ഷെൽ സിൽവേർസ്റ്റീൻ കവിതകൾ

 

സെപ്റ്റമ്പർ 25 അമേരിക്കൻ എഴുത്തുകാരൻ ഷെൽ സിൽവേർസ്റ്റീന്റെ ജന്മദിനമാണ്. May 10, 1999ൽ മരണമടഞ്ഞ അങ്കിൾ ഷെൽബി എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഷെൽ സിൽവേർസ്റ്റീൻ അറിയപ്പെട്ടിരുന്നത് കുട്ടികളുടെ കഥകളും പാട്ടുകളും കാർട്ടൂണുകളും വഴിയായിരുന്നു. അങ്കിൾ ഷെൽബിയുടെ വധശിക്ഷ കാത്തിരിക്കുന്ന ഒരാളുടെ ഭാഗത്തു നിന്നെഴുതിയ ’25 minutes to go’ (പോകാനിനി 25 മിനിറ്റുകൾ മാത്രം) എന്ന പാട്ട് ജോണി കാഷ് പാടി അനുസ്മരണീയമാക്കിയതാണ്. ആദ്യം ആ പാട്ട് പരിഭാഷപ്പെടുത്തണം എന്നാണ് ആലോചിച്ചിരുന്നത്. പക്ഷെ സംഗീതവും ജോണി കാഷിന്റെ ശബ്ദവും അനുസ്മരണീയമാക്കിയ ആ പാട്ട് പരിഭാഷപ്പെടുത്തി മോശമാക്കരുത് എന്ന് കരുതി.. അതിനാൽ ഇതാ അദ്ദേഹത്തിന്റെ ചില കുഞ്ഞി കവിതകൾ.

ഇറ്റ് ഈസ് ഡാർക്ക് ഹിയർ
(ഇവിടെ ഭയങ്കര ഇരുട്ടാണ്)
———————-
ഞാൻ ഒരു സിംഹത്തിന്റെ ഉള്ളിലിരുന്നാണ്
ഈ കവിതയെഴുതുന്നത്
ഇവിടെ ഭയങ്കര ഇരുട്ടാണ്…
അതുകൊണ്ട് അത്ര വൃത്തിയില്ലാത്ത
എന്റെ കൈയ്യക്ഷരം നിങ്ങൾ പൊറുക്കണം..
ഇന്നുച്ചക്ക് സിംഹത്തിന്റ കൂടിന്റെ
വളരെ അടുത്ത് ചെന്നോ എന്നൊരു സംശയം
ഞാൻ ഒരു സിംഹത്തിന്റെ ഉള്ളിലിരുന്നാണ്
ഈ കവിതയെഴുതുന്നത്
ഇവിടെ ഭയങ്കര ഇരുട്ടാണ്…

ഫ്രണ്ട്ഷിപ്പ്
(സൗഹൃദം)
———–
നമുക്ക് ജീവിതകാലം മുഴുവൻ
ഉറ്റ സുഹൃത്തുക്കളായി ജീവിക്കാൻ
ഞാനൊരു വഴി കണ്ടിട്ടുണ്ട്
വലിയ ബുദ്ധിമുട്ടില്ലാത്തൊരു വഴി
ഞാൻ നിന്നോടെന്ത് പറഞ്ഞാലും
നീ അതങ്ങ് ചെയ്‌താൽ മതി

ഗോഡ്സ് വീൽ
(പടച്ചോന്റെ വളയം)
——————
ഒന്ന് ചിരിച്ചുകൊണ്ട് പടച്ചോൻ എന്നോട് ചോദിച്ചു
“കുറച്ച് നേരത്തേക്ക് പടച്ചോനായി ഈ ദുനിയാവിനെ
തിരിക്കാൻ താത്പര്യമുണ്ടോ?”
“ഒക്കെ, ഒന്ന് ശ്രമിച്ചു നോക്കാം”
ഞാനും പറഞ്ഞു
“എവിടെയാണ് ഇരിപ്പുറക്കേണ്ടത്?
എനിക്കെത്ര ശമ്പളം കിട്ടും?
എത്ര മണിക്കാണ് ഉച്ചഭക്ഷണം?
എപ്പോഴാണ് ജോലി നിർത്തുക?”
“ആ വളയം ഇങ് തിരിച്ചു താ?”
ദൈവം പറഞ്ഞു
“നീ അതിന് റെഡിയായെന്ന് എനിക്ക് തോന്നുന്നില്ല”

ചാനെൽസ്
(ചാനലുകൾ)
———–
ചാനൽ 1 ഒരു രസവുമില്ല
ചാനൽ 2 വെറും വാർത്തകളാണ്
ചാനൽ 3 കാണാൻ തന്നെ ബുദ്ധിമുട്ടാണ്
ചാനൽ 4 മൊത്തം ബോറാണ്
ചാനൽ 5 മുഴുവൻ ഡാൻസും പാട്ടുമാണ്
ചാനൽ 6ന് എന്തോ പ്രശ്നമുണ്ട്
ചാനൽ 7ഉം ചാനൽ 8ഉം
പഴയ സിനിമകളാണ്.. വലിയ ഗുണമില്ല
ചാനൽ 9 ഭയങ്കര സമയ നഷ്ടമാണ്
ചാനൽ 10ൽ ഇപ്പോളൊന്നുമില്ല, എന്റെ കുട്ടി
നിനക്ക് കുറച്ച് നേരം സംസാരിച്ചിരുന്നു കൂടെ?

ദി വോയ്‌സ്
(ഒരു ശബ്ദം)
———–
നിങ്ങളുടെയുള്ളിൽ നിങ്ങളോട്
സദാസമയം മന്ത്രിക്കുന്നൊരു ശബ്ദമുണ്ട്
“എനിക്കിത് ശരിയാണെന്ന് തോന്നുന്നു,
ഇത് തെറ്റാണെന്നെനിക്കറിയാം.’
ഒരധ്യാപകനൊ ഗുരുവിനോ മതപ്രഭാഷകനൊ
അച്ഛനമ്മമാര്‍ക്കൊ സുഹൃത്തിനോ ജ്ഞാനിക്കൊ
നിങ്ങൾക്ക് ശരിയെന്ന് തോന്നുന്നതിനെ കുറിച്ച്
തീരുമാനമെടുക്കാൻ കഴിയില്ല
നിങ്ങളുടെ ഉള്ളിൽ നിന്നും നിങ്ങളോട്
സംസാരിയ്ക്കുന്ന ആ ശബ്ദം കേൾക്കുക.

ഫൊർഗോട്ടൺ ലാംഗ്വേജ്
(മറന്നു പോയ ഭാഷ)
————–
ഒരിക്കൽ ഞാൻ പൂക്കളുടെ ഭാഷ സംസാരിച്ചിരുന്നു
ഒരിക്കലെനിക്ക് പുഴുക്കൾ പറയുന്ന ഓരോ വാക്കും മനസ്സിലായിരുന്നു
ഒരിക്കൽ പക്ഷികൾ പാടി നടന്ന പരദൂഷണങ്ങൾ കേട്ട് ഞാൻ ഒളിച്ചിരുന്ന് ചിരിക്കുമായിരുന്നു
ഒരീച്ചയുമായി എന്റെ കിടക്കയിൽ സ്വകാര്യം പറഞ്ഞിരുന്നു
ഒരു കാലത്ത് ചീവീടുകളുടെ എല്ലാ ചോദ്യങ്ങൾക്കും ഞാൻ ഉത്തരം കൊടുത്തിരുന്നു
മരിച്ചു വീശുന്ന ഓരോ മഞ്ഞിൻ കഷ്ണങ്ങളുടെ രോദനത്തിലും ഞാൻ പങ്കു ചേർന്നിരുന്നു
ഒരിക്കൽ ഞാൻ പൂക്കളുടെ ഭാഷ സംസാരിച്ചിരുന്നു
അതൊക്കെയിപ്പോൾ എവിടെപ്പോയി?
അതൊക്കെയിപ്പോൾ എവിടെപ്പോയി?

Shel Silverstein

You can share this post!