അവ്യയാനന്ദ സ്വാമിയുടെ പുസ്തകം:ഗുരുചിന്തയുടെ കാവ്യശിലാപത്മങ്ങൾ എം.കെ.ഹരികുമാർ 

Oplus_131072

 

അവ്യയാനന്ദ സ്വാമി രചിച്ച ‘തീർത്ഥാടനപാഥേയം’ എന്ന കൃതി ശിവഗിരിയുടെ ചരിത്രത്തിൽ തീർത്ഥാടനത്തെ അനുഭവമായി വ്യാഖ്യാനിക്കുന്ന ആദ്യകൃതിയാണ്. 

Oplus_131072

ദീർഘകാലമായി ശിവഗിരി ധർമ്മസംഘം ട്രസ്റ്റിൽ അംഗമായി പ്രവർത്തിക്കുകയും വിവിധ ചുമതലകളേറ്റെടുത്ത് മാതൃകാപരമായി ഗുരുസന്ദേശം പ്രചരിപ്പിക്കുകയും ചെയ്തിട്ടുള്ള അവ്യയാനന്ദസ്വാമിയുടെ ഗ്രന്ഥരചനാ പാടവവും സാഹിത്യതാൽപര്യവും എല്ലാവർക്കും അറിവുള്ളതാണല്ലോ. പതിറ്റാണ്ടുകളായി,അദ്ദേഹം ഗുരുദർശനത്തെക്കുറിച്ച് എഴുതിക്കൊണ്ടിരിക്കുകയാണ്. സ്വാനുഭവഗീതിയെക്കുറിച്ച് ദീർഘമായി ഉപന്യസിച്ചിട്ട് അധികകാലമായിട്ടില്ല. ഗുരുസൂക്തങ്ങളെപ്പറ്റി സദാചിന്തിക്കുകയും ആശയങ്ങളെ പുനരുല്പാദിപ്പിക്കുകയും ചെയ്യുന്ന സ്വാമിയുടെ ശൈലിയിൽ കവിതയുടെ പരാഗങ്ങൾ വീണുകിടപ്പുണ്ട്.കാവ്യപരമായ ചിന്തയാണിത്. ഉപമകളും അലങ്കാരങ്ങളും സ്വാമിയുടെ ഭാഷയിൽ കലരുന്നു. ഗുരുവിന്റെ കൃതികളിലെ സാഹിതീയമായ പൊരുൾ അന്വേഷിക്കുന്ന മേഖലയാണ് അവ്യയാനന്ദ സ്വാമിയുടേത്. ‘ശിവഗിരിയുടെ താഴ്വരയിൽ”ഗുരുപ്പെരുമ’,ദൈവദശക വ്യാഖ്യാനം എന്നീ കൃതികളിൽ ഇത്  തെളിഞ്ഞുകാണാം. സ്വാമിയുടെ രചനകളെ വേറിട്ട് നിർത്തുന്നത് അതിൻ്റെ വേദാന്ത വ്യാഖ്യാനങ്ങളല്ല; സഹൃദയത്വത്തിൻ്റെ സമ്മോഹനമായ ലീലയും ഭാവനയുമാണ്. ഒരു സഹൃദയനായ മനുഷ്യൻ ഗുരുസാഹിത്യത്തെ നോക്കിക്കാണുന്നതിന്റെ സാരള്യം ഇവിടെ കാണാം.

വേദാന്ത വ്യാഖ്യാനങ്ങളുടെ കഠിനമായി വഴികളിലേക്ക് പോകുന്നതിനു പകരം ഗുരുവിൻ്റെ രചനകളിലെ സൗന്ദര്യത്തെയാണ് സ്വാമി തേടുന്നത്.

സ്വാമിയുടെ സാഹിത്യസംരംഭങ്ങളെ മറ്റുള്ളവരുടേതിൽ നിന്ന് വേർതിരിക്കുന്ന പ്രധാന ഘടകമാണിത്. സ്വാമി ആത്മീയാന്വേഷകനായിരിക്കെ  തന്നെ കാല്പനികമായ ആലോചനകളുടെയും കാവ്യപരമായ ഭവനകളുടെയും കേന്ദ്രമാണ്. ആത്മഭാവത്തിന്‍റെ വൈകാരികമായ പ്രതിഛായ സൃഷ്ടിക്കുന്നതിൽ സ്വാമിക്ക് പ്രത്യേക സാമർത്ഥ്യമുണ്ട്. വായനക്കാരനിൽ ഭാവനയുടെ ആവേശം നിറയ്ക്കാനും അവനെ സ്വപ്നത്തിലൂടെ ആത്മഹർഷത്തിലേക്ക് ഉയർത്താനും സ്വാമിയുടെ എഴുത്തുകൾക്ക്  കഴിഞ്ഞിട്ടുണ്ട്.

ഒരു ഭാവഗാനം പോലെ 

സാഹിത്യപരമായ ഉന്മാദമാണത്. ഈ പന്ഥാവിൽ സ്വാമി കൈവരിച്ച വലിയ വിജയമാണ് ‘തീർത്ഥാടനപാഥേയം’ എന്ന പുതിയ കൃതി.ഇത് 2013 ൽ  പ്രസിദ്ധീകരിച്ചതാണ്. ഇതിൻ്റെ പരിഷ്കരിച്ച പതിപ്പാണ് ഇപ്പോൾ ശിവഗിരി പബ്ലിക്കേഷൻസ് പുറത്തിറക്കിയിരിക്കുന്നത്.നാല്  പുതിയ ലേഖനങ്ങൾ കൂട്ടിച്ചേർത്തിരിക്കുന്നു.പാഥേയം പൊതിച്ചോറാണ്. തീർത്ഥാടനത്തിനു പോകുന്നവന്റെ പൊതിച്ചോറാണത് .ഓരോ തീർത്ഥാടകനും കൈയിൽ കരുതുന്നതും സമയമനുസരിച്ച് അനുധ്യാനം ചെയ്യുന്നതുമായ കൃതിയാണിതെന്ന് അതിൻ്റെ തലവാചകത്തിൽ നിന്നു തന്നെ സൂചിതമാവുന്നു. ഗുരുകൃതിയുടെ വ്യാഖ്യാനമല്ല, അത് ആത്മാനുരാശിയായ ഒരു പരിവ്റാജകനിൽ സൃഷ്ടിക്കുന്ന ഭാവരൂപമാണ് സ്വാമി പിന്തുടരുന്നത്. അത് അനുരണങ്ങളുണ്ടാക്കുകയാണ്. യുക്തിക്കപ്പുറത്ത് ഭാവാത്മകമായ ഒരു ഗാനം പോലെ ഗുരുസാന്നിധ്യവും ഗുരുസാഹിത്യവും മനസ്സിൽ മുഴങ്ങുകയാണ്. ആ പാഥേയത്തെക്കുറിച്ച് സ്വാമിക്കുണ്ടായ ഉൾവെളിച്ചം അദ്ദേഹം ഏതാനും വാചകങ്ങളിൽ ഈ പുസ്തകത്തിൻ്റെ ആമുഖത്തിൽ എഴുതുന്നത് ഇങ്ങനെയാണ്:

‘”ഇത് ശിവഗിരിക്കുന്ന് കയറിവരുന്ന ഗുരുദേവ ഭക്തർക്കുള്ളതാണ് – തീർത്ഥാടനപാഥേയം. ദയയാണ് പാചകൻ .ഗുരുദേവദർശനത്തിന്റെ ജീവനാണ് ദയ അഥവാ അനുകമ്പ .ഗുരുദേവൻ ‘ദൈവദശക’ത്തിൽ ദയാസിന്ധു എന്നാണ് ദൈവത്തെ കൽപന ചെയ്തിരിക്കുന്നത്. നമ്മുടെ വാക്കുകളിലെ ദയ ആത്മവിശ്വാസം പകരും .ചിന്തയിലെ ദയ വിനയം പകരും.ദാനത്തിലെ ദയ സ്നേഹം മടക്കിത്തരും .ഹൃദയത്തിലെ ദയ ദൈവത്തോട് ചേർത്ത് നിർത്തും. ഹൃദയത്തിലെ ദയ ദൈവം വിരലടയാളമാക്കിയതാണ് നമ്മുടെ ഏറ്റവും വലിയ സൗഭാഗ്യം. ആ സൗഭാഗ്യത്തിന്റെ വെളിച്ചത്തിലിരുന്നാണ് ഈ പാഥേയം  പൊതിയുന്നത്.” ഈ പുസ്തകം രചിക്കാനുണ്ടായ അന്തർദർശനപരമായ കാര്യമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. ദയയാണ് ഗുരുദർശനത്തിൻ്റെ കാതൽ എന്ന് സ്വാമി കണ്ടെത്തുന്നു. വാക്കിലും ചിന്തയിലും ഹൃദയത്തിലും ദയയുണ്ടാകണം. ദൈവം എല്ലായിടത്തുമുണ്ടെന്നാണ് വേദാന്തികൾ പറയുന്നത്. ദൈവിക ചൈതന്യമില്ലാത്തതായി യാതൊന്നുമില്ല.എന്നാൽ ദയയോ? ദയ  എവിടെയുമില്ല .അറവുമൃഗങ്ങൾക്കും മത്സ്യങ്ങൾക്കും ദയ ജീവിതത്തിലൊരിക്കലും കിട്ടുന്നില്ല. അവയെ മനുഷ്യർ വെട്ടിക്കീറി കൊന്നു തിന്നുന്നു. ദൈവത്തിൻ്റെ നീതിയോ മനുഷ്യന്റെ നീതിയോ നടപ്പാക്കപ്പെടേണ്ടത്? ദൈവം എല്ലായിടത്തുമുണ്ടെങ്കിലും ദയ എവിടെയുമില്ല എന്നത് നമ്മെ നിരാശരാക്കുക മാത്രമല്ല അന്ധതമസ്സിലെത്തിക്കുകയും ചെയ്യും.മോചനത്തിനായി നാലുപാടും നോക്കാനേ നിവൃത്തിയുള്ളൂ.

ദയ മനുഷ്യനിലുണ്ട്. എന്നാൽ അത് വറ്റിപ്പോയിരിക്കയാണ്. ഗുരു ആ ദയയെ മനുഷ്യമനസിൽ നിന്ന്  കുഴിച്ചെടുക്കാനാണ് യത്നിച്ചത്. ഗുരു ദയയെ സ്വന്തം ജീവിതം കൊണ്ട് ഒരു ഭൂഖണ്ഡ(continent)മാക്കി വികസിപ്പിച്ചു കാണിച്ചു.നമുക്ക് ബുദ്ധിയും കരുത്തും മത്സരവുമുണ്ടായതുകൊണ്ട് മാത്രമായില്ല; ദയ വേണം. അതിലാണ് മനുഷ്യത്വമിരിക്കുന്നത്. മറ്റൊരാളെ സഹായിക്കാനുള്ള മനസ്സ് അതിലാണുള്ളത്.തീർത്ഥാടനത്തിൻ്റെ പാഥേയം മനുഷ്യശരീരത്തിലെ സർവ്വ മേഖലകളിലും മനസ്സിൻ്റെ സമഗ്രമായ പ്രവർത്തനങ്ങളിലും സ്ഥാപിക്കേണ്ട ദയയാണ്.അത് ഉൾക്കൊണ്ടാൽ കലഹം ഇല്ലാതാകും. ദ്രോഹചിന്തകൾ  മാറിപ്പോകും. ഈ സദ് ദർശനമാണ് ‘തീർത്ഥാടനപാഥേയം’ നമ്മളിലേക്ക് പകരുന്നത്.

സാരസ്വതമനനം 

മനുഷ്യാനുഭവം എന്ന ശിലയിൽ ഗുരു ഒളിഞ്ഞിരിക്കുന്നു. നമ്മുടെ പരിമിതിമൂലമാണ് അത് പൂർണ്ണമായി കൊത്തിയെടുക്കാൻ കഴിയാത്തതെന്ന് സ്വാമി എഴുതുന്നുണ്ട്. അനുഭവശിലകളിൽ നിന്ന് ഗുരുവിനെ വീണ്ടെടുക്കേണ്ടതുണ്ട്. ഗുരുദേവൻ്റെ പ്രതിഛായ എല്ലാ മനുഷ്യാനുഭവങ്ങളിലും  ദർശിക്കുകയാണ്. മനുഷ്യമനസിന്റെ അകക്കാമ്പിൽ ഗുരുവിന്റെ പ്രതിഛായ കണ്ടതുകൊണ്ടാണ് സ്വാമി ഈ  ലേഖനങ്ങൾ എഴുതിയിരിക്കുന്നത്. “പൂർണ്ണതയ്ക്ക് വേണ്ടിയുള്ള പരിശ്രമത്തിനിടയിൽ പൂർത്തിയാക്കാത്ത ആ ശിലാശില്പങ്ങൾ സ്വയം പ്രാർത്ഥനയിലാണ്”- സ്വാമി എഴുതുന്നു. അത് ഒരിക്കലും അവസാനിക്കാത്ത പര്യവേക്ഷണമാണ്. അത് ഭാവിയിലേക്ക് നീളുകയാണ്. സ്വാമിയുടെ രചനകളിലെ സാരസ്വതമനനത്തെക്കുറിച്ച് ഈ പുസ്തകത്തിലെഴുതിയ കുറിപ്പിൽ  സച്ചിദാനന്ദസ്വാമിയും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. “സ്വാമിയുടെ ചരിത്രകഥനത്തിൽ സാഹിത്യപദങ്ങൾ കൂടുതലായി കടന്നു നിൽക്കുന്നു ” എന്നാണ് സച്ചിദാനന്ദ സ്വാമി നിരീക്ഷിക്കുന്നത്. ഇത് കവിയായ അവ്യയാനന്ദ സ്വാമിയുടെ സാധ്യതയും സിദ്ധിയുമാണ് .സ്വാമി ഒരു ഇംപ്രഷനിസ്റ്റാണ് .മനസ്സിലെ വികാരങ്ങൾ പ്രതിഫലിപ്പിക്കുന്ന കലാകാരനാണ്. ഗദ്യത്തിലാണ് എഴുതുന്നതെങ്കിലും അതിൽ  കലയുടെ അംശമുണ്ട്. കവിതയുടെ ഗദ്യ ആഖ്യാനങ്ങളായി ഇതിനെ കാണാം. കവിതയ്ക്ക് വസിക്കാൻ പ്രത്യേകരൂപം ആവശ്യമില്ല. അത് ഏത് രൂപത്തിലും പ്രകാശിക്കും.

അവ്യയാനന്ദ സ്വാമി

തീർത്ഥാടകൻ നടക്കുന്നു 

ശിവഗിരി തീർത്ഥാടനത്തിൽ വിവേചനമില്ല ,വിവേകമാണുള്ളത്.  അവിടെ അറിവിനെ തേടുന്ന ധ്യാനമാണ് വേണ്ടതെന്ന് സ്വാമി കുറിക്കുന്നു. അറിവിനെ അറിയുന്നവനാണ് ജ്ഞാനി.തീർത്ഥാടകൻ നടക്കുകയാണ് .മൗനം കൊണ്ടു ജ്ഞാനം നേടിയും, ശീതളച്ഛായ പകരുന്ന തണലുകളിലിരുന്നും, വനഭംഗിയുടെ ശാരദാകാശത്തിലേക്ക് ദൃഷ്ടിപായിച്ചും, പഴയ ദു:ശീലങ്ങളെ പിടിച്ചുകെട്ടിയും, നിഷ്കളങ്ക ജീവിതചര്യയിൽ സ്വയം നിറച്ചും, ശാരദാമഠത്തിന് വലം വച്ചും, അഹമൊഴിഞ്ഞ് മനസ്സിൻ്റെ ഭാരം കുറച്ചും, സ്വയം അർപ്പിച്ച് പ്രസാദമായി തന്നെത്തന്നെ സ്വീകരിച്ചും, സിദ്ധമായതിൽ മുഴുകിയും, കൃതാർത്ഥതകളിൽ ആണ്ടുമുങ്ങിയും വിസ്മൃതിയെ ജയിച്ച് സ്മൃതികളിൽ ഉയിർത്തും, നിരഞ്ജനമായ വിശ്വപ്രേമത്തിൽ മന്ദ്രമായ സംഗീതം കേട്ടും, ഗുരുദേവാർത്ഥങ്ങളുടെ ഉറവകളിൽ സ്നാനം ചെയ്തും, അറിവിൽ വിമലീകരിക്കപ്പെട്ടു പഞ്ചശുദ്ധിയുടെ ആർഷശോഭങ്ങളിൽ സ്വയം സാക്ഷാത്കരിച്ചും, ത്യാഗമനോഭാവത്തെ ഉജ്വലിപ്പിച്ചും, ആത്മീയ ഉന്നതിയുടെ പാതകളിൽ ഋഷിചേതനയെ സ്വാംശീകരിച്ചും , ജീവിതപ്പൂർണ്ണതയെ ആശ്ളേഷിച്ചും, ജീവിതത്തിൻ്റെ സാർത്ഥകമായ സാധ്യതകളെ പരമാവധി തേടിയും, സമത്വത്തെയും സാഹോദര്യത്തെയും സ്വന്തം ശരീരത്തിൽ തിരിച്ചറിഞ്ഞും, പ്രകൃതിയുടെ സദ് സന്ദേശങ്ങൾ കേട്ടും ,ദൈവസ്മരണയെ അനർത്ഥമാക്കുന്ന പ്രാർത്ഥനകളിൽ അലിഞ്ഞും, ഗുരുഹൃദയത്തിലേക്കുള്ള വഴികൾ ഓർമ്മയിൽ സൂക്ഷിച്ചും, പ്രലോഭനങ്ങളെ വകഞ്ഞുമാറ്റിയും, മാനവമഹത്വത്തിലേക്കുള്ള വഴി തിരഞ്ഞും ,കാമക്രോധവികാരങ്ങളുടെ മാറാലകളിൽ നിന്നു മോചനം നേടിയും, സത്യാന്വേഷണങ്ങളിൽ നിന്ന് മാറില്ല എന്ന് പ്രതിജ്ഞ ചെയ്തും, മനുഷ്യനിലെ ദേവത്വത്തെ അറിഞ്ഞും, ദൈവികതയുടെ അദ്വൈതാനുഭൂതി നുകർന്നും, ഗുരുസാമീപ്യത്തെ അനുഭവിച്ചും, സത്യസന്ധതയോടെ സ്വയം മാറേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അറിഞ്ഞും , തീർഥാടനലക്ഷ്യങ്ങളെ നിരന്തരമായി ഓർമിച്ചും, പഞ്ചശുദ്ധിയിൽ സ്വയം ഉറപ്പുവരുത്തിയും, ലൗകികൻ്റെ  സന്യാസത്തെ ആത്മാവിൽ ഉൾക്കൊണ്ടും ,ഗുരുദേവകീർത്തനങ്ങളാലപിച്ച് പകലും രാവും ഉറക്കമില്ലാതെ ദൈവസന്നിധിയിലെന്നപോലെ ഉല്ലസിക്കുന്ന ശിവഗിരിയിലെ വൃക്ഷങ്ങളെ നമസ്കരിച്ചും, സമാധിമന്ദിരത്തിലെ അലൗകികമായ നിശബ്ദതയിൽ ജീവിതത്തിൻ്റെ അർത്ഥം തിരഞ്ഞും, നിഴലുകളിലും ഇലയനക്കങ്ങളിലും ഗുരുദേവനെ ദർശിച്ചും, ആന്തരികതയിൽ അർത്ഥവത്തായി അനുരഞ്ജനപ്പെട്ടും, ആനന്ദത്തിന്റെ നിർമലമായ പടികളെണ്ണിയും, തീർത്ഥാടകനും തീർത്ഥമനസ്സും തമ്മിലുള്ള അകലം കുറച്ചും, ജീവിതത്തെ മനോഹരമാക്കാൻ ഗുരുവിൻ്റെ വാക്കുകൾ മനസിൽ ചൊല്ലിയും ,അറിവില്ലായ്മയുടെ രോഗം ശമിക്കാൻ അറിവ് എന്ന ഔഷധം കഴിച്ചും, ശരീരത്തിന്റെയും മനസ്സിന്റെയും പ്രാർത്ഥനയായി ഗുരുവിന്റെ രൂപം മനസ്സിൽ കണ്ടും , നമ്മുടെ തന്നെ അനുഭവങ്ങളിൽ തീർത്ഥം കണ്ടെത്തിയും ,തെറ്റുകളോട് ക്ഷമിച്ചും ,മാനവികതയിൽ കൂടുതൽ പഠിച്ചും ,ഇരുട്ടിൽ നന്മയുടെ ദീപം തെളിക്കാമെന്ന് വാക്കുകൊടുത്തും, നാമസങ്കീർത്തനങ്ങളിൽ ഏകാഗ്രമായും ,ഏത് ജാതിയായാലും മതമായാലും ആത്മാവിന്റെ സാക്ഷിയായി ജീവിക്കുന്നതിന്റെ സത്യത്തെ ആശ്ളേഷിച്ചും, സ്നേഹമഞ്ഞയിൽ കിളികളുടെ ആരവം കേട്ടും, വ്യർത്ഥചിന്തകളെ ഉപേക്ഷിച്ച് സ്നേഹത്തിൽ പൂത്തുലഞ്ഞും, പുതുമൊഴികൾ കേട്ടും തീർത്ഥാടകൻ മുന്നോട്ടു നടക്കുന്നു.

പരാപരനന്മയിൽ ഉള്ളറിഞ്ഞ് 

ശിവഗിരി തീർത്ഥാടനത്തെ സ്വാമി ഇങ്ങനെയാണ് സംഗ്രഹിക്കുന്നത്:

“ഗുരു സത്യമായ കാലത്തിൻ്റെ പര്യായമാണ് .ഗുരുമൊഴിയും അത് തന്നെ .അമൃതവാഹിനിയായ സത്യത്തോടൊപ്പം ശുദ്ധമായ വാക്കിന്റെയും സാധകനായി ഗുരു മാറി. അതുകൊണ്ടുതന്നെ ശിവഗിരീശ്വരിക്കായി ശിവഗിരിയുടെ താഴ്വാരത്ത് നിത്യനികേതനവുമൊരുക്കി. ശിവഗിരി തീർത്ഥാടനം അറിവിൻ്റെ അമ്മയിലേക്കുള്ള വിശുദ്ധയാത്ര കൂടിയാണ് .ശിവഗിരി തീർത്ഥാടനം മൂന്ന് നന്മകൾ നമുക്ക് നേരുന്നു .ഒന്ന്, ചെയ്യാൻ എന്തെങ്കിലും ഉണ്ടായിരിക്കുക. രണ്ട്, സ്നേഹിക്കാൻ എന്തെങ്കിലും ഉണ്ടായിരിക്കുക. മൂന്ന് , പ്രതീക്ഷിക്കാൻ എന്തെങ്കിലും ഉണ്ടായിരിക്കുക.” അപരസ്നേഹമാണ് ഇതിലൂടെ തെളിഞ്ഞുവരുന്നത്. ജീവിതത്തിന് സ്വമേധയാ അർത്ഥമില്ല. നാം അർത്ഥം കൊടുക്കണം. അർത്ഥമുള്ളതാകുന്നത് ,നാം മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നു എന്നതിൻ്റെ അടിസ്ഥാനത്തിലാണ് .നാം ആരെയും ഇഷ്ടപ്പെടുന്നില്ലെങ്കിൽ, യാതൊന്നിനോടും ആഭിമുഖ്യം തോന്നുന്നില്ലെങ്കിൽ ,ജീവിതം വ്യർത്ഥമായിത്തീരും. വളരെ പ്രയാസമുള്ള ഒരു കടമ്പയാണിത്. നവമുതലാളിത്തം നമ്മെയെല്ലാം വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. സ്വതന്ത്രമായ സാഹിത്യരചന ഈ നാട്ടിൽ ഇനി അനുവദിക്കുമെന്ന് തോന്നുന്നില്ല. പുസ്തകങ്ങളുടെ അച്ചടിയും വിതരണവും കുത്തകകളുടെ കൈയിലാണ്. കാശു കൊടുത്താൽ പോലും പുസ്തകം വേണ്ടെന്നാണ് പ്രമുഖ പ്രസാധകർ പറയുന്നത് .അവർക്ക് ഏതാനും പേരെ മതി.ശ്രീനാരായണഗുരുവിനെക്കുറിച്ച് ലേഖനങ്ങൾ എഴുതുകയോ നോവൽ എഴുതുകയോ ചെയ്യുന്നവരെ സാഹിത്യത്തിന്റെ നേരറിവുകളിലേക്ക് ആനയിക്കാൻ ഈ നവമുതലാളിത്ത വീഥികളിൽ ആരുമില്ല. രാഷ്ട്രീയ പാർട്ടികളുടെ പ്രചാരകരായി മാറുന്നവർക്കാണ് ഇവിടെ നേട്ടങ്ങൾ ഉണ്ടാക്കാനാകുന്നത് .നഗ്നമായ രാഷ്ട്രീയ അതിപ്രസരത്തിൽ സാഹിത്യമേഖല തകരുകയാണ്. “മനുഷ്യവിമോചനത്തിനായി സ്വജീവിതം പരീക്ഷണശാലകളാക്കിയവർ ഈ തീർത്ഥവാഹിനിയുടെ ഓളവും തീരവുമായിത്തീരുന്നു” എന്ന് സ്വാമി എഴുതുന്നതിന്റെ പശ്ചാത്തലത്തിൽ ഓർത്തുപോയതാണ്. എവിടെയാണ് ആ മനുഷ്യവിമോചനം?”സ്വന്തം തൂലികകൊണ്ട് ലോകത്തെ സ്വപ്നം കാണാൻ പഠിപ്പിച്ചവർ” എന്ന് സ്വാമി അറിയിക്കുന്നത് ഒരു കാലത്തെ ഓർമ്മയിൽ സൂക്ഷിച്ചുകൊണ്ടാണ്. എന്നാൽ സ്വന്തം തൂലിക കൊണ്ട് സ്വപ്നം കാണാൻ പറ്റാത്തവരുണ്ട്. പലരും എഴുത്ത് നിർത്തി .സ്വപ്നങ്ങൾ ഇന്ന് വൻകിട കോർപ്പറേറ്റ് മാധ്യമങ്ങളുടെയും പ്രസാധകരുടെയും കീഴിലാണുള്ളത്. ആ സ്വപ്നങ്ങളെ സാധാരണ എഴുത്തുകാരന് എത്തിപ്പിടിക്കാനാവില്ല. ” അമൃതവാഹിനിയായ സത്യം” എന്നത് എത്ര മനോഹരമാണ്! എന്നാൽ സ്വന്തം ആളുകൾക്ക് മാത്രം എല്ലാം നീക്കി വയ്ക്കുന്ന ഇന്നത്തെ വിദ്യാസമ്പന്നരുടെ അഴിമതി  ഗുരുവിന്റെ പ്രഭാവത്തെ നശിപ്പിക്കുകയാണ്. 

ഗുരു ‘ആത്മോപദേശശതക’ത്തിൽ എഴുതുന്നു:

“ഒളിമുതലാം പഴമഞ്ചുമുണ്ടു നാറും നളികയിലേറി നയേന മാറിയാടും 

കിളികളെയഞ്ചുമരിഞ്ഞു കീഴ്മറിക്കും

വെളിവുരുവേന്തിയകം വിളങ്ങിടേണം.”

വേദാന്തസാരത്തെ സാഹിത്യത്തിൻ്റെ സർവാത്മഭാവനയിൽ പരാവർത്തനം ചെയ്ത് ഗുരു അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് തുല്യമായ അളവിൽ മറ്റൊരാളും എഴുതിക്കണ്ടിട്ടില്ല. വേദാന്തസാരത്തെ ഗുരു സാഹിത്യസാരസർവസ്വമാക്കിയിരിക്കുന്നു. പഞ്ചേന്ദ്രിയങ്ങളിൽ നിന്നുത്ഭൂതമാകുന്ന പഴങ്ങൾ കഴിച്ചു ശരീരത്തിൽ കൗശലത്തോടെ ആടിക്കളിക്കുന്ന ഇന്ദ്രിയങ്ങളാകുന്ന കിളികളെ അരിഞ്ഞ് വീഴ്ത്തുന്ന ജ്ഞാനത്തെയാണ് വേണ്ടതെന്ന് ഗുരു പ്രാർത്ഥിക്കുന്നു. ഇതാണ് ഗുരുവിൻ്റെ പരമോന്നതമായ മാനവികത .അവിടെ വിഭജനങ്ങളോ തരംതിരിവോ വിദ്വേഷമോ ഇല്ല .എല്ലാം പരാപരനന്മയിൽ ഉള്ളറിഞ്ഞ്  ലയിക്കുകയാണ്. അതാണ് ശിവഗിരി തീർഥാടനത്തിലൂടെ ലക്ഷ്യമാക്കുന്നത്.

ദൈവഭാവത്തിൻ്റെ അനുഭൂതി 

മനുഷ്യൻ കെട്ടുപോകരുതെന്ന ജാഗ്രതയാണ് അതിലുള്ളത്. അവ്യയാനന്ദ സ്വാമിയുടെ വാക്കുകളിൽ ഏക മഹാമാനവികതയെ ലക്ഷ്യം വയ്ക്കുന്ന സൂചിക കാണാം: “ഓർമ്മകളിലെ കാട്ടുപച്ചുകൾക്ക് കണ്ടവയെക്കാൾ കടുംപച്ചയാണ്. ഓർമ്മകളിലെ ശിവഗിരിയിലെ പൂമരങ്ങളിൽ പൂക്കൾ ഇലകളെ മൂടുന്നു .ഓർമ്മകളിലെ ശിവഗിരി ക്കിളികൾ പഞ്ചമം പാടുന്നു. ഓർമ്മകളിലെ ശിവഗിരിക്കാടുകൾക്കുള്ളിലെ കുടിലുകൾ പൂവളളിക്കുടിലുകളാണ്. ശിവഗിരിക്കാറ്റിന് എന്തൊരു സുഖമാണ്. ഇത് തീർത്ഥാടകരുടെ തീർത്ഥഘട്ടങ്ങളായി തീർഥാടകനെ വന്നു സ്പർശിക്കുമ്പോൾ അനിർവചനീയമായ ഒരു അന്ത:ശീതളതയിൽ നിമഗ്നനായി  തീർത്ഥാടകൻ സാവധാനം കുന്നിറങ്ങുന്നു.പിന്നിൽ നിന്ന് തൃപ്പാദങ്ങളുടെ ഇഷ്ടവൃക്ഷമായ പ്ളാവും അരുളൻപനുകമ്പയുടെ ഇളം തെന്നലായി തൊട്ടു തന്നെയുണ്ട്.” 

ഇത് ഗുരുവിനെക്കുറിച്ചുള്ള താത്വികമായ വിശകലനമല്ല; ഗുരുവിൻ്റെ ദൈവഭാവത്തിന്റെ അനുഭൂതിയെ ഉള്ളിലേക്ക് കൊണ്ടുവരുന്നതിന്റെ അടയാളമാണ്. ഗുരു മനസ്സിലാണ് ജീവിക്കേണ്ടത്; തത്വങ്ങളിലല്ല. സ്വാമി ഗുരുവിനെ  ചിന്തയിലും സ്വപ്നത്തിലും തേടുകയാണ്. അതിനാണ് അദ്ദേഹം എഴുതുന്നത്.അദേഹം കവിയാണ്. ഒരു കവി എഴുത്തിൽ അബോധത്തെയും ആവിഷകരിക്കുന്നു.സർഗാത്മകമാണിത്. തന്റെ വാക്കുകളിലൂടെ അദ്ദേഹം ഗുരുവിൻ്റെ ആത്മീയപ്രഭാവത്തിലേക്ക്, മൂല്യങ്ങളിലേക്ക് പ്രവേശിക്കാനാണ് ആഗ്രഹിക്കുന്നത് .പവിത്രമായ ആഗ്രഹമാണിത് .ഇതിൽ ലൗകികമായ ചോദനയില്ല .ആത്മഭാവത്തിൽ മനുഷ്യർക്ക് മറ്റൊരു പേരും ഊരുമാണുള്ളത്. ആന്തരികമായി മറ്റൊരു മനുഷ്യനാകുന്നതിൻ്റെ സ്നിഗ്ദ്ധലാവണ്യമാണിത്. അവിടെയാണ് വേദാന്തവും കലയും സാഹിത്യവും സംഗമിക്കുന്നത്. ഇത് കലാകാരന്റെ വീക്ഷണമാണ്. എൻ്റെ ‘ശ്രീനാരായണായ’ എന്ന നോവലിൽ ഗുരുവിൻ്റെ ലാവണ്യാത്മകവും കലാപരവുമായ സന്നിവേശമാണ് ഉൾക്കൊള്ളുന്നത്. ഗുരുവിൻ്റെ ചരിത്രപരമായ നാൾവഴികളോ ജീവചരിത്രമോ അതിലില്ല. അത് ആത്മലാവണ്യാത്മകവും സൗന്ദര്യാത്മകവുമായ അനുഭവമാണ്. ഒരു ശുദ്ധപ്രയാണിയുടെ

നേർരേഖയാണത്.അതിന് സന്ധിക്കാൻ ആത്യന്തികമായി ഒരു ബിന്ദു മാത്രമാണുള്ളത്- അത് ഗുരുവിൻ്റെ പദസഞ്ചയവും സത്യവുമാണ്. അവ്യയാനന്ദ സ്വാമി ആ ഭാഷയിലൂടെ ഗുരുവിനെ അനുഭവിക്കാൻ ശ്രമിക്കുന്നു. ഭാഷയുടെ ഭാവനയിൽ ഗുരു പ്രത്യക്ഷമാണ്. അത് നേരായ യാത്രയുടെ സ്പന്ദമാണ് .ആശാൻ പറഞ്ഞതുപോലെ ‘നേരാം വഴി കാട്ടുന്ന’ ദൈവമാണ്.

മനുഷ്യന് ദൈവത്തെ അവന്റെ സത്തയിലൂടെയേ സ്പർശിക്കാനാവൂ. ഒരു ജീവിയായതുകൊണ്ട് ജീവിച്ചുകൊണ്ട് മാത്രമേ ദൈവത്തെ അറിയാനാവൂ. ‘തീർത്ഥാടനപാഥേയം’ എന്ന കൃതി ശിവഗിരിയുടെ ചരിത്രത്തിൽ ആദ്യമായുണ്ടായ തീർത്ഥാടന വ്യാഖ്യാനവും അനുഭവാഖ്യാനവുമാണ്. ഒരു impressionist കലാകാരനെ പോലെ വ്യക്തിഗതമായ അന്തർസഞ്ചയമായി സ്വാമി ഇത് പുന:രാവിഷ്കരിക്കുകയാണ്. ഈ പുസ്തകം നിശ്ചയമായും തീർത്ഥാടനത്തെ, അതിന്റെ അർത്ഥങ്ങളെ കൂടുതൽ നന്നായി പഠിപ്പിക്കുന്നു. അന്വേഷകന് ഏകാഗ്രമായി വിചാരം കൊള്ളാനുള്ള മതരഹിതമായ പാഥേമാണിത്. 

You can share this post!