എല്ലാവരും ആദരിക്കുന്ന മാന്യനായ ഒരു മനുഷ്യൻ റോഡിലൂടെ നടന്നു പോകുമ്പോൾ സ്ഥിരബുദ്ധിയുള്ള മനുഷ്യർ അദ്ദേഹത്തെ അഭിവാദ്യം ചെയ്യുക പതിവാണ്. അതേസമയം ഒരു മദ്യപാനി അദ്ദേഹത്തെ പുലഭ്യം പറയുന്നത് അസാധാരണമായ ഒരു കാര്യമല്ല. എല്ലാവർക്കുമറിയാം അയാൾ സുബോധത്തോടെയല്ല പെരുമാറുന്നതെന്ന് . ഇന്നത്തെ ആവിഷ്കാര നീതിയെപ്പറ്റി ചർച്ചകൾ കേട്ടപ്പോൾ എന്റെ ചിന്ത ഇങ്ങിനെയായി. അങ്ങിനെ ഞാൻ മദ്യപാനിയുടെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തെപ്പറ്റി ആലോചിച്ചു തുടങ്ങി. അയാൾക്കങ്ങിനെ ചെയ്യാനുള്ള സ്വാതന്ത്ര്യം നമ്മുടെ നിയമ വ്യവസ്ഥയിലുണ്ടോ? 1947-ൽ കിട്ടിയ സ്വാതന്ത്ര്യം അയാൾക്കു കൂടി അവകാശപ്പെട്ടതല്ലേ?
കലാകാരന് സഹൃദയനെന്ന ഒരു പര്യായമുണ്ട്. ഈ സഹൃദയത്വമാണ് ഒരു കലാകാരനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നതും, മററുള്ളവരുടെ ബഹുമാനത്തിന് പാത്രീഭൂതനാക്കുന്നതും. അയാളുടെ സൃഷ്ടികളിലൂടെ ഈ സഹൃദയത്വം സമൂഹത്തിലേക്ക് അയാൾ പകരാൻ ശ്രമിക്കുകയും ചെയ്യുന്നു. അങ്ങിനെ ഉൽകൃഷ്ടമായ ഒരു സമൂഹത്തെ സൃഷ്ടിക്കാൻ ശ്രമിക്കുന്നു. ഇങ്ങിനെയുള്ളവർ പണ്ടത്തെപ്പോലെ ഇന്നും നമുക്കിടയിലുണ്ട്. അടിസ്ഥാനപരമായി കലയും സാഹിത്യവും മനുഷ്യനെ നിലവിലുള്ള അവസ്ഥയിൽ നിന്നും കുറേകൂടി ,വ്യക്തിപരമായി ഗുണപരമായ ഒരു അവസ്ഥയിലേക്ക് നയിക്കുന്നതായിരിക്കണം. അങ്ങിനെയുള്ള ഒരു പാടു സൃഷ്ടികളിലൂടെയാണ് നാമിന്നു കാണുന്ന സംസ്കാര സമ്പന്നമായ ഈ സമൂഹമുണ്ടായത്. എല്ലാ വേദ ഗ്രന്ഥങ്ങളും ശ്രമിച്ചത് ഇങ്ങിനെയുള്ള സംസ്കാര സമ്പന്നമായ ഒരു സമൂഹത്തിന്റെ പിറവിക്കു വേണ്ടിയാണ്.
സാങ്കേതികവിദ്യയുടെ പുരോഗതി നമ്മെയിന്ന് പലപ്പോഴും പരിഭ്രമിപ്പിക്കുന്നു. പണ്ടൊക്കെ ആടിനെ പട്ടിയാക്കാൻ ഒരു പാടു ബുദ്ധിമുട്ടേണ്ടിയിരുന്നു. ഇപ്പോൾ നിമിഷങ്ങൾക്കകം പട്ടിയെ ആടാക്കാം , ആനയെ മനുഷ്യനാക്കാം. ഈ സാഹചര്യത്തിൽ വളരെ കരുതലോടെ, കാര്യങ്ങൾ ശരിയായ രീതിയിൽ മനസ്സിലാക്കി മാത്രം വേണം പ്രതികരിക്കാൻ .
ആവിഷ്ക്കാര സ്വാതന്ത്ര്യം എന്നതിന്റെ അർത്ഥം, ആർക്കും ആരേയും എന്തും പറയാനുള്ള സ്വാതന്ത്യ്രമല്ല, മറിച്ച് നേരത്തെ പറഞ്ഞ സഹൃദയത്വമാണ് മുന്നിൽ നിൽക്കേണ്ടത്. ആരെങ്കിലും ഒരു ലേഖനമെഴുതിയതു കൊണ്ടോ, ഒരു കാർട്ടൂൺ വരച്ചതു കൊണ്ടോ ഒരു വിശ്വാസത്തിനും ഒന്നും സംഭവിക്കാൻ പോകുന്നില്ല.മറിച്ച് ആ ആദർശത്തെ കൂടുതൽ പേർ പഠിക്കാനും മനസ്സിലാക്കാനും ശ്രമിച്ചേക്കാം. സഹിഷ്ണുതയും സഹജീവി സ്നേഹവുമാണ് എല്ലാ വിശ്വാസ പ്രമാണങ്ങളേയും ഇന്നും നിലനിർത്തിപ്പോരുന്നത്.