സ്വപ്നാടനം

 
 
     ഇപ്പോഴും ഞാനൽഭുതപ്പെടുകയാണ്‌. തുടർക്കഥ പോലെ സ്വപ്നങ്ങൾക്കു ബന്ധമുണ്ടാവുക! പിന്നെ അതുപ്രതിഫലിക്കുക ! എന്തോ, എനിക്കൊന്നും മനസിലാകുന്നില്ല.ചുരുക്കത്തിലെ ങ്കിലും  അതൊന്നു കുറിച്ചുവെക്കാം.
തിങ്കളാഴ്ച :- അസഹ്യമായ വേനൽചൂട്‌. പുതിയ കഥയെഴുതാനുളള വട്ടമാണ്‌. അസ്വസ്ഥമനസും അലഞ്ഞുതിരിയുന്ന ചിന്തകളും മത്സരിക്കുന്നു.
     കരിമ്പനയിൽ അധിവസിക്കുന്ന യക്ഷികൾ, വഴിയോരത്തിലൊരുങ്ങി  നിൽക്കുന്ന വേശ്യ, ശ്രദ്ധയോടെ പിൻബഞ്ചിലിരുന്നു പഠിക്കുന്ന ലക്ഷ്മിക്കുട്ടി … ആരെക്കുറിച്ചാണെഴുതേണ്ടതെന്നതിനു വ്യക്തത്തയില്ല. ദ്രവിച്ച പുസ്തകക്കെട്ടുമായി ട്യൂട്ടോറിയൽ ലക്ഷ്യമാക്കി നീങ്ങുമ്പോഴും കഥയുടെ തുടക്കമായിരുന്നു മനസിൽ.
     നിർദേശികയിലും ആധാരികയിലും കുട്ടികൾ മുഷിഞ്ഞിരിക്കുമ്പോൾ എന്റെ ശ്രദ്ധ ലക്ഷ്മിക്കുട്ടിയിലായിരുന്നു . വെളുത്തമുഖത്തിലെ വിഷാദം നിറഞ്ഞ മിഴികൾ, മുഷിഞ്ഞ വസ്ത്രം . . . ആകർഷിച്ചതെന്താണെന്നു വ്യക്തമല്ല.
     പഠിപ്പിക്കാൻ തീരെ ഉത്സാഹം ഉണ്ടായിരുന്നില്ല. അവളുടെ തുടുത്ത്‌ മലർന്ന ചുണ്ടുകൾക്കിടയിലും അനൽപമായ വിഷാദം നങ്കുരമിട്ടിരുന്നു. അത്താഴത്തിനുശേഷം അർത്ഥമില്ലാതെ കുറിച്ചിട്ടു. ‘ ലക്ഷ്മിക്കുട്ടി .’ ഉണർന്നിട്ടും രാത്രിയിൽ കണ്ട സ്വപ്നം മനസ്സിൽ തളം കെട്ടിനിന്നു.
ചൊവ്വാഴ്ച :- ഉണ്ണായി വാര്യരുടെ നളചരിതമാണ്‌ പഠിപ്പിക്കേണ്ടത്‌. ആദ്യം കഥ പറയുക എന്റെ ശൈലിയാണ്‌, ക്രീഡോദ്യാനത്തിൽ വിനോദിക്കുന്ന സുവർണ്ണ ഹംസത്തെ നളൻ കാണുന്നതു തൊട്ടുതുടങ്ങി.
     അൽഭുതം മൊട്ടിട്ട മിഴികളുമായി ലക്ഷ്മിക്കുട്ടി കഥ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കലിയും പുഷ്കരനും വന്നതോടെ അവളുടെ മിഴികൾ നിറഞ്ഞു. കാർക്കോടകദംശനത്തോടെ അവൾ തേങ്ങിക്കരഞ്ഞു.
     സ്റ്റാഫ്‌ മുറിയിൽ മറ്റുളളവരോടൊപ്പം തമാശകളിൽ പങ്കുചേരാൻ എനിക്കു കഴിഞ്ഞില്ല. മനസുനിറയെ കുറ്റബോധമായിരുന്നു.
     രാത്രിയിൽ വാക്കുകൾക്ക്കാത്തുനിൽക്കാതെ പേന ചലിച്ചു. ദമയന്തിയുടെ ക്ലേശങ്ങളെ സ്വന്തമാക്കി കരയുന്ന ലക്ഷ്മിക്കുട്ടി, ശകുന്തളയുടെ ദുഃഖത്തിലലിഞ്ഞു പേകുന്ന ലക്ഷമിക്കുട്ടി, ഭുമിക്കൊരു ചരമഗീതം കേട്ട്‌ നെടുവീർപ്പിടുന്ന ലക്ഷമിക്കുട്ടി, ഒരിക്കലും പൊട്ടിച്ചിരിക്കാത്ത ലക്ഷ്മിക്കുട്ടി …  അങ്ങിനെ എത്രയോ ലക്ഷ്മിക്കുട്ടിമാരെക്കുറിച്ച്‌, സ്വപ്നത്തിന്റെ തടവറയിൽ നിന്ന്‌ മോചിതനാകുന്നതുവരെ ഞാനെഴുതി.
ബുധനാഴ്ച :- വാക്കുകൾക്കർത്ഥമുണ്ട്‌. മനസിനെ വശീകരിക്കാനവക്കു കഴിയും. വിഷാദലഹരിയിൽ തളയ്ക്കുന്ന കഥകളെ മനപ്പൂർവ്വമാണുപേക്ഷിച്ചതു. നേരെ രുദ്രാക്ഷമഹാത്മ്യത്തിലേയ്ക്കു കടന്നു. കുഞ്ചനെക്കുറിച്ചും, സഞ്ജയനെക്കുറിച്ചും, ഇ.വിയെക്കുറിച്ചും ഹാസ്യസാഹിത്യത്തെക്കുറിച്ചുമൊക്കെ നീട്ടിവലിച്ചു. സമയംകൊല്ലുന്നതിനിടയിൽ എങ്ങിനെയോ കുഞ്ഞിക്കുട്ടൻ തമ്പുരാനും കടന്നുവന്നു. പിന്നെ തമ്പുരാനിൽ പിടിച്ചുതുങ്ങിയായിരുന്നു സമയംകൊല്ലൽ.
     ഇംഗ്ലീഷറിയാതിരുന്നിട്ടും ഹാംലറ്റ്‌ വിവർത്തനം ചെയ്തത്‌, ലഘുകാലയളവിൽ മഹാഭാരതം മുഴുവൻ പദാനുപദ തർജ്ജമ ചെയ്തത്‌, തെറ്റു തനിക്കു വരില്ലെന്ന്‌ ചങ്കൂറ്റത്തോടെ പറഞ്ഞത്‌ . . .. വിരസമായി ക്ലസുക്കുമ്പോൾ ലക്ഷ്മിക്കുട്ടി ശ്രദ്ധാപൂർവ്വം കേട്ടിരുന്നു.
     തമ്പുരാന്റെ അന്ത്യത്തെക്കുറിച്ചു പറഞ്ഞുനിറുത്തി. എന്റെ ശ്രമം വിഫലമാവുകയായിരുന്നു. അവളുടെ കണ്ണുകൾ വിഷാദത്തിന്റെ കോമ്പല്ലിൽ കുരുങ്ങികിടന്നു. തമ്പുരാന്റെ മരണത്തെക്കുറിച്ചു പറയേണ്ടിയിരുന്നില്ലെന്നു തോന്നി.
     ഒളിഞ്ഞുനടക്കുന്ന വിഷാദഹേതുവിനെ തേടി  കടലാസിലൂടെ എന്റെ പേന രാത്രി മുഴുവൻ അലഞ്ഞുനടന്നു. ഉണർന്നതോർമ്മയില്ല. കൂവുന്ന കോഴി അരുണോദയത്തെയും കുറ്റിപ്പുറം കേശവൻ നായരെയും ഓർമ്മപ്പെടുത്തി.
വ്യാഴാഴ്ച :- സ്റ്റാഫ്‌ ർറൂമിൽ തിരക്കിട്ട ചർച്ച . കിട്ടാത്ത ശമ്പളത്തെ ചൊല്ലിയുളള തർക്കങ്ങൾ, പരാതികൾ. പ്രസാദിനും ഉണ്ണിക്കുമാണു തിടുക്കം. ഞാനും ദാസും പാവങ്ങളാണെന്നാണ്‌ പ്രിൻസിപ്പൽ കരുതുന്നത്‌. ശമ്പളം തരാതെ പറ്റിക്കാൻ കഴിയുന്നതിനാൽ അദ്ദേഹത്തിനെന്നെ വലിയ വിശ്വാസവുമാണ്‌.
     ഫീസു മുഴുവൻ ഉടൻ പിരിച്ചെടുക്കാനും തുക ബാക്കിയുളള ആരെയും അടുത്ത ദിവസം മുതൽ ക്ലാസിലിരുത്തേണ്ടെന്നുമാണു തീർച്ചയാക്കിയത്‌. തീരുമാനം ക്ലാസിൽ വായിക്കുമ്പാൾ ലക്ഷ്മിക്കുട്ടിയുടെ വിഷാദത്തിനു ശക്തികൂടി. ഉരുണ്ടു കൂടുന്ന കണ്ണീർ മാറിടത്തിൽ വീണുടയുന്നതു കാണാൻ നിൽക്കാതെ നടന്നു. കടലാസിനു വേണ്ടി പോക്കറ്റിലെ പേന ത്രസിച്ചിട്ടും അൽപം സമാധാനത്തിനു വേണ്ടി അടുത്തുളള ചീട്ടുകളികേന്ദ്രത്തിലേക്കാണ്‌ പോയത്‌. അൽപം മദ്യപിക്കുകയും ചെയ്തു,
വെളളിയാഴ്ച :- പെൺക്കുട്ടികളെക്കൊണ്ടാണു ശല്യം. എത്ര വഴക്കു പറഞ്ഞാലും കേട്ടുമറക്കുന്ന കുശ്യത്തികൾ.
     ലക്ഷ്മിക്കുട്ടി വന്നിരുന്നില്ല. എന്തുകൊണ്ടോ, കുട്ടികളെ ഏറെ ശകാരിച്ചു. അവരെ മുഷിപ്പിക്കുന്നതിനുവേണ്ടി ശാർദ്ദൂലവിക്രീഡിതവും രഥോദ്ധതയുമെല്ലാം ആവർത്തിച്ചു. രാത്രിയിൽ ഒന്നും എഴുതാൻകഴിഞ്ഞില്ല.
ശനിയാഴ്ച :- എന്റെ ശുപാർശ പരിഗണിച്ച്‌ ലക്ഷ്മിക്കുട്ടി തുടർന്നും ഫീസ്‌ നൽകേണ്ടതില്ലെന്ന്‌ പ്രിൻസിപ്പൽ സമ്മതിച്ചു. പിൻബെഞ്ചിലിരുന്ന്‌ അവൾ കൃതജ്ഞതയോടെ എന്നെ ശ്രദ്ധിക്കുന്നതു കണ്ടു.
ലക്ഷ്മിക്കുട്ടിയെ കഴിയുന്നത്ര കരയിക്കുകയായിരുന്നു ലക്ഷ്യം. പാഠ്യവിഷയമല്ലായിരുന്നിട്ടും മനപ്പൂർവ്വം ‘ രമണന്റെ’ കഥ വിശദമായിതന്നെ പറഞ്ഞു. അവൾ പുസ്തകങ്ങൾക്കിടയിൽ മുഖം മറച്ചുപിടിച്ചു തേങ്ങി. മറ്റു കുട്ടികളുടെ ശ്രദ്ധയും അവിടേക്കായി. എന്നിട്ടും രമണന്റെ ദുരന്തവും ചന്ദ്രികയുടെ ക്രൂരതയും ഞാൻ നിറുത്താതെ തുടർന്നു. അമൂർത്തമായി കിടന്ന കഥ രാത്രിയിൽ പൂർണ്ണമായി.
ഞായറാഴ്ച :- അവധിദിനമായതിനാലാവാം, സ്വപ്നങ്ങളില്ലാത്ത രാത്രിയായിരുന്നു.
പിന്നീട്‌ ലക്ഷ്മിക്കുട്ടിയെ സ്വപ്നം കണ്ടിട്ടില്ല. ആഴ്ചകൾക്കുശേഷം ബസ്റ്റോപ്പിൽ വെച്ച്‌ നേരിൽ കണ്ടുമുട്ടി. വരാത്തതിന്റെ കാരണം തിരക്കിയപ്പോൾ വിഷാദമിഴികൾ ആർദ്രമായി. അവൾ കരഞ്ഞു. പിന്നെ ഗദ്ഗദത്തോടെ മുഴുമിക്കാതെ പറഞ്ഞു. ” എങ്കിലും സാർ, ആ കഥ . . . “
     എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല. കുറ്റബോധം എന്നെ വേട്ടയാടിക്കഴിഞ്ഞിരുന്നു.
 
 

You can share this post!