ഏതോ യാത്രാപഥികനാം ഞാനേകനായി
വാതിൽപ്പടി മുന്നിൽ അമ്മതൻ വിളി കേൾക്കാൻ
കാതോർത്തു നിൽക്കവേ
ഏതോ കിളിയുടെ അമൂർത്ത രോദനം കാതിൽ തറച്ചെന്നെ മൂകനാക്കി
അമ്മയെ കാണുവാൻ തേങ്ങിയെൻ മാനസം
മോനെന്ന വിളിനാദം കേട്ടതില്ല
എങ്കിലും കാതോർത്തു നിന്നു ഞാൻ രാവേറെ പോയതറിഞ്ഞില്ല
നിശ്ശബ്ദനൊമ്പര വിമുഖം എൻ മനം
തേങ്ങലായ് ഓർമ്മകൾ ബാക്കിയായ്
അമ്മയില്ലാത്തൊരാ ശൂന്യമാം വീട്ടിൽ ഞാൻ
തിരയുന്നു അമ്മതൻ വിളികൾ തേടി
വീടെന്ന സ്വപ്നത്തിൽ അമ്മതൻ നിസ്വനം
തെളിയുന്നു വിരിയുന്നു എൻ മനസ്സിൽ
കാലം കഴിഞ്ഞിട്ടും അമ്മയില്ലാത്തൊരാ
വീടെനിക്കിപ്പോഴും ശൂന്യമാം പാഴ്മരുഭൂമി മാത്രം
വേർപാടിൻ വേദന ചുറ്റിപ്പിണയുമ്പോൾ
തേങ്ങലായ് എൻ മനം വെന്തുനീറി. നീറ്റലിൻ ജ്വാലയിൽ വെന്തുരുകുമ്പോഴും
അമ്മയെത്തേടി ഞാൻ എന്നുമെന്നും .
പ്രപഞ്ചതാളത്തിൽ സ്പന്ദനമർമ്മരം
എന്നിലെ ഞാനെന്ന ഭാവങ്ങൾ അലിയട്ടെ തീരട്ടെ