
അവർ അങ്ങനെയാണ്.
ഒന്നിച്ചാണ് കുടിക്കുന്നതും വലിക്കുന്നതും തർക്കിക്കുന്നതുമെല്ലാം.
കൂട്ടത്തിൽ എന്തോ വ്യത്യസ്തമായ ഒരഭിപ്രായം പറഞ്ഞവനെ തല്ലി മൂലയിൽ ഒതുക്കിയതും ഒന്നിച്ചു തന്നെ, തല്ലെന്ന് പറഞ്ഞാൽ വെറും അടിയല്ല, ഓരോരുത്തർക്കും ചെയ്യാവുന്നതിന്റെ പരമാവധി ആയത്തിലും കട്ടിയിലും,
അവന്റെ അനക്കം നിൽക്കുവോളം ചവുട്ടിയും അടിച്ചും മാസ്സ് കാണിച്ചു.
പിന്നെ വിജയശ്രീലാളിത
രായി തിരിഞ്ഞു നടക്കുമ്പോൾ കൂട്ടത്തിൽ ആരോ ഒരാൾ വിളിച്ചു പറഞ്ഞു,
“വേഗം വിട്ടോ,
ചാനലുകൾ വരുന്നുണ്ട്.”
ബാക്കിയുള്ളവർ ഒന്ന് അട്ടഹസിക്കുന്നതിനിടയിൽ ഒരാൾ പറഞ്ഞു,
“ഞാൻ എടുത്ത വീഡിയോ അയച്ചതാണല്ലോ, പിന്നെ അവർ എന്തിനാ ഇങ്ങോട്ട് വരുന്നത്”
നേതാവായവൻ അപ്പോൾ ഉറക്കെ വിളിച്ചു പറഞ്ഞു,
“കാണട്ടെ, എല്ലാവരും അറിയട്ടെ നമ്മൾ എങ്ങനാ കാര്യങ്ങൾ ഡീല് ചെയ്യുന്നതെന്ന്. ഇങ്ങോട്ട് കളിച്ചാൽ എന്തായിരിക്കും കളിയെന്ന് എല്ലാരും അറിയട്ടെ”
അയാൾ വാക്കുകളുടെ അതേ ആവേശത്തിൽ മൂലയിൽ വിറച്ചു വീണവന്റെ നെഞ്ചത്തിട്ട് ഒന്നുകൂടി ആഞ്ഞു തൊഴിച്ചു.
ആഘോഷം പൂർണ്ണം.
പിന്നെ അവർ അഭിമാനപൂരിതരായി ക്യാമറകണ്ണിലൂടെ
ഞെളിഞ്ഞു നടന്നു.
അധികം വൈകാതെ എല്ലാ ചാനലുകളും ബ്രേക്ക് ചെയ്യുകയും
സോഷ്യൽ മീഡിയ നിറയുകയും ചെയ്തത് കണ്ട് മൊബൈൽ ഉയർത്തിപ്പിടിച്ചു കൊണ്ട് അഭിമാനപൂരിതരായി അവർ എങ്ങോട്ടോ പറന്നുപോയി.