ഒരടുക്കും ചിട്ടയുമില്ലാത്ത കുറേ എണ്ണം
ചിലതിൽ സമയം നിശ്ചിതപ്പെടുത്തിയിട്ടുണ്ട്.
ചിലത് പൂർണ്ണമല്ലാത്തതിനാൽ
ലൈനിന്റെ ഏറ്റവും ഒടുവിലാണ്.
പലതും സ്വബോധത്തിലല്ല.
ചിലത് ഉച്ച വെയിലിൽ വിയർത്ത് കുളിച്ചിരുന്നു.
ചിരിച്ചു വന്നവ അധികവും കോളേജ്
വരാന്തകളിൽ നിന്നാണ്.
ചിന്തിപ്പിക്കാൻ കഴിയുന്നവ,
അവ എപ്പോഴും യാഥാർഥ്യങ്ങളിൽ പിടിയുറപ്പിക്കാത്തവയാണ്
ഓർമ്മകൾ,
അതുണ്ടാവണം എന്നല്ലാതെ നല്ലതാവണം എന്നില്ലല്ലോ.
പൂർണ്ണമാവണം എന്നുമില്ല.
ചില തുണ്ടുകൾ അത് തന്നെ ധാരാളം.
ചിലപ്പോൾ അവക്ക് തമ്മിലുമുണ്ട് ഒരു നിശബ്ദമായ ഏറ്റുമുട്ടൽ.
ആർക്കാണ് ജീവിതത്തിൽ കൂടുതൽ പങ്ക് എന്നായിരിക്കാം.
ആരെയാണ് ഓർത്തെടുക്കാൻ കൂടുതൽ സമയം കളയേണ്ടതെന്ന്.
ആരാണ് ജയിക്കുക…?
ആരാണ് വാക്കുകളിലും കവിതകളിലും കഥകളിലും
സ്ഥാനം പിടിക്കുക?
അതുമല്ലെങ്കിൽ ഏറ്റവും പ്രിയപ്പെട്ടത് ഏതെന്ന്
അങ്ങിനെയൊന്നുണ്ടോ?
എല്ലാം പ്രിയങ്കരമല്ലേ?
ഉള്ളതും ഇല്ലാത്തതും…. എല്ലാം
എല്ലാത്തിനും ഒരവസാനമുണ്ട്, ഇല്ലേ..?
ഓർമ്മകൾക്കും;
ചിലത് വാതിൽക്കൽ വന്ന് നിൽക്കുന്നു.
ചിലത് പകുതി വന്ന് മാഞ്ഞു പോകുന്നു,
പലതും യാത്ര പറയാതെ തിരിച്ചു പോകുന്നു.
ഇനിയും കാണുമോ വരുമോ
കയ്യെത്തുന്ന ദൂരത്തേക്ക് മറയുമോ?
എന്താണൊരു വഴി?
അടയുന്ന കണ്ണിന്റെ വാതിൽ മുട്ടിയിട്ട് എന്ത് കാര്യം
കണ്ണിനുള്ളിൽ ഒരു പരക്കം പാച്ചിലുണ്ട്
ഇരുട്ടിൽ ഒരു തപ്പിത്തടയൽ
അവ്യക്തമായ എന്തൊക്കെയോ
ഒരടുക്കും ചിട്ടയുമില്ലാത്ത കുറേ എണ്ണം.
എല്ലാം വെറും ഓർമ്മകളല്ലെ?
സത്യമാണോ എന്ന് പോലും അറിയില്ല.
സത്യം, അതെന്താണ്
ഇരുട്ട്…
ഭയം, അതെന്താണ്
ഇരുട്ട്…
മരണം, അതെന്താണ്
ഇരുട്ട്…
സ്നേഹം… സ്നേഹം….
വെളിച്ചം… പകൽ.. സൂര്യൻ
ഇരുട്ട്… ഇരുട്ട്…