അദൃശ്യതകളെ ആരായുന്ന കൃതി/എം കെ ഹരികുമാർ

ഗായത്രി എഴുതിയ ‘പരേതരുടെ തെരുക്കൂത്ത്’ എന്ന നോവലിനെക്കുറിച്ച് 

ദേശത്തിന്റെ ചരിത്രം എന്ന നിലയില്‍ ആഖ്യാനം ചെയ്യുന്ന ചിത്രകാരന്‍ കൂടിയായ ഗായത്രിയുടെ ‘പരേതരുടെ തെരുക്കൂത്ത് ‘എന്ന നോവല്‍ ചരിത്രത്തിന്റെ നിശ്ശബ്ദതയിലാണ്ടു പോയ ഏകാന്തതകളെ പ്രത്യാനയിക്കുകയാണ്.വ്യക്തിപരമായ ദുഖം, ഏകാന്തമായ വേദന  എന്നീ നിലകളിലല്ല  നോവലിസ്റ്റ് ഇവിടെ തന്റെ അസംസ്‌കൃത വസ്തുക്കള്‍ ശേഖരിക്കുന്നത്.നോവലിലെ കൂട്ടുങ്ങള്‍ അങ്ങാടിയെന്ന ദേശം യഥാര്‍ത്ഥമെന്നോ കെട്ടുകഥകളുടെ പിന്നാമ്പുറക്കഥകളെന്നോ തോന്നുമെങ്കിലും അതങ്ങനെയല്ല. അത് യഥാര്‍ത്ഥ ഇടമേയല്ല. നോവലിസ്റ്റ്  തന്റെ പ്രാചീനമായ ഏകാന്തതകളെ കുടിപാര്‍പ്പിക്കാന്‍ വേണ്ടി സൃഷ്ടിക്കുന്നതാണത്. ഒരിക്കലും എഴുതപ്പെടാത്ത ചരിത്രത്തിന്റെ ഭാവനയും കവിതയുമാണിത്. ജീവിച്ചു മരിച്ചവരുടെ ജീവിതം, ഈ കൃതിയില്‍ തിരിച്ചു വരികയാണ്.ഔദ്യോഗിക ചരിത്രകാരന്മാരുടെ പുരാവൃത്ത രചനകളില്‍ ഒരിക്കലും കടന്നു വരാത്ത, അങ്ങനെയൊരു ആലോചനയ്ക്കുപോലും സാധ്യതയില്ലാത്ത നൂറു കണക്കിനാളുകളെ നോവലിസ്റ്റ് ദര്‍ശിക്കുന്നു. അവരെല്ലാം യഥാര്‍ഥമെന്ന പോലെ കടങ്കഥകളുടെ ഭാഗവുമാകുന്നു.

വൈയക്തികമായ മിഥോളജി ഏതൊരു വ്യക്തിയിലും കണ്ടെത്താനാവുന്നതാണ്. പരിഷ്‌കൃതലോകത്തിന്റെ യുക്തിക്ക് വഴങ്ങാത്ത മിഥോളജി ഓരോ വ്യക്തിയിലുമുണ്ട്.ചിലപ്പോള്‍ മനുഷ്യര്‍ എല്ലാ യുക്തികളേയും ലഘൂകരിക്കുകയും  വെളിപാടുകളുടെ തോഴനാവുകയും ചെയ്യും. ഗായത്രിയുടെ നോവല്‍ കഥാപാത്രങ്ങള്‍ എന്ന നിലയില്‍ ,മണ്‍മറഞ്ഞുപോയ മനുഷ്യര്‍ കഥാപാത്രങ്ങളാവുന്നതിന്റെ മിഥോളജി അന്വേഷിക്കുകയാണ്. ഈ കൃതിയിലെ കോതയെന്ന കഥാപാത്രം ലക്ഷക്കണക്കിന് മിന്നാമിനുങ്ങുകളെ ആകാശത്ത് കണ്ടകാര്യം ഭര്‍ത്താവ് കോരനോട് പറയാന്‍ ഓടിക്കിതച്ചെത്തുന്നു. അപ്പോള്‍ കോരന് കടുത്ത പനിയാണ്. എന്നാല്‍ അവള്‍ പിന്നീട് പുറത്ത് പാടത്തേയ്ക്ക് നോക്കിയപ്പോള്‍ ആ മിന്നാമിന്നുങ്ങുകളില്‍ ഒന്നിനെപ്പോലും കണ്ടില്ല. നോവലിസ്റ്റ് അതിങ്ങനെ വിവരിക്കുന്നു:

”താന്‍ പാടത്തു നില്‍ക്കുമ്പോള്‍  മാനത്തു നിന്ന് പാറി വന്നിരുന്ന മിന്നാമിനുങ്ങുകള്‍ ഞൊടിയിടയില്‍ എവിടെ മറഞ്ഞു. ഒരു കിനാവിന്റെ അസ്ഥിരതയാര്‍ന്ന യാഥാര്‍ത്ഥ്യത്തെ, വിരല്‍ തൊട്ട് അനഭവിക്കാന്‍ ശ്രമിക്കുന്ന  ഒരു കുട്ടിയുടെ നിഷ്‌കളങ്കത നിര്‍മിക്കുന്ന യുക്തിയില്‍, സ്വയം ആമഗ്നയായീ അവള്‍ കണ്ണടച്ചു തുറന്നു വീണ്ടും പുറത്തേയ്ക്ക് നോക്കി. ഏതാനും നിമിഷങ്ങള്‍ക്കു  മുമ്പ് മാത്രം അവള്‍ അത്ഭുതത്തോടെ കണ്ടത് ഒരു മായക്കാഴ്ചയാണെന്ന് അവളെ ബോധ്യപ്പെടുത്തുന്ന ഇരുട്ടു മാത്രം പുറത്ത് നിശ്ചേതനമായി നില്‍ക്കുന്നത് അവള്‍ വേദനയോടെ കണ്ടു.”

ഗായത്രി

ഇങ്ങനെയാണ് വൈയക്തിക മിഥോളജിയുണ്ടാകുന്നത്. ജീവിച്ചിരിക്കെത്തന്നെ നമ്മെ ഏതോ പുരാതനത്വം പിടികൂടുകയാണ്.അതിന്റെ വരവ് മനസ്സിലൂടെയാണ്. എന്നാല്‍ ഭാവനയില്‍ അത് ഒതുങ്ങുന്നില്ല. സ്വപ്‌നത്തെപ്പോലും ഉല്ലംഘിച്ചുകൊണ്ട് അത് യാഥാതഥ്യമാകുകയാണ്. തന്റെ യുക്തിയുടെ ഭണ്ഡാരം കുത്തിത്തുറന്ന് സകലതും മോഷ്ടിക്കുന്ന പുരാതന ബോധം മനുഷ്യനെ വേട്ടയാടുകയും ബോധവല്‍ക്കരിക്കുകയും ചെയ്യുന്നു. ഗായത്രിയുടെ നോവല്‍ ഒരു ഗ്രാമത്തിന്റെ ചരിത്രമെഴുതുന്ന വളരെ ഭൗതികമായ ഒരു പ്രക്രിയയാണ് നിര്‍വഹിക്കുന്നത്. അത് ഗ്രാമാന്തരീഷത്തില്‍ രണ്ട് യാഥാര്‍ഥ്യങ്ങളെ നിര്‍മ്മിക്കുന്നു. അല്ലെങ്കില്‍ രണ്ട് ബോധഘടനകള്‍ സൃഷ്ടിക്കുന്നു.ഒന്ന് പേരിട്ടു വിളിക്കുന്ന മനുഷ്യരാണ്. അവര്‍ ജീവിതത്തിന്റെ ദൈന്യതയില്‍ സ്വയം സമ്പൂര്‍ണരായിത്തന്നെ പിടിച്ചു നിന്നവരാണ്.അവരുടെ പരാജയങ്ങള്‍ പ്രകൃതിയുടെ പരിണാമമായി കണ്ടാല്‍ മതി.ആ മനുഷ്യര്‍ അല്ലെങ്കില്‍ കഥാപാത്രങ്ങള്‍ അനുഭവിക്കുന്ന വിസ്മയകരമായ, വിഭ്രാമകമായ, വേദനാജനകമായ ഏകാന്തതകള്‍ ആകസ്മികതകളുടേതാണ്. ചരിത്രം അടക്കം ചെയ്ത സംയുക്ത ജീവിതങ്ങള്‍ പെട്ടെന്ന് ജീവന്‍ വച്ച് തിരിച്ച് വരുന്ന പ്രതീതി.രണ്ടാമത്തെ ഘടന ഈ കഥാപാത്രങ്ങള്‍ മനസ്സില്‍ താലോലിക്കുന്ന മിത്തുകളുടേതാണ്. കുറവസമുദായം കുറത്തിപ്പെണ്ണിനെ മാരിയമ്മന് കുരുതി കൊടുക്കാന്‍ തീരുമാനിച്ചതും അവളെ അവര്‍ കഴുത്തുവെട്ടി കുലദൈവത്തിന് കുരുതി നല്‍കിയതും വിവരിക്കുന്നത് ഒരു കഥയായല്ല, സംഭവമായാണ്. ജീവച്ചിരിക്കുന്നവര്‍ ഓര്‍ക്കുന്ന ഇത്തരം കാര്യങ്ങള്‍ നോവലിന്റെ അടിത്തട്ടാണ്. അതാണ് നോവലിസ്റ്റ് ഭാവനകൊണ്ട് വീണ്ടെടുക്കുന്നത്. ഇതില്‍ പ്രകൃതിയും മനുഷ്യജീവിതവുമെല്ലാം ഇഴചേര്‍ത്ത് പാകിയിരിക്കുകയാണ്. ഒരു ആഖ്യാനത്തിനകത്ത് മറ്റൊരു മിഥോളജിക്കല്‍ ആഖ്യാനത്തിന്റെ പ്രാചീന സംഗീതം കേള്‍പ്പിച്ചു കൊണ്ടാണ് നോവല്‍ മുന്നോട്ടു നീങ്ങുന്നത്. എന്നാല്‍ ഇതൊക്കെ ആവിഷ്‌കരിക്കുമ്പോള്‍ നോവലിന്റെ ഭാഷ വരണ്ടു പോകാവുന്നതാണ്. അല്ലെങ്കില്‍ വായനക്കാരന് വിരസത തോന്നാവുന്നതാണ്. അതാണ് ഗായത്രി തന്റെ കലാസന്നിവേശംകൊണ്ട് മറികടക്കുന്നത്. അദ്ദേഹം ഒരു മിത്തിക്കല്‍ ഭാഷയുടെ സംഗീതം ഇതിനായി സൃഷ്ടിച്ചിരിക്കുന്നു.

പൂര്‍വ്വജീവിതത്തിലെ ആചാരങ്ങളും  കലകളും സംഗീതാത്മകമായി അവതരിപ്പിക്കുകയാണ്. ഒരു ഭാഗം ഇങ്ങനെ :

”പുതുമഴയുടെ ആലഭാരമാണ്. വിടപറഞ്ഞുപോയ കാലത്ത് മണ്ണില്‍ മറന്നുവച്ചതെന്തോ  തിരിച്ചെടുക്കാന്‍ വരുന്ന ആസക്തിയായിരുന്നു മഴയ്ക്ക്. മാനത്തെ മഴപ്പാട്ടുകാരന്‍ തന്റെ തംബുരുവിന്റെ തന്ത്രികള്‍ മുറക്കുമ്പോള്‍, അവ പാട്ടുകാരനെ പറ്റിച്ച് മണ്ണിലേയ്ക്ക് ഓടിയൊളിക്കുന്നതാണ് മഴയെന്ന് ,മഴയില്‍ സ്വയം സമര്‍പ്പിച്ച് കിടക്കാറുളള അയ്യരു കണക്കന്‍ കുട്ടികളോട് പറയും.”

ഈ ഭാഷ നോവലിന്റെ ഇരട്ട ആഖ്യാനത്തെ, കഥാപാത്രങ്ങളുടെ ഇരട്ട ബോധഘടനകളെ സ്വീകാര്യമാക്കുന്നു. പ്രാചീന കലയുടെ നാടോടടിത്തവും അനുഷ്ഠാനപരതയും ഭാഷയുടെ സംഗീതത്തില്‍ ലയിപ്പിക്കാന്‍ ഗായത്രിക്ക് കഴിഞ്ഞിരിക്കുന്നു.

പരേതരുടെ തെരുക്കൂത്ത് ഒരു കനമുളള നോവലാണ്.ഇത് രേഖീയമല്ല. നാനാവഴിക്ക് പടരുന്ന ബോധമാണ്. ഇതിന് തുടര്‍ച്ചയോ അന്ത്യമോ ഇല്ല. ഇത് ബൃഹ്ത്കര്‍മപരമ്പരകള്‍ക്ക് പകരം സൂക്ഷ്മതകളാണ് തേടുന്നത്. ജീവിതം യഥാര്‍ത്ഥമാണെങ്കില്‍ അതില്‍ നല്ലൊരു പങ്കും അനിര്‍വചനീയമാണെന്ന് വാദിക്കുന്ന കൃതിയാണിത്. ഇത് സൗന്ദര്യാത്മകമാണ്, വസ്തുസ്ഥിതി വിവരമല്ല. ആലോചനയുടെ ദൈവമാണ് നോവലിസ്റ്റനെ പ്രചോദിപ്പിക്കുന്നത് ചരിത്രത്തെ ഒരേ സമയം ഈ നോവല്‍ ചരിത്രപരമാക്കുകയും അടുത്തനിമിഷം നിനച്ചിരിക്കാതെ സാങ്കല്‍പ്പികമാക്കുകയും ചെയ്യുകയാണ്. ചില ലാറ്റിനമേരിക്കന്‍ നോവലുകളിൽ  കാണുന്നതുപോലെ ഈ കൃതി കലയെ സാമൂഹികമായ അദൃശ്യതകളെ ആരായുന്നതിന്  ഉപയോഗപ്പെടുത്തിയിരിക്കുന്നു.

 

Green books

price 395/

gayatri pho: 94953 32671

 

You can share this post!