അമ്മയില്ലാക്കാലത്ത്/സ്മിതാ നായർ

കാത്തു നിൽക്കയാണിന്നുമാ-
പ്പഴയ വീടതിന്റെയുടയോനെ.

ആട്ടുകട്ടിലുമന്ത:പ്പുരങ്ങളും
ആളനക്കം തിരയുന്നതാവാം

വീടു വീടായി നിൽക്കുവാനിന്നും
വേറൊരാളിന്റെ കാരുണ്യം വേണം

ഓർത്തു പോകുകയാണു ഞാൻ മാഞ്ഞിടാത്തയെൻ ഭൂതകാലങ്ങൾ

പങ്കുവെയ്പ്പിന്റെയെത്ര ചിത്രങ്ങൾ,
,കരുതലേകിയ നല്ല നിമിഷങ്ങൾ

ഏറെ നീളില്ലയെങ്കിലും, എന്നെ
തേടിയെത്തിയ സ്നേഹവിളികൾ

എത്രയൂർജ്ജമേകിയെന്നോ നിത്യ-
മെന്നെ വിളിച്ചുണർത്തുമ്പോൾ.

മാരി പെയ്തു തിമിർക്കുന്ന നേരം
ഏകയാണമ്മയെന്നുള്ള ചിന്ത.

വേദനിപ്പിക്കെയെന്നെയന്നാളിൽ
വേവിലങ്ങനെ ഞാനുമുരുകി

പരിഭവം ചൊല്ലി മിഴിനീരുതിർക്കെ
അമ്മയെന്നെയാ മാറോട് ചേർത്തു

പഴമയെപ്പുൽകാനാണ്ടിലൊരിക്കൽ
കൊതിയോടെ ഞാനവിടെയെത്തും

ശോഭയോടെന്നെ വരവേൽക്കും
ഗൃഹാതുര സ്മരണ പേറുമിടങ്ങൾ

ഇന്നു ഞാനെന്റെ അമ്മയെയോർത്ത്
വീടകത്തിൽ നിശബ്ദമിരിക്കെ

പേരു ചൊല്ലി വിളിക്കുവാൻ പോലും
അമ്മയില്ലെന്ന സത്യമതോർക്കേ

വെറുതെയെങ്കിലുമാ മടിത്തട്ടിൽ
അര നിമിഷം കിടക്കാൻ കൊതിയ്ക്കെ

എങ്ങു നിന്നൊരു തേങ്ങൽ വന്നി-
ട്ടെന്നെ നോവിച്ചു വിജയം വരിച്ചു

അരികിലായൊരദൃശ്യസാന്നിധ്യം
അർദ്ധ നിദ്രയിൽ ഞാനുമറിഞ്ഞു.

കനവു പൊട്ടി മുളയ്ക്കുന്ന നേരത്ത്
ഒഴുകിയെത്തിയ ചന്ദന ഗന്ധം

മനമിടറുന്ന വേളയിലെല്ലാമെന്നെ
തേടിയെത്തുന്ന അമ്മ സുഗന്ധം!

You can share this post!