അഭിമുഖം /എം.കെ. ഹരികുമാർ / റഷീദ് പാനൂർ

മൂല്യശ്രുതി 

സ്വതന്ത ചിന്തകനും നവവിമർശകനുമായ എം.കെ.ഹരികുമാർ വിവിധ ദാർശനികമണ്ഡലങ്ങളെയും സാഹിത്യകൃതികളെയും സംയോജിപ്പിച്ചു കൊണ്ട് സ്വകീയമായ ആശയധാരകളും സൗന്ദര്യലോകവും സൃഷ്ടിച്ച പശ്ചാത്തലത്തിൽ ഒരു സംഭാഷണം  .

മലയാളത്തിൽ ആധുനികതാ വിമർശനത്തിനു തുടക്കം കുറിച്ച  ‘ആത്മായനങ്ങളുടെ ഖസാക്ക് ‘(1984) എന്ന വിമർശനകൃതിയിലൂടെ ശ്രദ്ധേയനായ ഹരികുമാർ വിവിധ ചിന്താപദ്ധതികളിലൂടെയും ദാർശനിക പാഠങ്ങളിലൂടെയും സ്വന്തം  സിദ്ധാന്തങ്ങളിലൂടെയും ഈടുറ്റ ഒരു സാഹിത്യസംസ്കാരം സൃഷ്ടിച്ചിരിക്കുന്നു. ഹരികുമാർ മലയാളത്തിലെ ഒരു ഒറ്റയാനാണ്, വീക്ഷണത്തിലും അതിർത്തികളെ മായ്ച്ചു കളയുന്ന നൂതന സർഗാത്മക ,ചിന്താസരണികളിലും . രാഷ്ട്രീയപാർട്ടികളുടെയോ ക്ലിക്കുകളുടെയോ പിൻബലമില്ലാതെ കഴിഞ്ഞ നാല്പത്തിയൊന്നു വർഷമായി എഴുതുകയാണ്. തൻ്റെ കോളേജ് പഠനകാലത്ത് ,ആധുനികതയുടെ മധ്യാഹ്നസൂര്യൻ കത്തി നിന്ന കാലത്ത് ആത്മീയശക്തിയോടെ സ്വതന്ത്ര വിചാരമേഖലകളിലേക്ക് ധീരമായി പ്രവേശിക്കുകയായിരുന്നു ഹരികുമാർ.ഒരു കലാകാരനായ വിമർശകനാണ് അദ്ദേഹം. മലയാളം ക്ലാസിക് വിമർശനവും നവീന വിമർശനവും വെറും തകരച്ചെണ്ടയാണെന്നു ഹരികുമാർ വാദിക്കുന്നത് സ്വന്തം നവീന സിദ്ധാന്തങ്ങളുടെ ബലത്തിലാണ്. കോളിൻ വിത്സൻ ,എഫ്. ആർ .ലീവ്‌സ് ,ഡേവിഡ് ലോഡ്ജ് ,ടി.എസ്. എലിയട്ട്, സ്റ്റീഫൻ സ്പെൻഡർ തുടങ്ങിയ പാശ്ചാത്യ വിമർശകരുടെ നിഴൽ മാത്രമാണ് നമ്മുടെ വിമർശനമെന്ന് ഹരികുമാർ ചിന്തിക്കുന്നു. ഈ വിചാരങ്ങൾക്ക് ഇപ്പോൾ കാലത്തിൻ്റെ പിന്തുണ ലഭിച്ചിരിക്കുന്നു എന്നതിനു തെളിവാണ് ഹരികുമാറിനു നല്ല വായനക്കാരിൽ നിന്നു കിട്ടുന്ന ആവേശകരമായ പിന്തുണ. മലയാളത്തിൽ ഇപ്പോഴുള്ള ഒരേയൊരു കോളമിസ്റ്റാണ് അദ്ദേഹം .നവാദ്വൈതം ,സ്യൂഡോ മോഡേണിസം തുടങ്ങിയ ദർശനങ്ങളിലൂടെ ഹരികുമാർ മലയാള വിമർശനത്തിനു ഒരു പുതിയ മുഖം നല്കിയിരിക്കുന്നു. അദ്ദേഹം തൻ്റെ ധൈഷണികലോകം ഇവിടെ അനാവരണം ചെയ്യുന്നു. 

ചോദ്യം: താങ്കളുടെ ‘അക്ഷരജാലകം’ ഇരുപത്തഞ്ചാം വർഷത്തിലേക്ക് കടന്നിരിക്കുന്നു. 1998 ഫെബ്രുവരിയിൽ കേരളകൗമുദിയുടെ എഡിറ്റോറിയൽ പേജിലായിരുന്നല്ലോ തുടക്കം. ഇപ്പോൾ അത് മെട്രോവാർത്തയിൽ തുടരുന്നു. ഇത്രയും ദീർഘകാലമായി തുടരുന്ന ഒരു സാഹിത്യപംക്തി ഇപ്പോൾ വേറെയില്ല .എങ്ങനെയാണ് താങ്കൾ ഈ പംക്തിയിൽ ഓരോ ആഴ്ചയിലും പുതിയ ആശയങ്ങൾ അവതരിപ്പിക്കുന്നുത് ?

എ.കെ.ഹരികുമാർ :ഞാൻ കുറച്ചൊക്കെ വായിക്കാറുണ്ട്. എനിക്ക് പ്രയോജനമില്ലാത്ത കാര്യങ്ങൾ വായിക്കാറില്ല. മനനം ചെയ്യുന്നതാണ് എൻ്റെ രീതി. ആഗോള സാഹിത്യചലനങ്ങളും ചിന്തകളും പരമാവധി ശ്രദ്ധിക്കാറുണ്ട്. എന്തെങ്കിലും നവീനമായ ഒരാലോചന വേണം. എങ്കിലേ കോളം ലൈവാകൂ. ഇൻറർനെറ്റിൽ സൗജന്യമായി, പുസ്തകങ്ങളുടെ പി.ഡി.എഫ് കിട്ടും. ഉത്തര- ഉത്തരാധുനികത ,നവാദ്വൈതം ,സംസ്കാരം തുടങ്ങിയ ആശയങ്ങൾ ആദ്യമായി ഞാൻ എഴുതിയത് ഈ കോളത്തിലാണ്.  

ചോദ്യം :വാക്കുകളുടെ അർത്ഥം എവിടെയാണ് തിരയുക ?

എം കെ .ഹരികുമാർ :നിഘണ്ടുവിനു പുറത്ത്. അറിഞ്ഞതിനു അപ്പുറത്തേക്ക് പോകാൻ അതാണ് മാർഗം.

ചോദ്യം: ഇന്ന് പ്രേമിക്കുന്നതും വേർപെടുന്നതും വേഗത്തിലാണ് .എന്തുകൊണ്ടാണിത് സംഭവിക്കുന്നത് ?

എം.കെ. ഹരികുമാർ: വേഗം പുതിയ സംസ്ക്കാരമാണ്. വേഗത്തെ കീഴടക്കാനാണ് പ്രേമിക്കുന്നത്. പ്രേമത്തെ പോലെ പ്രധാനമാണ് വേർപെടുന്നതും .പ്രേമിച്ചു കഴിയുമ്പോൾ വേഗം നിന്നു പോവുന്നു. 

ചോദ്യം: എന്താണ് ജീവിതത്തിൻ്റെ അനന്യത ?

എം.കെ. ഹരികുമാർ :മറ്റുള്ളവരിലല്ല നമ്മൾ ജീവിക്കുന്നത്; നമ്മളിലാണ്. നമ്മൾ തന്നെയാണ് അനന്യത. നമ്മളിലാണ് ചരിത്രമുള്ളത്. നമ്മൾ ജീവിക്കാത്ത ക്രിസ്തുവാണ്. മനസിലാക്കപ്പെടാത്ത മാനസാന്തരമാണ്.

ചോദ്യം: സാഹിത്യം എന്താണ് ?

എം.കെ.ഹരികുമാർ: സാഹിത്യമല്ലാത്തതായി യാതൊന്നുമില്ല. ഒരു കാക്ക കരയുന്നതു പോലും സാഹിത്യമാണ്. അതിൽ ഒരാഖ്യാനമുണ്ട്. അതാകട്ടെ പല തരം ടെക്സ്റ്റുകളുമാണ്. 

ചോദ്യം: സ്വതന്ത്രചിന്ത ,സ്വതന്ത്ര വിമർശനം ,സ്വന്തമായ സർഗാത്മകത  എന്നൊക്കെ പറയുന്നതിനെ താങ്കൾ എങ്ങനെയാണ് നോക്കിക്കാണുന്നത്? നമ്മുടെ സാഹിത്യത്തിൽ ഇങ്ങനെയുള്ള ചിന്തകൾക്ക് എന്തെങ്കിലും പ്രസക്തിയുണ്ടോ? താങ്കൾ സ്വാതന്ത്ര്യത്തിനായി എന്താണ് ചെയ്യുന്നത് ?എന്താണ് സ്വാതന്ത്യം ?

എം.കെ.ഹരികുമാർ :മഹാഭാരതത്തിലെ ധർമ്മം പോലെ തന്നെ സങ്കീർണമായ ഒരാശയമാണ് ഇന്ന് സ്വാതന്ത്ര്യം. ജീവിതം സാങ്കേതികമായി വ്യതിചലിക്കുന്നതോടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആശയങ്ങളും മാറുകയാണ്. ഓൺലൈൻ ,സമൂഹമാധ്യമങ്ങൾ തുടങ്ങിയവയെല്ലാം സ്വാതന്ത്യത്തിൻ്റെ ചിഹ്നങ്ങളാണ്. എന്നാൽ സ്വാതന്ത്യം കൊണ്ട് നമുക്കൊന്നും ചെയ്യാനില്ല .നമ്മൾ സ്വാതന്ത്ര്യത്തിൻ്റെ അടിമകളാണ് ;പുതിയ അശരീരികൾ .ശരീരംകൊണ്ട് സ്വാതന്ത്ര്യം ഉപയോഗിക്കാനാവില്ല. മനുഷ്യനുള്ള സ്വാതന്ത്ര്യത്തേക്കാൾ അവൻ്റെ സന്ദേശങ്ങൾക്കും പ്രതിഛായകൾക്കുമാണ് സ്വാതന്ത്ര്യമുള്ളത്. ഏറ്റവും ദരിദ്രനായ ,അപമാനിതനായ വ്യക്തിയുടെ സന്ദേശങ്ങൾക്ക് അവനേക്കാൾ സ്വാതന്ത്ര്യമുണ്ട്. സ്വാതന്ത്ര്യം ,വ്യക്തികളെ പിന്നിലുപേക്ഷിച്ച് മുന്നോട്ടുപോകുകയാണ്. അത് ആത്യന്തികമായി നിർമ്മിക്കുന്നത് ഒരു പ്രത്യേകതരം ശൂന്യതയാണ് ,മനുഷ്യനിർമ്മിതമായ ശൂന്യത (Human Emptiness)

നമ്മുടെ സാഹിത്യത്തിൽ സ്വാനുഭവങ്ങൾക്കോ ,സ്വന്തം അഭിപ്രായങ്ങൾക്കോ, സ്വന്തം ആവിഷ്കാരങ്ങൾക്കോ ആരും വില കൊടുക്കുന്നതായി കാണുന്നില്ല. വ്യക്തിപരമായ സ്വാതന്ത്ര്യം എന്താണെന്ന് അറിയാതെയാണ് പുതുതലമുറ എഴുത്തുകാർ വരുന്നത്. സംഘടനയുടെ അഭിപ്രായമാണ് ഇന്ന് എഴുത്തുകാർക്കുള്ളത്. വ്യക്തികൾ ഇല്ലാതായി. ഇന്ന് എല്ലാവർക്കും ഒന്നിൽ കൂടുതൽ സംഘടനകളുണ്ട്. സംഘടനകളുടെ അഭിപ്രായം സമൂഹത്തെ നിയന്ത്രിക്കുന്നു. വ്യക്തികളുടെ മൂല്യങ്ങളായ സ്നേഹം, സഹിഷ്ണുത ,ക്ഷമ ,കാത്തിരിപ്പ്, മൗനം, ഓർമ്മ, വികാരങ്ങൾ തുടങ്ങിയവ ഇപ്പോൾ നാമാവശേഷമായിക്കൊണ്ടിരിക്കുന്നു . നിങ്ങളുടെ കൈയിൽ പണമുണ്ടെങ്കിൽ ചിന്തകൾ പുസ്തകത്തിൽ പ്രസിദ്ധീകരിക്കാം. രാഷ്ട്രീയകക്ഷികളുടെ ചിന്തകളും അതിൻ്റെ പരിപ്രേക്ഷ്യങ്ങളുമാണ് നമ്മുടെ സാഹിത്യകൃതികളിൽ ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. 

എന്തിനും ഒരു പുരസ്കാരം ഉറപ്പാണ്.  ടെലിവിഷൻ ,മറ്റു മാധ്യമങ്ങൾ തുടങ്ങിയ ഇടങ്ങളിലെല്ലാം എല്ലാ ആർട്ടിഫാക്റ്റുകളും പുരസ്കൃതമാവുകയാണ്.സമൂഹം പൂർണമായി അഴിമതിയുടെ ചെളിയിലേക്ക് വീണു എന്നാണ് ഇത് കാണിക്കുന്നത്. എല്ലാ പ്രവർത്തനവും പുരസ്കാരത്തിനായി തെരഞ്ഞെടുക്കപ്പെടുന്നത് , സമൂഹത്തിൽ മൂല്യങ്ങളെപ്പറ്റിയുള്ള വിചാരവും വിവേചനബുദ്ധിയും  ഇല്ലാതാക്കിയിരിക്കുന്നു. ഒരു വാർത്ത എഴുതുകയോ ,വാർത്ത വായിക്കുകയോ ചെയ്താൽ  അവാർഡ് കിട്ടുമെന്ന് ഉറപ്പാണ്. ഒരു കവിതയെഴുതിയാൽ അവാർഡ് കിട്ടും.

എല്ലാവർക്കും പറയാൻ ധാരാളം അവാർഡുകളുണ്ട്. ഓരോ എഴുത്തുകാരൻ്റെയും ബയോഡേറ്റ നീണ്ടു നീണ്ടു പോവുകയാണ്. പക്ഷേ ,സ്വന്തമായ ചിന്തയോ ഉള്ളടക്കമോ ഉണ്ടാകുന്നില്ല .ബയോഡാറ്റയായി വരുന്നത് പൊങ്ങച്ചമാണ്. ഇതിനു സർഗ്ഗപ്രതിഭയുമായി ബന്ധമില്ല. ഇങ്ങനെയാണ് സംവേദനശേഷി മരിക്കുന്നത് .സർഗാത്മകതയെപ്പറ്റിയുള്ള ചർച്ചകൾ ഇന്ന് ആരും ഏറ്റെടുക്കുന്നില്ല .അതൊക്കെ ഇന്നു ബാധ്യതയാണ്. ഒരു ആനുകാലികത്തിൽ പോലും അത് വരുന്നില്ല. 

മറ്റുള്ളവരുടെ കൃതികളിൽ നിന്ന് മോഷ്ടിച്ചെടുത്ത് സ്വന്തമായി ഒന്നും കൂട്ടിച്ചേർക്കാതെ ഉപയോഗിച്ചാൽ മതി, പാഠപുസ്തകങ്ങളിൽ വരെ കയറിപ്പറ്റാം. 

ഞാൻ എൻ്റെ സ്വാതന്ത്ര്യം കണ്ടെത്താൻ വേണ്ടി പരീക്ഷണം നടത്തുകയാണ് .ഒരു നോട്ടത്തിൽ പോലും സ്വാതന്ത്ര്യമുണ്ട്. സൂര്യോദയം കാണാൻ തോന്നുന്നതിൽ പോലും സ്വാതന്ത്ര്യമുണ്ട്. ഏകനായിരിക്കാൻ സ്വാതന്ത്ര്യം വേണം. പ്രേമിക്കാൻ സ്വാതന്ത്യം വേണം .ഇതെല്ലാം അശരീരികളുടെ കാലത്തെ സ്വാതന്ത്യമാണ്. 

പാഠപുസ്തകങ്ങളിൽ കൃതികൾ തെരഞ്ഞെടുക്കുന്നതിൽ വൻ അഴിമതി നടക്കുകയാണ്. മനുഷ്യൻ മൊബൈൽ സ്ക്രീനിലേക്ക് ജീവിതം ചുരുക്കിയ ഈ ഉത്തര- ഉത്തരാധുനിക കാലത്ത് പ്രകൃതിയുമായുള്ള ബന്ധം അറ്റുപോയിരിക്കുന്നു. ജോൺ ബറൗസിൻ്റെ(John Burroughs) The Art of Seeing Things  എന്ന ലേഖനത്തിൽ പറയുന്നത് പോലുള്ള പ്രകൃതിയുടെ അനുഭവം ഇന്നത്തെ തലമുറയ്ക്ക് അപ്രാപ്യമായി കഴിഞ്ഞു. ബറൗസ് എഴുതുന്നു: The eye sees what it has the means of seeing, and it’s means of seeing are in proportion to the love and desire behind it. 

ഞാൻ സ്വതന്ത്രനായിരിക്കാൻ ആദ്യം ചെയ്തത് ഒരു സംഘടനയിലും അംഗമാകില്ല എന്നു  തീരുമാനിക്കുകയായിരുന്നു. അതിപ്പോഴും പാലിക്കുന്നു. എനിക്ക് രാഷ്ട്രീയമുണ്ട് .പക്ഷേ, കക്ഷിരാഷ്ട്രീയമല്ല. എഴുതാനിരിക്കുമ്പോൾ സംഘടനകളോ നേതാക്കളോ നമ്മെ അലട്ടരുത്. 

അതുകൊണ്ട് എനിക്ക് പലയിടങ്ങളിൽ നിന്നും മാറിനിൽക്കേണ്ടി വന്നിട്ടുണ്ട്.

ഒരു നല്ല വാചകമെഴുതണമെങ്കിൽ  ഓർമ്മയെ സ്വതന്ത്രമാക്കണം. സ്വാതന്ത്ര്യം കടൽപോലെ മനസ്സിൽ അടിച്ചുയർന്നാൽ മാത്രമേ നമുക്ക് സർഗ്ഗാത്മകതയുടെ ആവിഷ്കാരത്തിലേക്ക് പ്രവേശനം  കിട്ടുകയുള്ളു. സറിയലിസ്റ്റിക് മനോഭാവം മനസ്സിൻ്റെ ഏതൊരവസ്ഥയ്ക്കും ബാധകമാണെന്ന് ഫ്രഞ്ച് നാടകകൃത്ത് അഥൊന അർത്തൊ (Antonin Artaud) പറയുന്നുണ്ട്:

This revolution aspires to a general devaluation of values, a depreciation of the mind, a demineralising of the obvious,an absolute and perpetual confusion of languages,an unleveling of thought  .

ചോദ്യം: താങ്കൾ ആത്മായനങ്ങളുടെ ഖസാക്ക് എഴുതിയത് 1984 ലാണ്. ആദ്യ ലേഖനം 1981 ൽ അച്ചടിച്ചു വന്നു. ആധുനികതാവിമർശനത്തിൻ്റെ ആദ്യകാലത്ത് തന്നെ പുറത്തു വന്ന താങ്കളുടെ ആദ്യ പുസ്തകം തമസ്കരിക്കപ്പെട്ടു എന്ന് പറയാമോ ?

എം.കെ.ഹരികുമാർ : അന്ന് മാധ്യമങ്ങൾ കുറവാണല്ലോ. എങ്കിലും എനിക്ക് വലിയ പിന്തുണ കിട്ടിയില്ല .എന്നാൽ നോവലിസ്റ്റ് വിലാസിനി എന്നെ തൃശൂരിലെ വീട്ടിലേക്ക് ക്ഷണിച്ച് അനുമോദിക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞത് മറ്റുളളവർ ചെറിയ ലേഖനങ്ങൾ എഴുതിയപ്പോൾ ഹരികുമാർ ഒരു നോവലിനെക്കുറിച്ച് ആധുനികതയുടെ എല്ലാ നിയമലംഘനങ്ങളോടെയും ഒരു പുസ്തകം എഴുതിയത് അസാധാരണമായിരിക്കുന്നു എന്നാണ്. മറ്റാരും ഒരു നോവലിനെ മാത്രം അധികരിച്ച് ഒരു പുസ്തകം എഴുതിയിട്ടില്ലല്ലോ. മാധ്യമങ്ങൾ ആ പുസ്തകത്തിന് കാര്യമായ പിന്തുണ തരാതിരുന്നതിനു പ്രധാനം കാരണം അത് പെട്ടെന്ന് മനസ്സിലാക്കാൻ പ്രയാസമാണെന്നതായിരുന്നു.  സാമ്പ്രദായിക ലേഖന രചനകൾക്ക് ബദലായിട്ടാണ് എൻ്റെ പുസ്തകം രൂപപ്പെട്ടത്. വളരെ നിഗൂഢവും രഹസ്യാത്മക സ്വഭാവമുള്ളതുമാണ് എൻ്റെ അന്നത്തെ ഗദ്യം. അത് സംഭവിച്ചു പോയതാണ്. കലാശാല പ്രബന്ധങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമായ ഒരു സറിയലിസ്റ്റിക്ക് ഗദ്യമാണ് ഞാൻ കണ്ടെത്തിയത് .അത് കേവലം ഒരു പഠനമല്ല; വായനക്കാർക്ക് നോവൽ എന്താണെന്ന് വിശദീകരിക്കുകയായിരുന്നില്ല എൻ്റെ ലക്ഷ്യം. ഞാൻ ‘ഖസാക്കിൻ്റെ  ഇതിഹാസ’ത്തെക്കുറിച്ച് ഒരു വിമർശനമെഴുതി എന്നു പറയുന്നതുപോലും തെറ്റാണ് .എൻ്റെ കലാപരമായ അനുഭവമാണത്. വാൻഗോഗ് ,മാറ്റിസ് തുടങ്ങിയവർ  പെയിൻറുകൊണ്ട് എന്ത് ചെയ്തുവോ അതുപോലെ വാക്കുകൾകൊണ്ട് ചില ആവിഷ്കാരങ്ങൾ എന്നിലൂടെ സംഭവിക്കുകയായിരുന്നു. ചിലപ്പോൾ അർത്ഥം നഷ്ടപ്പെടുന്നു ,ചിലപ്പോൾ യുക്തിയും. എങ്കിലും അത് ആവിഷ്കാരമാണ്. എല്ലാം എല്ലാവർക്കും മനസിലാവണമെന്ന ശാഠ്യം കലയുടെ മേഖലയിൽ നിലനില്ക്കില്ല;ഉത്തരക്കടലാസിൻ്റെ കാര്യത്തിൽ ശരിയായിരിക്കും. നീണ്ട വാചകങ്ങളും യുക്തിക്ക് വഴങ്ങാത്ത പ്രയോഗങ്ങളും അതീന്ദ്രിയമായ ആവിർഭാവങ്ങളും ഗദ്യത്തിൻ്റെ നിഷ്കളങ്കവും കലാപരവും സൗന്ദര്യാത്മകവുമായ ഒരു വിതാനമായി മാറി.

അത് വളരെയേറെ ഇഷ്ടത്തോടെ  സ്വീകരിച്ച വായനക്കാരുണ്ട്. വ്യാഖ്യാനം എൻ്റെ മനസ്സിൽ നടന്നിട്ടുണ്ടാകാം. എന്നാൽ ഞാൻ മറ്റൊരു ആന്തരിക യുക്തിയാണ് ഉപയോഗിച്ചത്. എൻ്റെ ആത്മാവിൽ സംഭവിച്ച ഒരു വാഗ്സ്ഫോടനമാണത്. വാക്കുകൾ അതിൻ്റെ ജനിമൃതികളിലൂടെ ഉല്പത്തി തേടുകയായിരുന്നു. ആധുനികതാവിമർശനമെന്ന തലത്തിൽ ചില മാധ്യമങ്ങൾ ഉയർത്തി ക്കാണിച്ചത് മറ്റു ചിലരുടെ കൃതികളാണെന്ന് പറയട്ടെ. ഒരു പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാർത്ഥി എഴുതിയ ആ പുസ്തകം പ്രോത്സാഹിപ്പിക്കപ്പെടാനുള്ള സാഹചര്യമില്ലായിരുന്നു .എനിക്ക് ഒരു ഗോഡ്ഫാദറുമില്ലായിരുന്നു. എഴുത്തിൻ്റെ ആഭിചാരത്തിനു  വിധേയനായ ഒരു യുവാവായിരുന്നു ഞാൻ. 

ചോദ്യം :’ആത്മായനങ്ങളുടെ ഖസാക്ക്’ ആധുനികതാവിമർശനത്തിനു വിപ്ളവകരമായി തുടക്കം കുറിച്ചു എന്നാണോ താങ്കളുടെ അഭിപ്രായം ?

എം.കെ.ഹരികുമാർ :കലാപരമായി വിമർശനത്തെ അനുഭവിക്കുന്ന ഒരു കൃതിയാണ്‌ ‘ആത്മായനങ്ങളുടെ ഖസാക്ക് ‘.അതുപോലൊരു കൃതി അതിനുമുമ്പോ ശേഷമോ ഉണ്ടായിട്ടില്ല. പലരും നോവലുകളെക്കുറിച്ച് ,കവിതകളെക്കുറിച്ച് ലേഖനങ്ങൾ എഴുതിയിട്ടുണ്ടാകാം. എന്നാൽ ഒരു നോവലിനെക്കുറിച്ച് മാത്രം പ്രതിപാദിക്കുന്ന ഒരു മുഴുനീള പുസ്തകം വേറെ ഏതാണുളളത്.

ഞാൻ കലാശാല സങ്കൽപ്പത്തിലുള്ള വിമർശനമല്ല എഴുതിയത്. എപ്പോഴും കലാപരവും തത്ത്വചിന്താപരവുമായ വഴികളാണ് ഞാൻ തിരഞ്ഞെടുത്തിട്ടുള്ളത്.മനസിലാകുന്നില്ല എന്ന പരാതി മഹത്തായ കലയുടെ മുന്നിൽ വിവരമുള്ളവർ ഉന്നയിച്ചിട്ടില്ല. 

മറ്റു ആധുനികതാവിമർശകർ, ആദരവ് നിലനിർത്തിക്കൊണ്ട് പറയട്ടെ , എഴുതിയതെല്ലാം ലേഖനങ്ങളാണ് .ഞാൻ ‘വീണപൂവ് കാവ്യങ്ങൾക്ക് മുമ്പേ ‘ എന്ന പുസ്തകത്തിലും എൻ്റെ നിലപാട് തുടർന്നു. അമൂർത്തം എന്ന് വിളിക്കപ്പെട്ടു എങ്കിലും ‘ആത്മായനങ്ങളുടെ ഖസാക്കി’ൽ ഒരു കലാകാരൻ്റെ ,സൗന്ദര്യാന്വേഷകൻ്റെ  മനസ്സുണ്ട്. സൗന്ദര്യദാഹിയെ ,അന്തർദാർശനികനെ ഒരു സ്കൂളിനും പരിമിതപ്പെടുത്താകില്ല .കാരണം, അങ്ങനെയുള്ള എഴുത്തുകാർ ഒരു പുതിയ സ്കൂളിൻ്റെ പിറവിക്ക് കാരണമായിത്തീരുകയാണ്. 

സ്പാനീഷ് തത്ത്വചിന്തകൻ ഒർട്ടേഗാ ഇ ഗാസറ്റ് (Ortega Y Gasset) കവിയുടെ പ്രവർത്തനത്തെക്കുറിച്ച് പറഞ്ഞത് കാവ്യാത്മക സറിയലിസമായ എൻ്റെ വിമർശനത്തിനും ബാധകമാണ്:

The poet begins where the man ends. The man’s lot is to live this human life. The poet is to invent what is nonexistent .

വിമർശനത്തിൻ്റെ ഒരു ഘട്ടം കഴിയുമ്പോൾ വിമർശകർ കലയിലാണ് എത്തിച്ചേരുന്നത്.

ചോദ്യം: എങ്ങനെയാണ് ‘ആത്മായനങ്ങളുടെ ഖസാക്ക് ‘ഒരു സ്കൂൾ നിർമ്മിക്കുന്നത്?

എം.കെ.ഹരികുമാർ: അത് ഒരിടത്തും പഠിച്ചതോ പഠിപ്പിച്ചതോ ആയിട്ടുള്ള ഭാഷയോ ചിന്തയോ അല്ല .ഒരു സാഹിത്യകലാകാരൻ്റെ മനസ്സിൻ്റെ അടിത്തട്ടിലുള്ള പ്രതിഫലനങ്ങളും അതീന്ദ്രിയ ഉന്മാദങ്ങളുമാണത്. അതിനെ കേവല വിമർശനത്തിൻ്റെ പരിമിതിക്കുള്ളിലല്ല തളച്ചിടേണ്ടത്. അത് അന്തർദർശനപരമാണ്.   കലാകാരൻ്റെ മനസ്സിലെ പ്രതിഫലനങ്ങൾ മതി. വാക്കുകളിൽ വിസ്ഫോടനങ്ങളുണ്ടാകുന്നു .അതിനെ സാമ്പ്രദായികവിമർശത്തിൻ്റെ  പരിമിതിക്കുള്ളിലല്ല കണേണ്ടത്. ഭാഷയിലൂടെ എഴുത്തുകാരൻ പുനർജനിക്കുകയാണ്. സാൽവദോർ ദാലിയുടെ ചിത്രങ്ങളുടെ അർത്ഥമെന്താണെന്ന് ചോദിക്കുന്നത് അപരിഷ്കൃതമാണ്.

ആത്മായനങ്ങളുടെ ഖസാക്ക് ആസ്വദിക്കാൻ ഒരു പുതിയ അവബോധം ആവശ്യമാണ്. അത് കലയുടെ ഉന്നതമായ കാഴ്ചയാണ്. നമ്മുടെ നാട്ടിൽ യാഥാസ്ഥിതികമായ സ്ഥാപനങ്ങൾ അംഗീകരിച്ചു ചൂണ്ടിക്കാട്ടുന്നത് മാത്രമാണ് പൊതുവെ സ്വീകാര്യത നേടുന്നത് .പരമ്പരാഗത സ്കൂളുകളുടെ പരിധിക്കകത്താണ് നമ്മൾ കഴിയുന്നത്. സർക്കാർ സംവിധാനങ്ങളോ കലാശാലകളോ പിന്താങ്ങുന്ന കലാസൃഷ്ടികളെയാണ് നാം ആഘോഷിക്കുന്നത് .ഇത് അങ്ങേയറ്റം പ്രതിലോമകരമാണ്. ഒരു ഉന്നതമായ കലാസൃഷ്ടി യാഥാസ്ഥിതികവും അക്കാദമികവുമായ വീക്ഷണങ്ങളെ ധ്വംസിക്കുകയാണ് ചെയ്യുന്നത്.അപരിചിതമായ ഒരു നടത്തയാണ് ഉണ്ടാകുന്നത്. ഒരു കാലത്ത് അദ്ധ്യാപകർ വിദ്യാർത്ഥികൾക്ക് വഴികാട്ടികളായിരുന്നെങ്കിൽ ഇന്ന് അവർ വ്യവസ്ഥാപിതമായിത്തന്നെ എല്ലാ സ്വതന്ത്ര അന്വേഷണങ്ങൾക്കും എതിരായിത്തീർന്നിരിക്കുന്നു. ഏറ്റവും അഗാധമായ ഒരു ഗർത്തത്തിനു മുകളിലൂടെ ഒറ്റയ്ക്ക് കയറിൽ നടക്കുന്ന പോലെ സാഹസികമാണത്. 

അവർ സിലബസ് ,ക്ളാസ് റൂം എന്നിവയുടെ ചുറ്റുമതിലുകൾക്കുള്ളിൽ സുരക്ഷിതമായി കഴിയാനാണ് ഇഷ്ടപ്പെടുന്നത്. അവർ സാമ്പ്രദായിക രാഷ്ടീയത്തിൻ്റെയും അക്കാദമിക യാഥാസ്ഥിതികത്വത്തിൻ്റെയും പ്രചാരണമാണ് ഏറ്റെടുക്കുന്നത്.

നവീനമായ ,സാഹസികമായ ഒരു സൗന്ദര്യവിചാരത്തെയും പിന്തുണയ്ക്കാത്ത വിഭാഗമാണ് , പൊതുവേ അദ്ധ്യാപകർ. അതാണ് എന്നെപോലെയുള്ളവരെ നിരാശപ്പെടുത്തുന്നത്. ആത്മായനങ്ങളുടെ ഖസാക്ക് ഇറങ്ങി മുപ്പത്തിയെട്ട് വർഷമായിട്ടും ഒരു കലാശാല അധ്യാപകനോ, കലാശാല സ്ഥാപനമോ ഇതുവരെ ഈ പുസ്തകത്തെക്കുറിച്ച് ഒരു ലേഖനം പോലും എഴുതിയില്ല .അതിൻ്റെ ഫലമായാണ് മാധ്യമങ്ങളും പിന്നോട്ട് പോയത്. 

ചോദ്യം: ആത്മായനങ്ങളുടെ ഖസാക്കിനെക്കുറിച്ച് ആധുനികതാവിമർശകർ എന്തുകൊണ്ടാണ് പ്രതികരിക്കാതിരുന്നത്‌ ?

എം.കെ. ഹരികുമാർ :അവരുടെ തലമുറയിൽപ്പെടാത്തതുകൊണ്ടാവാം. കോളേജ് അധ്യാപകനല്ലാത്തതുകൊണ്ടുമാവാം.  നവീനം എന്ന് വിളംബരം ചെയ്യപ്പെട്ട ആധുനികതാവിമർശനത്തിന് , കലാസൃഷ്ടി തന്നെയായി നില്ക്കുന്ന എൻ്റെ വിമർശനത്തെ നേരിടാനുള്ള ഉപകരണങ്ങളില്ലായിരുന്നു. 

ചോദ്യം :ആധുനികതാവിമർശനത്തിനു ഈ കൃതി എന്ത് സംഭാവനയാണ് മുഖ്യമായി നല്കുന്നത് ?

എം.കെ.ഹരികുമാർ :വിമർശനം എന്ന യുക്തിബോധത്തെ തീക്ഷ്ണമായ കലാനുഭവത്തിലേക്ക് രൂപാന്തരപ്പെടുത്തുന്നത് ,മലയാള വിമർശനത്തിൽ ഇതാദ്യമാണ്. അക്കാദമിക് ചിന്താമണ്ഡലത്തിൽ നിന്ന് സമ്പൂർണമായി ഇത് മാറി നില്ക്കുകയാണ്.ഇത് ഒരു സൃഷ്ടിയാണ്.  

ചോദ്യം: താങ്കളുടെ കൃതിയിൽ ഖസാക്കിൻ്റെ ഇതിഹാസം എഴുതിയ ഒ.വി. വിജയൻ ഒരു കഥാപാത്രമാണെന്ന് എഴുതിയത് ഓർക്കുന്നു. ഒരു വിമർശനകൃതിയിൽ നോവലിസ്റ്റ് കഥാപാത്രമാകുന്നത്  എങ്ങനെയാണ് ?

എം.കെ. ഹരികുമാർ :അത് എൻ്റെ  വായനയെക്കുറിച്ചുള്ള ആശയമാണ്. ഒരാൾ ഒരു കൃതി വായിക്കുമ്പോൾ അതെഴുതിയ ആളിനെയും വായിക്കുകയാണ് .കഥാപാത്രങ്ങളുടെ മനസ്സും പ്രകൃതിയുമാണ്  വിവരിക്കപ്പെടുന്നതെങ്കിലും അതിലൂടെ നോവലിസ്റ്റ് സംസാരിക്കുന്നുണ്ട്.

അത് വേറൊരു വ്യക്തിയാണ്.

എൻ്റെ കൃതിയിലെ കഥാപാത്രം ഒ.വി വിജയൻ എന്ന വ്യക്തിയല്ല; ഖസാക്കിൻ്റെ ഇതിഹാസം എഴുതിയ മറ്റൊരാളാണ്.അത് വിജയൻ എന്ന യഥാർത്ഥ വ്യക്തിയല്ല .വിജയനിൽ  പ്രത്യക്ഷത്തിൽ കാണാത്ത മറ്റൊരു വ്യക്തിയാണ്. അത് കഥ പറയുന്ന അന്തരാത്മാവാണ്. അത് ഭാവനയുടെയും അന്തരംഗത്തിൻ്റെയും വ്യക്തിത്വമാണ്. ആ വ്യക്തിയുമായാണ് വായനക്കാരൻ മൗനത്തിൽ സംവേദനം ചെയ്യുന്നത്. ആ സംവേദനം  തൃപ്തികരമാണെങ്കിൽ നോവൽ തടസ്സമില്ലാതെ വായിക്കാം;  അനുഭവിക്കാം.

ചോദ്യം :സാഹിത്യവിമർശനത്തെ ജീവിതമൂല്യങ്ങളുമായി ,പരിസ്ഥിതിയുമായി ,ആത്മീയതയുമായി ,ഭാവി യുമായി ,മനശ്ശാസ്ത്രവുമായി ബന്ധിപ്പിച്ചാണല്ലോ താങ്കൾ എഴുതുന്നത് . മൂല്യങ്ങൾ ഒരു വഴിക്കും മനുഷ്യർ വേറൊരു വഴിക്കുമാണോ ഇപ്പോൾ സഞ്ചരിക്കുന്നത്?

എം.കെ. ഹരികുമാർ: സാഹിത്യകലയിൽ പണത്തിനാണ് ഇപ്പോൾ ആധിപത്യം .മികച്ച ഒരു വാക്യമോ കൃതിയോ എഴുതിയാൽ കുറെ നല്ല വായനക്കാരെ കിട്ടാതിരിക്കില്ല. എന്നാൽ ബഹുഭൂരിപക്ഷം വായനക്കാരും കറപ്റ്റായി കഴിഞ്ഞു. കറപ്റ്റാക്കുന്നവരുമുണ്ട്. ഫേസ്ബുക്ക് വായനക്കാരെ കറപ്റ്റാക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നവരുണ്ട്. യാഥാസ്ഥിതിക വായനയും മൂല്യവും നിലനിർത്താനും പോഷിപ്പിക്കാനും ഇന്ന് ആസൂത്രിതമായ ശ്രമങ്ങളുണ്ടാകുന്നത് ഫേസ്ബുക്കിലാണ്. സാഹിത്യത്തെ ഇപ്പോഴും അടക്കി ഭരിക്കുന്നത് ഫ്യൂഡൽ മൂല്യങ്ങളും പണവുമാണ്. 

ചോദ്യം: താങ്കൾ എന്തുകൊണ്ടാണ്  മാതൃഭൂമി ആഴ്ചപ്പതിപ്പിലും മറ്റും എഴുതാത്തത് ?

എം.കെ.ഹരികുമാർ: അവർ ആവശ്യപ്പെടാത്തതുകൊണ്ട്. ആവശ്യപ്പെടാതെ ഞാൻ ആർക്കും അയയ്ക്കാറില്ല .എൻ്റെ ലേഖനം ഒരു  ഓഫീസിലും കെട്ടിക്കിടക്കുന്നത് എനിക്കിഷ്ടമല്ല. പെട്ടെന്ന് പ്രതികരിക്കേണ്ടതാണെങ്കിൽ ഞങ്ങളുടെ ഇംപ്രസിയോ വെബ്സൈറ്റിലോ ,എൻ്റെ ബ്ളോഗിലോ പ്രസിദ്ധീകരിക്കും; വാട്സപ്പ് ഗ്രൂപ്പിലിടും. അവിടെ പെട്ടെന്നുതന്നെ ആളുകൾ വന്നു വായിച്ചു തുടങ്ങും .

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഞാൻ ആദ്യമായി എഴുതുന്നത് 1991ലാണ്. ഞാൻ കഥകളെക്കുറിച്ച് ഒരു ലേഖനം എഴുതിക്കൊണ്ടിരിക്കുകയാണെന്ന് വെറുതെ ഒരു കത്തിലെഴുതിയതാണ്. കത്ത് വായിച്ച ഉടനെ എം.ടി. എനിക്ക്  മറുപടി എഴുതി ,ആ ലേഖനം ഓണപ്പതിപ്പിനു വേണ്ടി അയച്ചു തരണമെന്ന് .ഞാൻ ലേഖനം അയച്ചു .ഓണപ്പതിപ്പിൽ ചേർക്കുകയും ചെയ്തു. എം .കൃഷ്ണൻനായർ ,കെ. പി. അപ്പൻ ,എം.എം. ബഷീർ എന്നിവർ പങ്കെടുത്ത ഒരു സിമ്പോസിയത്തിലാണ് എം.ടി. എൻ്റെ ലേഖനം അച്ചടിച്ചത്. 

പിന്നീടും ഞാൻ മാതൃഭൂമിയിൽ  എഴുതിയിട്ടുണ്ട്. എന്നാൽ കുറേ വർഷങ്ങൾക്ക് ശേഷം ആഴ്ചപ്പതിപ്പിൽ ചിലർ വന്നത് എല്ലാം തകിടം മറിച്ചു. ഗൂഢാലോചന നടന്നു. ചിലർ ഒഴിവാക്കപ്പെട്ടു. ഇക്കാര്യത്തിൽ മാനേജ്മെൻറിനെ കുറ്റപ്പെടുത്താനാവില്ല. ഇപ്പോഴത്തെ ആൾക്കാരും എന്നോടൊന്നും ചോദിച്ചില്ല .ഞാൻ അയച്ചിട്ടുമില്ല .മാതൃഭൂമിയുമായി ആത്മബന്ധമുള്ള എന്നെ പതിറ്റാണ്ടിലേറെ കാലമായി അവർ ബഹിഷ്കരിച്ചിരിക്കുകയാണ്, മറ്റു ചിലർക്കു വേണ്ടി. 

ചോദ്യം:പുരസ്കാരങ്ങളെക്കുറിച്ച് താങ്കൾ സംശയമുന്നയിക്കുന്നു. എഴുത്തുകാരുടെ ബയോഡേറ്റ വായിക്കുന്നില്ലെന്നു പറയുന്നു .ധാരാളം അവാർഡുകൾ കിട്ടുന്ന കൃതികൾ വായിക്കാതിരിക്കാൻ പരമാവധി ശ്രമിക്കുമെന്ന് പറയുന്നു .ഇതൊക്കെ എങ്ങനെയാണ് ശരിയാകുക? പുരസ്കാരങ്ങൾ വാങ്ങാതെ ഈ മേഖലയിൽ എങ്ങനെ നിലനില്ക്കും ?

എം.കെ.ഹരികുമാർ: മത്സരിക്കുന്നവർ മത്സരിക്കട്ടെ. എഴുതാനുള്ളത് സൂക്ഷ്മമായി എഴുതിയാൽ പോരേ?ഇപ്പോൾ പുരസ്കാരങ്ങൾക്ക് പ്രത്യേകിച്ച് ഒന്നും വിനിമയം ചെയ്യാനില്ല .എല്ലാ സാഹിത്യപ്രവർത്തനവും വല്ലാതെ രാഷ്ട്രീയവത്ക്കരിക്കപ്പെടുകയാണിന്ന്. അപ്പോൾ ബയോഡേറ്റയോട് എങ്ങനെ താത്പര്യം തോന്നും ? പുരസ്കാരങ്ങൾ കിട്ടുന്നത് കൃതികൾക്കാണെങ്കിലും അതിൻ്റെ ഉള്ളടക്കം എവിടെയും ചർച്ച ചെയ്യുന്നില്ല. വ്യക്തികൾ മാത്രം പ്രശസ്തരാവുന്നു. ഇതൊരു വ്യാജ ലോകമാണ്. ഉള്ളടക്കത്തെ പിന്നിൽ ഉപേക്ഷിച്ചു, ഒറ്റയ്ക്ക് സ്വന്തം പ്രതിച്ഛായ മാത്രമായി നടക്കുന്നതാണ് ദുരന്തം.ഇത് വായനയുടെ ലക്ഷ്യത്തെപ്പോലും  അട്ടിമറിക്കുന്നു .അതുകൊണ്ടാണ് പൂർവ്വകാല കൃതികൾ വായിക്കേണ്ടതില്ല എന്ന ചിന്തയിൽ പലരും എത്തിച്ചേർന്നത്. മഹാനായ കൃഷ്ണചൈതന്യയുടെ കൃതികൾ വീണ്ടും അച്ചടിക്കാത്തതിൻ്റെ കാരണമിതാണ്. 

ചോദ്യം: സoവേദനരഹിതമായ കാലമാണിതെന്ന് താങ്കൾ എഴുതിയല്ലോ. എങ്കിൽ ഈ കാലത്ത് എഴുതുന്നതിൻ്റെ അർത്ഥമെന്താണ്?

എം.കെ.ഹരികുമാർ :പലർക്കും ഭൗതികമായ നേട്ടങ്ങളുണ്ട്. ഇക്കാലത്ത് കോളേജ് അധ്യാപകരും ഉദ്യോഗസ്ഥന്മാരും കവിത എഴുതാൻ മുന്നോട്ടു വരുന്നത് എ. അയ്യപ്പനെ പോലെ ഉത്ക്കടമായി ആഗ്രഹിച്ചിട്ടാണോ ?വികാരങ്ങളും ആശയങ്ങളും ചേർന്ന് അവ്യക്തത സൃഷ്ടിക്കുമ്പോൾ അതിൽ നിന്ന് രക്ഷപ്പെടാൻ ആത്മാർത്ഥമായി ശ്രമിക്കുന്നവർ എത്ര പേരുണ്ട്?

ആത്മഹത്യയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമം എന്ന പോലെയാണ് യഥാർത്ഥ കവിയുടെ വരികൾ പിറക്കുന്നത്.

ചോദ്യം: മൗലികതയില്ലാത്തവർ എഴുതുന്നതുകൊണ്ട് എന്താണ് കുഴപ്പം?

എം.കെ.ഹരികുമാർ : ആർക്കും എന്തും ചെയ്യാമല്ലോ? വിമർശിച്ചാൽ   ഒറ്റപ്പെടുത്തി നശിപ്പിക്കാൻ നോക്കും .അതുകൊണ്ട് ആരും മിണ്ടാൻ പോകില്ല. മൗലികത പുറമേ നിന്നു നോക്കുമ്പോൾ കാണാനുള്ളതല്ല.  മറ്റൊരാളുടെ രചന മോഷ്ടിക്കുകയാണെന്ന് പരസ്യമായി  പറഞ്ഞുകൊണ്ടും എഴുതാം. പക്ഷേ ,പ്രതിഭ വേണം. മോഷ്ടിക്കുന്നതു കൊണ്ട് നാമെന്ത് ചെയ്തു എന്നാണ് നോക്കുന്നത് .

ചോദ്യം: ഇരുപത്തഞ്ച് പുസ്തകങ്ങൾ എഴുതിയ താങ്കളുടെ പുതിയ കൃതികളൊന്നും കണ്ടില്ല?.

എം.കെ.ഹരികുമാർ: പുസ്തകങ്ങളായി പ്രസിദ്ധീകരിക്കാതായിട്ട് നാലുവർഷം കഴിഞ്ഞു. പ്രസിദ്ധീകരിക്കുന്നതെല്ലാം  ഇൻറർനെറ്റിൽ കൊടുക്കുകയാണ്. പുസ്തക പ്രസാധനം ഏതാനും പേരുടെ കൈകളിലമർന്നിരിക്കയാണ്. എല്ലാം രാഷ്ട്രീയവത്ക്കരിക്കപ്പെട്ടു. 

ചോദ്യം: സൗന്ദര്യത്തെ മാത്രം അന്വേഷിക്കുന്ന ഒരു വിമർശനകൃതി  മലയാളത്തിലുണ്ടോ?

എം.കെ.ഹരികുമാർ: ആത്മായനങ്ങളുടെ ഖസാക്ക് 

ചോദ്യം: പുതിയ രചന ?

എം.കെ.ഹരികുമാർ: ബൃഹദാരണ്യകോപനിഷത്ത് വായിച്ചതിൻ്റെ അനുഭവം ഒരു ദീർഘകവിതയായി എഴുതി :സർവ്വസ്വ  ആത്മന: .അത് ബ്ളോഗിൽ പ്രസിദ്ധീകരിച്ചു. പിന്നെ ,കഴിഞ്ഞ വിഷുവിനു എൻ്റെ മുപ്പതോളം രചനകൾ (ലേഖനങ്ങളും കവിതകളും മറ്റും) ഉൾക്കൊള്ളിച്ച് ഒരു ‘എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് ‘ഇൻ്റർനെറ്റിൽ പ്രസിദ്ധീകരിച്ചു. ഇത്തരം പതിപ്പുകൾ – നവവത്സര പതിപ്പ് ,ഓണപ്പതിപ്പ് ,വിഷുപ്പതിപ്പ് – കഴിഞ്ഞ ഏതാനും വർഷങ്ങളായി പുറത്തിറക്കാറുണ്ട്. എൻ്റെ രചനകൾ മാത്രമാണ് ഇതിൽ ചേർക്കാറുള്ളത്. 

ചോദ്യം :എഴുതി ,ജീവിച്ചു എന്നതിൻ്റെ രേഖയായിട്ടാണ് സാഹിത്യവിമർശനത്തെയും മറ്റു രചനകളെയും കാണുന്നത് എന്ന് താങ്കൾ അഭിപ്രായപ്പെട്ടു. എന്താണ് അതുകൊണ്ട് വിവക്ഷിക്കുന്നത് ?

എം.കെ.ഹരികുമാർ : ഞാൻ ജീവിച്ചതാണ് എൻ്റെ ക്രിയേറ്റിവിറ്റിയായി പുറത്തുവന്നത്. ഈ ജീവിതം ഞാൻ എങ്ങനെ ജീവിച്ചു എന്ന് വിശദമാക്കാനാണ് ഞാൻ എഴുതിയത്. എനിക്കാവശ്യമുള്ളതാണ് ഞാൻ എഴുതുന്നത്. സൂര്യൻ ,മയിൽ ,പുലി, ജലം എന്നീ വിഷയങ്ങളെ അധികരിച്ച് ഞാൻ എഴുതിയ വിചിത്രലേഖനങ്ങൾ എൻ്റെ ആവശ്യമായിരുന്നു. എൻ്റെ സമ്പൂർണ കൃതികൾ അച്ചടിച്ചാൽ  നൂറ് പുസ്തകങ്ങളെങ്കിലും വരും. 

ചോദ്യം: ആരൊക്കെയാണ് നമ്മുടെ സ്വതന്ത്രചിന്തകർ ?സി.ജെ. തോമസ്, എം. ഗോവിന്ദൻ ? 

എം.കെ.ഹരികുമാർ :സി.ജെ യെയും ഗോവിന്ദനെയും സ്വതന്ത്രചിന്തകരായി ഞാൻ കാണുന്നില്ല. സ്വതന്ത്രചിന്തകൻ എന്നാൽ അരാജകവാദി എന്നല്ല അർത്ഥം. നമ്മുടെ ഭാഷയുടെയും കാലത്തിൻ്റെയും ജീനിയസിനെ കണ്ടെത്തുന്നതിൽ യാതൊരു വിധ സ്വാധീനത്തിലും വഴങ്ങാതെ എല്ലാറ്റിനെയും നീതിയോടെ നോക്കാൻ കഴിയണം. സി.ജെ ,ഗോവിന്ദൻ തുടങ്ങിയവർ ദളിത് പിന്നോക്ക വിഭാഗങ്ങളുടെ സ്വാതന്ത്ര്യ സമരങ്ങളെ കണ്ടതായി തോന്നിയിട്ടില്ല.എന്നാൽ പി. കെ. ബാലകൃഷ്ണൻ ,കുറ്റപ്പുഴ കൃഷ്ണപിള്ള, ഡോ .കെ .ഭാസ്ക്കരൻനായർ ,ഒ.വി.വിജയൻ എന്നിവർ ശരിക്കും സ്വതന്ത്ര ചിന്തകരാണ്.

ചോദ്യം: മലയാളത്തിൽ ആധുനികതയ്ക്ക് എന്താണ്  സംഭവിച്ചത്? മലയാള ആധുനികത യൂറോപ്യൻ ,ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്ന് മോഷ്ടിച്ചതാണെന്ന് പറയുന്നുണ്ടല്ലോ ?

എം.കെ.ഹരികുമാർ: ആധുനികത വികസിക്കേണ്ടതായിരുന്നു .പുതിയ പുതിയ സങ്കേതങ്ങൾ വരണമായിരുന്നു. അത് ഉണ്ടായില്ല. എന്നാൽ പിന്നീട് മലയാള സാഹിത്യം പൈങ്കിളിയിലേക്ക് പോകുന്നതാണ് നാം കാണുന്നത്. ചിന്താശേഷിയില്ലാത്തവർ പെരുകി. മനുഷ്യൻ്റെ അസ്തിത്വപരമായ ആധി  എപ്പോഴെങ്കിലും അവസാനിക്കുമോ? പുതിയ ശൈലിയും ഭാഷയും ഉണ്ടാകുന്നതിനെ ആധുനികത എന്ന് പറയാം. ഒരാൾ അസ്തിത്വവ്യഥ അനുഭവിക്കുന്നത് അസ്തിത്വവാദിയായതുകൊണ്ടല്ല. അത് ജീവൻ്റെ പ്രശ്നമാണ്. വൈകാരിക സംവേദനമാണത്. ഇതാണ് എഴുതേണ്ടത്. പഠിച്ച എഞ്ചുവടിയോ കണക്കോ അല്ല എഴുതേണ്ടത് .അജ്ഞാതമായ പൊരുളിനു നേർക്ക് ഒരു കണ്ണു വേണം. മലയാളത്തിൽ പുതിയ ശൈലിയോ ഭാഷയോ ഇപ്പോഴില്ല.ഒ.വി.വിജയനു ശേഷം മലയാളനോവൽ വളർന്നിട്ടില്ല. ‘ധർമ്മപുരാണം ‘ഒരു വിപ്ളവമായി ഇപ്പോഴും നില്ക്കുകയാണ്‌. 

ചോദ്യം: താങ്കൾ വിമർശനത്തിൽ നിന്ന്  നോവലിലേക്കും കഥയിലേക്ക് കവിതയിലേക്കും കടന്നത് ശരിയാണോ ?ചിലർ അങ്ങനെ ചോദിക്കാറുണ്ട് ?

എം.കെ.ഹരികുമാർ :ഈ പറഞ്ഞ മാന്യന്മാരുടെ വീട്ടുപടിക്കൽ പോയി കാത്തു നിന്നിട്ട് നോവലെഴുതാനുള്ള അനുവാദം ചോദിക്കണമായിരിക്കും .ഇവരുടെ വാക്കുകൾ ആരു കേൾക്കുന്നു . ഇതൊക്കെ ലോകപരിചയം ഇല്ലാത്തതുകൊണ്ട് പറയുന്നതാണ്.

സൂസൻ സൊൻടാഗ് ,കോളിൻ വിത്സൻ തുടങ്ങിയവർ വിമർശനവും നോവലും എഴുതിയിട്ടുണ്ട്‌. മാത്യു ആർനോൾഡ് ,ടി.എസ് .എലിയട്ട് എന്നിവർ കവിതയും വിമർശനവും എഴുതിയിട്ടുണ്ട്. ഒരു ശാഖയിൽ തന്നെ ഒരുങ്ങണമെന്ന ഒരു നിയമവുമില്ല. അതിരുകൾ മാഞ്ഞു പോകുന്ന കാലമാണിത്. ഒരാൾക്ക് അധികമായുള്ള പ്രതിഭയാണ് പുതിയ രൂപങ്ങൾ തേടുന്നത്.

ചോദ്യം :താങ്കളുടെ ‘ശ്രീനാരായണായ ‘വേണ്ടത്ര ചർച്ച ചെയ്തില്ല എന്ന് തോന്നുന്നുണ്ടോ ?

എം.കെ.ഹരികുമാർ : അങ്ങനെ തോന്നുന്നില്ല. അത് നന്നായി വായിച്ചവരുണ്ട്. മലയാളത്തിനു അജ്ഞാതമായ ഒരു രൂപവും ശൈലിയും ഉള്ളടക്കവും സംഭാവന ചെയ്ത ആ ബൃഹത് നോവൽ എൻ്റെ സർഗശേഷിയുടെ പാരമ്യമാണ്‌. 

അതിനെക്കുറിച്ച് കുറെ ലേഖനങ്ങൾ എഴുതപ്പെട്ടു. അത്ര കൊട്ടിഘോഷിക്കപ്പെട്ടില്ല എന്നത്  നേരാണ്. അതിൻ്റെ കാരണം അസഹിഷ്ണുതയും അസൂയയുമാണ്.

നൂറുവർഷത്തെ നോവലുകളിൽ  വലിയ സ്ഥാനം നേടുന്ന കൃതിയാണിതെന്ന് പലരും പറഞ്ഞു. നോവൽ എല്ലായ്പോഴും നവമായിരിക്കണം.അത് അകം ലോകത്തെയാണ് അന്വേഷിക്കുന്നത്. ആ വാക്കിൻ്റെ അർത്ഥമതാണ്.

സൂസൻ സൊൻടാഗ് പറഞ്ഞു:

A novel worth really is an education  of the hearts. It enlarges your sense of human possibilities, of what human nature is, of what happens in the world .It is a creator of inwardness. 

ചോദ്യം :ഇന്നത്തെ മലയാളവിമർശനം നിശ്ചലമാണെന്ന് അഭിപ്രായപ്പെടുന്നവരോട് എന്താണ്  പറയാനുള്ളത് ?

എം.കെ.ഹരികുമാർ :പലരുടെയും വിമർശനം നിശ്ചലമായിട്ടുണ്ടാവാം. പക്ഷേ ,എൻ്റെ വിമർശനം ആത്മായനങ്ങളുടെ ഖസാക്ക് മുതൽ വികസിച്ചിട്ടേയുള്ളു. ഞാൻ പുതിയ പ്രമേയങ്ങളും ചിന്തകളും കണ്ടെത്തി. ലോകനിലവാരത്തിലാണ് ഞാൻ മുന്നോട്ടുപോയത്. ഉത്തര- ഉത്തരാധുനികത ,നവാദ്വൈതം, തനിമനസ് , ഉൽപരിവർത്തനം, സ്യൂഡോ റിയലിസം ,നോവലിസ്റ്റ് കഥാപാത്രമാണ് തുടങ്ങിയ സിദ്ധാന്തങ്ങളിലൂടെ മുന്നോട്ടു പോവുകയാണ്.’എം.കെ.ഹരികുമാറിൻ്റെ സിദ്ധാന്തങ്ങൾ’ എന്ന പുസ്തകം തന്നെ വന്നിട്ടുണ്ട്. എന്നാൽ മലയാളകഥ വലിയ തകർച്ചയിലാണ്. പത്ത് വർഷം കൂടുമ്പോൾ ഒരു കണക്കെടുക്കൂ .മികച്ച അഞ്ചു  കഥകൾ പോലും എടുക്കാനുണ്ടാവില്ല. 

ചോദ്യം: ഇതുവരെയുള്ള വായനയിൽ നിന്ന് പത്ത് മികച്ച സാഹിത്യരചനകൾ തിരഞ്ഞെടുക്കാമോ ?മലയാളവും ഇന്ത്യനും വേണ്ട. ഏതു ശാഖയിൽ നിന്നുള്ള രചനകളും ചേർക്കാം. 

എം.കെ.ഹരികുമാർ: മികച്ച രചനകൾ എന്ന നിലയിൽ പരിശോധിക്കാം.

1)ജോനഥൻ ലിവിംഗ്സ്റ്റൺ സീഗൾ (നോവല്ല):റിച്ചാർഡ് ബാക്ക്

2)ദ് ജൻ്റിൽമാൻ ഫ്രം സാൻഫ്രാൻസിസ്കോ (കഥ): ഇവാൻ ബുനിൻ 

3)ദ് ഡെത്ത് ഓഫ് ഒലിവിയർ ബികെയ്ലി (കഥ): എമിലി സോള 

4)നോസിയ (നോവൽ): സാർത്ര്

5)ദ് ഹൈറ്റ്സ് ഓഫ് മാച്ചു പിച്ചു ( കവിത ): നെരൂദ

6)ഡോവർ ബീച്ച് (കവിത): മാത്യു അർണോൾഡ്

7)സെൻ ആൻഡ് മോട്ടോർ സൈക്കിൾ മെയിൻ്റനൻസ് (നോവൽ):റോബർട്ട് എം. പിർസിഗ്

8)മെറ്റാമോർഫോസിസ് (കഥ): ഫ്രാൻസ് കാഫ്ക 

9)ലീവ്സ് ഓഫ് ഗ്രാസ് (കവിത): വാൾട്ട് വിറ്റ്മാൻ 

10)പെഡ്രോ പരാമോ (നോവൽ): ഹ്വാൻ റുൾഫോ 

ചോദ്യം: വിമർശകൻ്റെ ഭാഷ അല്ലെങ്കിൽ ഗദ്യം എന്താണ് ?അതിനു താങ്കൾ എന്ത് ആശയമാണ് നല്കുന്നത് ?

എം.കെ.ഹരികുമാർ: വിമർശകൻ്റെ ഗദ്യം എന്തായാലും, എം.എ  ക്ലാസുകളിൽ പഠിച്ചതോ ,പഠിപ്പിച്ചതോ ആയിരിക്കരുത്. എൻ്റെ ഭാഷയിൽ എം.എ മലയാളംകാരുടെ ക്ളീഷേയൊന്നുമില്ല. ഭാഷ  എഴുത്തുകാരനാണ് കണ്ടെത്തുന്നത് ;അയാളെ പഠിപ്പിച്ച അധ്യാപകരല്ല .ഒരു യഥാർത്ഥ വിമർശകൻ ക്ലാസ് റൂമുകളിൽ കേട്ടതൊന്നും എടുക്കരുതെന്നാണ് എൻ്റെ പക്ഷം. കലാശാലാ അധ്യാപകരുടെയോ ഗവേഷകരുടെ യോ ഗദ്യത്തിൻ്റെ ഒരു കണികപോലും കടന്നുവരാത്തവിധമാണ് ഞാൻ മനുഷ്യാംബരാന്തങ്ങൾ, വീണപൂവ് കാവ്യങ്ങൾക്ക് മുമ്പേ തുടങ്ങിയ പുസ്തകങ്ങൾ എഴുതിയത്. ഗദ്യം വെറും യഥാർത്ഥ രൂപമല്ല; അത് നമ്മുടെ ഉള്ളിൽ സംഭവിച്ച ഒരു സ്ഫോടനത്തിൻ്റെ  ആകെത്തുകയാണ്. അതിനുള്ളിലേക്ക് ദാർശനികവും സൗന്ദര്യാത്മകവും ധിഷണാപരവുമായ മനസ്സുകൾ കയറിച്ചെല്ലണം.

ചോദ്യം :ഇന്നത്തെ എഴുത്തുകാർ കക്ഷി രാഷ്ട്രീയത്തിന് അടിമപ്പെട്ടു വെറും കുഞ്ഞാടുകൾ ആയിരിക്കുകയല്ലേ ? 

എം.കെ.ഹരികുമാർ :ഭൂരിപക്ഷവും അധികാരത്തെയാണ് ആരാധിക്കുന്നത്.  കുഞ്ഞാടുകൾ ആയാൽ പ്രയോജനം ഉണ്ടല്ലോ .വേദികൾ കിട്ടും. മാഗസിനുകളിൽ ഇടം തുറന്നുകിട്ടും. പുസ്തകങ്ങൾ യഥേഷ്ടം പ്രസിദ്ധീകരിക്കാം. വാരാന്തപ്പതിപ്പുകൾ കിട്ടും. അവാർഡുകളും കിട്ടും. നല്ല റോയൽറ്റിയും തരപ്പെടും .കോടീശ്വരനാകാം.

എഴുത്തുകാരൻ്റെ വ്യക്തിത്വത്തിൻ്റെയും അഭിപ്രായത്തിൻ്റെയും കാലം കഴിഞ്ഞു. ഇപ്പോൾ അഭിപ്രായം പറയാൻ ധൈര്യമുള്ളത് യുട്യൂബേഴ്സിനാണ്. എഴുത്തുകാരൻ്റെ വാക്കുകൾക്ക് പുതുമ നഷ്ടപ്പെട്ടു. ഒരു ജീർണിച്ച ഏടാകൂടമാണ് ഇന്നത്തെ ശരാശരി എഴുത്തുകാരൻ്റെ മനസ്. 

ചോദ്യം: കൊറോണ ,യുക്രെയ്ൻ യുദ്ധം തുടങ്ങിയ മഹാവിപത്തുകൾ നമ്മുടെ സാഹിത്യത്തെ ഏശാതെ പോയത് എന്തുകൊണ്ടാണ്?

എം.കെ.ഹരികുമാർ: യഥാർത്ഥ പ്രതിഭകൾ ഇല്ലാത്തതുകൊണ്ടാണ്.നേരത്തെ പറഞ്ഞ കാരണങ്ങളുമുണ്ട്. ഇവിടെ  പ്രചോദനവും സംവേദനവും നഷ്ടപ്പെട്ടിരിക്കുകയാണ്. നിങ്ങൾ എത്ര സുന്ദരമായി എഴുതിയാലും അതൊന്നും വലിയ രീതിയിൽ മാനിക്കപ്പെടുകയില്ല. ചിലർ ആഗ്രഹിക്കുന്നവർ എഴുതണം. അവാർഡ് മാടമ്പിമാർ ഇവിടെ എല്ലാം പഴയ കാലത്തേക്ക് മടക്കി കൊണ്ടുപോകാൻ തയ്യാറായി നില്ക്കുകയാണ്. സാഹിത്യപരിഷത്ത് തുടങ്ങിയ മിക്കവാറും അവാർഡ് സ്ഥാപനങ്ങൾ ഫ്യൂഡൽ മൂല്യങ്ങളിലേക്ക് പരിഗണനാ വിഷയങ്ങൾ ചുരുക്കിയിരിക്കയാണ്.ഉയർന്ന സാമൂഹിക പദവി ,ഉയർന്ന വരുമാനം ,രാഷ്ട്രീയ സ്വാധീനം ,കുടുംബമഹിമ എന്നിവയെല്ലാം നോക്കിയാണ് ഈ സ്ഥാപനങ്ങൾ അവാർഡ് നല്കുന്നത്. 

ചോദ്യം :മുൻതലമുറയിലെ വിമർശകർ എന്തുകൊണ്ടാണ് പുതിയതൊന്നും  ചിന്തിക്കാതെ സ്വന്തം വത്മീകത്തിലേക്ക് വലിഞ്ഞിരിക്കുന്നത്?

എം.കെ.ഹരികുമാർ :അവരുടെ ചിന്താശേഷി വറ്റിയിരിക്കുന്നു. ഉപകരണങ്ങൾ കാലഹരണപ്പെട്ടാൽ വേറെന്ത് ചെയ്യും ? പഴയ വിമർശകർ നിരാശരാണ്. 

ചോദ്യം: ഫിക്ഷ്ൻ മരിച്ചു എന്ന താങ്കൾ എഴുതിയത് ഏത് പശ്ചാത്തലത്തിലാണ്?

എം.കെ.ഹരികുമാർ : ഫിക്ഷ്ൻ പരമ്പരാഗതമായ ഒരു ആഖ്യാനം എന്ന നിലയിൽ മരിച്ചു എന്നാണ് പറഞ്ഞത്. ഫിക്ഷ്ൻ യഥാർത്ഥമല്ലാത്തതാണ് . അതുകൊണ്ട് പുതിയ ഭാവനകൾ ആവശ്യമാണ്. യഥാതഥമെന്ന് കരുതുന്ന വസ്തുക്കളെ ,പാഠങ്ങളെ, ചരിത്രത്തെ ഭാവനയിലൂടെ രൂപാന്തരപ്പെടുത്തുകയാണ് ഇനി വേണ്ടത്. എൻ്റെ ‘ജലഛായ’, ‘ശ്രീനാരായണായ’,’വാൻഗോഗിന് ‘ എന്നീ നോവലുകളിലൂടെ ഞാൻ ഇതാണ് ചെയ്തത്.

ചോദ്യം: പ്രകൃതിയിൽ സൗന്ദര്യമുണ്ടോ?

എം.കെ.ഹരികുമാർ : പ്രകൃതിയിൽ സൗന്ദര്യമുണ്ട്. പക്ഷേ ,അത് നമുക്ക് വേണ്ടിയുള്ളതല്ല. നമുക്ക് അതുമായി യാതൊരു ബന്ധവുമില്ല .

എത്ര പൂത്തുലഞ്ഞുനിൽക്കുന്ന വൃക്ഷമായാലും നമ്മെ സംരക്ഷിക്കുകയില്ലല്ലോ .നമ്മളുടെ ഭാവനയിലൂടെയാണ് നാം ബന്ധം സ്ഥാപിക്കുന്നത്‌. മനുഷ്യൻ ഒരു യഥാർത്ഥജീവിയല്ല; ഭാവനാജീവിയാണ്.

ചോദ്യം: ജീവിതത്തിൻ്റെ സമസ്യയെ താങ്കൾ എങ്ങനെ വീക്ഷിക്കുന്നു?

എം.കെ.ഹരികുമാർ: ജീവിതത്തെ മറ്റൊരാൾക്ക് കാണിച്ചുകൊടുക്കാനാവില്ല. അതാണ് സമസ്യ .എല്ലാ ലോകങ്ങളും നമ്മളിൽ തന്നെ ഉദിച്ച് അസ്തമിക്കുകയാണ്. തൊട്ടടുത്തുള്ളവനോട് വിനിമയം ചെയ്യാനാവില്ല. ഈ പാരതന്ത്ര്യത്തെ മറികടക്കാൻ നമുക്ക് ആത്മീയതയിൽ വ്യഥാ അഭയം തേടാം .മാനവികത ,ആത്മീയത  തുടങ്ങിയവയൊക്കെ വല്ലാതെ  വാഴ്ത്തപ്പെടുന്നതാണ്‌. മനുഷ്യനു വേണ്ടി മാത്രമായി ഒരു ലോകവീക്ഷണം ആപത്താണ്; യുക്രെയ്ൻ യുദ്ധം അതിൻ്റെ  തെളിവാണ്. സൗന്ദര്യത്തിനു വേണ്ടിയാണ് ലോകം നിലനിൽക്കേണ്ടത് .

ചോദ്യം: ഒരു കലാസൃഷ്ടിയുടെ പൂട്ട് എന്താണ് ?

എം.കെ.ഹരികുമാർ :കലാസൃഷ്ടിയുടെ പൂട്ട് അതിൻ്റെ ഭ്രമലോകവുമായി  ബന്ധപ്പെട്ടതാണ്. ഒരു വസ്തുവിനെ അപരിചിതമാക്കുന്നതാണ് കല. ഒരു യഥാർത്ഥ പൂച്ചയെ ,എല്ലാവരും നേരത്തെ കണ്ട ഒരു പൂച്ചയെ വരയ്ക്കരുത്. അത് ഫോട്ടോ കോപ്പിയായിരിക്കും. ഒരു വസ്തുവിനെ അയഥാർത്ഥ്യമാക്കുകയാണ് വേണ്ടത്. ഫിക്ഷ്ൻ ഒരു നുണയാണെന്ന് മനസ്സിലാക്കുക. യാഥാർത്ഥ്യത്തെ കൂടുതൽ തുറന്നു കാട്ടുന്ന നുണയാണത്. 

പോർച്ചുഗീസ് കവി ഫെർണാണ്ടോ പെസ്സോവ The Book of Disquite എന്ന പുസ്തകത്തിൽ ഇങ്ങനെ എഴുതി:

So we make use of lies and fiction to promote understanding among ourselves, something that the truth – personal and incommunicable – could have accomblish “.

മൂല്യശ്രുതി 

home

You can share this post!