സത്സംഗം

ഇതാണ്‌ യഥാർത്ഥ മതേതരത്വം. വിവേകാനന്ദൻമാഷ്‌ മനസ്സിൽ പറഞ്ഞു. ഇന്ത്യ ഒരു പരമാധികാര മതേതരത്വ ജനായത്ത റിപ്പബ്ലിക്കാണെന്ന്‌ ഞാൻ എത്രതവണ ക്ലാസ്സിൽ പഠിപ്പിച്ചിട്ടുണ്ട്‌. ഇപ്പോഴാണ്‌ അത്‌ യാഥാർത്ഥ്യമായത്‌. താനും, കോമപ്പനും, സജിയും, നൗഷാദും,  ഗീവർഗ്ഗീസുമൊക്കെ ഒരുമിച്ചിരുന്ന്‌ ഒരേപോലെയുള്ള ഭക്ഷണം കഴിക്കുന്നു, ഒന്നിച്ചുറങ്ങുന്നു. ഇതാണ്‌ സാഹോദര്യം, സഹവർത്തിത്വം. ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ സംഘടനകളുടെ കൂട്ടായ്മയിൽ ഒരുക്കിയ ഓണസദ്യ  കഴിക്കയായിരുന്നു വിവേകാനന്ദൻമാഷ്‌.
അദ്ദേഹം ക്യാമ്പിലെ പായയിൽ കിടന്നുകൊണ്ട്‌  താൻ പണ്ട്‌ വായിച്ച ഒരു പുസ്തകത്തിലെ ഏടുകൾ ഓർത്തു. ചരിത്രം മുഖം നഷ്ടപ്പെട്ടൊരു കാട്ടുമൃഗമാണ്‌. അതിന്റെ മുനകളിൽ പ്രാണൻ കോർത്തിട്ടിരിക്കുന്നത്‌ കാലം നോക്കി രസിക്കാറുണ്ട്‌. ബ്രോഡ്സ്കിയുടെ ഈ വരികൾ അദ്ദേഹമോർത്തു.
ചാനൽചർച്ചകളിൽ 1924-ലെ വെള്ളപ്പൊക്കമാണോ വലുത്‌ എന്ന ചർച്ച നടക്കുന്നു. ഒരിക്കലും താൻ കരുതിയില്ല നദിയിൽനിന്നും മൂന്നു കിലോമീറ്ററോളം ദൂരമുള്ള പാർപ്പിടത്തിലേക്ക്‌ പ്രളയജലമെത്തുമെന്ന്‌. വെള്ളം പാർപ്പിടത്തിനു വെളിയിൽ വരുന്നത്‌ മുകളിലിരുന്ന്‌ വിവേകാനന്ദൻ മാഷ്‌ കണ്ടിരുന്നു. എന്നാൽ പതിയെ അത്‌ പിന്മാറുമെന്ന്‌ അദ്ദേഹമുറച്ചുവിശ്വസിച്ചു. മത്സ്യബന്ധനബോട്ടുകളിലെ തൊഴിലാളികളും, അഗ്നിശമന ഉദ്യോഗസ്ഥരുമൊക്കെ പലതവണ വീടുവിട്ട്‌ വെളിയിൽ വരുവാൻ ആവശ്യപ്പെട്ടു. കുടുംബാംഗങ്ങളെല്ലാം രക്ഷതേടി പോയപ്പോഴും തന്റെ എല്ലാമെല്ലാമായ പുസ്തകങ്ങൾ ഉൾപ്പെടുന്ന മുറി വിട്ടിറങ്ങുവാൻ അദ്ദേഹം വിസമ്മതിച്ചു.
ജനലിലൂടെ വെളിയിലേക്ക്‌ നോക്കുമ്പോൾ പല ബൈക്കുകളും നദിപ്പരപ്പിലൂടെ പായുന്നു. കട്ടിലുകൾ, സെറ്റികൾ, മേശകൾ, കോഴിക്കൂടുകൾ, പട്ടിക്കൂടുകൾ എന്നുവേണ്ട എല്ലാം ജലപ്പരപ്പിലൂടെ ഒഴുകിനടക്കുന്നു. വിവേകാനന്ദൻ മാഷ്‌ തന്നോടുതന്നെ പറഞ്ഞു പുഴയൊഴുകും വഴി തടസ്സപ്പെട്ടപ്പോൾ മനുഷ്യനിർമ്മിത വഴികളിലൂടെ പുഴയൊഴുകി??.. പുഴയ്ക്കറിയില്ലല്ലോ വീടും, സ്കൂളും, ഹോട്ടലുകളുമൊന്നും. പുഴയിലൂടെ ചേനത്തണ്ടനും, അണലിയും ശംഖുമുഖനും ഒഴുകിനടന്നു. ആടുകളും, കോഴികളും മരണവെപ്രാളം പ്രകടിപ്പിച്ചു. മാഷിന്റെ മുറിയിലും വെള്ളമുയരാൻ തുടങ്ങി. ജനലിലൂടെ വെള്ളം അകത്തേക്ക്‌ പാഞ്ഞ്‌ ഒ ഴുകി?. മാഷ്‌ മേശയ്ക്കു മുകളിൽ കയറി. മാഷിന്റെ എല്ലാമെല്ലാമായ പുസ്തകങ്ങൾ വെള്ളത്തിൽ കുതിർന്ന്‌ ഒഴുകി നടന്നു പാത്തുമ്മയുടെ ആടും, മതിലുകളും, ആടുജീവിതവുമെല്ലാം വെള്ളത്തിലേക്കിറങ്ങി പരതി നടന്നു. മാഷിന്റെ തൊണ്ടയിലെ വെള്ളം വറ്റി. മാഷ്‌ ? മുകളിലേയ്ക്ക്‌ കയറി, മൊബെയിലിൽ റേഞ്ച്‌ കിട്ടുന്നില്ല?.
മച്ചിന്റെ ഓട്‌ പൊളിച്ച്‌ തട്ടിനു പുറത്തേക്ക്‌ കയറി. കയറിയവഴിയിൽ ആണി തറച്ച്‌ കാലുമുഴുവൻ ചോരവാർന്നുവീണു. മരണത്തെ മുഖാമുഖം മാഷ്‌ കണ്ടു. മുകളിലൂടെ നേവിയുടെ ഹെലികോപ്റ്ററുകൾ പാറിനടക്കുന്നു, ചുറ്റും ഇരുട്ട്‌ മാത്രം?. ഒന്നും കാണാൻ സാധിക്കുന്നില്ല. ? ഹെലികോപ്റ്ററിന്റെ ശബ്ദം  മുകളിൽ കേൾക്കുമ്പോഴൊക്കെ മാഷ്‌ തന്റെ കൈ ഉയർത്തി വീശിക്കൊണ്ടിരുന്നു. അവർക്കാർക്കും തന്നെ രക്ഷിക്കുവാൻ കഴയില്ലല്ലോ എന്ന്‌ മാഷ്‌ ചിന്തിച്ചു?
അകത്താളുണ്ടോ? ഈ വിളികേട്ട്‌ മാഷ്‌ ഇരുട്ടിലേയ്ക്ക്‌ സൂക്ഷിച്ചുനോക്കി. കനത്ത ഇരുട്ട്‌, വെള്ളം ശക്തിയായി ഒഴുകുന്ന ശബ്ദം. പ്രതീക്ഷാനിർഭരതയോടെ മാഷ്‌ സർവ്വശക്തിയുമെടുത്ത്‌ ഉച്ചത്തിൽ വിളിച്ചുകൂവി?. ആളുണ്ടേ. മേൽക്കുരയ്ക്കടുത്തേയ്ക്ക്‌ ഒരു യാനം ഒഴുകിവന്നു. രണ്ടുമൂന്നാളുകൾ ചേർന്ന്‌ കൈപിടിച്ച്‌ യാനത്തിലേയ്ക്ക്‌ വലിച്ചിട്ടു? യാനം മുന്നോട്ട്‌ കുതിച്ചു. രണ്ടു ദിവസമായി ഭക്ഷണവും വെള്ളവുമില്ലാതെ വലയുകയാണെന്നവരോട്‌ പറഞ്ഞു. അവരുടേയും സ്ഥിതി ഇതുതന്നെയായിരുന്നു.
ആഴിയുടെ ഓളങ്ങളിൽ? കടൽച്ചൊരുക്കിനെ നേരിട്ട്‌ മത്സ്യബന്ധനം നത്തുന്ന മത്സ്യത്തൊഴിലാളികളാണിവർ. ശാസ്ത്രവും, യന്ത്രസംവിധാനങ്ങളും തോറ്റിടത്ത്‌  ദൈവദൂതനെപ്പോലെ കടന്നുവന്നവർ വിവേകാനന്ദൻ മാഷ്‌ സ്വയം പറഞ്ഞു. മനുഷ്യർ സ്വയംപര്യാപ്തനോ ഒറ്റപ്പെട്ട ദ്വീപുകൾപോലെ വസിക്കേണ്ടവരോ അല്ല. അവർ പരസ്പരം പൂരകങ്ങളായി വർത്തിക്കേണ്ടവരാണ്‌. നന്മതിന്മകളാൽ ഇഴപിരിഞ്ഞുകിടക്കുന്ന  സമൂഹമാണ്‌ നമ്മുടേത്‌. ഏതു രംഗത്തും അത്‌ പ്രകടമാണ്‌. മത്സ്യബന്ധനയാനങ്ങളിൽ രക്ഷപ്പെടുത്താൻ വന്നവർ ദൈവദൂതന്മാർതന്നെയാണ്‌.
മാഷിന്റെ മകനും, ഭാര്യയും, അദ്ദേഹത്തിന്റെ ചെറുമക്കളും – നദിക്ക്‌ മറുകരയിലുള്ള ദുരിതാശ്വാസക്യാമ്പിലാണ്‌… അവർ വിവരമറിയിച്ചാണ്‌ മത്സ്യബന്ധനയാനങ്ങൾ മച്ചിലെത്തിയത്‌.. മാഷ്‌ പറഞ്ഞു ഇത്‌ ശരിക്കുമൊരു രണ്ടാംവരവാണ്‌.
******
ഓണാഘോഷത്തിന്റെ ഭാഗമായി ക്യാമ്പിലൊരുക്കിയ കലാസന്ധ്യയിൽ കോമപ്പൻ പാടുന്നു.
?പാമ്പുകൾക്ക്‌ മാളമുണ്ട്‌
പറവകൾക്കാകാശമുണ്ട്‌
മനുഷ്യപുത്രന്‌ തലചായ്ക്കാൻ
മണ്ണിലിടമില്ല? മണ്ണിലിടമില്ല?
പഴയകാലനാടകനടനായ കോമപ്പന്റെ പാട്ട്‌ ശരിക്കും അർത്ഥവത്ത്‌ തന്നെ.  പായിൽ തലചരിച്ചുകിടന്ന മാഷ്‌ പറഞ്ഞു.
മനുഷ്യന്റെ ചെയ്തികൾ പൊറുക്കാതെ പ്രകൃതിയെന്നെങ്കിലും തിരിച്ചടിക്കുമെന്ന്‌ മാഷിന്‌ ഉറച്ച വിശ്വാസമായിരുന്നു. അതിന്‌ താനും ഇപ്പോൾ ഇരയായി.
മാഷ്‌ ജനലിലൂടെ പുറത്തേക്ക്‌ നോക്കി, സ്കൂളിനു പുറത്ത്‌ കുറച്ചകലെയായി നദി ഹുങ്കാരശബ്ദത്തോടെ ഒഴുകുന്നു. അവയിലൂടെ ജീവജാലങ്ങളുടെ ജഡങ്ങളും, കസേരകളും, മേശകളും എല്ലാം ഒഴുകിപ്പരതി നടക്കുന്നു.
ക്യാമ്പിനകത്ത്‌ നിശബ്ദത തളംകെട്ടിനിൽക്കുന്നു. മഴവെള്ളപ്പാച്ചിലിൽ സർവ്വവും നഷ്ടപ്പെട്ട ജനത?. എല്ലാം മറന്ന്‌ ക്യാമ്പിലെ ഓണാഘോഷങ്ങളിൽ ശ്രദ്ധിച്ചിരിക്കുന്നു. മഹാബലിയുടെ സങ്കൽപ്പത്തിലെ ഓണം?മാനുഷരെല്ലാം ഒന്നുപോലെ?. കോമപ്പനും, ജാഫറും, കുര്യനുംമെല്ലാം ഒരുപോലെ?. ശരിക്കുമൊരു ഒത്തൊരുമ, കൂട്ടായ്മ, സാഹോദര്യസ്നേഹം എല്ലാം മാവേലിനാടിലേതുപോലെ?.
മാഷ്‌ ചിന്തിച്ചു?. പ്രളയം ദുരിതമയമായെങ്കിലും? ജനങ്ങൾക്കിടയിൽ മുമ്പെങ്ങുമില്ലാത്ത വിധമുള്ള കൂട്ടായ്മകളുടെ പരസ്പരസ്നേഹവും?. സംജാതമായിരുന്നു. മലയാളികൾ നന്മയുടെ വിളനിലങ്ങൾതന്നെ.
മാഷ്‌ ഓർത്തു പ്രളയത്തിൽ  ഒരുപാട്‌ മനുഷ്യരെ കണ്ടു. ജലം ഒഴുകിനിറയുന്ന ഭീതിയോടൊപ്പം മനസ്സ്നിറഞ്ഞ്‌ രക്ഷപ്പെടുത്തിയവരേയും കണ്ടു. പകരം വയ്ക്കാനില്ലാത്തവ നൽകുന്നതിനിടയിൽ  വഴുതിപ്പോയ പ്രിയപ്പെട്ടവരേയും കണ്ടു. ഒരമ്മ പെറ്റമക്കളേക്കാൾ ദൈവദൂതരായി വന്ന മനുഷ്യരേയും  ഒഴുക്കിനെതിരേ നീന്തിയ ജനതയേയും കണ്ടു. അവസാനം താണ വെള്ളത്തോടൊപ്പം പൊങ്ങിയ മാലിന്യങ്ങൾ പോലെ ചാരംമൂടിക്കിടന്ന മത രാഷ്ട്രീയ വർഗ്ഗ വിഷജന്തുക്കളേയും കണ്ടു. നല്ല മനുഷ്യരെ വീണ്ടും കാണാൻ  ഇനി മറ്റൊരു ദുരന്തത്തിനായി കാത്തിരിക്കണമോ? മാഷ്‌ ഇതികർത്തവ്യതാമൂഢനായി.
ക്യാമ്പിൽ ഒരു വലിയ അണ്ഡാവിൽ വെള്ളം തിളയ്ക്കുന്നു. സ്കൂളിൽ കഞ്ഞിപ്പുര ഉണ്ടായിരുന്നതുകൊണ്ട്‌ പാചകത്തിന്‌ സൗകര്യമായി. സന്നദ്ധസംഘടനകളും സർക്കാർ ഏജൻസികളും കൊണ്ടുവന്ന സാധനങ്ങൾ ചേർത്ത്‌ എരിശ്ശേരി ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. ക്യാമ്പിലെ സ്ത്രീജനങ്ങളായ ഫാത്തിമയും സുശീലയും, ഗ്രേസിയും, തങ്കമ്മയും ഇതിന്‌ നേതൃത്വം നൽകി. ചേനയും, ചേമ്പും, കാച്ചിലും, ചീനിയും എല്ലാം ഇവരുടെ കരങ്ങളിലൂടെ എരിശ്ശേരിക്ക്‌ തയ്യാറായി. ക്യാമ്പിലെ പുരുഷന്മാർ അരിഞ്ഞുകൂട്ടിയ കഷണങ്ങൾ വലിയ അണ്ഡാവിലേയ്ക്ക്‌ പകർന്നു. തങ്കപ്പൻപിള്ള പാചകത്തിന്‌ നേതൃത്വം നൽകി.
ക്യാമ്പിൽ ഒരു ഭാഗത്ത്‌ എന്തോ ബഹളം നടക്കുന്നു.  മാഷ്‌ അവിടേയ്ക്ക്‌ ശ്രദ്ധിച്ചു. ?ഏതോ തുണിത്തരങ്ങൾക്കുവേണ്ടിയുള്ള വഴക്കും വക്കാണവുമാണവിടെ? മാഷ്‌ അവിടേയ്ക്കു ചെന്നു. എന്താ സുലൈമാനേ ബഹളം വയ്ക്കുന്നത്‌? സുലൈമാൻ പറഞ്ഞു മാഷേ ?ഠൗണിലെ ഏതോ കടയിൽനിന്നും കൊണ്ടുവന്ന കൈലിയും മറ്റും അടിച്ചുമാറ്റിക്കൊണ്ടുപോകാനുള്ള കാഫറുകളുടെ ശ്രമം?. ഒരിറ്റുവെള്ളംപോലും കേറാത്ത പീലിക്കുഞ്ഞ്‌ കൈലിക്കായി വന്നതിന്റെ ബഹളമാ സാറേ കേട്ടത്‌. മാഷ്‌ പറഞ്ഞു പോട്ടെടോ സുലൈമാനേ ?കഴുത്തോളം വെള്ളംകേറി ചാവേണ്ടിയിരുന്നോരാ നമ്മളൊക്കെ? ഉയിരുപോകാതിരുന്നതുതന്നെ പടച്ചോന്റെ കൃപകൊണ്ടാണെന്നു കരുതിയാമതി.
മാഷ്‌ സ്കൂളിലെ ജനാലയിലൂടെ വെളിയിലേയ്ക്ക്‌ നോക്കി. നിറം മങ്ങിയ കമ്പിക്കാലിനപ്പുറത്ത്‌  മൂടിക്കെട്ടിയ ആകാശം. ഇരുട്ടുവീണുതുടങ്ങിയിരിക്കുന്നു. ആ പ്രദേശങ്ങളൊക്കെ വെള്ളം കയറിക്കിടക്കുന്നു. മാഷ്‌ ഓർത്തു റിട്ടയർ ചെയ്തതിനുശേഷം സഹധർമ്മിണിയെ പിരിഞ്ഞ്‌ ഇതുവരെയിരുന്നിട്ടില്ല. അവർ ജീവൻ തിരിച്ചുകിട്ടി ക്യാമ്പിലുണ്ടെന്നുള്ളത്‌ മാഷിനാശ്വാസമായി. താൻ പഠിപ്പിച്ച സ്കൂളിൽത്തന്നെ അന്തിയുറങ്ങുക, സമൂഹത്തിലെ എല്ലാത്തരം ആളുകളോടൊപ്പം.
മാഷ്‌ തന്റെ നഷ്ടങ്ങളൊക്കെ മറന്നു, വിലപിടിപ്പുള്ള പുസ്തകങ്ങളും വീടും എല്ലാം?. മാഷ്‌ പതിയെ മനസ്സിൽ ചിന്തിച്ചു ശരിക്കും ഇപ്പഴാണ്‌ മാവേലി നാടായത്‌? അതെ പ്രളയകാലത്ത്‌.

You can share this post!