അതിരാവിലെ
നനഞ്ഞു കിടക്കുന്ന ആകാശം
കുടഞ്ഞ്
ഞൊറിഞ്ഞുടുത്തു
ഈറൻ മാറ്റാതെ
ഇണങ്ങിയും പിണങ്ങിയും
പരിഭവിച്ചും, പിറുപിറുത്തും
നട്ടുച്ച വരെ നടന്നു
നട്ടുച്ചയിൽ ആകാശക്കീറിൽ നിന്നൊരു വെയിലിനെ
വെട്ടിക്കീറീ അടുപ്പിൽ വച്ചു
ആളികത്തുന്ന പകലിൽ
അതിൽ പലതും
തിളച്ചു തൂവി !
കരിഞ്ഞു കത്തി !
സന്ധ്യയായതും
അരികു കരിഞ്ഞൊരു ആകാശം
ഊതി ഊതിയെടുത്തതിൽ
പാതിവെന്തും, വേകാതെയും കനച്ചും
കിടന്നവയെ
നോക്കി നെടുവീർപ്പിട്ടു !
രാത്രിയിൽ കുളിരുന്നൊരു ആകാശമെടുത്തു
ചൂടീ നോക്കി
അനുസരണ തീരെയില്ലാത്ത
കുഞ്ഞുമേഘങ്ങളിലൂടെ
തുമ്മിയും ചീറ്റീയും
ഇപ്പോഴിതാ
പനിച്ചു വിറയ്ക്കുന്നുണ്ട്
-പൗർണമി വിനോദ്