിജീവനത്തിന്‍റെ കയ്പുനീര്‍ത്തുള്ളികള്‍
മോന്തിക്കുടിച്ചു ഞാന്‍ ദാഹം കെടുത്തി
നേടിയില്ലൊന്നുമേയാഗ്രാമ ഭൂമിയില്‍
നൊമ്പരനോവുകള്‍ മാത്രമറിഞ്ഞു ഞാന്‍
നീണ്ട കരാളമാം ജീവിത വീഥികള്
താണ്ടിത്തളര്‍ന്നെന്‍റെയച്ഛന്‍ മെലിഞ്ഞു
വിദൂരസ്ഥമാം നിത്യ ലോകത്തിലേക്കൊരു
രാത്രിയിലച്ഛന്‍ പുറപ്പെട്ടു പോയി
സോദരന്മാരെയുമമ്മയേയും കൂട്ടി
ആ ഗ്രാമഭൂമി ഞാന്‍ വിട്ടകന്നു.
അഞ്ച്
പരിചിതമല്ലാത്ത ദേശം – ബന്ധുക്ക
ളില്ലാത്ത ദേശം – അറിയാത്ത ഭാഷക
ളറിയാത്ത സംസ്കാരമറിയാത്ത ലോകം.
ആ വിദൂരത്തെ സമീപസ്ഥമാക്കുവാന്‍
അന്യസംസ്കാരത്തെ സ്വായത്തമാക്കുവാന്‍
ആരും തുണച്ചില്ല – ഞങ്ങളലഞ്ഞു…
അതിജീവനത്തിന്‍റെ ദുര്‍ഘടവീഥിയില്‍
കാലിടറി ഞങ്ങള്‍ സഹോദരന്മാര്‍
അബലകളമ്മയും പെങ്ങളും മാത്രം
നിഴലുകള്‍ പോലെന്നില്‍ പറ്റി നിന്നു
ജന്‍മജന്‍മാന്തര ബന്ധനച്ചങ്ങല
പൊട്ടിച്ചെറിയാനശക്തനായ്ത്തീര്‍ന്നു ഞാന്‍.
ആത്മയാനത്തിലെ 6 മുതല്‍ 16 വരെ ഖണ്ഡങ്ങള്‍ അഭിപ്രായത്തിനായി
ആറ്
കാലം ക്രമം വിട്ടു നീങ്ങിയില്ല
താളങ്ങളൊന്നും പിഴച്ചുമില്ല
സോദരന്മാര്‍ രണ്ടു പാശക്കുരുക്കില്‍
സ്നേഹബന്ധങ്ങള്‍ തന്‍ കാഞ്ചനക്കൂട്ടില്‍
യോജിച്ച ബാന്ധവം സോദരിക്കും
സ്വച്ഛന്ദ മൃത്യു വരിച്ചെന്‍റെയമ്മ.
ജന്‍മജന്‍മാന്തരച്ചങ്ങലക്കെട്ടുകള്‍
താനേയഴിഞ്ഞുപോയ് – ഏകാകിയായി ഞാന്‍…
“ മണ്ണുമായുള്ളോരവകാശ ബന്ധവും
പെണ്ണും മനസ്സുമിഴപാകും സ്നേഹവും
ബന്ധങ്ങള്‍ക്കുള്ളിലെ ബന്ധനക്കെട്ടുകള്‍”.
അനുഭവമാകും ഗുരുനാഥനോതി.
ഏഴ്
വാഴ്വിന്‍ ചെറുതോണിയാലോലമാട്ടി –
ക്കളിക്കുന്നൊരാഴിയാണൂഴിയില്‍ ജീവിതം.
ഊഴിയോ? ആഴക്കടലിന്‍ നടുക്കൊരു
പപ്പടവട്ടം മണല്‍ത്തിട്ട മാത്രം!
അണ്ഡകടാഹം തിരിക്കുന്ന ചക്രം
കയ്യിലാണെന്നു നിനയ്ക്കുന്ന മര്‍ത്ത്യന്‍
ഓര്‍ത്താല്‍ വെറുമൊരു ധൂളി മാത്രം.
ക്ഷണികം മനുഷ്യന്‍റെ വിക്രമമൊക്കെയും
ഓര്‍മ്മപ്പെടുത്തുന്നനാദികാലം മുതല്‍
മര്‍ത്ത്യന്‍റെയുള്ളിലുണരുന്ന ബുദ്ധി.
എട്ട്
വാഴ്വിന്‍റെ താളക്രമത്തിനൊപ്പം
നീങ്ങേണ്ട തോണിയെന്‍ സ്ഥൂലദേഹം
വാഴ്വിന്‍ കടിഞ്ഞാണെന്‍ കയ്യിലല്ല
ആരോപിടിക്കുന്നദൃശ്യനയാള്‍
ദൃശ്യപ്രകൃതിയും ഭോഗമോഹങ്ങളും
മാടി വിളിക്കുന്നു – ഞാനടുക്കുന്നു
സൂക്ഷ്മബോധത്തിലെന്‍ സ്ഥൂലാഭിമാനം
വാഴ്വിന്‍ ഗതിയെ നമിക്കുന്നു നിത്യം
തുച്ഛനുമല്ല ഞാന്‍ കേമനുമല്ല
മൂഢനുമല്ലവിവേകിയുമല്ല
ഈ നില കൈവിട്ടു പോകാതെയെന്നും
വാഴ്വിന്‍ ചെറുതോണി നീങ്ങിയെങ്കില്‍…(?)
ഒന്‍പത്
അജ്ഞാനസാഗരത്തളളലിൽ ജീവിതം
യാചകച്ചേരിയില്‍ ഭിക്ഷാടനം.
ഉണ്‍മകള്‍ കാണാനകക്കണ്ണു ചിമ്മി
ത്തുറക്കാനറിയാത്തോന്‍ മര്‍ത്ത്യനല്ല.
മാളത്തിനുള്ളില്‍ പെരുമ്പാമ്പു പോലെ
വിസര്‍ജ്യത്തിനുള്ളില്‍ കൃമിക്കു തുല്യം
ജീവിച്ചു പ്രാണന്‍ വെടിയുന്നനേകര്‍
ബുദ്ധിയില്‍ നിന്നു വിവേകമൊഴിഞ്ഞോര്‍.
അറിവു വടിവാര്‍ന്നു ഹൃത്തിലുറച്ച
ഗുരുവൊരാള്‍ വന്നാലഭയം ലഭിക്കും.
സത്യം ശരിയായ് ധരിപ്പിച്ചു ബുദ്ധിയില്‍
സംക്രമിപ്പിക്കും പ്രകാശവര്‍ഷം.
അങ്ങനെയുള്ളോരു ഗുരുവിന്നഭാവം
ഭീതിയെന്നുള്ളില്‍ വളര്‍ത്തുന്നു നിത്യം.
പത്ത്
കളങ്കം കലരാതറിവുറച്ചാല്‍ മതി
ജീവിതം സംപുഷ്ടമായിടും നിശ്ചയം.
നിശ്ചയദാര്‍ഢ്യം, കരുത്തുമില്ലാത്തവന്‍
യോഗ്യനല്ലറിയാനുമറിയിക്കുവാനും .
ജ്ഞാനാര്‍ജ്ജനത്തിലൂടാനന്ദമുണ്ടായി
ജ്ഞാനദാനത്തിലിച്ഛയുറച്ചാല്‍
ആ മനം ജ്ഞാനം പകര്‍ന്നു നല്‍കീടുവാന്‍
യോഗ്യമായ്ത്തീരുമെന്നറിയുന്നവന്‍ ഗുരു.
നന്മയും തിന്‍മയും പുണ്യപാപങ്ങളും
സമബുദ്ധിയോടയാള്‍ വീക്ഷിക്കുമെപ്പൊഴും.
അങ്ങനെയുള്ളോരു ഗുരുവിന്നഭാവം
ചുട്ടുപൊള്ളിക്കുകയാണെന്‍റെ ഹൃത്തിനെ.
നിത്യമാം സത്യത്തെ കണ്ടു വണങ്ങുവാന്‍
ഉള്‍ക്കാമ്പിലാര്‍ത്തിയുണ്ടുള്‍ദാഹ നോവും.
സത്യസാക്ഷാല്‍ക്കാര ഭാഗ്യം ലഭിച്ചൊരു
ഗുരുനാഥനീയെന്നെ ശിഷ്യനാക്കീടുവാന്‍
കനിവൂറിയൊന്നു വിളിച്ചിരുന്നെങ്കില്‍…!
പതിനൊന്ന്
നട്ടുച്ച നേരത്തു കാണും മരീചിക
ഇല്ലാസരിത്തെന്നറിയാതെ പോയാല്‍
ദാഹം കെടുത്തുവാന്‍ മണ്ടുന്നവന്‍റെ
ദേഹനീര്‍ വറ്റിക്കുമാദൃശ്യ ലോകം.
നാഭിക്കുഴിയിലെ കസ്തൂരിഗന്ധം
തേടുന്നു പുല്‍ക്കൊടിത്തുമ്പില്‍ കുരംഗം!
ഉണ്‍മാവിശേഷങ്ങളില്ലാത്ത ലോകം
ഇന്ദ്രജാലശ്രീ നടിക്കുന്ന നാട്യം.
പ്രത്യക്ഷമെന്നു ധരിപ്പിച്ചു നമ്മെ
മോഹക്കുരുക്കില്‍ കുടുക്കും പ്രപഞ്ചം.
എവിടെനിന്നുണ്ടായി ദൃശ്യ പ്രപഞ്ചം?
എവിടേക്കുപോയി മറയുന്നു സര്‍വ്വം?
എവിടെനിന്നുണ്ടായി ഭൂമിയുമാഴിയും?
എവിടെ നിന്നുണ്ടായി നക്ഷത്രരാജികള്‍?
എവിടെനിന്നുണ്ടായി വായുവുമഗ്നിയും?
എവിടെനിന്നുണ്ടായ് മറയുന്നു പ്രാണികള്‍?
എവിടെനിന്നുണ്ടായി ഞാനുമീയെന്നിലെ
ഞാനെന്ന ഭാവവും ദേഹാഭിമാനവും?
എവിടെനിന്നുണ്ടായി സ്വന്തവും ബന്ധവും
നീയെന്നുമവനെന്നുമുള്ള വിചാരവും?
ആദിയുമന്തവും ഭാവനയ്ക്കപ്പുറം
യുക്തിക്കതീതമിക്കാണുന്നതൊക്കെയും.
ദേശകാലങ്ങള്‍ രചിക്കുന്ന വാഴ്വിന്‍റെ
ചിത്രങള്‍ കണ്ടു ഭ്രമിക്കുന്നു മര്‍ത്ത്യന്‍.
പന്ത്രണ്ട്
സൃജിച്ചും, ഭരിച്ചും, ഹരിച്ചും പ്രകൃതി
പാഠങ്ങളോതിത്തരുന്നു നിരന്തരം
വര്‍ണ്ണങ്ങള്‍ ചാലിച്ച മിഥ്യാ പടങ്ങളായ്
നീറ്റിലെ പോളപോല്‍ മായുന്നു സര്‍വ്വതും!
വിവേകമുള്‍ക്കൊണ്ടു മനനം നടത്തി
കാണുന്നറിയുന്നു സത്യം ബുധന്മാര്‍
രേഖപ്പെടുത്തുന്നു പിന്നവര്‍ ദര്‍ശിച്ച
സത്യങ്ങള്‍ പിമ്പേ വരുന്നോര്‍ക്കറിയാന്‍.
പതിമൂന്ന്
വിശ്വമഹാന്മാര്‍ ഉപനിഷദൃഷികൾ
അയനം ചെയ്തു നിരന്തരമറിവിൻ
വിളഭൂമികളിൽ, ഖനികളിലും.
കൊയ്തവരറിവിൻ നിറകതിർ
പ്രകൃതി കനിഞ്ഞു കൊടുത്ത വരം.
ഖനികളറിഞ്ഞു ചുരത്തി അറിവിൻ
ദുഗ്ദ്ധാമൃതമവരൂറ്റിയെടുത്തു,
തുള്ളികളായ്,ചെറു തുള്ളികളായ്
ശിഷ്യൻമാർക്കു പകർന്നു കൊടുത്തു.
ശിഷ്യൻമാരതിലൂറ്റം കൊണ്ടു മനന
ക്രീയയിലേക്കവരാകർഷിച്ചു…
ജ്ഞാനചരിത്രം ഇതു ഭാരതനാടിൻ
ജ്ഞാനചരിത്രം വിജ്ഞാനചരിത്രം
പതിനാല്
വിഷയഭോഗങ്ങൾക്കു പിൻപേ കുതിക്കുന്ന
ബുദ്ധിയിൽ തെളിയുന്നു മായാപ്രപഞ്ചം!
ഉൺമയില്ലാത്തതിലുൺമയെദർശിച്ചു
മോഹിതരായിടുന്നജ്ഞാനികൾ.
ഉൺമയിലുൺമയെ ദർശിച്ചു സ്വസ്ഥരായ്
സന്തുഷ്ടചിത്തരായ് വാഴുന്നു ജ്ഞാനികൾ.
പതിനഞ്ച്
സങ്കല്പബുദ്ധി നയിക്കുന്ന വീഥിയിൽ
ചിത്തവ്യാപാരം നടത്തുന്നു പ്രാണൻ.
ചിത്തവൃത്തത്തിലെ സങ്കല്പബുദ്ധി
ക്കനുസൃതം നീങ്ങുന്നു ലോകയാനം.
പ്രാണന്റെയുല്പത്തി,ആയതി,സ്ഥാനവും
പാഞ്ചവിഭുത്വവുമദ്ധ്യാത്മഭാവവും
നേരെ ഗ്രഹിക്കാനനു ഗ്രഹം കിട്ടിയാൽ
സഫലമായ്ത്തീരുമീ ജന്മം സുനിശ്ചിതം.
പതിനാറ്
സ്വജീവിതത്തിൻറെയർത്ഥം ഗ്രഹിക്കാതെ
ഉഴറുന്നു പാമരൻ, വിദ്യാവിഹീനർ!
ആത്യന്തീകമാം സത്യത്തെ കാണുവാ
നുൾപ്പൂവിലാഗ്രഹം തീക്ഷ്ണമാണെങ്കിലും
സമയം പരിമിതം,മനനനേത്രം
തുറന്നുറ്റുനോക്കുന്നില്ല നിസ്വനീഞാൻ!
വാസനാശ്വങ്ങൾ ചുമന്നിടുന്നെന്നെ
വാസനാവീഥിയിലൂടാണു യാത്ര.
വേണ്ടതറിയുവാനുൾക്കരുത്തുണ്ടെനി
ക്കില്ലാത്തതു ദൃഢനിശ്ചയം മാത്രം!
നിശ്ചയദാർഢ്യം വരുതിയിലാക്കുവാൻ
നിഷ്ഠകളില്ലാത്തതാണെൻറെ ന്യൂനത.
കാർക്കശ്യമുണ്ടെനിക്കെന്നോടുപോലും
ഇല്ല വിധേയത്വ ഭാവമൊരാളൊടും
വ്യത്യസ്ഥനാമെൻറെ ചിന്തകൾ പായുന്ന
വീഥിയിലില്ല സമാനചിത്തർ.
പതിനേഴ്
പാദം തുളച്ചൊരു മുള്ളകത്തേറിയാൽ
മറ്റൊരു മുള്ളിൽ കരം ചെന്നുടക്കും.
ആ മുള്ളടർത്തിത്തുരന്നകത്തേറിയ
മുള്ളിനെ ചൂഴ്ന്നു പുറത്തെടുക്കും.
എതിർത്തും കയർത്തു മടക്കി ഭരിച്ചും
കാൽക്കീഴിലാക്കി ചവുട്ടി മെതിച്ചും
ശക്തനശക്തനിൽ മേൽക്കോയ്മനേടുവാൻ
ആദിമനുഷ്യനുരച്ച തത്വങ്ങളെ
തങ്ങൾക്കനുകൂലമാക്കി വ്യാഖ്യാനിച്ചു
ചൂഷണപ്രേമികൾ, പിൻഗാമികൾ.
സ്വാർത്ഥാഭിമാനത്തിൻ സംഹാര ശക്തി
അറിവിൻ വികാസപരിണാമ ഗുപ്തി.
പതിനെട്ട്
ശക്തന്നധീനം പണവും പ്രതാപവും
ശ്രേയസ്സും പ്രേയസ്സുമൊപ്പത്തിനൊപ്പം.
ഉച്ഛ്വാസനിശ്വാസതാളക്രമത്തി
ന്നാവൃത്തി ലേശം പിഴച്ചു പോയാൽ
ദേഹാഭിമാനിക്കു പിന്നെന്തു മാനം?
പ്രാണന്റെ സ്പന്ദനം നിന്നു പോയാൽ
ശക്തനു ശക്തികൊണ്ടെന്തു കാര്യം?
ചിന്തിച്ചുകണ്ടുള്ളം സത്യത്തിൽ നിർത്തി
നിർഭയം വാഴണം മാനികളൂഴിയിൽ.
പത്തൊന്‍പത്
പണമെന്നവാക്കിലും കാന്തമുണ്ട്
പിണവായും പിളരുമാ വാക്കുകേട്ടാൽ
പണമാണുമർത്ത്യൻറെ കൺകണ്ട ദൈവം
അവനാണ് വാഴ്വിൻറെ വരദായകൻ
പണമവനില്ലുച്ച – നീചഭാവങ്ങൾ
ഇല്ല ധർമ്മാധർമ്മ ചിന്തകളും.
സൽക്കർമ്മികൾക്കവൻ കർമ്മാമൃതം
ദുഷ്ക്കർമ്മികൾക്കവൻ കാളകൂടം.
പണമുള്ളിടത്തുണ്ടു ലക്ഷ്മീകടാക്ഷം
ഇല്ലാത്തിടങ്ങളിൽ മൂധേവിനൃത്തം!
പണമെന്ന വാക്കിലെ ശബ്ദാർത്ഥകാന്തം
ഭൗതീകമല്ല- തത്വാർത്ഥം ഗഹനം.
ഇരുപത്
ഊതിക്കാച്ചിയടിച്ചെടുത്താൽ
പഴയപൊന്നിനു കാന്തി കൂടും.
മർദ്ദനത്തിനു ശക്തികൂടുകി-
ലിഞ്ചനാരിനു നേർമ്മ കൂടും
തുടലിലിട്ടാൽ നായ ആണ്ശൂരൻ
കഴുത നീങ്ങാൻ ചുമടു വേണം.
പടവലത്തിനു നീണ്ടു നീളാൻ
കല്ലു തൂക്കിയ വള്ളി വേണം.
പ്രകൃതിയിൽത്തന്നുണ്ടു പാഠം
മർദ്ദനത്തിൻ ആദിപാഠം.
ഇരുപത്തിയൊന്ന്
വിതയ്ക്കുകിൽ നിശ്ചയം കൊയ്തെടുക്കാം
കൊയ്യാനായ് മാത്രം വിതയ്ക്കാതിരിക്കുക.
കിട്ടും കൊടുത്താൽ കുറയില്ല തെല്ലും
കിട്ടാനായ് മാത്രംകൊടുക്കിതീരിക്കുക
തട്ടിപ്പറിക്കരുതാരുടെയും ധനം
ചോരണം പാപമാണോർത്തീടുക.
ലോകം വിശാലം പറന്നുയരാൻ
വേണം ചിറകും മനക്കരുത്തും
ഇകഴ്ത്തരുതാരെയും ലോകവാഴ്വിൽ
അണുവിനും ഗരിമയുണ്ടോർത്തീടുക.
വേണം സഹിഷ്ണുത കർമ്മഭൂവിൽ
വേഷമിട്ടാടുന്ന കോലങ്ങൾ നാം.
ഇരുപത്തിരണ്ട്
അറിയുന്നില്ല നരന്മാരിവിടെ
ആരാണവരെന്നുള്ള രഹസ്യം
അഖിലാണ്ഡപ്പൊരുളൊരുതരിപോലും
അറിയില്ലെങ്കിലുമറിയാമെന്നവർ
നണ്ണുന്നു- ചില വികൃതികളവരുടെ
വരുതിയിലാണീ വിശ്വം മുഴുവനു-
മെന്നു നിനച്ചു പുളയ്ക്കു ന്നു.
സൂര്യനുദിക്കാനൊന്നു പിഴച്ചാൽ?
ഭൂമി കറങ്ങാനൊന്നു മടിച്ചാൽ?
വീശിയടിക്കും മാരുതനൊരുനാൾ
നിശ്ചലമായൊരു നിമിഷമിരുന്നാൽ?
വാഴ്വിൻ ഗതി പിന്നെന്താണിവിടെ?
അറിയുന്നുണ്ടോ നമ്മൾ നരന്മാർ?
ഇരുപത്തിമൂന്ന്
പൂർവ്വാചലങ്ങളിൽ നിന്നു തുടങ്ങി
കീഴോട്ടൊഴുകിത്തടങ്ങളെ മുത്തി
പ്രവാഹപ്രയാണം തുടരും സരിത്തുകൾ
ചെന്നു ലയിക്കുന്നു സാഗരത്തിരകളിൽ
പിന്നവർ നദികളല്ലബ്ധീകണങ്ങൾ!
സ്വത്വം നശിച്ചതിൽ ഖിന്നരാവില്ലവർ
ആദിമ സത്തയിൽ ലീനരായ്ത്തീരുവാൻ
ഭാഗ്യം ലഭിച്ചതോർത്തെപ്പൊഴും തുഷ്ടരായ്
സാഗരപ്പെരുമയെ വാഴ്ത്തിസ്തുതിക്കും.
ഇരുപത്തിനാല്
ദിക്കുകളെട്ടും പ്രശോഭിച്ചു – ഭൂമിയെ
പുൽകിയുണർത്തുന്നു സൂര്യോദയം.
കളകളഗാനം മുഴക്കിപ്പറവകൾ
സൂര്യനു സ്വാഗതമോതുന്നു സാമോദം
കൂമ്പിയ പത്രം വിടർത്തിത്തരുക്കളും
മാടി വിളിക്കുന്നു സോൽസാഹമർക്കനെ
ആമോദമുൾക്കൊണ്ടു മന്ദാനിലൻ പുഷ്പ-
ഗന്ധം പരത്തിപ്പരക്കുന്നു ചുറ്റിലും
മാർത്താണ്ഡബിംബത്തിൽ നിന്നെഴും താപ-
പ്രവാഹമാണൂഴിയിലൂർജ്ജ പ്രസാരം.
മർത്ത്യനു സന്ദേശം നൽകുകയാവാം
പ്രകൃതിക്കു മുന്നിൽ നമിക്കുന്ന ലോകം.
ഇരുപത്തിയഞ്ച്
രശ്മീസഹസ്രം ബഹുധാ വഹിച്ചു
തപിച്ചും ജ്വലിച്ചു പ്രശോഭിച്ചു നിത്യം
പരിത്രാണമൂർത്തിയായ് ദൂരം ക്രമീകരി-
ച്ചിളകാതുറച്ചങ്ങു നിൽക്കുന്നു സൂര്യന്!
കിരണാതപം സഹിച്ചുൾപ്പൂവിലാനന്ദ-
നടനത്തിലേർപ്പെട്ടുരുളുന്നു ഭൂമി
നക്തം, ദിവം, വാരപക്ഷങ്ങളും
മാസ സംവൽസരം കാലപ്രയാണവും
തുടരുന്നു മുന്നോട്ടുരുളുന്നു ലോകം.
പ്രാണിക്കു പ്രാണോർജ്ജം സൂര്യ താപം
അചരോർജ്ജസ്രോതസ്സുമാദിത്യബിംബം
നിഴൽ മാത്രമിന്ദുവും പനിമതിയും.
ഇരുപത്തിയാറ്
തൃഷ്ണാപ്രേമം വിഷൂചിക
ത്യാഗശീലം ബഹൂത്തമം.
ലോഭബീജം ചുട്ടിടിച്ചതു
ജ്ഞാനവൃക്ഷച്ചോട്ടിലിട്ടാൽ
ശാന്തി താനേ വന്നുചേരും.
വിഷയജന്യം രാഗദ്വേഷ
വിഷം കുടിച്ചു മദിച്ചുപോയാൽ
മനനശേഷി നശിച്ചു നമ്മുടെ
മർത്ത്യജന്മം കെട്ടു പോകും.
സത്യശാസ്ത്രപഥത്തിലൂടെ
ലക്ഷ്യബിന്ദുവിലേക്കു പോയാൽ
ഭ്രമങ്ങളൊക്കെയൊഴിഞ്ഞിടും
മതി തെളിഞ്ഞു വിളങ്ങിടും.
ഇരുപത്തിയേഴ്
തൃഷ്ണയാണെന്നെ നയിക്കുന്ന ദീപം.
അറിയുന്നു ഞാനെൻറെ ദൗർബ്ബല്യ മെല്ലാം.
നിഷ്കാമമാകണം കർമ്മമെന്നെപ്പോഴും
ഉള്ളിൻറെയുള്ളു മന്ത്രിക്കുന്നുണ്ടെങ്കിലും
മറ്റൊരു കോണിൽനിന്നീഞാനറിയാതെ
ബുദ്ബുദം പോലുണർന്നീടുന്നു തൃഷ്ണ!
മാരിയൊഴിയാത്ത കർക്കിടകത്തിലെ
ആലസ്യക്കാറു മറയ്ക്കുന്നു ബുദ്ധിയെ
അജ്ഞാന ചാമ്പൽപ്പുതപ്പിന്നകത്തേ
ക്കുൾവലിഞ്ഞീടുന്നു ജ്ഞാനാഗ്നിയെപ്പൊഴും!
തൃഷ്ണയാണെന്നിലെ ദു:ഖങ്ങൾക്കൊക്കെയും
കാരണം – ഞാനറിഞ്ഞീടുന്നു സത്യം.
ഇരുപത്തിയെട്ട്
അന്വേഷകാ നിന്‍റെ ദൃഷ്ടി ചെന്നെത്തുന്ന
ദിക്കത്തില്‍ തന്നെയാണറിവിന്‍റെ ലോകം.
വ്യക്തമാവ്യക്ത സത്യങ്ങളാകുന്ന
മറകളാലാവൃതം വിജ്ഞാന ലോകം.
പ്രശ്നങ്ങളുന്നയിക്കുന്ന നിന്‍ ബുദ്ധിക്കു
വ്യാപരിക്കാനിടം ധാരാളമുണ്ടതില്‍.
എന്തിനമര്‍ഷങ്ങള്‍? എന്തിനു വേദന?
മുന്നോട്ടു മുന്നോട്ടു പോകൂ സശ്രദ്ധം.
ഇരുപത്തിയൊന്‍പത്
എന്നിലെ തീവ്രമാമന്വേഷണ ത്വര
ശിഷ്യനെ തേടുന്ന ഗുരുവിന്‍റെയുള്‍ദാഹം
രണ്ടുമൊരുമിച്ചു ചേര്‍ന്ന മുഹൂര്‍ത്തം
കണ്ടു ഞാന്‍ ഗുരുവിനെ – ജ്ഞാനദാനാര്‍ത്ഥിയെ.
കാണാമെനിക്കു ഞാന്‍ തേടുന്ന സത്യത്തെ
എത്താമെനിക്കെന്‍റെ ലക്ഷ്യ സോപാനത്തില്‍ .
സംശയം വിട്ടെന്‍റെയുള്ളം തെളിഞ്ഞു.
മന്ദാനിലന്‍ വീശി – മേനി കുളിര്‍ന്നു;
തളം കെട്ടിയുള്ളിന്‍റെയുള്ളില്‍ക്കിടന്ന
വിജ്ഞാന നീരജച്ചിറ മുറിഞ്ഞു …
മുപ്പത്
സൂക്ഷ്മത്തിലണുവിലും സൂക്ഷ്മം
സ്ഥൂലത്തില്‍ മേരുവിന്നൊപ്പം
ഏഴാഴി കൂടും ക്ഷമാബ്ദി
കവിഹൃദയമാരറിവൂ
തമസ്സിനാലാവൃതം സര്‍വ്വം.
വിശ്വം മുഴുവന്‍ പ്രകാശം പരത്തും
സൂര്യാത്മ തേജസ്സില്‍ നിന്നെഴും ശക്തി
പ്രഭാവത്തിനൊപ്പം തെളിവാര്‍ന്ന ബുദ്ധി!
കവിഹൃദയമാരറിവൂ – തമസ്സാണു ചുറ്റും
അജ്ഞാന തമസ്സാണു ചുറ്റും.
മുപ്പത്തിയൊന്ന്
അനന്തം വിശാലം അറിവിന്‍റെ ലോകം
അവിടാണ് ബുദ്ധിക്കു വ്യാപാരമെങ്കില്‍
തെളിഞ്ഞു വിളങ്ങും മനുഷ്യന്‍റെ ബുദ്ധി.
ഭ്രമിക്കില്ല ചിത്തം – ഭവിക്കില്ല ദു:ഖം.
പ്രപഞ്ച സത്യങ്ങളറിയാത്ത നിസ്വന്‍റെ
ബുദ്ധിക്കു പ്രാപ്തമല്ലറിവിന്‍റെ ലോകം.
അവിടെ പ്രകാശം ചൊരിയില്ല ജ്ഞാനം
കാര്‍ മൂടി നില്ക്കും മനോചക്രവാളം.
ശ്യാമ ഘനത്തിന്‍ നിഴല്‍ക്കീഴിലായാല്‍
ജ്ഞാനപ്രപഞ്ചം ചുരുങ്ങുമെന്നോര്‍ക്കുക.
ധ്യാനം മുടങ്ങാതെയുള്‍ക്കരുത്താര്‍ജ്ജിച്ചു
പ്രസന്നചിത്തനായ് മുന്നോട്ടു നീങ്ങുക.
മുപ്പത്തിരണ്ട്
ഉള്ളില്‍ പ്രകാശപ്പൊടിപ്പുണ്ടു പക്ഷേ
മിന്നാമിനുങ്ങാണ് സൂര്യനല്ലീ ഞാന്‍.
സ്നേഹപ്പൊടിപ്പിന്നുറവുണ്ടു ഹൃത്തില്‍
കടലല്ലൊരു കൊച്ചു കൂപമീ ഞാന്‍.
നിസ്വനല്ലെന്നുള്ള ചിന്തയെന്‍ ഹൃത്തില്‍
കുളിര്‍ നിലാത്തെന്നലിന്‍ സ്നേഹവര്‍ഷം
മുപ്പത്തിമൂന്ന്
നിന്‍റെ വികാരങ്ങള്‍, ചിന്തകളെല്ലാം
കവിതകളായി കുറിച്ചു വയ്ക്കൂ
നീ സ്വയം ഈണമിട്ടാരെയും നോക്കാതെ
ഉച്ചത്തിലുച്ചത്തിലാലപിക്കൂ.
ലക്ഷ്യതീരത്തിലണയുവാന്‍ കാതങ്ങ-
ലായിരമായിരം താണ്ടേണ്ടി വന്നേക്കാം
നിന്നേ വഹിക്കുന്ന തോണി ജലധിയില്‍
താണുപോകില്ല നീ യാത്ര തുടരൂ .
പാടില്ല ദു:ഖം ഭയാശങ്കയും – നിന്‍റെ
കര്‍മ്മങ്ങള്‍ കാലം തിരിച്ചറിയും.
മുപ്പത്തിനാല്
ആശകളേറെയുണ്ടുള്ളിന്‍റെയുള്ളില്‍
വരുതിയിലല്ലെന്‍റെ പഞ്ചേന്ദ്രിയങ്ങള്‍
ചിന്തകള്‍ പായുന്ന ദിക്കിലേക്കെത്തുവാന്‍
കര്‍മ്മേന്ദ്രിയങ്ങള്‍ക്കു ശക്തി പോരാ.
പാടുവാനാശിച്ച പാട്ടുകള്‍ പാടുവാന്‍
രാഗത്തിനൊത്തു പദങ്ങള്‍ ചമയ്ക്കാന്‍
ഉള്‍ക്കാതിലാഗ്രഹം തോന്നുന്നു പക്ഷേ
തൂലിക തെന്നുന്നില്ലംഗുലിത്തുമ്പില്‍.
വാഗ്ദേവി വാഴുന്ന ശ്രീകോവിലാരോ
താഴിട്ടു കൊട്ടിയടച്ചു പൂട്ടി
ഞാന്‍ പാടുമീണങ്ങള്‍ കേള്‍ക്കാനവരുടെ
കാതു തരുന്നില്ല നാട്ടിലാരും.
കവിതയ്ക്കു കാലം കഴിഞ്ഞുപോയെന്നെന്‍റെ
മിത്രങ്ങള്‍ ചൊല്ലി പരിഹസിക്കുന്നു!
അജ്ഞാനതിമിരം പിടിച്ച നേത്രങ്ങള്‍ക്കു
മുന്നില്‍ ഞാനിന്നൊരു ഭ്രാന്തന്‍!
കവിതയെ സ്നേഹിച്ചു ജീവിതം ഹോമിച്ചു
തള്ളുന്നൊരജ്ഞാന മൂഢന്‍!
മുപ്പത്തിയഞ്ച്
“സങ്കീര്‍ത്തനം, ജപം, ധ്യാനങ്ങളിത്യാദി
കര്‍മ്മങ്ങളിലടിപ്പെട്ടുപോയീടാതെ
ഉളിന്‍റെയുള്ളിലിരിക്കുന്ന ശക്തി
പ്രഭാവ പ്രകാശത്തിലേക്കുറ്റു നോക്കൂ.
കാണാം നിനക്കു നീ തേടുന്ന ദേവിയെ
ഹൃദയമാം ശ്രീകോവില്‍ക്കെട്ടിനുള്ളില്‍.
അന്വേഷകാ നിന്‍റെ ദാഹം കെടുത്തുവാന്‍
വിശ്വസാഹിത്യ ലോകത്തിലല്ലോ
പരന്നു കിടക്കുന്നു വിജ്ഞാന ഗ്രന്ഥങ്ങള്‍
അവയിലെ സത്തകള്‍ കണ്ടെത്തൂ സാധകാ.
ദുര്‍ല്ലഭമൂഴിയില്‍ മര്‍ത്ത്യജന്മം
സല്ലാഭമാക്കിടുന്നുല്‍സാഹി മാത്രം”.
ഉളിന്‍റെയുള്ളിലിരുന്നാരോ മന്ത്രിച്ചു
കേട്ടൂ പ്രതിധ്വനിയുള്‍ക്കാതിനുള്ളില്‍.
മുപ്പത്തിയാറ്
“തിരസ്കൃതനെന്നു സ്വയം നിനച്ചേകനായ്
ഒറ്റക്കൊഴിഞ്ഞു നീ മാറിടുന്നു.
ഏകാന്തയാത്രികാ, വേറിട്ട യാത്രയി
ലെങ്ങനെ കാണും നീ ആത്മ മിത്രങ്ങളെ!
തിരസ്കൃതനാകുവാന്‍ കൂട്ടത്തിലില്ല നീ
നിന്നെ നയിക്കുന്നതൂഷര ചിന്തകള്‍.
ഉദ്ബുദ്ധമാകട്ടെ സങ്കല്‍പചിന്തകള്‍
നിന്നിലെക്കൊന്നു നീ ആഴ്ന്നിറങ്ങീടുക.
വിശ്വാസമോടേതു ഗോപുര വാതിലും
മുട്ടി വിളിക്കൂ, തുറന്നിടും നിശ്ചയം.
തിരസ്കൃതന്നെന്നു സ്വയം നിനച്ചിങ്ങനെ
കണ്ണീരു വാര്‍ക്കുകില്‍ കിട്ടുമോ ശാന്തി?
ഒന്നോര്‍ത്തു നോക്കൂ നീ താണ്ടിയ വീഥികള്‍
നീയിന്നു നില്‍ക്കുമിടത്തെയും ചിന്തകാ
തിരസ്കൃതനായിരുന്നില്ല നീയിന്നോളം
നാളെയും നിന്നെ തഴയില്ല ലോകം
നിന്നിലുണ്ടേറെ വിശിഷ്ടമാം ശക്തികള്‍
മുന്നോട്ടു മുന്നോട്ടു പോകൂ സശ്രദ്ധം”.
മുപ്പത്തിയേഴ്
വാതില്‍പ്പടിക്കല്‍ തെളിയുന്ന ദീപം
അകത്തും പുറത്തും പ്രകാശം പരത്തും
കുംഭത്തിനുള്ളിലാ ദീപം ജ്വലിച്ചാല്‍
വിവൃതീകരിക്കില്ല ദൃശ്യ പ്രപഞ്ചം.
സംസാര സാഗരത്തിരകളില്‍ പൊങ്ങിയും
താണുമുലഞ്ഞാടി മുന്നോട്ടു നീങ്ങുന്ന
ദേഹം വഹിക്കുന്ന പ്രാണന്‍റെയുള്ളിലും
സ്രഷ്ടാവൊളിപ്പിച്ചൊരഗ്നിയുണ്ട്.
ഉപാന്തപ്രദേശത്തു വെള്ളമുണ്ട്
കത്തിജ്വലിക്കാതെയഗ്നിയടക്കി-
യൊതുക്കിക്കിടത്തുന്ന വെള്ളമുണ്ട്.
സൃഷ്ടിക്കു പിന്നിലെ ശക്തീ പ്രണാമം!
അജ്ഞാത ചൈതന്യ ശക്തീ പ്രണാമം!
മുപ്പത്തിയെട്ട്
കുയുക്തികം തര്‍ക്കവിതര്‍ക്ക ദ്വേഷം
ഭൂഷണം ശുഭ കാമികള്‍ക്കൂഴിയില്‍
സത്യോന്‍മുഖന്‍മാര്‍ക്കുണര്‍വാണ് ലക്ഷ്യം
പാഷാണതുല്യം വിവേകിക്കു തര്‍ക്കം.
വാദിക്കു വാദങ്ങള്‍ മദിരോല്‍സവം
ജ്ഞാനിക്കു വാദങ്ങള്‍ ജ്ഞാനോല്‍സവം
ത്യാജ്യ ഗ്രാഹ്യ വിവേചനാല്‍ പരം
ശ്രേയസ്കാരം ധനമെന്തുണ്ട് നേടാന്‍?
മുപ്പത്തിയൊന്‍പത്
“ഒന്നായൊരാദിയറിവാണ് സര്‍വ്വം
ബോധത്രയത്തില്‍ പുലരുന്നു ലോകം
അന്നാദി ചിന്തയില്‍ വാഴ്വാകുമാബ്ധിയില്‍
ആണ്ടുപോയ് – നീന്തിക്കുഴഞ്ഞു ദേഹം
കല്ലോലജാലങ്ങള്‍ നീരാണറിഞ്ഞാല്‍
മണ്ണാണ് മണ്‍കുടം – ഫണിയല്ല പാശം”.
നേരായി വന്നീയറിവെന്‍റെ ഹൃത്തില്‍
പ്രതിഷ്ഠിച്ചിരുത്തുവാനുണ്ടൊരു ശക്തി.
സൂക്ഷ്മത്തിലണുവിലും അണുവാണവന്‍
വാഴ്വിന്‍റെ താളവും മേളവുമാണവന്‍
ഹൃത്തിലവന്‍ വന്നു കുടിയിരുന്നാല്‍
സങ്കടക്കടല്‍ പിന്നെ മിഥ്യ മാത്രം.
നാല്പത്
താപത്രയങ്ങളില്‍ നിന്നുള്ള മോചനം
സുസ്സാദ്ധ്യമല്ലെന്നറിഞ്ഞീടുക
ആധിഭൌതീകങ്ങളാകസ്മികം
സ്വയംകൃതാനര്‍ത്ഥങ്ങളദ്ധ്യാത്മികം
ഉപശാന്തി ശ്രദ്ധയും കരുതലും മാത്രം.
ഉപനിഷദോക്തീ രഹസ്യങ്ങളാണിവ
മനനം നടത്തിയാലറിവിന്‍ പ്രകാശം
തിങ്ങി നിറഞ്ഞു മനസ്സു കുളിര്‍ക്കും.
നാല്പത്തിയൊന്ന്
കണ്ണിന്‍റെ കണ്ണു കണ്ടെത്തുവാനുള്ള
അന്വേഷണമതു ചാക്രീയമാകണം.
രേഖീയമായി മനോരഥം പായിച്ചു
വിട്ടാലതു ലക്ഷ്യ ബിന്ദുവിലെത്തുമോ?
സങ്കല്‍പ സംശയമിത്യാദി ഭാവങ്ങള്‍
ഉള്ളിന്‍റെയുള്ളില്‍ നടത്തുന്ന വ്യാപാര-
സഞ്ചയമാണ് മനസ്സെന്നറിയുക.
ശാസ്ത്രാദിയില്‍ മനമൂന്നിത്തെരഞ്ഞാല്‍
സത്യങ്ങളെല്ലാം വെളിപ്പെട്ടു കിട്ടും.
ശ്രദ്ധയോടുള്ളമിരുത്തിയാരായുകില്‍
ജ്ഞാനമുദിച്ചു പ്രകാശം തെളിയും.
നാല്‍പ്പത്തിരണ്ട്
കര്‍മ്മത്തിലര്‍പ്പിച്ചു മുന്നേറു ധീരം
തോറ്റു പോകില്ല നീ കര്‍മ്മഭൂവില്‍
ഖേദം വെടിഞ്ഞു നിരാശനായ്ത്തീരാതെ
മുന്നോട്ടു ദൃഷ്ടിയുറപ്പിച്ചു നീങ്ങൂ.
തൃഷ്ണയോടേതൊരു ജ്ഞാനദീപത്തിലും
തൊട്ടാലുടനതു കേട്ടു പോകും.
അര്‍പ്പിക്കു കര്‍മ്മത്തിനായി നിന്‍ ജീവിതം
ജ്ഞാനപ്രകാശത്തിലൂന്നണം ദൃഷ്ടികള്‍.
പാടില്ല വിശ്രമം കുന്നൊന്നു കണ്ടാല്‍
ദൃഷ്ടികള്‍ പായണം ശൈലശൃംഗങ്ങളില്‍.
നാല്‍പ്പത്തിമൂന്ന്
സാന്ത്വനമോതുന്ന ശക്തീ പ്രണാമം
വിസ്മരിച്ചിട്ടില്ല താണ്ടിയ വീഥികള്‍
ഇന്നെത്തി നില്‍ക്കുമിടത്തെയുമൊട്ടും.
ഏകാന്ത യാത്രികനീഞാന്‍ നടക്കുന്ന
പാതകള്‍ സത്യത്തിലേക്കുള്ള വീഥികള്‍.
സത്യമാര്‍ഗ്ഗത്തിലൂടായിരുന്നിന്നോള –
മീയെന്‍റെ യാത്ര – പിഴച്ചില്ലൊരിക്കലും.
പൊങ്ങിപ്പറക്കും ഗരുഡനെപ്പോലെന്‍റെ
ചിന്താസരണികള്‍ ലോകവിഹായസ്സില്‍.
നാല്‍പ്പത്തിനാല്
വാസനാശ്വങ്ങള്‍ നയിക്കുന്ന തെരിലെ
തെരാളീ, നീ നിന്‍റെ വീഥിയില്‍ നോക്കുക.
രണ്ടായ് പിളരുന്നു കൈവഴി – വാസനാ
ഹൃദിനീ തടത്തിലൂടാണിനി യാത്ര!
തീക്ഷ്ണാന്ധകാരത്തിലും നിന്‍റെ കണ്ണില്‍
തെളിയേണമണുവിന്‍ പുളപ്പു പോലും.
തീക്ഷ്ണ പ്രഭാപൂര വര്‍ഷം നടന്നാലും
മങ്ങരുത്, മറയരുത്, ദൃഷ്ടീപ്രകാശം.
വേറിട്ടതാകണം യാത്രയും ലക്ഷ്യവും.
നാല്‍പ്പത്തിയഞ്ച്
അജ്ഞാന ചാമ്പല്‍പ്പുതപ്പതാ നീങ്ങുന്നു…
മനനാഗ്ന്നിയൂതിത്തെളിക്കുന്നു ജ്ഞാനം!
ഭൂമിയും ഭൂമിയെ ചൂഴുന്നൊരാഴിയും
ആകാശ വീഥിയും താരാപഥങ്ങളും
എണ്ണമറ്റുള്ളോരീ ജീവജാലങ്ങളും
മല്‍സരം, സ്നേഹമിതൊക്കെയും വാഴ്വിന്‍റെ
കല്‍പ്പിത സത്യങ്ങള്‍ – നിശ്ചയങ്ങള്‍ !
ഇല്ലിവിടൊന്നും എനിക്കായി മാത്രം
ഉള്ളതിലൊക്കെയും പങ്കുണ്ടെനിക്കും.
നാല്‍പ്പത്തിയാറ്
പാഷാണപൂരിതം അനുഭവ ദു:ഖങ്ങള്‍
കാവ്യപുഷ്പങ്ങളായ് വിരിയുന്നു ഹൃത്തില്‍
അനന്തമാം കാവ്യ ശൃംഖലത്തുമ്പിലൊരു
കണ്ണിയായ് ബന്ധിക്കപ്പെട്ടുവോ ഞാന്‍?
എന്‍ ഹൃദയാകാശ ചക്രവാളത്തിന്‍റെ
പൂര്‍വ്വദിങ്ഭിത്തിയില്‍ മിന്നിത്തെളിഞ്ഞൊരു
താരകം – ആത്മ പ്രകാശ താരകം.
എന്‍ ചിദാകാശ പ്രദേശത്തിലെല്ലാം
തൂവെണ്‍മയേറും പ്രകാശം പരക്കുന്നു…
നാല്‍പ്പത്തിയേഴ്
അകത്തും പുറത്തും ഒരുപോല്‍ ജ്വലിച്ചും
ചിലപ്പോള്‍ തമസ്സിലടിപ്പെട്ടടിഞ്ഞും
ഉണര്‍ന്നും തളര്‍ന്നും മനോചക്രവാളം
തപിപ്പിക്കുമൂര്‍ജ്ജം പകര്‍ന്നും നിരന്തരം
എന്നേയുണര്‍ത്തുന്ന ശക്തീ – അറിവിന്‍
പ്രകാശപ്പൊടിപ്പേ, അനുഗ്രഹിച്ചാലും !
മനനത്തിനായെന്‍ മനം പ്രാപ്തമാക്കി
ചിരം ചിന്തനം ചെയ്യുവാനുല്‍ക്കരുത്തേകി
ഭാവത്രയീഭൂതമുള്‍ത്താപമൂല –
ക്കടയ്ക്കലേക്കെന്നിലെ പ്രജ്ഞയുണര്‍ത്തി നീ.
അറിവിന്‍ പ്രകാശപ്പൊടിപ്പേ മഹാല്‍ഭുതം
ക്ലേശങ്ങള്‍ വിട്ടൊഴിഞ്ഞീടുന്നു ഹൃത്തില്‍.
ഉയരുന്നു ഞാനനുഭൂതീ തലത്തിലേ-
ക്കാനന്ദ തുന്ദിലമാകുന്നു മാനസം.
ഇല്ലാ ഭയങ്ങള്‍, നിരാശകളെന്‍ മനോ –
വാടി നിറയുന്നു ജ്ഞാനപുഷ്പങ്ങളാല്‍.
സ്നേഹാമൃതം പൊഴിച്ചൊഴുകുന്നു മാരുതന്‍
ദ്വേഷദു:ഖാദികള്‍ വിട്ടൊഴിഞ്ഞെന്‍ മനം .
നാല്‍പ്പത്തിയെട്ട്
ലോകോല്‍സവത്തിലേക്കെന്നെ ക്ഷണിച്ചൂ
ആരോ ക്ഷണിച്ചു – ഞാന്‍ വന്നു പിറന്നു
ദര്‍ശന ശക്തിയെന്‍ കണ്ണുകള്‍ക്കുണ്ടായി
സ്പര്‍ശന ശക്തിയറിഞ്ഞെന്‍റെ ചര്‍മ്മം
ശബ്ദവിച്ഛേദം ശ്രവിച്ചെന്‍റെ ശ്രോത്രം
ജിഹ്വ രസങ്ങള്‍ തിരിച്ചറിഞ്ഞു
ഗന്ധങ്ങള്‍ ഘ്രാണിച്ചറിഞ്ഞെന്‍റെ നാസിക
ലോകോല്‍സവത്തില്‍ ഞാന്‍ പങ്കു ചേര്‍ന്നു…
നാല്‍പ്പത്തിയൊന്‍പത്
ജ്ഞാനപ്രകാശമെന്‍ ഹൃത്തില്‍ പരത്തിയ
ചൈതന്യ ശക്തീ പ്രണാമം .
താവകസ്പര്‍ശത്താലജ്ഞാന കൂരിരുള്‍
നീങ്ങിയെന്‍ ചിത്തം തെളിഞ്ഞു.
യുക്തിതന്‍ തൈജസ രൂപങ്ങള്‍ സത്യമായ്
കാണാമെനിക്കിന്നു മുന്നില്‍
വാഴ്വിന്‍റെ ഭാഗമാണിന്നോളം ഞാന്‍ കണ്ട
താമസ ലീലകളെല്ലാം.
ആ വക ലീലകള്‍ക്കെതിരേയെന്‍ ചിന്തയില്‍
ഉണ്ടായി രോഷ, മമര്‍ഷം.
സ്വാത്വീക- രാജസ ജോടികള്‍ താമസം
ചേര്‍ന്നാടും ലീലയീ ജീവിതം.
അറിയുന്നു ലോക നിയതികള്‍ വാഴ്വിന്‍റെ
താളക്രമങ്ങളാണെല്ലാം.
അന്‍പത്
ജ്ഞാനപ്രകാശമേ യെൻ ഹൃദയാകാശ
സീമയിൽ നിന്നു മറഞ്ഞിടല്ലേ
ബുദ്ധിപ്രഭാവമേയെൻ ചിദാകാശത്തു
നിത്യം പ്രഭ ചൊരിഞ്ഞീടേണമേ
അറ്റമില്ലാത്തൊരീ കർമ്മാംബുധി
യിൽ ഞാൻ
മുത്തുകൾക്കായി പരതുന്നു നിത്യം
കാലനദിയിലീ ഞാനുമൊലി
ച്ചു പോം
കാണാക്കയത്തിലടിഞ്ഞു താഴും
പിമ്പേ വരുന്നോർക്കു പൈതൃക
സമ്പത്തായ്
കരുതുവാനാണു ഞാൻ തേടുന്ന മുത്തുകൾ.
അന്‍പത്തിയൊന്ന്
ഭയരഹിതമെൻമനം! നിസ്സങ്കോചം
നിവർന്നു നിൽക്കുന്നു മൗലി!
സങ്കുചിതഭിത്തികൾക്കുള്ളിൽ തളച്ചാൽ
അമരുന്നതല്ലെൻറെ ബുദ്ധി
സത്യത്തിന്നഗാധതീരത്തു നിന്നും
ഉയരുന്നു വചസ്സുകൾ – നൈസർഗ്ഗി
കങ്ങൾ!
ഉദ്ഭൂതമായിടുന്നുൽകൃഷ്ട ചിന്തകൾ
തെളിവാർന്നതാണെൻ ചിദാകാശദേശം
എത്ര യാദൃച്ഛികം! എത്ര യാദൃച്ഛികം!
എന്നിലേക്കുള്ളൊരീയെൻറെ മടക്കം.
എത്ര യാദൃച്ഛികം! എത്ര യാദൃച്ഛികം!
ഈ ആത്മയാനാനുഭൂതിയും.