എൻ്റെ നവാദ്വൈതം അഥവാ ഉൾപ്പരിവർത്തനവാദം ഇപ്പോൾ തീർത്തും അപരിചിതമായിരിക്കില്ലെന്ന് കരുതുന്നു. വിവിധ മാഗസിനുകളിലൂടെയും എന്റെ ചില ലേഖനങ്ങളിലൂടെയും അത് വ്യക്തമാക്കപ്പെട്ടതാണ്. എൻ്റെ ലേഖനങ്ങളും അഭിമുഖങ്ങളും ഇത് വിശദമായി പറയുന്നുണ്ട്. എന്നിരിക്കിലും ചിലർ ഇപ്പോഴും അദ്വൈതം എന്ന വാക്കിനെ മറയാക്കി ആശങ്ക സൃഷ്ടിക്കുന്നുണ്ട്.അവർക്ക് അദ്വൈതം എന്നു കേട്ടാൽ പിന്നെ വേറൊന്നും ചിന്തിക്കാനാവില്ല. അദ്വൈതം എന്ന വാക്ക് വേറൊരു അർത്ഥത്തിൽ പ്രയോഗിക്കുന്നതിന്റെ സൗന്ദര്യാത്മകതപോലും ഉൾക്കൊള്ളാനാകുന്നില്ല.
അദ്വൈതം ഉപനിഷത്തിൽ നിന്നാണ് വന്നിട്ടുള്ളത്. വേദത്തിലും ഉപനിഷത്തിലും പറയുന്ന ആശയങ്ങളെല്ലാം ഒരിടത്തേക്കാണ് യാത്ര ചെയ്യുന്നത് -ബ്രഹ്മത്തിലേക്ക്. ആ ‘ഒന്നി’നെയാണ് അദ്വൈതം എന്ന് വിളിക്കുന്നത്.ബ്രഹ്മമൊഴികെ എല്ലാം നശിക്കുന്നതാണെന്ന ആശയമാണ് അദ്വൈതത്തിലൂടെ സ്പഷ്ടമാക്കപ്പെടുന്നത്.ജീവിതത്തിൻ്റെ നശ്വരതയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. മനുഷ്യനു എന്താണ് സ്വന്തമായുള്ളത്? ഉണ്ടെന്ന് കരുതുന്നതെല്ലാം ക്ഷണികമാണ്. അതൊന്നും നമ്മുടെ അധീനതയിലല്ല . ‘ഗീത’യിലും ഇത് പറയുന്നു.നമ്മൾ നിസ്സഹായരാണ്. നമുക്ക് സ്വയം രക്ഷിക്കാനാവില്ല .ഒന്നും എല്ലാകാലത്തേക്കും സൂക്ഷിച്ചു വയ്ക്കാനാവില്ല. ഒന്നും സ്ഥിരമല്ല.വേറൊരു രീതിയിൽ പറഞ്ഞാൽ തകർന്നുകൊണ്ടിരിക്കുന്ന ഒരു വാഹനത്തിലാണ് നാം എന്ന് വിശ്വസിക്കുന്നത് പോലും ഒരു ഉറപ്പുള്ള കാര്യമല്ല .ബോധം തന്നെ വ്യക്തതയുള്ളതല്ല. സ്വന്തം മനസ്സ് പോലും കൃത്യതയുള്ളതല്ല. മനസ്സ് മാറുകയാണല്ലോ. പിന്നെ എന്തിനെയാണ് ‘ഞാൻ’ എന്ന് പറയുന്നത്.
ആ ഒന്ന്
ഈ അദ്വൈതം ചിന്താശാലികൾക്ക് മാത്രമല്ല, അല്ലാത്തവർക്കും ലളിതമായി മനസ്സിലാക്കാവുന്നതാണ്. ഭൗതികമായി നശിക്കുന്നതിന്റെ ബാക്കിപത്രമാണത്. മനസിൻ്റെ നിസ്സാരതയെക്കുറിച്ചാണ് അത് സംസാരിക്കുന്നത് .മനുഷ്യന് ഭൗതികജീവിതംകൊണ്ട് ആർജിക്കാമെന്ന് ഉറപ്പില്ലാത്ത ആ ‘ഒന്നി’നെ മാത്രമേ കാംക്ഷിക്കാനുള്ളൂ എന്ന് പറയുന്നതിൽ പ്രായോഗികതയില്ലെന്ന് വ്യക്തമാണല്ലോ. ജീവിതം ഉപേക്ഷിക്കാനുള്ളതാണെന്ന ധ്വനി അതിൽ അടങ്ങിയിട്ടുണ്ട്. തത്ത്വചിന്താപരമായി അദ്വൈതം സുന്ദരമാണ്.നശ്വരതയെ അഭിമുഖീകരിച്ചുകൊണ്ട് അപാരതയുമായി ബന്ധം പുലർത്താം. എല്ലാം നഷ്ടമാകുന്ന ഒരു ലോകത്ത് അന്തര്യാമിയും പ്രാപഞ്ചികവുമായ ഇരട്ട പ്രത്യക്ഷത്തിലൂടെ സനാതനമായ ഒരർത്ഥം ലഭിക്കുന്നത് എപ്പോഴും നല്ലതാണ് .എന്നാൽ അദ്വൈതം മനുഷ്യനെ പാരതന്ത്ര്യത്തിലേക്ക് തള്ളിവിട്ടുവെന്ന വിമർശനവുമുണ്ട്. കാരണം, എല്ലാവരുടെയും ജീവിതം ഒരുപോലെ നിർവ്വചിക്കപ്പെടുന്നു .അതിൻ്റെ അർത്ഥം ഏകതാനമാവുന്നു. എല്ലാവർക്കും ഒരേ തരം എത്തിച്ചേരൽ, ശൂന്യത മുൻകൂട്ടി നിശ്ചയിക്കപ്പെടുന്നു. എന്ത് പ്രവർത്തിച്ചാലും അത്യന്തികമായ ഫലം ഇല്ലെന്ന് സൂചിതമാവുന്നത് പലരെയും ലക്ഷ്യരഹിതരാക്കും. ഒരാൾ അവനവനിലേക്ക് മാത്രം നിർബാധം സഞ്ചരിക്കേണ്ട ഒറ്റയടിപ്പാതയാണെന്ന ഒരു അടിക്കുറിപ്പ് ഓരോ ജീവിതത്തിനടിയിലും എഴുതിവയ്ക്കപ്പെടുന്നു. ഈ പാരതന്ത്ര്യം കണ്ടിട്ടാണ് ശ്രീനാരായണഗുരു അതിനെ മനുഷ്യജീവിതത്തിന് ഉപയോഗപ്രദമായ അദ്വൈതമായി പുനർനിർവ്വചിച്ചത്. ഏകപക്ഷീയമായ അദ്വൈതമാണ് ഗുരു ലക്ഷ്യമാക്കിയിരുന്നതെങ്കിൽ മരുത്വാ മലയിൽ തന്നെ കഴിഞ്ഞാൽ മതിയായിരുന്നു.ഭക്തിയും ക്ഷേത്രജീവിതവും മാത്രമായി ഗുരു ചുരുങ്ങുമായിരുന്നു. ഗുരുവിൽ സമൂഹം ഉണ്ടാവുകയില്ലായിരുന്നു. കേവലം വ്യക്തി എന്ന നിലയിൽ നിന്ന് ഗുരു ബൃഹത്തായ ഒരു സാമൂഹിക സ്വരസംഘാംതമാകുന്നത് അദ്വൈതത്തിൻ്റെ ഗതാനുഗതികത്വത്തിൽ നിന്ന് വിമോചിപ്പിക്കപ്പെടുന്നതോടെയാണ്.
ഗുരു അദ്വൈതത്തിൻ്റെ വൈദിക പക്ഷത്തെയോ ഔപനിഷദികമായ വിവക്ഷകളെയോ നിഷേധിച്ചിട്ടില്ല. അതിനു പകരം ഗുരു മറ്റൊരു അദ്വൈതവായന സാധ്യമാക്കുകയാണ് ചെയ്തത് .അത് പ്രവൃത്തിയിലൂടെ സാക്ഷാത്കരിക്കപ്പെട്ടു. മനുഷ്യർ തമ്മിലുള്ള ഭേദം പോകണമെന്ന് ചിന്തിക്കുന്നത് ,അദ്വൈതത്തിന്റെ മഹത്തായ ഒരു പ്രായോഗിക വേദാന്തമാണ് .
ആശയലോകങ്ങളിലെ ഏകത്വം
അദ്വൈതത്തെ എങ്ങനെ മനുഷ്യനു ഉപകാരപ്പെടുന്ന തരത്തിൽ അവതരിപ്പിക്കാമെന്ന് ഗുരു ചിന്തിച്ചു. സംസ്കൃത പാOശാലയിൽ അധ:സ്ഥിതരായ പറയക്കുട്ടികളെയും പുലയക്കുട്ടികളെയും പ്രവേശിപ്പിക്കുന്നതും അവരെ പാചക വേലയിൽ പങ്കെടുപ്പിക്കുന്നതും വളരെ ലളിതവും അർത്ഥപൂർണ്ണവുമായ അദ്വൈത പാഠാവലിയാണ്.ഇങ്ങനെയേ അദ്വൈതം സാധാരണക്കാർക്ക് പറഞ്ഞുകൊടുക്കാനാവൂ. എല്ലാവരുടെയും ഉള്ളിലുള്ള ആത്മാവ് ഒന്നാണെന്ന് വേറെ എങ്ങനെ പറഞ്ഞു കൊടുക്കും? ബൃഹദാരണ്യകോപനിഷത്തിൽ പറയുന്നത് ഇങ്ങനെയാണ്:
“ഏഷ ത ആത്മാ സർവ്വാന്തര: “(എല്ലാറ്റിൻ്റെയും ഉള്ളിലുള്ളത് ഈ ആത്മാവ് തന്നെയാണ്).ഇത് ഗാഢമായി ബോധ്യപ്പെട്ട ഒരാൾക്ക് എല്ലാവരെയും ഒരുപോലെ കാണുവാനുള്ള ഉൽകൃഷ്ടമായ താല്പര്യമുണ്ടാകും. അദ്വൈതം ജന്മവാസന പോലെ മൃദുവായി തീരുന്നത് ഇവിടെയാണ്.അദ്വൈതം നിരാസ്പദമായ ഒരു ശൈശവഭാവമായിത്തീരുന്നു.
ഗുരു അത് സ്വജീവിതത്തിൽ ഉയർത്തിപ്പിടിച്ചു. അത് എല്ലായിടത്തും പരീക്ഷിച്ചു. ആരാധന,വൈദികവൃത്തി, ഗാർഹസ്ഥ്യം, രാഷ്ട്രീയം, സാമൂഹിക പ്രശ്നങ്ങൾ, മതം,ജാതി,സ്ത്രീപുരുഷ ബന്ധം, ഭാര്യാധർമ്മം, വിദ്യാഭ്യാസം, ധർമ്മം, മനുഷ്യത്വം ,സർവ്വപ്രാണി ക്ഷേമം തുടങ്ങിയ മേഖലകളിലെല്ലാം ഗുരു പ്രായോഗിക അദ്വൈതത്തെ വിജയിപ്പിച്ചു .അദ്വൈതത്തിൻ്റെ വ്യാപ്തിയാണത്.എന്നാൽ എൻ്റെ ‘നവാദ്വൈതം’ എന്ന പേര് കേട്ടയുടനെ അദ്വൈതം ഒന്നേയുള്ളൂ, രണ്ടല്ല എന്നൊക്കെ പറയുന്ന ചിലർ വിദ്യാസമ്പന്നരാണെങ്കിലും തീരെ ചിന്താശേഷിയില്ലാത്തവരാണെന്ന് പെട്ടെന്ന് തന്നെ ബോധ്യമാകും.എൻ്റേത് നവാദ്വൈതമാണ്.അതിൻ്റെർത്ഥം ,പുതിയ വൈദിക അദ്വൈതമെന്നല്ല .ശങ്കരാചാര്യരുടെ അദ്വൈതത്തിനു വേറൊരു നവഭാഷ്യം ആവശ്യമില്ല. അത് പാഠങ്ങളിലുള്ളതാണ്. അത് വേറൊന്നായി അവതരിപ്പിക്കേണ്ട ആവശ്യവുമില്ല. ഗുരുവിന്റെ അദ്വൈതവും വേറൊരു ഭാഷയിൽ പറയേണ്ടതില്ല .ഇവിടെ ഞാൻ ലക്ഷ്യമാക്കുന്നത് അദ്വൈതം എന്ന വാക്കിൻ്റെ അർത്ഥമാണ്: രണ്ടല്ലാത്തത്. ഒന്നായി നിൽക്കുന്നത്. ഈ അർത്ഥത്തിൽ നമുക്ക് പുതിയ ആശയലോകങ്ങളിലെ ഏകത്വത്തെ അദ്വൈതം എന്ന വാക്ക് ഉപയോഗിച്ച് വിശദീകരിക്കാം.
അതൊന്നും വൈദിക വിഷയമാകേണ്ടതില്ല .എൻ്റെ ചിന്ത പുതിയ ഒരു ഒന്നിനെക്കുറിച്ചുള്ളതാണ്. അത് ബ്രഹ്മത്തിൻ്റെയോ ദ്വൈതത്തിന്റെയോ ഉപനിഷത്തിന്റെയോ മേഖലയിലുള്ള കാര്യമേയല്ല .തത്ത്വചിന്താപരമായ പാഠങ്ങളെ വിശദമാക്കുമ്പോൾ നമുക്ക് ചില വാക്കുകളുടെ ആവശ്യം വരും. അത് വാക്കിൻ്റെ അർത്ഥപരമായ രൂപാന്തരമായി കാണുകയാണ് വേണ്ടത്. കമ്പ്യൂട്ടർ ഭാഷയിൽ റൈറ്റ് ചെയ്യുക എന്ന് പറഞ്ഞാൽ ഒരു സിഡിയിലേക്ക് പകർത്തുക എന്നർത്ഥം.റൈറ്റിംഗ് എന്നു കേട്ട ഉടനെ ഒരാൾ ഇത് നോവൽ റൈറ്റിംഗ് ആണെന്ന് പറഞ്ഞാൽ എത്ര അപഹാസ്യം ആയിരിക്കും? .അതുപോലെയാണ് നവാദ്വൈതത്തിൻ്റെ കാര്യത്തിലുമുള്ളത്. ഇങ്ങനെയുള്ള ‘വിലകൂടിയ’ മണ്ടന്മാരെക്കുറിച്ച് ഡോ. എൻ.എ. കരീം എൻ്റെ ‘മറവിയുടെ നിർമ്മാണം’ എന്ന കൃതിക്ക് എഴുതിയ അവതാരികയിൽ പറയുന്നുണ്ട് .
ആ ഭാഗം ഇവിടെ ഉദ്ധരിക്കാം: “നവാദ്വൈതം എന്ന വാക്കിൻ്റെ അർത്ഥമോ നിഷ്പത്തിയോ അന്വേഷിച്ച് ആരും തല പുണ്ണാക്കേണ്ടതില്ല.എന്തുകൊണ്ടെന്നാൽ അത് അത്തരം ഒരൊറ്റ വാക്കല്ല. അത് ഹരികുമാറിന്റെ ചിന്താവിപ്ലവത്തിന്റെ കൊടിയടയാളം മാത്രമാണ് .അല്ലെങ്കിൽ അനേകം ബൃഹദ്ചിന്തകളുടെ ചുരുക്കെഴുത്തെന്നും നിരൂപിക്കാം. ഒരു മലയാളിയായതുകൊണ്ടാണ് അത് നവാദ്വൈതമായി നാമകരണം ചെയ്യപ്പെടാനിടയായത്.നവനാരായണീയം എന്നായിരുന്നെങ്കിലും ചിന്തകളുടെ വിപ്ലവഭാവത്തിന് ഒരു മാറ്റവും വരുമായിരുന്നില്ല. എന്ന് മാത്രമല്ല കുറെയധികം കൂടിയെന്നും വരും. എന്തുകൊണ്ടെന്നാൽ നാരായണീയത്തിന്റെ വിമോചനമൂല്യങ്ങൾ ഹരികുമാറിൻ്റെ ചിന്തകളിലേതുപോലെ വളരെ വലുതും വിപ്ളവകരവുമായിരുന്നില്ലോ.”
ഡോ. എൻ.എ.കരീമിനു അനായാസം മനസ്സിലായത് ,ഇവിടെ പല വിദ്വാന്മാർക്കും പിടികിട്ടിയിട്ടില്ല! .
നിരസിക്കുന്നു നിർമ്മിക്കുന്നു
നവാദ്വൈതം അഥവാ ഉൾപരിവർത്തനവാദം ഒന്നിന്റെയും അന്ത്യമോ ചിന്തകളുടെ അന്തിമമായ വിശ്രാന്തിയോ ലക്ഷ്യമാക്കുന്നില്ല. പലപ്പോഴും ഏതൊരു തത്ത്വചിന്തയും അതിൻ്റെ ലക്ഷ്യത്തിൽ ചെന്ന് അവസാനിക്കുകയാണ് പതിവ്. ഗ്രീക്ക് ചിന്തകനായ പൈറോയുടെ ‘അതരാക്സിയ'(Atharaxia)എന്ന തത്ത്വം അർത്ഥമാക്കുന്നത് ‘അലട്ടലുകളിൽ നിന്നുള്ള വിടുതൽ’ എന്നാണ്. സ്വന്തം വിശ്രാന്തി കണ്ടെത്തുക എന്ന ആഹ്വാനമാണത്. അവിടെ ആ തത്ത്വചിന്ത ലക്ഷ്യം കാണുന്നു. അതുപോലെയുള്ള വിശ്രാന്തി അഥവാ ലക്ഷ്യപ്രാപ്തി ഉൽപരിവർത്തനത്തിലില്ല .അത് എപ്പോഴും മറ്റൊന്നാകുകയാണ്. മനസ്സിന്റെ സ്വഭാവത്തോട് അതിനെ ഉപമിക്കാം. മനസ്സ് യാതൊരു ബാഹ്യപ്രേരണയുമില്ലാതെതന്നെ സ്വയം ഒരു എഞ്ചിനീയറിങ്ങിന്റെ ഫലമായെന്നോണം സദാസമയവും മാറുകയാണ്.
ഒരു ചിന്ത ഉണ്ടാകുമ്പോൾ തന്നെ പലതരം മറ്റു ചിന്തകൾ വന്നു കെട്ടിമറിയുന്നു. ഭൂതവർത്തമാനഭാവികാലങ്ങൾ ഒന്നായാണ് മനസ്സിൽ നിൽക്കുന്നത്. ഓർമ്മകൾ വർത്തമാനകാലം തന്നെയാണവിടെ. അതുകൊണ്ട് മനസ്സിന് സ്ഥിരമായ ഭാവമില്ല .അത് സ്വയം നിരസിച്ചു മറ്റൊന്നാകുകയാണ്. ഈ നിരാസനിർമ്മാണങ്ങളിൽ ആയിരിക്കുകയാണ് നമ്മുടെ വിധി. ഒരിടത്തും എത്താനാകില്ല. മൃത്യുവിൽ അവസാനിക്കില്ലേ എന്ന് ചോദിക്കാം. പക്ഷേ ,മൃത്യുപോലും ആശയമാണ്. മൃത്യുവിനെക്കുറിച്ച് ചിന്തിക്കുന്നതോടെ അത് പല ആലോചനകളായി മാറുന്നു. അത് തുടർചിന്തകളാണുണ്ടാക്കുന്നത്. ടോൾസ്റ്റോയിയുടെ ‘ഇവാൻ ഇല്ലിച്ചിൻ്റെ മരണം’ എന്ന കഥ വായിക്കുന്നവർ മരണം എന്ന യാഥാർത്ഥ്യത്തെ പലരീതിയിലായിരിക്കും അനുഭവിക്കുക. പലരും അത് ആശയമായെടുക്കും. കാരണം ,ആ കഥയിൽ മരണമല്ല വിവരിക്കുന്നത്; മരണത്തിലേക്ക് നീങ്ങുന്ന മാനസികാവസ്ഥയാണ്. ഒരാൾ മരണാസന്നനാവുകയോ രോഗഗ്രസ്തനാവുകയോ ചെയ്താൽ ചിന്തകൾ വേറൊരു വഴിക്ക് ഒഴുകി തുടങ്ങും. പുതിയൊരു യാഥാർത്ഥ്യം ആ മനസ്സിലേക്ക് കയറി വരും. അയാളുടെ മനസ്സ് സ്വയം നിരസിച്ചു മറ്റൊന്നാകും. വായനക്കാരൻ ഈ മരണത്തെ ഇവാൻ ഇല്ലിച്ചിൻ്റെ ജീവിതവുമായി ചേർത്തുവച്ചു കാണുമെങ്കിലും, അവിടെ ഒതുങ്ങാതെ സ്വാനുഭവങ്ങളിലേക്ക് മടങ്ങും .മരണം പല ആശയങ്ങളായി ചിതറിപ്പോകും. അതിന് എവിടെയാണ് അവസാനമുള്ളത്? ഇത് എല്ലായ്പ്പോഴും ഉണ്ട് .ഓരോ പ്രവൃത്തിയും ഇതുപോലെ പല ചിന്തകളുടെ അലങ്കോലമാണ്. ഇത് ഉൾപ്പരിവർത്തനമാണ്. സ്വയം പരിവർത്തനപ്പെടുകയാണ് ലോകഗതി. ഒരു വാക്ക് മറ്റൊന്നിനായി ആഗ്രഹിക്കുന്നു. വാക്ക് സ്വയം ഉപേക്ഷിച്ച് മറ്റൊന്നാകുന്നു. അങ്ങനെയാണ് ഭാഷ നിലനിൽക്കുന്നത്. ഓരോ അണുവും അതിനാണ് ശ്രമിക്കുന്നത്. നാനോ കണങ്ങൾ പോലും നവാദ്വൈതത്തിൻ്റെ പരിധിയിലാണ് .ഇവിടെ നവാദ്വൈതം മാറ്റമില്ലാത്ത ഈ ആന്തരിക പരിവർത്തനത്തെയും അതിൻ്റെ അവസ്ഥയെയുമാണ് അർത്ഥമാക്കുന്നത്. കൂടിച്ചേരുക എന്ന അവസ്ഥയാണത്. ശിവം എന്ന വാക്ക് സ്വയം നിരസിച്ച് ശിവശക്തിയാകുന്നു .ശക്തി എന്ന വാക്കും സ്വയം നിരസിക്കുന്നു. വേറൊരു അർത്ഥം നിർമ്മിക്കപ്പെടുന്നു. പ്രപഞ്ചം ഈ പ്രക്രിയയാണ്. വേറൊന്നല്ല. ഇതാണ് പ്രപഞ്ച ലീല.അതാണ് ആ ‘ഒന്ന്’. എല്ലാറ്റിനെയും സംയോജിപ്പിക്കുകയും വിഘടിപ്പിക്കുകയും ചെയ്യുന്ന അലങ്കോലവും തുടർന്നുള്ള ലയവും പിന്നീടുള്ള നിരാസനിർമ്മാണവുമാണത് .