അനുമോദനങ്ങളോടെ /എം.കെ. ഹരികുമാർ

അഡ്വ.പാവുമ്പ സഹദേവൻ രചിച്ച ‘ഹെഗലിയൻ ദർശനവും മാർക്സിയൻ നൊസ്റ്റാൾജിയയും ‘ എന്ന പുസ്തകത്തിനു എഴുതിയ മുഖവുര 

ദാർശനികമായ വിചാരങ്ങളിലൂടെ അഡ്വ.പാവുമ്പ സഹദേവൻ സ്വരൂപിക്കുന്ന ആശയങ്ങൾ നിശ്ചലമായ ഒരു ചിന്താസമുദ്രത്തെ സാവധാനം പ്രക്ഷുബ്ധമാക്കുകയാണ്. ഹെഗേലിയൻ ദർശനത്തെയും മാർക്സിയൻ കാഴ്ചപ്പാടുകളെയും പിന്തുടരുന്ന ഈ പുസ്തകം ഏതൊരു അനുവാചകനും പ്രയോജനപ്പെടും.പുനർവിചിന്തനവും പൊളിച്ചെഴുത്തുമാണ് ഈ പുസ്തകം വായിച്ചപ്പോൾ മനസിൽ തോന്നിയ രണ്ടു സംജ്ഞകൾ .

അദ്ദേഹം പതിറ്റാണ്ടുകളായുള്ള തൻ്റെ വിചിന്തന, മനന പദ്ധതികളാണ്  ഇതിനായി പ്രയോജനപ്പെടുത്തുന്നത്.ഒരു വസ്തു ഉണ്ടെന്ന് സ്ഥാപിക്കുന്നതുപോലെ പ്രധാനമാണ് ഇല്ലെന്ന് സ്ഥാപിക്കുന്നതും .എന്നാൽ രണ്ടും  ഒരേസമയം നാം കാണണം. ഒരു വസ്തു അതുണ്ടെന്നോ ഇല്ലെന്നോ സ്ഥാപിക്കാൻ തത്ത്വചിന്ത പര്യാപ്തമാണ്. അതുകൊണ്ട് ദാർശനികകൃതികൾ എന്തെങ്കിലും സ്ഥാപിക്കുകയല്ല ,സാങ്കല്പികമായതും  ചിന്തയുടെ സന്താനമായിരിക്കുന്നതും എന്ന് വിവരിക്കാവുന്ന  ഒരവസ്ഥയുമായുള്ള സഹനാത്മക ലീലകളിൽ ഏർപ്പെടുകയാണ് ചെയ്യുന്നത് .

dav

ഹെഗലിൻ്റെ കാഴ്ചപ്പാടിൽ  ആത്മാവിൻ്റെ പ്രഭാവമാണ് ലോകത്തെ നിലനിർത്തുന്നത് .ഒന്ന് ,പ്രാഥമികമായ സംയുക്ത മാനസികാനുഭവം .അത് വ്യക്തികളിൽ മനസ്സ് എന്ന നിലയിൽ പ്രവർത്തിക്കുന്നു. രണ്ട് , വസ്തുനിഷ്ഠമായ ആത്മാവ്.  മനുഷ്യർക്ക് പരസ്പരം മനസ്സിലാക്കാനും വികസിക്കാനുമുള്ള ഒരു പാതയാണത് .ഹെഗലിൻ്റെ ഈ  യുക്തിചിന്ത മനുഷ്യൻ്റെ പ്രകൃതിയെ   അനാവരണം ചെയ്യുകയാണ്. 

ഒരു അഭിപ്രായം ഉണ്ടായാൽ അതിനെ എതിർക്കുകയാണല്ലോ ആദ്യം ചെയ്യുക. എതിരഭിപ്രായങ്ങളാണ് ലോകത്തെ വികസിപ്പിക്കുന്നത്. വിമർശനം എപ്പോഴും ആൻറിതീസിസ് ആണ്. സ്വയം വിമർശനവും അതു തന്നെ. അഭിപ്രായസ്ഥിരത പ്രകൃതിയിലില്ല. ഒരാൾ സ്വന്തം വാദത്തെ തന്നെ നിരാകരിക്കുകയാണ്. ആ സംഘട്ടനം ആന്തരികമാണ് ,വിധിയാണ്.

എതിർവാദത്തെ നിരാകരിക്കാനാണ് അയാൾ ഒരു വാദം മുന്നോട്ടു കൊണ്ടുവരുന്നത്. 

എല്ലാറ്റിനും വൈരുദ്ധ്യമുണ്ട്. 

ഒരാശയം അതിൽതന്നെ വൈരുദ്ധ്യം  സൃഷ്ടിക്കുന്നതാണ് .ഒരു വൈരുദ്ധ്യം  വീണ്ടും മറ്റൊരു ആശയത്തെ സൃഷ്ടിക്കുന്നു.ഇത് തുടരുകയാണ്. അതുകൊണ്ട് ഒരിടത്ത് ഈ ചർച്ചകൾ അവസാനിക്കുമെന്ന് കരുതണ്ട.  വീണ്ടും വൈരുദ്ധ്യത്തിലേക്ക് നീങ്ങുമ്പോഴാണ് നമ്മൾ ശരിക്കും ജീവിച്ചിരിക്കുന്നത്. 

വൈരുദ്ധ്യങ്ങൾ വൈവിധ്യങ്ങളുമാണ്.  വൈരുദ്ധ്യങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ സാർവത്രികമാണ്. അത് പരിഹരിക്കുന്ന മുറയ്ക്ക്, അതായത് രണ്ടു വാദങ്ങൾ യോജിക്കുമ്പോൾ  (സിന്തസിസ്) വീണ്ടും വൈരുദ്ധ്യമുണ്ടാകുന്നു. 

പാവുമ്പയുടെ തത്ത്വചിന്താപരമായ അഭിരുചികൾ നമ്മുടെ അടഞ്ഞ മനോലോകങ്ങളെ ഇടിച്ചുതുറക്കാൻ ശേഷിയുള്ളതാണ് എന്നു പറയാൻ ഞാനിഷ്ടപ്പെടുന്നു. അദ്ദേഹം കേവലമായ യുക്തിയിലൂടെ സ്വന്തം ചിന്താവീഥികൾ വെട്ടിത്തെളിക്കാൻ ശേഷിയുള്ള എഴുത്തുകാരനാണ്. വൃക്ഷങ്ങളെക്കുറിച്ചും മാർക്സിസ്റ്റ് അനന്തരകാലത്തെക്കുറിച്ചും പാവുമ്പ ചിന്തിക്കുന്നത് പ്രചോദനാത്മകമാണ്. ചിന്തിക്കുമ്പോഴാണ് നാം ജീവിക്കുന്നതെന്ന ദെക്കാർത്തിൻ്റെ വാദം ഇവിടെയെല്ലാം പ്രതിധ്വനിക്കുകയാണ്. ലോകം ചിന്താസന്താനമാണെന്ന് ശ്രീനാരായണഗുരു 

‘സുബ്രഹ്മണ്യകീർത്തന ‘ത്തിൽ എഴുതിയത് ദക്കാർത്തിൻ്റെ ചിന്തയുമായി ചേർന്നു പോകുന്നുണ്ട്. 

വളരെ വേഗം ആശയങ്ങളെ തത്ത്വചിന്താപരമായി വികസിപ്പിക്കാൻ പാവുമ്പയ്ക്കുള്ള സിദ്ധി എനിക്ക് ഏതാനും മാസങ്ങൾക്കു മുൻപ് ബോധ്യപ്പെട്ടതാണ്. ഗുരുവിൻ്റെ അദ്വൈതപരമായ ആശയങ്ങൾ വൈദികചിന്തയുടെ സാമാന്യതയ്ക്കപ്പുറം ഈ ലോകത്തെ ഒരു സമൂഹബ്രഹ്മമഠമായി കാണുന്നതിൻ്റെ നിദർശനമാണെന്ന് ഞാൻ ഒരു ലേഖനത്തിൽ എഴുതിയപ്പോൾ പാവുമ്പ അതിൻ്റെ ദാർശനികമായ വിവക്ഷകൾ സൂചിപ്പിച്ചുകൊണ്ട് ഒരു ശ്രദ്ധേയമായ പ്രതികരണലേഖനം എഴുതിയത് പലരെയും അമ്പരിപ്പിക്കുകയുണ്ടായി. ബ്രഹ്മത്തെ ഒരുമയുടെ ഒരു വിശ്വ സാമൂഹ്യ സ്ഥാപനമായി ഗുരു ദർശിക്കുന്നു എന്ന എൻ്റെ നിരീക്ഷണത്തെ വളരെ ഗഹനമായി പാവുമ്പ സമീപിച്ചു. 

ഇന്നത്തെ ദാർശനിക എഴുത്തുകാരിൽ നാം ഒരിക്കലും വിട്ടുകളയാൻ ഇഷ്ടപ്പെടാത്ത ഒരു പേരാണ് പാവുമ്പ സഹദേവൻ. അത് അദ്ദേഹം തെളിയിച്ചു കഴിഞ്ഞു. അതിൻ്റെ തുടർച്ചയായി ,ഈ പുസ്തകം നമ്മുടെ ദാർശനികശാഖയ്ക്ക് ഒരു മികച്ച  സംഭാവനയാണ്. 

home

You can share this post!