ആർക്കിമിഡീസ് പ്രിൻസിപ്പിൾ

 

അവൻ/അവൾ
അവന്റെ കാമുകി
അവളുടെ കാമുകൻ
കാമുകിയുടെ ഭർത്താവ്
കാമുകന്റെ ഭാര്യ
ആഭർത്താവിന്റെ കാമുകി
ആ ഭാര്യയുടെ കാമുകൻ
ആ ഭർത്താവിന്റെ കാമുകിയുടെ ഭർത്താവ്
ആ ഭാര്യയുടെ കാമുകന്റെ ഭാര്യ
ആഭർത്താവിന്റെ കാമുകിയുടെ ഭർത്താവിന്റെ കാമുകി
ആ ഭാര്യയുടെ കാമുകന്റെ ഭാര്യയുടെ കാമുകൻ…
ആ ഭർത്താവിന്റെ …..
ആ ഭാര്യയുടെ……

ആസക്തി നടിച്ച്, കാമം നടിച്ച്, പ്രേമം നടിച്ച്
അനുഭൂതികൾ നടിച്ച്
വിശ്വസിക്കുന്നതായി നടിച്ച്,
വിശ്വസിപ്പിക്കുന്നതായി നടിച്ച്
ജീവിക്കുന്നതായി നടിച്ച്,
ജീവിപ്പിക്കുന്നതായി നടിച്ച്
നടിക്കുന്നതായി നടിച്ച്
ഒട്ടും സ്വാഭാവികതയില്ലാത്ത
ഒരു എം.എൻ നമ്പ്യാർ – ശിവാജി പടം പോലെ
നടിച്ച്… നടിച്ച് … നടിച്ച് …!

നടികർതിലകത്തിനുള്ള എത്ര
ഓസ്കാർ വേണം
ഈ വെള്ളരിക്കാ പഞ്ചായത്തിലെ
പതിനാറാം വാർഡിലെ
കുടുംബസ്ഥരായ സ്ത്രീ പുരുഷ
വോട്ടർമാർക്ക്
എന്നതല്ലോ വിവക്ഷ!

ചില നിമിഷങ്ങളിൽ മാത്രം
അന്തം വിട്ട സ്വാഭാവികരാവുമ്പോൾ
എല്ലാരും കുളിത്തൊട്ടിയിൽ നിന്ന്
‘റബേക്കാ… റബേക്കാ’ ന്ന്
(അങ്ങനാരന്നു ഏഴാം ക്ലാസ് പരീക്ഷയ്ക്കെഴുതിയത്…
‘യുറീക്കാ’ മറ്റു പല ഉത്തരങ്ങൾക്കു –
മൊന്നിച്ചു മറന്നതാണ്)
അഭിനയം മറന്ന് ,തുണിയുടുക്കാൻ മറന്ന്
ജീവിതത്തിന്റെ നെഞ്ചത്തൂടെ
നിലവിളിച്ചു കൊണ്ടോടും ,എല്ലാരും !

ആ ഒറ്റനിമിഷത്തിന്റെ
അനശ്വരതയല്ലാതെ
മറ്റെന്താണ് നമ്മെ
അടയാളപ്പെടുത്തുക.

You can share this post!