‘‘Father, your guiding hand on my shoulder will remain with me for ever’’
അച്ഛനെക്കുറിച്ച് എന്താണ് പറയേണ്ടതെന്നോ, അച്ഛനെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടതെന്നോ എനിക്കറിയില്ല. കാവ്യഭാവനയുടെ വസന്തം വിരിയിച്ച കവിയെന്നോ, കാവ്യഭംഗി തുളുമ്പുന്ന കവിതകളാൽ മലയാള കവിതയെ ആശ്ലേഷിച്ച കവിയെന്നോ, സ്നേഹവാത്സല്യങ്ങൾ ഇടവപ്പാതി പോലെ കോരിച്ചൊരിഞ്ഞ ഒരു വ്യക്തിയെന്നോ, ഏതു ആൾക്കൂട്ടത്തിലും ഏകാന്തത കണ്ടെത്താൻ കഴിയുമായിരുന്ന ഒരുവനെന്നോ, പബ്ലിസിറ്റിക്കും ക്യാമറക്കു മുമ്പിലും വരാൻ തീരെ താല്പര്യപ്പെടാത്ത ഒരാളെന്നോ- ഇതിൽ ഏതു വിശേഷണമാണ് അച്ഛന് യോജിക്കുക? അതോ ഇതിന്റെ എല്ലാം ഒരു സമ്മിശ്രമായിരുന്നുവോ? അറിയില്ലെനിക് , അറിയില്ല.
ഒരു മകൻ എന്ന നിലക്ക് അച്ഛനെക്കുറിച്ച് ഓർക്കുമ്പോൾ മനസ്സിൽ പെട്ടെന്ന് ഓടിയെത്തുന്നത് ആദ്യമായും അവസാനമായും എന്നെ തല്ലിയ ദിവസമാണ് . രാമചന്ദ്രൻ മാസ്റ്റർക്ക് ദേഷ്യം വരുമോ എന്ന സംശയം പലരുടെ മനസ്സിലും ഉണ്ടായേക്കാം. പക്ഷെ അപൂർവങ്ങളിൽ അപൂർവമായി സംഭവിക്കുന്ന, സംഭവിച്ച ഒരു കാര്യമായതിനാൽ, നമ്മൾ അതിനെ ഏറെ ഗൗരവത്തോടെ വീക്ഷിക്കേണ്ട കാര്യമില്ല. കാരണം, ഒരു ഉറുമ്പിനെപ്പോലും നോവിക്കാത്ത, നോവിക്കാൻ കഴിയാത്ത , മനുഷ്യനായിരുന്നു എൻ്റെഅച്ചൻ. അന്ന് എനിക്ക് കിട്ടിയ പ്രഹരം അച്ഛന്റെ മനസ്സിൽ വന്ന കോപത്തിന്റെ കാരണമായിരുന്നില്ല, മറിച്ച് എന്നോടുള്ള അമിതമായ സ്നേഹം മൂലമായിരുന്നു എന്ന് കരുതാനാണ് അന്നും ഇന്നും ഇഷ്ടം.
1965ൽ നടന്ന സംഭവമാണ് അത്. എസ്.എസ്.എൽ.സി. അവസാന പരീക്ഷ കഴിഞ്ഞു വീട്ടിലേക്ക് എത്തിച്ചേരേണ്ട സമയമായിട്ടും എന്നെ കാണാത്തപ്പോൾ സ്‌കൂൾ പരിസരത്ത് എത്തിയ അച്ചൻ കണ്ടത് ഞാൻ മറ്റു കുട്ടികളുടെ കൂടെ പന്ത് കളിക്കുന്നതാണ്. വീട്ടിലെത്തിയ എനിക്ക് സമ്മാനമായി കിട്ടിയതോ, തുടയിൽ ഈർക്കലുകൊണ്ടുള്ള പ്രഹരവും. ആ പ്രഹരത്തിൽ എന്നെ കാണാത്തതിലുള്ള മനോവിഷമം മുഴുവനും പ്രതിഫലിച്ചിരുന്നു. എന്നാൽ കഥ ഇവിടെ അവസാനിക്കുന്നില്ല . അന്ന് രാത്രി എന്നെ കെട്ടിപിടിച്ചുകൊണ്ടാണ് അച്ചൻ ഉറങ്ങിയതെന്നു പറയുമ്പോൾ ആ മനസ്സിൽ എന്നോടുള്ള വാത്സല്യം മുഴുവനും അണപൊട്ടി ഒഴുകിയിരുന്നുവെന്നു പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ..
എന്തോ ഒരസുഖത്തിന് (അസുഖം എന്തായിരുന്നുവെന്ന് ഞാൻ കൃത്യമായി ഓർക്കുന്നില്ല) അച്ഛനെ ഞാൻ ഒരു ഹോമിയോ ഡോക്ടറെ കാണിക്കുവാൻ കൊണ്ട് പോയിരുന്നു. ചോദ്യങ്ങൾ ചോദിക്കുന്നതിനിടയിൽ ഡോക്ടർ ആരാഞ്ഞു ‘ നിങ്ങൾക്ക് ദേഷ്യം വരാറുണ്ടോ?’. അതിന് മറുപടി നൽകിയത് ഞാനാണ്. ‘ ‘ദേഷ്യം’ അച്ഛന്റെ നിഘണ്ടുവിൽ ഇല്ലാത്ത വാക്കാണ്.’
വേനലവധിക്കാലത്ത് ഞങ്ങൾ തൃശൂർ ജില്ലയിലെ തറവാടായ പഴവൂരിൽ എത്തുക പതിവായിരുന്നു. അച്ഛന്റെ അവിടെയുള്ള സ്വകാര്യ ഗ്രന്ഥശാലയിൽ വിശ്വോത്തര എഴുത്തുകാരുടെ ഒട്ടുമുക്കാലും പുസ്തകങ്ങൾ ഉണ്ടായിരുന്നു. അതിൽ നിന്ന് ഏതെങ്കിലും ഒരു നോവൽ എനിക്ക് വായിക്കാൻ തരും. വായിച്ചുകഴിഞ്ഞാൽ പ്രസ്തുത നോവലിനെ കുറിച്ച് ഒരു ചെറുവിവരണം ഇംഗ്ലീഷിൽ എഴുതി അച്ഛനെ കാണിക്കണം. എന്നിൽ സാഹിത്യാഭിരുചി വളർത്തിയെടുക്കാൻ അത് ഏറെ സഹായകമായി. ഹെമിംഗ്‌വേ, ടോൾസ്റ്റോയ്, ദോസ്തോവയസ്‌കി, ഇഗ്‌നേഷ്യസ് സിലോണി, ഹെർമൻ ഹെസ്, നിക്കോസ് കസാൻസാക്കിസ്, അൽബർ കാമ്യു എന്നീ എഴുത്തുകാരെ ഞാനറിയുന്നത് അങ്ങനെയാണ്. കൂട്ടത്തിൽ ചില യൂറോപ്യൻ- ലാറ്റിനമേരിക്കൻ കവികളേയും
കോഴിക്കോട്ട് മാത്രമല്ല, ഒരു പരിധിവരെ കേരളത്തിന്റെ മറ്റു ജില്ലകളിലും വ്യാപിച്ചു കിടക്കുന്നു അദ്ദേഹത്തിന്റെ ശിഷ്യശൃംഗല. ആ പത്മതീർത്ഥത്തിൽ ഒന്ന് കുളിച്ചു കയറുവാനുള്ള സൗഭാഗ്യം എനിക്കും ലഭിച്ചിട്ടുണ്ട്. ബി.എയ്ക്ക് ഷേക്‌സ്‌പിയറുടെ ‘മാക്‌ബത്’ എനിക്ക് പഠിക്കുവാനുണ്ടായിരുന്നു. അച്ഛന്റെ ട്യൂഷൻ ക്ലാസ്സിൽ ഞാനും ഒരു വിദ്യാർത്ഥിയായിരുന്നു. ‘മാക്‌ബത്’ തുടങ്ങിയത് ബ്രാഡ്‌ലിയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടായിരുന്നു. ‘Darkness, we may even say blackness, broods over this tragedy.’ അന്നത്തെ ക്ലാസ്സിൽ അച്ഛന്റെ വിവരണം മുഴുവനും Atmosphere in Macbeth നെ കുറിച്ചായിരുന്നു. വാക്കുകൾ കൊണ്ട് ശരിക്കും അമ്മാനമാടുകയായിരുന്നു അച്ഛൻ. സാഹിത്യത്തിൽ, അത് മലയാളമായാലും,സംസ്കൃതമായാലും, ഇംഗ്ലീഷ് ആയാലും, ലാറ്റിൻ അമേരിക്കൻ ആയാലും നമ്മളുടെ ഏത് സംശയത്തിനും കൃത്യമായ മറുപടി തരുന്ന ഒരു അതുല്യപ്രതിഭയായിരുന്നു അച്ഛൻ എന്ന് ഞാൻ അടിവരയിട്ട് പറയുമ്പോൾ അതിൽ അതിശയോക്തിയുടെ ഒരു കണികപോലും ഇല്ല എന്നതാണ് പരമാർത്ഥം. A real walking encyclopaedia.
അച്ഛൻ ഒരിക്കലും ട്യൂഷന് വരുന്ന കുട്ടികളിൽനിന്ന് ഫീസ് കണക്കു പറഞ്ഞു വാങ്ങിയിരുന്നില്ല. മാത്രമല്ല പല കുട്ടികളെയും സൗജന്യമായി പഠിപ്പിക്കുകയും ചെയ്തിരുന്നു. തളി ക്ഷേത്രത്തിൽ ജോലി ചെയ്തിരുന്ന വിഷ്ണു അച്ഛന്റെ പക്കൽ ട്യൂഷന് വന്നിരുന്നു. അക്കാലത്തെ ക്ഷേത്രജീവനക്കാരുടെ ശമ്പളം കുറവായിരുന്നല്ലോ. വിഷ്ണുവിന്റെ വീട്ടിൽ സാമ്പത്തിക പരാധീനത ഏറെ ഉണ്ടായിരുന്നു. കിട്ടുന്ന വരുമാനത്തിൽ നിന്ന് മിച്ചം വെച്ച പണം അയാൾ സൂക്ഷിച്ചിരുന്നത് കളിമണ്ണ് കൊണ്ടുണ്ടാക്കിയ ഒരു പാത്രത്തിലായിരുന്നു. അതിനകത്തെ ചില്ലറ മുഴുവനും പുറത്തെടുത്ത്, ഒരു സഞ്ചിയിലാക്കി അച്ഛന്റെ കയ്യിൽ ഏല്പിച്ചു( വിഷ്ണു തന്നെ പറഞ്ഞ കാര്യം) സംഗതിയുടെ ഗൗരവം മനസിലാക്കിയ അച്ഛൻ ആ പണം മുഴുവനും വിഷ്ണുവിന് തിരിച്ചു കൊടുക്കുകയും ‘ താൻ ഫീസ് തന്നിട്ടാണ് ഇവിടെ പഠിക്കാൻ വരുന്നതെങ്കിൽ നാളെ മുതൽ ട്യൂഷന് വരേണ്ട’ എന്ന് പറയുകയും ചെയ്തു. അതിനുശേഷം ഒരു ക്ലാസ് പോലും മുടങ്ങാതെ വിഷ്ണു ട്യൂഷന് വന്നിരുന്നുവെന്ന വസ്തുത അച്ഛന് ഏറെ സന്തോഷം ഉളവാക്കി. അങ്ങനെ കുറെ നല്ല മുഹൂർത്തങ്ങൾക്കു ഞാൻ സാക്ഷ്യം വഹിച്ചിട്ടുണ്ട്.
ഏത് നേരത്താണ് അച്ഛൻ കവിത എഴുതുക എന്ന് കൃത്യമായി പറയുവാൻ സാധ്യമല്ല. പാതിരാക്ക്, ഒരു ഉറക്കം കഴിഞ്ഞ്, നമ്മൾ എന്തിനെങ്കിലും വേണ്ടി എഴുന്നേൽക്കുമ്പോൾ, ടേബിൾ ലാമ്പിന്റെ വെളിച്ചത്തിൽ കവിത കുത്തികുറിച്ചുകൊണ്ടിരുക്കുന്ന അച്ഛനെ കാണാം.എഴുതിയ കവിതകളിൽ ഏതെങ്കിലും വാക്കുകൾ തൃപ്തി നൽകിയില്ലെങ്കിൽ ആ വാക്കുകളുടെ അടുത്തുതന്നെ ‘To Recast’ എന്ന് എഴുതിയിരിക്കും.
വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ ജോലിസ്ഥലമായ മഹാരാഷ്ട്രയിലെ അമരാവതിക്ക് എൻ്റെ ചേച്ചി – വസന്ത – പോയപ്പോൾ ഉണ്ടായ ദുഃഖത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് ‘സൂര്യകിരണം’ എന്ന കവിത. പല പ്രാവശ്യം വെട്ടലും തിരുത്തലും നടത്തിയ ശേഷമാണ് പ്രസ്തുത കവിത ഇന്ന് നമ്മൾ കാണുന്ന രൂപത്തിലെത്തുന്നത്.
ഏഴ൦ഗങ്ങളുള്ള ഞങ്ങൾ താമസിച്ചിരുന്നത് (ആർ. വി അടക്കം) ഒരു വാടക വീട്ടിലായിരുന്നു ( പിന്നീട് ആ വീട് അച്ഛൻ സ്വന്തമാക്കി) . മക്കളുടെ വിദ്യാഭ്യാസം, വീട്ടുവാടക, മറ്റു ചിലവുകൾ, അതിനു പുറമെ നാട്ടിലുള്ള മുത്തച്ഛന് കൃഷി ആവശ്യത്തിനായി അയച്ചു കൊടുക്കുന്ന പണം – ഇത്രയും അച്ഛന്റെ വരുമാനത്തിൽ നിന്നായിരുന്നു. ചില മാസങ്ങളിൽ ‘രണ്ടറ്റം’ മുട്ടിക്കാൻ പോലും ഏറെ പാടുപെട്ടിരുന്നു. പല രാത്രികളിലും റേഷൻ കടയിൽ നിന്ന് വാങ്ങുന്ന ഗോതമ്പു കൊണ്ട് ഉണ്ടാക്കുന്ന കഞ്ഞിയായിരിക്കും ഭക്ഷണം. ഇന്നും ഞാൻ വേദനയോടെ ഓർക്കുന്ന, എത്ര ശ്രമിച്ചിട്ടും മറക്കാൻ പറ്റാത്ത, ഒരു കാര്യമുണ്ട്. ഞാൻ രണ്ടാം വർഷ പ്രീഡിഗ്രിക്കു പഠിക്കുന്ന കാലം . ഏതോ ഒരു ദിവസം അച്ഛന് നാട്ടിലേക്ക് പോകേണ്ട ആവശ്യം വന്നു. നിത്യച്ചിലവിനായി അമ്മയുടെ പക്കൽ ഏല്പിക്കാൻ വേറെ പണവുമില്ല. നാട്ടിലേക്ക് പോകുന്നതിന്റെ തലേദിവസം അച്ഛൻ എന്നോട് പറഞ്ഞു ‘ നീ നാളെ രാവിലെ മാരാരെ കണ്ട് ഒരഞ്ഞൂറു രൂപ വാങ്ങണം. ഞാൻ പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞാൽ മതി.’ അന്ന് കോർട്ട് റോഡിൽ മാത്രമായിരുന്നു ടൂറിംഗ് ബുക്സ്റ്റാൾ പ്രവർത്തിച്ചിരുന്നത്. ഞാൻ വിഷയം അവതരിപ്പിച്ചപ്പോൾ, ഒരു മറുചോദ്യവും ചോദിക്കാതെ ആവശ്യപ്പെട്ട തുക ബാലേട്ടൻ തന്നു എന്ന വസ്തുത ഏറെ നന്ദിയോടെ ഞാനിന്നും സ്മരിക്കുന്നു. കയ്യിൽ പണമില്ലാത്ത ഒരവസ്ഥയെക്കുറിച്ച് ഞാൻ ബോധവാനാകുന്നത് ഈ സംഭവത്തിലൂടെ ആണ്.
1975 ൽ ഞാൻ ജോലിയിൽ പ്രവേശിച്ച ആദ്യദിവസം തന്നെ അച്ഛൻ എന്നോട് പറഞ്ഞ കാര്യം അതിന്നും ഓർക്കുന്നു, കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. ‘ആവശ്യത്തിന് മാത്രം പണം കരുതുക. ഒരിക്കലും പണത്തിന്റെയും പ്രശസ്തിയുടെയും പിന്നാലെ പോകരുത്. മറ്റുള്ളവരുടെ സാമ്പത്തിക അവസ്ഥയുമായി ഒരിക്കലും താരതമ്യപഠനം നടത്തരുത്. സന്തോഷമായി ജീവിക്കാൻ പഠിക്കുക. ഭാരതത്തിന്റെ മഹത്തായ പൈതൃകം മനസിലാക്കാൻ ധാരാളം യാത്ര ചെയ്യുക.’ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപെട്ടും യാത്രകൾ ചെയ്തും അച്ഛന്റെ ഉപദേശങ്ങൾ ഞാനിന്നും കാത്തുസൂക്ഷിക്കുന്നു.
എൻ്റെ വിവാഹനിശ്ചയ സമയത്ത് അച്ഛൻ പറഞ്ഞത് ഒരേയൊരു കാര്യം മാത്രം. മരുമകളായി വരുന്ന കുട്ടിയുടെ കണ്ണിൽനിന്നും നമ്മുടെ തെറ്റ് കാരണം ഒരു തുള്ളി കണ്ണുനീർ പോലും ഈ വീട്ടിൽ വീഴാതെ നോക്കണം. എത്ര അച്ചന്മാർ അവരുടെ മക്കളോട് ഇങ്ങനെ പറഞ്ഞിട്ടുണ്ടാകും? ‘സന്ധ്യ’യിലെ മൂന്ന് മരുമക്കളും അച്ഛനും അമ്മക്കും സ്വന്തം മക്കളെപ്പോലെ തന്നെയായിരുന്നു.
സർവീസിൽ ഉള്ളപ്പോൾ സ്കൂട്ടർ വാങ്ങണമെന്ന ഒരു കൊച്ചുമോഹം എനിക്കുണ്ടായിരുന്നു. പത്രങ്ങളിൽ നിത്യവും വരുന്ന വാഹനാപകടങ്ങളെ കുറിച്ചുള്ള വാർത്തകൾ അച്ഛനെയും അമ്മയെയും ഒരുപോലെ അലോസരപ്പെടുത്തിയിരുന്നു. ‘ഞങ്ങളുടെ മരണശേഷം നീ സ്കൂട്ടർ വാങ്ങുകയോ മറ്റെന്തു വേണമെങ്കിലും വാങ്ങുകയോ ആയിക്കോ’ എന്നാണവർ പറഞ്ഞത്. എഴുപത് വയസ്സ് തികഞ്ഞ എനിക്ക് ഇപ്പോൾ ഒരു വണ്ടി ഓടിക്കാനുള്ള ആത്മവിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. കോഴിക്കോട് നഗരത്തിൽ സ്വന്തമായി സൈക്കിൾ പോലും ഇല്ലാത്ത വീട് ഒരുപക്ഷെ ഞങ്ങളുടേതായിരിക്കും!
സുഹൃത്തുക്കളും സാഹിത്യപ്രേമികളുമായ ഒരു പറ്റം ആളുകളുടെ സൗഹൃദ കൂട്ടായ്മയാണ് ‘കോലായ’. അച്ഛന് പുറമെ കക്കാട്, ഉറൂബ്, അക്കിത്തം, കടവനാട് കുട്ടികൃഷ്ണൻ, എം. ജി. എസ്., എൻ.പി. മുഹമ്മദ്, ഉണ്ണികൃഷ്ണൻ ചേലേമ്പ്ര, ഡോക്ടർ ടി.കെ.രവീന്ദ്രൻ, ജോർജ് ഇരുമ്പയം, ഗോവിന്ദൻ നമ്പീശൻ, കെ. ഗോപാലകൃഷ്ണൻ, എന്നിവർ അതിലെ അംഗങ്ങളായിരുന്നു. പി.എം. നാരായണനും ആർ. വിശ്വനാഥനും അതിൽ വൈകിയെത്തിയ അംഗങ്ങളും. എല്ലാ ഞായറാഴ്ചകളിലും ഇവർ മുകളിൽ പറഞ്ഞ ഏതെങ്കിലും സാഹിത്യകാരന്റെ വീട്ടിൽ ഒത്തുചേരും. കാലത്ത് പത്ത് മണിയോടെ ആരംഭിക്കുന്ന ചർച്ചകൾ അവസാനിക്കുമ്പോൾ പലപ്പോഴും രാത്രി എട്ടു മണിയാകും. ഇതിനിടയിൽ പ്രാതൽ, ഉച്ചഭക്ഷണം, വൈകുന്നേരത്തെ ചായ എന്നിവയും ഉണ്ടാകും. ആരെങ്കിലുമൊരാൾ തന്റെ രചന അവിടെ അവതരിപ്പിക്കും. അത് മിക്കവാറും കവിതകളായിരിക്കും. ചർച്ചകളിൽ നിന്നുയരുന്ന കടുത്ത വിമർശനങ്ങൾ ഒരിക്കലും സുഹൃദ്ബന്ധത്തെ ഉലച്ചിരുന്നില്ല എന്നതാണ് വാസ്തവം. തളിയിലെ ‘സന്ധ്യ’യിൽ നടന്നിരുന്ന ചർച്ചകൾ ഞാൻ അകത്തിരുന്നുകൊണ്ട് ശ്രദ്ധിക്കുമായിരുന്നു.
ഇതിനിടെ ഞാനൊരു സാഹസത്തിനു മുതിർന്നു. ഒന്നു രണ്ടു കവിതകൾ (?) എഴുതി ഭയഭക്തിയോടെ അച്ഛനെ കാണിച്ചു. ‘വാക്കുകൾ വെറുതെ അങ്ങോട്ടുമിങ്ങോട്ടും എഴുതിയാൽ അത് കവിതയാവില്ല’ എന്നൊരു കമെന്റും കിട്ടി. This is not my cup of tea എന്ന് എനിക്ക് ബോധ്യമായി. കവിത എഴുതാനുള്ള ആഗ്രഹം ഞാൻ അന്നുതന്നെ ഉപേക്ഷിച്ചു.
ബി. എ. രണ്ടാം വർഷം ‘A Letter to God’ എന്ന സ്പാനിഷ് കഥ ഞാൻ ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യുകയുണ്ടായി. അത് ‘യുവഭാവന’ എന്ന മാസികയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഏതൊരു വ്യക്തിക്കും അയാളുടെ ആദ്യ രചന പ്രസിദ്ധീകരിച്ചു കാണുമ്പോൾ മനസ്സിൽ അവർണനീയമായ സന്തോഷം ഉണ്ടാകുമല്ലോ. അങ്ങനെ ഒരു അവസ്ഥയിൽ ആയിരുന്നു ഞാനും. പ്രസ്തുത മാഗസിൻ അതിന്റെ എഡിറ്ററും അച്ഛന്റെ സുഹൃത്തുമായിരുന്ന ബാലകൃഷ്ണക്കുറുപ്പ് അച്ഛന് കൊടുക്കുക മാത്രമല്ല, എൻ്റെ രചന വായിച്ചു കേൾപ്പിക്കുകയും ചെയ്തു. കുറുപ്പ് പോയ ശേഷം അച്ഛന് എന്നോട് പറഞ്ഞു ‘ ഈ മേഖലയിൽ നീ ശ്രദ്ധ ചെലുത്തണം’. അത് എനിക്ക് കിട്ടിയ ഒരു അംഗീകാരമായി ഞാൻ കരുതുന്നു.
ഈ കാലയളവിനുള്ളിൽ ഞാൻ ഏഴ് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു, രണ്ടെണ്ണം ഇംഗ്ലീഷിലും മറ്റുള്ളവ മലയാളത്തിലും. പക്ഷെ അതൊന്നും ഒരു അംഗീകാരത്തിന് വേണ്ടി ആയിരുന്നില്ല. കാരണം അച്ഛന്റെ നാലയലത്ത് നിൽക്കാനുള്ള ഒരു യോഗ്യതയും എനിക്കില്ല.
ഞാനിനി ചെറിയൊരു നർമ്മം കുറിക്കട്ടെ.
ചില സായാഹ്നങ്ങളിൽ പി. എം. നാരായണൻ അച്ഛനെ ഫോണിൽ വിളിക്കുമായിരുന്നു. വിളി ലാൻഡ് ഫോണിൽ ആയിരുന്നതുകൊണ്ട് ഒട്ടുമുക്കാൽ തവണയും ഞാനാണ് അതെടുക്കുക. ‘മാഷ് വീട്ടിൽ ഉണ്ടാകുമല്ലോ. ഞാൻ അവിടേക്ക് വരുന്നുണ്ട്.’ ഇത്രയുമാണ് പി.എം . പറയാറ്. ഈ വിവരം അച്ഛനെ അറിയിക്കേണ്ട താമസമേയുള്ളു. അമ്മയ്ക്
നാരായണനുള്ള കാപ്പി തയ്യാറാക്കാനുള്ള നിർദ്ദേശം നല്കാൻ. അതിനുള്ള അമ്മയുടെ മറുപടിയാണ് അതിലും രസകരം.’ നാരായണൻ വീട്ടിൽ നിന്ന് പുറപ്പെട്ടിട്ടുകൂടി ഉണ്ടാകില്ല. നിങ്ങൾ പറയുന്നത് കേട്ടാൽ തോന്നും ഞാൻ നാരായണന് കാപ്പി കൊടുക്കാറില്ലെന്ന്’ . അച്ഛന്റെ മുഖത്ത് ഒരു പുഞ്ചിരി മാത്രം . തഥാഗത മന്ദസ്മിതം. ഈ രംഗങ്ങളൊക്കെയും മക്കളായ ഞങ്ങൾ ഏറെ കൗതുകത്തോടെയാണ് വീക്ഷിച്ചിരുന്നത്.
2005 എന്നെ സംബന്ധിച്ചിടത്തോളം വളരെ മോശമായ ഒരു വർഷമായിരുന്നു. ആ വർഷം മെയ് 3-ാ൦ തിയ്യതിയാണ് അച്ഛന്റെ അനിയനും കോഴിക്കോട് സർവകലാശാലയിലെ ഇംഗ്ലീഷ് വകുപ്പ് മേധാവിയും കവിയും നിരൂപകനുമായിരുന്ന ആർ. വിശ്വനാഥന്റെ മരണം. അത് അക്ഷരാർത്ഥത്തിൽ അച്ഛനെ തളർത്തി. കാരണം സ്വന്തം മകനെപ്പോലെയാണ് ആർ.വി.യെ അച്ഛൻ സ്നേഹിച്ചു വളർത്തിയത് . അനുജന്റെ മരണസമയത്ത് കിടപ്പിലായിരുന്നു അച്ഛൻ. അച്ഛനെ കാണുവാനും അനുജൻ മരിച്ച ദുഃഖത്തിൽ പങ്കുചേരാനും വന്നവരെപ്പോലും ശ്രദ്ധിക്കാൻ അദ്ദേഹം തയ്യാറായില്ല. സർവവും വെടിഞ്ഞ്, മരണം വരിക്കാൻ തയ്യാറായ ഒരു മുനിയെപ്പോലെ അച്ഛൻ കിടന്നു. എത്രയും വേഗം ഈ ലോകത്തോട് വിടപറയുന്നുവോ അത്രയും നല്ലത് എന്ന വിചാരത്തോടെ. ആർ.വി.യുടെ മരണം നടന്ന് വെറും മൂന്ന് മാസത്തിനുള്ളിൽ അച്ഛനും ഞങ്ങളെ വിട്ടുപോയി. വൈലോപ്പിള്ളിയുടെ ഒരു കവിതയിലെ ഏതാനും വരികളാണ് എനിക്കപ്പോൾ ഓർമ്മ വന്നത്.
മരണം കനിഞ്ഞോതി
‘സർവവും വെടിഞ്ഞു നീ
വരണം, സമയമായി
വിളക്ക് കെടുത്താം ഞാൻ.’
അച്ഛനെക്കുറിച്ച് ഇനിയും എന്ത് പറയാൻ ?
‘ ഒന്നുമി, ല്ലൊന്നുമില്ല
അടരുമലർ മാത്രം
പടരുമിരുൾ മാത്രം
ഒന്നുമി, ല്ലൊന്നുമില്ല.’