‘ഇന്ത്യൻ’ വിമർശിക്കപ്പെടുന്നു

രാജൻ കൈലാസ്‌
‘പല വിദേശകവിതകളിലും ഇത്തരം ശിൽപവിസ്മയങ്ങൾ പലപ്പോഴും കണ്ടിട്ടുമുണ്ട്‌. പക്ഷേ മലയാളിയായ ഒരു സാധാരണ കാവ്യാസ്വാദകന്‌ ഈ ‘ഇന്ത്യൻ’ രൂപപരിണാമം എത്രകണ്ട്‌ വഴങ്ങും, ആസ്വാദ്യകരമാവും എന്ന്‌ എനിക്കും സംശയമുണ്ട്‌.”
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഇന്ത്യൻ (മാതൃഭൂമി – ഡിസംബർ 24) അടുത്തകാലത്തുവന്ന കവിതകളിൽ ഏറെ ശ്രദ്ധേയവും ചർച്ചാവിഷയവുമായ ഒന്നാതി മാറി. പ്രമേയം കൊണ്ടുമാത്രമല്ല ശിൽപവ്യതിയാനം കൊണ്ടും ഏറെ വിമർശനങ്ങൾക്കും ചിന്തയ്ക്കും നിദാനമായി ഈ ചെറുകവിത.
പ്രമേയപരമായി എന്നെ ഏറെ വിസ്മയിപ്പിച്ച ഈ കവിത, ഇന്നത്തെ ഇന്ത്യൻ പൗരന്റെ വിഹ്വലമായ ജീവിതാവസ്ഥയെ അത്രതന്നെ തീവ്രതയോടെ അവതരിപ്പിക്കുന്നു. ആധാർ കാർഡിൽ കുടുങ്ങിക്കിടക്കുന്ന സാധാരണ മനുഷ്യന്റെ ‘ഇന്ത്യൻ’ ജീവിതം, അനാഥമായ ജീവിതാവസ്ഥ, പേരും പിതാവും മാതാവുമില്ലാത്ത ദരിദ്രവാസിയായ ഒരു ഇന്ത്യൻ പ്രതിരൂപം, ഏറ്റവും ശക്തമായ ഭാഷയിൽ, രൂപത്തിൽ ചുള്ളിക്കാടിന്‌ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നു തന്നെയാണ്‌ എന്റെ വിലയിരുത്തൽ. ഇത്‌ ഇങ്ങനെയല്ലാതെ ആവില്ല എന്നു തോന്നും വിധം അത്ര കൃത്യമായി വികാരവും വെറുപ്പും നിസ്സഹായതയും ഒക്കെ ചോർന്നുപോകാതെ എങ്ങനെയാണ്‌ അവതരിപ്പിക്കുക ? താളത്തിൽ പാടിപ്പോകാൻ പറ്റുന്നത്ര ലളിതമല്ല ഇവിടെ കാര്യങ്ങൾ. ഇതിലും തീവ്രമായ ഒരു പശ്ചാത്തലം (കോടതി) ഇതിന്‌ പ്രയോഗിക്കാനുമില്ല. പൗരന്റെ അവസാന ആശ്രയമായ നീതിപീഠത്തിലാണ്‌ അവന്റെ പരമദയനീയത കൂടി ചോദ്യം ചെയ്യപ്പെടുന്നത്‌. ഓരോ ഉത്തരവും ഓരോ പ്രകമ്പനമാണ്‌ വായനക്കാരനിൽ ഉണ്ടാക്കുന്നത്‌. പട്ടിണിമൂലം പഴത്തൊലി തിന്നുന്നവൻ, പോലീസുകാരന്റെ ശുക്ലം ഭക്ഷിക്കുന്നവൻ, സ്വപ്നത്തിൽ ഈച്ചകളെ തിന്നുന്നവൻ എന്നൊക്കെ ഒരു മനുഷ്യന്റെ ജീവിതാവസ്ഥയെ ഒരു കവി ബിംബവൽക്കരിക്കുമ്പോൾ വായനക്കാരനിലേക്കും ആ അസ്വസ്ഥത വല്ലാതെ പടർന്നു കയറുകയാണ്‌. ഇതിൽ കവിഞ്ഞു ഏതു ബിംബങ്ങളാണ്‌ ഒരു കവിക്ക്‌  പ്രയോഗിക്കാൻ ഉണ്ടാവുക ?
ഇത്ര കിരാതമായ മനുഷ്യാവസ്ഥയ്ക്കിടയിലാണ്‌ മൈതാനത്തെ മതപ്രഭാഷണം ! പ്രഭാഷകനെ കുത്തിക്കൊന്നത്‌ ആരെന്നറിയില്ല. എങ്കിലും, ഈ ഇന്ത്യൻ തന്നെ പ്രതി എന്നു ഉറപ്പിക്കുന്ന കോടതി, അയാളെ ജീവപര്യന്ത്യം തടവിന്‌, അതും മാനസികാരോഗ്യ-കേന്ദ്രത്തിൽ (നാടൻ ഭാഷയിൽ ഭ്രാന്താശുപത്രി) വിധിക്കുകയാണ്‌. ഒരിക്കലും ഭ്രാന്തുമാറി പുറത്തുവരാൻ പാടില്ല എന്ന ജീവപര്യന്തം വിധിയാണ്‌ പൗരന്‌ ലഭിക്കുന്നത്‌.
രൂപപരമായ വലിയൊരു ആഘാതം തന്നെയാണ്‌ ഈ കവിതയിലൂടെ ബാലചന്ദ്രൻ ഉണ്ടാക്കുന്നത്‌ എന്ന്‌ നിസ്സംശയം പറയാം. എല്ലാ രൂപങ്ങളെയും നിർവചനങ്ങളെയും ധിക്കരിച്ചുകൊണ്ട്‌ (ലോകകവിതയും ഒപ്പം മലയാളകവിതയും) മുന്നോട്ടുപോകുന്നു എന്ന്‌ കരുതുന്ന ആളാണ്‌ ഞാൻ. പല വിദേശകവിതകളിലും ഇത്തരം ശിൽപവിസ്മയങ്ങൾ പലപ്പോഴും കണ്ടിട്ടുമുണ്ട്‌. പക്ഷേ മലയാളിയായ ഒരു സാധാരണ കാവ്യാസ്വാദകന്‌ ഈ ‘ഇന്ത്യൻ’ രൂപപരിണാമം എത്രകണ്ട്‌ വഴങ്ങും, ആസ്വാദ്യകരമാവും എന്ന്‌ എനിക്കും സംശയമുണ്ട്‌. ഭിന്നമായ ഒട്ടേറെ വാദങ്ങൾ, വിമർശനങ്ങൾ വന്നു കഴിഞ്ഞു. പ്രത്യേകിച്ചും സോഷ്യൽ മീഡിയയിൽ . ഒരു ആസ്വാദകൻ എന്നോട്‌ ഫോണിൽ പറഞ്ഞത്‌,  ‘ഇതാണോ കവിത ? ഈ വരികൾക്ക്‌ മുകളിൽ ‘കഥ’ എന്നെഴുതിയാലും ‘നാടകം’ എന്നെഴുതിയാലും ‘തിരക്കഥ’ എന്നെഴുതിയാലും വ്യത്യാസമൊന്നുമില്ലല്ലോ എന്നാണ്‌. ഇതും സത്യമാവാം. കഥയിലും നാടകത്തിലും സിനിമയിലും കവിതയുള്ളതുപോലെ തന്നെ കവിതയിലും കഥയും നാടകവുമൊക്കെ ഉണ്ട്‌ എന്നും കരുതാം, വാദിക്കാം. ചുരുക്കത്തിൽ കഥയോ കവിതയോ എന്നതല്ല ചടുലമായ സമകാലിക ജീവിതത്തെ എത്രമാത്രം സത്യസന്ധമായി എഴുതാൻ ആവുന്നു എന്നതാണ്‌ പ്രശ്നം ! അത്‌ നൂറുശതമാനം മിഴിവോടെ ചെയ്യാൻ ഇവിടെ കഴിഞ്ഞു എന്നതാണ്‌ എടുത്തു പറയേണ്ടത്‌.
യാത്രാമൊഴിയും, സന്ദർശനവും, സഹശയനവും, എവിടെ ജോണും, അന്നവുമൊക്കെ എഴുതിയ ചുള്ളിക്കാട്‌ – നിയതമായ വൃത്തവും താളവും ചിലപ്പോൾ മുറുകിയ ഗദ്യവും ഒക്കെ ഭംഗിയായി കവിതയിൽ സന്നിവേശിപ്പിച്ച്‌ കൃതഹസ്തനായ കവി. ഇതുപോലെ ഒരു കവിത, വിഷയം അവതരിപ്പിക്കുമ്പോൾ അതിന്‌ ഇങ്ങനെയൊരു ‘ഭാഷണരൂപം’ തിരഞ്ഞെടുക്കുമ്പോൾ അത്‌ മന:പൂർവ്വം ചെയ്തു എന്നുതന്നെ നാം കരുതുക. അശ്രദ്ധമായി വന്നു കയറിയ ഒരു ക്രാഫ്റ്റ്‌ അല്ല അത്‌. എനിക്കു തോന്നുന്നത്‌ ഇത്‌ മറ്റെതു രീതിയിൽ പറഞ്ഞാലും ഇത്ര തീവ്രമാകുമായിരുന്നില്ല എന്നു തന്നെയാണ്‌. അതാണ്‌ ഈ കവിതയുടെ സാഫല്യവും.
ഈ കവിത ബാലചന്ദ്രൻ ചുള്ളിക്കാട്‌ എന്ന കവി എഴുതിയുകൊണ്ടും മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ വളരെ ഗംഭീരമായി അച്ചടിച്ചു എന്നതുകൊണ്ടും കൂടിയാണ്‌ ഏറെ ശ്രദ്ധേയവും ചർച്ചാവിഷയവുമായി എന്നത്‌ എനിക്കുതോന്നിയ കാര്യമാണ്‌. ഇത്ര തന്നെ തീവ്രമായ എത്രയോ കവിതകൾ, നമ്മുടെ പുതിയ കവികൾ പലരും എഴുതുന്നു, മാതൃഭൂമി ഉൾപ്പെടെയുള്ള പ്രമുഖ പ്രസിദ്ധീകരണങ്ങൾ അവ നിരാകരിക്കുന്നു എന്നത്‌ ചൂണ്ടിക്കാട്ടേണ്ടതുണ്ട്‌. സാമൂഹ്യമാധ്യമങ്ങളിൽ മാത്രം ചില ചർച്ചകൾ നടത്തി ആ കവിതകൾ പലതും ഒതുങ്ങിപ്പോകുകയാണ്‌. ഇതേ കവിത മറ്റൊരു കവിയുടെ പേരിൽ മാതൃഭൂമിക്ക്‌ കിട്ടിയിരുന്നെങ്കിൽ അച്ചടിക്കുമായിരുന്നോ എന്ന സംശയവും ബാക്കിനിൽക്കുന്നു! ‘ഇന്ത്യൻ’ എന്ന കവിത വിവിധ തലങ്ങളിൽ, മാനങ്ങളിൽ -ചർച്ചാവിഷയമാക്കുമ്പോൾ ഇതു കൂടി ചൂണ്ടിക്കാണിക്കുന്നു എന്നു മാത്രം.

You can share this post!