അന്നത്തെ ഓണം/എൻ സുജാത

ഓർമ്മകൾ ചാലിച്ച ഓണനിലാവത്ത്
ഞാനെൻ്റെ പൊൻവീണ മീട്ടി…
ആയിരം ചിറകുള്ള മാലാഖമാരൊത്തു
ഞാനെൻ്റെ വീണയിൽ ഈണമിട്ടു.

ഓണസ്മരണയിൽ ഞാനല്പനേരം
എന്നെ മറന്നങ്ങിരുന്നു…
പുത്തൻ മണമുള്ള ഓണപ്പുടവയിൽ
ഞാനെൻ്റെ ബാല്യം നോക്കിനിന്നു.

പൊൻകതിർ വിളയുന്ന പാടത്തിന്നോരത്ത്
തുമ്പപ്പൂവെന്നെ മാടിവിളിച്ചു…
ആയിരം നാവാൽ ഹൃത്തിനകത്തൊരു
ആർപ്പുവിളിയുടെ ഘോഷമെത്തി.

ചിങ്ങനിലാവിൻ്റെ ചാരുതയിൽ മനം
കൈകൊട്ടിക്കളിയുടെ ശീലുകൾ പാടി…
ഉള്ളിലെ സങ്കല്പ ജാലത്തിലൂടപ്പോൾ
കണ്ടുഞാൻ മറ്റൊരു പൂക്കളം മുന്നിൽ.

ഉത്രാട സന്ധ്യതൻ ദീപപ്രഭയിൽ ഞാൻ
മാവേലി മന്നനെ കാത്തിരുന്നു…
തിരുവോണ സദ്യതൻ സ്വാദൂറും വിഭവങ്ങൾ
കൺമുന്നിൽ കണ്ടുഞാൻ ഇന്നത്തെപ്പോലെ.

അന്നത്തെ ഓണത്തിനിത്ര മധുരമോ…!
ഓണനിലാവിനും ഇത്ര തിളക്കമോ…!
അന്നിൻ്റെ സൗരഭം മാറിയെന്നാകിലും
ആ നനുത്തോർമ്മകൾ ബാക്കിയുണ്ട്.

You can share this post!