റിപ്പോർട്ട് എൻ.രവി
കോഴിപ്പിള്ളി ശ്രീനാരായണ ലൈബ്രറിക്ക് എം.കെ.ഹരികുമാർ നൂറ്റിയമ്പത് പുസ്തകങ്ങൾ സംഭാവന ചെയ്തു
കൂത്താട്ടുകുളം :സാഹിത്യ വിമർശകനും എഴുത്തുകാരനും കോളമിസ്റ്റുമായ എം.കെ.ഹരികുമാർ തൻ്റെ ഗ്രന്ഥശേഖരത്തിൽ നിന്ന് നൂറ്റിയമ്പത് പുസ്തകങ്ങൾ കോഴിപ്പിളളി ശ്രീനാരായണ ലൈബ്രറിക്ക് സംഭാവന ചെയ്തു.ലൈബ്രറിയുടെ ഹാളിൽ ചേർന്ന യോഗത്തിൽ പുസ്തകങ്ങൾ മുൻ പ്രസിഡൻറും അംഗവുമായ വി.കെ.ശിവൻ ഏറ്റുവാങ്ങി.
തനിക്ക് പുസ്തകങ്ങളോടുള്ളത് വെറും സ്നേഹമല്ലെന്നും സവിശേഷ പ്രണയമാണെന്നും എം.കെ.ഹരികുമാർ പറഞ്ഞു .നാല്പത്തിയൊന്നു വർഷത്തെ എഴുത്ത് ജീവിതത്തിൽ താൻ പല വീടുകൾ മാറി താമസിച്ചു. അപ്പോഴെല്ലാം പുസ്തകങ്ങളും കൂടെ പോന്നു. പുസ്തകങ്ങളുമായി ആത്മബന്ധമുള്ളവർക്ക് അത് മറ്റൊരാൾക്ക് കൈമാറാൻ തോന്നുകയില്ല. ഇവിടെ കൈമാറുന്ന പുസ്തകങ്ങളുടെ വില കണക്കാക്കിയാൽ ഇരുപതിനായിരം രൂപയിലേറെ വരും. പക്ഷേ ,അത് നോക്കേണ്ടതില്ല. അതിൻ്റെ വായനയുടെ മൂല്യമാണ് പ്രധാനം. താൻ സ്വന്തമാക്കിയ പുസ്തകങ്ങൾ മറ്റുള്ളവർക്ക് നൽകുന്നത് പതിറ്റാണ്ടുകളായി തുടർന്നുവരുന്ന സ്വഭാവമാണെന്ന് അരൂർ വിജയാംബിക ലൈബ്രറിക്കും കൂത്താട്ടുകുളം ശ്രീധരീയം നഗർ റസിഡൻസ് അസോസിയേഷൻ ലൈബ്രറിക്കും മംഗലത്തുതാഴം ജീനിയസ് ലൈബ്രറിക്കും പുസ്തകങ്ങൾ നൽകിയത് ഓർമ്മിച്ചുകൊണ്ട് ഹരികുമാർ പറഞ്ഞു.
ജീവിതം പലതരം രചികൾ നിറഞ്ഞത്
എന്നെ ജീവിപ്പിച്ചതിൽ വലിയൊരു പങ്ക് പുസ്തകങ്ങൾക്കുണ്ട്. ഇപ്പോഴും ലൈബ്രറികളിൽ നിന്ന് പ്രധാന പുസ്തകങ്ങൾ കൊണ്ടുവന്ന് വായിക്കുന്നു. ഇൻറർനെറ്റ് വ്യാപകമായതോടെ പുസ്തകങ്ങളുടെ ലഭ്യത വർദ്ധിച്ചുവെന്നത് സത്യമാണ്. ഒൻപത് കോടി പുസ്തകങ്ങൾ വായിക്കാവുന്ന ഒരു സൈറ്റ് പരിചയപ്പെടുത്തിയ സുഹൃത്തിനു നന്ദി. വിശ്വകവി ഡബ്ളിയു.ബി യേറ്റ്സിൻ്റെ ആത്മകഥ ,അമെരിക്കൻ എഴുത്തുകാരൻ വില്യം ബറോസിൻ്റെ ലാസ്റ്റ് വേർഡ്സ് തുടങ്ങിയവ വായിച്ചത് ഇങ്ങനെ പിഡിഎഫ് ഡൗൺലോഡ് ചെയ്താണ്. എന്തിനാണ് പുസ്തകങ്ങൾ വായിക്കുന്നതെന്ന് ചോദിച്ചാൽ അതൊരു വിധിയാണ്. ഒരു പൂർണ മനുഷ്യത്വത്തെ തേടുമ്പോൾ അതാവശ്യമായി വരും. മനുഷ്യൻ മനുഷ്യത്വത്തിനു വേണ്ടി അലയുന്നവനാകണം .നമ്മുടെ നാവിലെ രസമുകുളങ്ങൾ എത്ര സൂക്ഷ്മതയോടെയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒരേ നാവു കൊണ്ടാണ് മധുരവും കയ്പും പുളിയും ഉപ്പും നാമറിയുന്നത്.മധുരം മാത്രം നുണയാനല്ല ദൈവം നാവിനെ സൃഷ്ടിച്ചിരിക്കുന്നത്. അതിനു വൈവിധ്യം ആവശ്യമാണ്. അതുപോലെയാണ് നമ്മുടെ ജീവിതത്തിലെ രസമുകളങ്ങളും. ജീവിതം ഒരേയൊരു രുചികൊണ്ടല്ല അതിജീവിക്കുന്നത്. അതിന് വിവിധ രുചികൾ സ്വായത്തമാക്കാനുണ്ട്. അതറിയുകയാണ് മനുഷ്യജീവിതത്തിന്റെ ലക്ഷ്യം. എന്നും സ്വാർത്ഥമായി അലയുക എന്ന പ്രക്രിയയാണ് നാം തിരഞ്ഞെടുക്കുന്നതെങ്കിൽ അത് വിഷലിപ്തമായിരിക്കും. വായിക്കുമ്പോൾ നമുക്ക് നാനാവിധ രുചികൾ സ്വായത്തമാകുന്നു. മനുഷ്യവ്യക്തി എന്ന നിലയിലുള്ള നമ്മുടെ ഏകപക്ഷീയവും സങ്കുചിതവുമായ രുചികൾക്ക് പുറത്ത് മറ്റൊരു വലിയ ലോകമുണ്ടെന്ന അറിവ് നമുക്ക് ലഭിക്കുന്നു. വായിക്കുമ്പോൾ മറ്റുള്ളവരെ അറിയുന്നു. നമുക്ക് അറിയാത്തതാണ് നാം വായിക്കുന്നത് -ഹരികുമാർ ചൂണ്ടിക്കാട്ടി .
അദ്ധ്യാപകർ സ്വാധീനിച്ചില്ല
ഇന്നത്തെ തിരക്കു പിടിച്ച ജീവിതത്തിൽ പുസ്തകങ്ങളാണ് നമുക്ക് നഷ്ടപ്പെടുന്നത്. ഇരുപത്തി നാലു മണിക്കൂറും വായിക്കുന്നതല്ല വായന. വായന ഒരു അഭിരുചിയാണ് പ്രഖ്യാപിക്കുന്നത്. നമ്മുടെ അഭിരുചി ക്രമേണ വളർത്തുന്നതിലും സാംസ്കാരികമായി സമചിത്തത നേടുന്നതിലും വായനയ്ക്ക് വലിയ പങ്കുണ്ട്. പുസ്തകങ്ങൾ നമ്മെ ശരിയായി നടത്തും. മനുഷ്യൻ വലിയവനാകുന്നത് മറ്റുള്ളവർക്ക് എന്തെങ്കിലും കൊടുക്കുമ്പോഴാണ്.അതാണ് ധർമ്മം. ധർമ്മം എന്താണെന്ന് മഹാനായ ഭീഷ്മർക്ക് മനസ്സിലായില്ലെന്ന് ഓർക്കണം .അതുകൊണ്ടാണ് ശ്രീകൃഷ്ണൻ ഭീഷ്മരെ യുദ്ധഭൂമിയിൽ വച്ച് അതിനെക്കുറിച്ച് ഓർമ്മിപ്പിക്കേണ്ടി വന്നത്. ജീവിതം ധർമ്മത്തിന്റെ ചക്രത്തിലാണ് കറങ്ങുന്നത്.ആ ചക്രം നിന്നാൽ ജീവിതത്തിൽ ഇരുട്ട് പരക്കും. ഭിക്ഷ യാചിച്ചു വരുന്നവർക്ക് ധർമ്മം കൊടുക്കുക എന്നാണ് പറഞ്ഞിരുന്നത്. ധർമ്മം നമ്മുടേതാണ്. അത് മറ്റുള്ളവർക്ക് കൊടുക്കുമ്പോൾ നമ്മുടെ നിലവാരം ഉയരുന്നു. എന്നാൽ നമ്മുടെ വിദ്യാലയങ്ങളിലെ ചടങ്ങുകളിൽ ഇപ്പോൾ സാഹിത്യകാരന്മാരെ കാണാനില്ല. അകറ്റി നിർത്തുന്നതായിരിക്കണം. അടുത്തിടെ ഒരെഴുത്തുകാരൻ പറഞ്ഞു ,താൻ പഠിച്ച സ്കൂളിലെ ഒരു ചടങ്ങിലേക്ക് പോലും തന്നെ വിളിക്കുന്നില്ലെന്ന് ;പകരം യാതൊരു ആശയങ്ങളും പകരാനില്ലാത്ത മറ്റു പലരെയും വിളിച്ചു വരുത്തി കോപ്രായം കാണിക്കുകയാണെന്ന് .ഇത് കുട്ടികൾ എങ്ങനെ താങ്ങും ?.
ആ സുഹൃത്ത് പറഞ്ഞ കാര്യത്തിൽ കഴമ്പില്ലേ ? ഇന്നത്തെ മിക്ക അധ്യാപകർക്കും സാംസ്കാരികമായ വിദ്യാഭ്യാസമോ അറിവോ ഇല്ലെന്നാണ് ഇത് കാണിക്കുന്നത്. സിലബസിന് പിന്നാലെ പോയാൽ ശമ്പളം കിട്ടും .പക്ഷേ ,അതുകൊണ്ട് മാത്രമായില്ല. കുട്ടികളെ സ്കൂളിൻ്റെ ചരിത്രവും സാഹിത്യസംസ്കാരവും പഠിപ്പിക്കണം. മൂല്യങ്ങളെക്കുറിച്ചുള്ള അവബോധം കുട്ടികളിലേക്ക് പകരണം. പഠനത്തിൻ്റെ അനുബന്ധ മൂല്യങ്ങളുണ്ട്. എഴുതാൻ അറിയാവുന്നവരോട് എഴുത്ത് വിരോധികളായ ചിലർക്ക് കുശുമ്പ് തോന്നുന്നത് സ്വാഭാവികമാണ്. കലാകാരന്മാരും സാഹിത്യകാരന്മാരും സ്കൂളുകളിൽ എത്തുമ്പോഴാണ് സംസ്കാരിക വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ചിന്ത ആരംഭിക്കുന്നത്. സാംസ്കാരിക ജീവിതത്തെ ആഴമുള്ളതാക്കാൻ അത് അനിവാര്യമാണ് -ഹരികുമാർ പറഞ്ഞു.
കൂത്താട്ടുകുളം ഹൈസ്കൂളിൽ ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ മലയാളം അധ്യാപകനായ സി.എൻ.കുട്ടപ്പൻസാർ ഒരു ആർട്ടിസ്റ്റിനെ കൊണ്ടു അഞ്ച് എഴുത്തുകാരുടെ ചിത്രങ്ങൾ വരച്ച് ഫ്രെയിം ചെയ്തു ക്ലാസിൽ പ്രദർശിപ്പിച്ചത് നന്ദിയോടെ ഓർക്കുകയാണ്. ശരത്ചന്ദ്ര ചാറ്റർജി , കുമാരനാശാൻ ,വള്ളത്തോൾ, ഉള്ളൂർ ,സി.ജെ.തോമസ് എന്നിവരുടെ ചിത്രങ്ങൾ ക്ളാസ് റൂമിൽ അനാച്ഛാദനം ചെയ്യാൻ വന്നത് പ്രമുഖ ചിത്രകാരനായ എം.വി. ദേവനായിരുന്നു. കുട്ടികൾക്ക് സാഹിത്യകാരന്മാരെ അറിയാനും ഓർത്തിരിക്കാനുമുള്ള ഒരു മാർഗ്ഗമായിട്ടാണ് കുട്ടപ്പൻസാർ അങ്ങനെ ചെയ്തത് .അതിനുവേണ്ടി അദ്ദേഹം ആരിൽ നിന്നും പണപ്പിരിവ് നടത്തിയില്ല .സ്വന്തം ചിലവിലാണ് ഇതെല്ലാം ചെയ്തത്. അദ്ദേഹത്തെപ്പോലെ ദീർഘവീക്ഷണമുള്ള ഒരു അധ്യാപകനെ ഇപ്പോൾ കാണാനില്ല . സാഹിത്യകാരന്മാരെ വിദ്യാലയങ്ങളിൽ നിന്ന് അകറ്റി നിർത്താനാണ് ഇപ്പോൾ പലരും ശ്രമിക്കുന്നത്. ഇന്ന് അധ്യാപകർക്ക് പൊതുവേ സാംസ്കാരികധാരയിൽ ഇടപെടാനാവുന്നില്ലെന്നാണ് എൻ്റെ അഭിപ്രയം. ഇത് പരിഹരിക്കാനാണ് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിലെ വിദ്യാഭ്യാസ മന്ത്രി ഒരു സർക്കുലർ അയച്ചത് .ഓരോ വിദ്യാലയത്തിലെയും കുട്ടികളെയും കൊണ്ട് സമീപത്തുള്ള കലാകാരന്മാരെയും എഴുത്തുകാരെയും അവരുടെ വീടുകളിൽ പോയി സന്ദർശിക്കണമെന്നായിരുന്നു ആ നിർദേശം. ഞാൻ കോളജുകളിൽ നിന്ന് ബി.എ. ഇക്കണോമിക്സും എം.എ. ഇക്കണോമിക്സും പാസായെങ്കിലും പിന്നീട് ഞാൻ പഠിച്ചതെല്ലാം ഉപേക്ഷിക്കുകയാണ് ചെയ്തത് .എൻ്റെ ചിന്താപരമായ പഥങ്ങളിൽ വഴിത്തിരിവുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അതിൽ കലാശാലകൾക്ക് പങ്കില്ല .എൻ്റെ ആദ്യകൃതിയായ ‘ആത്മായനങ്ങളുടെ ഖസാക്ക്’ (1984) എഴുതുന്നതിൽ എനിക്ക് ഒരു അധ്യാപകൻ്റെയോ കലാശാലയുടെയോ സഹായം തേടേണ്ടി വന്നിട്ടില്ല. എന്നെ അവിടെയുള്ളവർ സ്വാധീനിച്ചിട്ടുമില്ല.
ഞാൻ കോളജിൽ പഠിച്ചത് മറക്കുകയാണ് ചെയ്തത്. ഞാൻ വായനയിലൂടെയാണ് സ്വയം നിർമ്മിക്കുകയും ചിന്തിക്കുകയും ചെയ്തത്. എഴുത്തിലൂടെയാണ് ഞാൻ എന്നെ അത്യന്തികമായി സൃഷ്ടിച്ചത്. ഇക്കാര്യത്തിൽ അധ്യാപകരുടെ വഴിയെ ഞാൻ സഞ്ചരിച്ചിട്ടില്ല. എനിക്ക് എന്റേതായ വഴികൾ ഉണ്ടായി വരുകയാണ് ചെയ്തത്. എൻ്റെ ഭാഷ എൻ്റെ ചിന്തയുടെ, മനനത്തിന്റെ ഫലമാണ്. അത് അദ്ധ്യാപകർ തന്നതല്ല -ഹരികുമാർ പറഞ്ഞു.
ദളവാക്കുളത്തിൽ നിന്ന് ബഷീറിൻ്റെ കഥയിലേക്ക്
കേരളം ഒരു കാലത്ത് ചിന്താപരമായി, സാംസ്കാരികമായി അധ:പതിച്ച നാടായിരുന്നു. അത് ഇനി തലപൊക്കാൻ അനുവദിക്കരുത്. വൈക്കം സത്യാഗ്രഹത്തിൻ്റെ ശതാബ്ദി ആഘോഷിക്കുകയാണല്ലോ ഇപ്പോൾ. എന്താണ് വൈക്കത്ത് സംഭവിച്ചത്? ക്ഷേത്രത്തിൽ കയറാനല്ല , ക്ഷേത്രത്തിൻ്റെ ചുറ്റുമുള്ള റോഡിലൂടെ നടക്കാൻ പോലും അനുവാദമില്ലാത്ത നാടായിരുന്നു അത്. നടക്കാൻ ശ്രമിച്ചവരെ വെട്ടിക്കൊന്നു കുഴിച്ചുമൂടിയ സ്ഥലമാണ് ദളവാക്കുളം. ആ സ്ഥലത്ത് ഇപ്പോൾ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പ്രവർത്തിക്കുകയാണ്. എത്രമാത്രം നടുക്കുന്നതും അപമാനകരവും വിധ്വംസകവുമായിരുന്നു ആ സംഭവങ്ങൾ .ഇപ്പോൾ വൈക്കത്ത് ചെന്നാൽ കായൽ തീരത്ത് പൈതൃക സ്മാരകങ്ങൾ കാണാം .ബോട്ടിൽ കയറാം. ബസ് സ്റ്റാൻഡിൽ പോകാം .ചായ കുടിക്കാം. എത്ര മനോഹരമാണ് അവിടം .എന്തൊരു സുഖമാണ്!. ലോകമെത്ര മാറി. അന്ന് ഈശ്വരനെ വന്ദിക്കാൻ ചിലരുടെ അനുവാദം വേണമായിരുന്നു. ഇതിനെതിരെ മഹാനായ ടി.കെ. മാധവൻ വൈക്കത്ത് സമരം നയിക്കുമ്പോൾ അത് ഒരു സമൂഹത്തിൻ്റെയാകെ മോചനമാവുകയായിരുന്നു. മാധവൻ സ്വന്തം വീട്ടിലെ ആവശ്യത്തിനല്ല വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് .ഇതാണ് സാമൂഹികമായ ബന്ധം .ഇതാണ് കേരളത്തിൻ്റെ ഉണർന്ന മനസ്സ്. പുസ്തകവായനയും സംസ്കാരവും ഈ ആത്മീയതയെയാണ് പരിപോഷിപ്പിക്കുന്നത്. മനുഷ്യൻ ജീവിക്കുന്നത് ഇങ്ങനെയാണ് .അവൻ തനിക്കൊപ്പം മറ്റുള്ളവരെയും കൂട്ടുന്നു. എല്ലാം എനിക്ക് മാത്രം മതി, എല്ലാം ഞാൻ തട്ടിപ്പറിച്ച് കുന്നുകൂട്ടും എന്ന് പറയുന്നവൻ അൽപ്പനാണ്.അധികം വാരിക്കൂട്ടുന്നവൻ മരിക്കാൻ പോകുന്ന സമയത്ത് വല്ലാതെ നിരാശനാകും. ഈ ധനമെല്ലാം യാതൊരു ഉപകാരവും ഇല്ലാത്തവർക്ക് വെറുതെ വിട്ടുകൊടുക്കണമല്ലോ എന്ന് അയാൾ ചിന്തിക്കും. അത് അയാളെ കീറിമുറിക്കും .അതിൽ നീറി യായിരിക്കും അയാൾ അവസാനിക്കുക. ആ വ്യഥ നമ്മെ ബാധിക്കാതിരിക്കാൻ നാം അന്യർക്ക് ഗുണം ചെയ്യുന്ന ഏതെങ്കിലും പ്രവർത്തനത്തിൽ മുഴുകണം. നമുക്ക് ചിന്തയും വെളിച്ചവും ഉണ്ടാകണം. ദളവാക്കുളത്തിൽ നിന്ന് കേരളം വളർന്നത് മഹത്തായ സാഹോദര്യത്തിന്റെയും മഹത്വത്തിന്റെയും കണ്ടുപിടുത്തത്തിലൂടെയാണ്.
വൈക്കം മുഹമ്മദ്ബഷീറിൻ്റെ ‘ഒരു മനുഷ്യൻ’ എന്ന കഥ വായിക്കണം. ഹോട്ടലിൽ ഭക്ഷണം കഴിച്ചശേഷം പണം കൊടുക്കാനില്ലാതെ നിന്ന ബഷീറിൻ്റെ കഥയാണത്. ബഷീറിൻ്റെ പഴ്സ് ആരോ അപഹരിച്ചതായിരുന്നു . ഹോട്ടൽ മുതലാളി പറഞ്ഞു ,ഷർട്ട് ഊരാൻ .പിന്നീട് ട്രൗസർ ഊരാൻ പറഞ്ഞു .അപ്പോഴാണ് ഇത് ശ്രദ്ധിച്ചു കൊണ്ട് പുറത്തു നിന്ന ,മാന്യമായി വേഷം ധരിച്ച ഒരാൾ കടന്നു വന്ന് ബഷീറിൻ്റെ ബിൽ തുകയായ മുക്കാൽ രൂപ അടച്ചത്. ബഷീറിന് ആശ്വാസമായി. ബഷീറിനെ കൂട്ടി അയാൾ പുറത്തേക്ക് നടന്നു. കുറെ നടന്ന് ആളൊഴിഞ്ഞ ഒരു പാലത്തിൽ ചെന്നപ്പോൾ ആ മാന്യൻ തൻ്റെ പോക്കറ്റിൽ കരുതിയിരുന്ന ഏതാനും പേഴ്സുകൾ എടുത്ത് ബഷീറിനെ കാണിച്ചിട്ട് ചോദിച്ചു ,ഇതിൽ ഏതാണ് തൻ്റെ പേഴ്സ് എന്ന് !ബഷീർ തൻ്റെ പേഴ്സ് തിരിച്ചു മേടിച്ചു. ഒരു മോഷ്ടാവിനു പോലും മനുഷ്യത്വമുണ്ട്. അയാൾക്കും ഒരു അന്യനോട് നിർവ്യാജമായ സ്നേഹം തോന്നുകയാണ്. ദളവാക്കുളത്തിൽ നിന്ന് മലയാളസാഹിത്യം വിശ്വമോഹനമായ മനുഷ്യത്വത്തിലേക്ക് വളർന്നത് ഇങ്ങനെയൊക്കെയാണ് -ഹരികുമാർ പറഞ്ഞു.
ചൈനീസ് നോവലിസ്റ്റ് യു ഹുവയുടെ ‘The Blood Merchant’ എന്ന കൃതിയിലെ രക്തവില്പനക്കാരനെ ഓർമ്മ വരുന്നു. ചൈനീസ് സാംസ്കാരിക വിപ്ളവകാലത്തിനു ശേഷമുള്ള ജീവിതമാണ് വിഷയം .യു ഹുവയുടെ നോവലിലെ നായകൻ കുടുംബം പോറ്റാൻ മാർഗമില്ലാതെ തൻ്റെ രക്തം വിൽക്കുകയാണ്. വിറ്റു കിട്ടുന്നതിൽ നിന്ന് ഒരു കോപ്പ ബിയറിനും ഒരു പ്ളേറ്റ് പന്നിക്കരളിനുമുള്ള തുകയാണ് അയാൾ എടുക്കുക. ബാക്കി തുക വീട്ട് ചെലവിന് നല്കും. ഈ കൃതിയിലൂടെ തെളിയുന്നതെന്താണ് ?മനുഷ്യൻ ജീവിക്കുന്നത് അവൻ്റെ മനുഷ്യത്വത്തെ നിലനിർത്താനുമാണ്. അവൻ ഏതൊരു പരിതസ്ഥിതിയിലും അതിനായി യത്നിക്കുന്നു -ഹരികുമാർ പറഞ്ഞു.
ലൈബ്രറി പ്രസിഡന്റ് അരുൺ കെ പ്രഭാകർ അദ്ധ്യക്ഷത വഹിച്ചു . അക്ഷരജാലകം എന്ന പ്രതിവാര പംക്തി എഴുതി ഇരുപത്തിയഞ്ച് വർഷം പിന്നിട്ട ഹരികുമാറിനു ലൈബ്രറിയുടെ ഉപഹാരം പാലക്കുഴ പഞ്ചായത്ത് അംഗം മഞ്ജു ജിനു സമ്മാനിച്ചു. കെ.കെ മണിയൻ ,എ.കെ. വിജയകുമാർ, വാർഡ് മെമ്പർ സാലി പീതാംബരൻ ,ലൈബ്രേറിയൻ ,കെ .എൻ.വിലാസിനി, ലൈബ്രറി സെക്രട്ടറി വി.എസ്.വിശ്വനാഥൻ, വൈസ് പ്രസിഡണ്ട് സി.പി.രമണൻ എന്നിവർ പ്രസംഗിച്ചു.