അപ്രത്യക്ഷം/ജയപ്രകാശ് എറവ്


” നീ കാണുന്നതെന്തോ കണ്ട് കൊണ്ടിരിക്കുക.
നീ കേൾക്കുന്നതെന്തോ കേട്ടിരിക്കുക.
കാണുന്നതും , കേൾക്കുന്നതും ഒന്നു മാത്രമാകുമ്പോൾ നിശ്ശബ്ദനാകുന്നതിൽ തെറ്റില്ല ” .

ഞാനത് കണ്ടുവോ ?
കണ്ണിൽ നിന്ന് മാഞ്ഞ് പോവാത്തത് വിശ്വസിച്ചുവോ ?
കാണുന്നതും,
കാണാതിരിയ്ക്കുന്നതും
കേൾക്കുന്നതും,
കേൾപ്പാതിരിയ്ക്കുന്നതും
ഞാൻ തന്നെയാകുന്നു.
ചോദ്യങ്ങൾക്കിടമില്ലാതെ
ഉത്തരങ്ങൾ തേടി
മൗനത്തിൻ അഗാധതയിൽ
നിമഗ്നനായങ്ങനെ… ഒളിച്ചിരിപ്പ്.
ആരെല്ലാമാണ്
അവസാന നിലവിളിയിൽ അമ്മയുടെ മുലപ്പാൽ നുണഞ്ഞവർ ?
ഇരുളിലേക്ക് ഓടി മറഞ്ഞവർ
എത്രയെത്ര .. ?

കരുതലുകൾക്കുമപ്പുറം
സംഭവങ്ങളുടെ സ്വഭാവിക പരിണതി .
മനസ്സൊരിയ്ക്കലും അനാവൃതമാകാതെ
ഭയമേതുമില്ലാതെ ധ്യാനനിമീലിതമാകുന്നു.

നിശ്ശബ്ദതയുടെ ഘോരാന്ധാകാരത്തിൽ
കറുത്ത ദ്വാരങ്ങളിൽ കൂടണയുന്നതെല്ലാം അപ്രത്യക്ഷമാകുന്ന പ്രപഞ്ചന മഹാനടനം.
നിന്നെ തഴുകിയുറക്കി
എന്നെ തേടി വരുന്ന അദൃശ്യരൂപി
ആരാകും…?

You can share this post!