കാറ്റില്‍ നിന്നും
മുല്ലമൊട്ടിന്റെ
പരാഗത്തുണ്ടുകള്‍ പോലെ
അവനെന്നെ ഇറുത്തെടുത്ത്
മുത്തം തന്നിരുന്നു.
നീര്‍ച്ചോലകളില്‍ നിന്നും
കുമ്പിള്‍ കോരി
കുളിര്‍മാരിയാക്കി
എന്നെ നനച്ചിരുന്നു.
മഴച്ചാറ്റലിന്റെയീണമൂറ്റി
എന്റെ വിതുമ്പലുകളെ
അവന്‍ ലാളിച്ചിരുന്നു…
സായന്തനപ്പടവുകളില്‍
ഓടിക്കേറി
ചുവന്നു പുഷ്പിച്ചിരുന്ന
എന്നെ
നെഞ്ചില്‍ത്തിരുകി
കൊഞ്ചിക്കുമായിരുന്നു…
വെണ്നിലാപ്പുതപ്പു കീറി
എന്നെയാശ്ലേഷത്തില്‍
പുതപ്പിയ്ക്കുമായിരുന്നു…
കടല്‍ക്കോളുകളെ ശാസിച്ച്
കുഞ്ഞോളങ്ങളുടെ
തരിവളകളിടുവിച്ച്
അവനെന്റെ കൈത്തലങ്ങളില്‍
സാന്ത്വനമമര്‍ത്തിയിരുന്നു.
അവനെവിടെ…?
അവന്‍ പോയ വഴികളില്‍…
സായന്തനക്കാറ്റില്‍…
മഴച്ചാറ്റലില്‍ത്തേങ്ങുന്ന
നീര്‍ച്ചോലകളില്‍…
അലറിയടുക്കുന്ന
കടല്‍ക്കോളുകളില്‍…
അസ്തിപഞ്ജരത്തിന്റെ
ശുഷ്ക്കാവസ്ഥയിലെത്തി
ഞാനിന്നുവനെ തേടുന്നു…