വിശ്വാസികളോട്‌: ദാമ്പത്യത്തിന്റെ വിജയഘടകം ലൈംഗികത

”സ്തനഭംഗിയും ശൃംഗാരഭാവവുമുള്ള സ്ത്രീയുടെ ആലിംഗനം ശരീരതാപം കുറയ്ക്കുന്ന ശീതജ്വരത്തെ ശമിപ്പിക്കുമെന്ന്‌ അഷ്ടാംഗഹൃദയകാരൻ പ്രസ്താവിച്ചിട്ടുള്ളത്‌ ലേഖകൻ ഓർമ്മിപ്പിക്കുന്നു”
ആലപ്പുഴയിലെ ഒരു ക്രിസ്തിയ സഭയുമായി ബന്ധമുള്ള ഒരു മാസിയ്കയിൽ ഏതാനും നാൾ മുൻപ് വന്ന ഒരു ലേഖനത്തിന്റെ കാലിക പ്രസക്തി പരിശോധിക്കുകയാണിവിടെ
ലൈംഗികത പാപമൊന്നുമല്ല.അങ്ങനെ കരുതുന്നുവർ യാഥാസ്ഥിതികരാകണമെന്നില്ല. പകരം അവർ മാമൂൽ ഉണ്ടാക്കുന്നവരാണ്‌. വെറുതെ നിയമങ്ങൾ ഉണ്ടാക്കി മനുഷ്യന്റെ സമാധാനം കളയുന്നത്‌ ചിലരുടെ ഹോബിയാണ്‌. ക്രിസ്തുമതത്തിൽ ലൈംഗികത നിഷേധിച്ചിട്ടൊന്നുമില്ല. വിവാഹം കഴിക്കാവുന്ന പാതിരിമാർ പോലും ചില വിഭാഗങ്ങളിലുണ്ട്‌. വിവാഹം കഴിക്കാതിരിക്കുന്നത്‌ ഒരാളുടെ വ്യക്തിപരമായ അച്ചടക്കത്തെ ആശ്രയിച്ചിരിക്കുന്നു. സഭ ലൈംഗികതയ്ക്ക്‌ ഒരിക്കലും എതിരായിരുന്നിട്ടില്ല. അതിന്റെ ആവശ്യവുമില്ല. സഭയുടെ നിലപാട്‌ എന്നും പക്വമായിരുന്നു.
മാസികയിൽ ഡോ. സന്തോഷ്‌ തോമസ്‌ എഴുതിയ ‘ആയുർവേദവും രതിയും ‘ എന്ന ലേഖനം ചർച്ചയാവുകയാണ്‌. .ഡോ.സന്തോഷ്‌ മാസികയിൽ സ്ഥിരമായി എഴുതുന്നതാണ്‌. അദ്ദേഹത്തിന്റെ പുതിയ ലേഖനം, മാസികയിൽ ഇതുവരെ ചർച്ച ചെയ്യാത്ത വിഷയമായതുകൊണ്ടാണ്‌ ഇതിനു പ്രധാന്യം കൈവരുന്നത്‌. ഇത്‌ സഭയുടെ മുഖലേഖനമാണെന്ന്‌ ധരിക്കേണ്ടതുമില്ല. എങ്കിലും ഇതിൽ നിന്ന്‌ വായിച്ചടുക്കാവുന്ന വസ്തുത, പുതിയ കാലത്ത്‌ മനുഷ്യന്റെ ആഭ്യന്തരജീവിതം പലവിധ സംശയങ്ങളാലും കലക്കിമറിക്കപ്പെടുകയാണെന്നും അതിൽ നിന്ന്‌ രക്ഷ നേടാൻ എല്ലാ വിവാഹിതരും ലൈംഗിക ജീവിതം ആരോഗ്യകരമായി നയിക്കണമെന്നുമാണ്‌.
വർദ്ധിച്ച അച്ചടക്കമുള്ള സമൂഹങ്ങളിൽ ലൈംഗിക പ്രശ്നങ്ങൾ ഡോക്ടറോട്‌ പോലും പറയാറില്ല. എല്ലാം മൂടി വയ്ക്കുകയാണ്‌. അതുകൊണ്ടുതന്നെ പരിഹരിക്കാനാവാത്ത പ്രശ്നങ്ങൾ ഏറുകയാണ്‌. വിവാഹബന്ധം മുറിഞ്ഞില്ലെങ്കിലും ആശ്വാസത്തിനു വകയില്ല. ഒരു കൂരയ്ക്കുള്ളിൽ അപരിചിതരെപ്പോലെ കഴിയുന്നവർ ഏറെയാണ്‌. ഇതെല്ലാം ഉറക്കെപ്പറയണമെന്ന കാര്യത്തിൽ ഇപ്പോൾ ആർക്കും സംശയമില്ല. ഒരു വേലി തകർക്കപ്പെട്ടിരിക്കുകയാണ്‌. മുഖരേഖയിലെ ലേഖനത്തിൽ  ലൈംഗിക ജീവിതത്തെക്കുറിച്ച്‌ ക്രിസ്ത്യാനികൾ ശരിക്ക്‌ അറിഞ്ഞിരിക്കണമെന്ന ആഹ്വാനമുണ്ട്‌.
സഭയിൽ ആത്മീയതയ്ക്കാണ്‌ മേൽക്കൈ. ആരാധനാക്രമങ്ങളിൽ അൽപം പോലും വ്യതിചലനം അനുവദിച്ചിട്ടില്ല. മാർപ്പാപ്പ, ലൈംഗികമായി വേർതിരിച്ചു നിർത്തപ്പെടുന്നവരോട്‌ സഹാനുഭൂതി പ്രകടിപ്പിച്ചതു ഓർക്കണം.
“ശരീരമനസുകളുടെ ഉത്സവമാണ്‌ ലൈംഗികത. അതുകൊണ്ടു തന്നെ ശാരീരിക ബന്ധമില്ലാത്ത പ്രേമവും ശൃംഗാരവും വെടിക്കെട്ടില്ലാത്ത പൂരം പോലെ നിഷ്പ്രഭവും അപൂർണവുമാണ്‌.” – സന്തോഷിന്റെ ലേഖനത്തിൽ പറയുന്നു.
സെക്സ്‌ എന്താണെന്ന്‌ മനസിലാക്കാനുള്ള ഒരു ചർച്ച ക്രിസ്ത്യൻ സഭകളിൽ ഇനിയും തുടങ്ങിയിട്ടില്ലെന്നത്‌ യാഥാർത്ഥ്യമാണ്‌. ആത്മീയതയുടെയും സ്വർഗനരക ബന്ധിതമായ ഒരു മോക്ഷക്രമത്തിന്റയും ഗതാനുഗതികത്വത്തിൽ വിശ്വാസികൾ ജീവിക്കാൻ ബാധ്യസ്ഥരാണ്‌. വിശ്വാസമാണ്‌ മുഖ്യം.
വിശ്വാസമില്ലാതെ ആരാധിച്ചിട്ട്‌ കാര്യമില്ല. ഇവിടെ പ്രായോഗിക കുടുംബജീവിതത്തിന്‌ മറ്റൊരു പാഠം കൂടി ഡോ.സന്തോഷിന്റെ ലേഖനം ചൂണ്ടിക്കാട്ടുകയാണ്‌.
“അലിഞ്ഞ്‌ ചേർന്ന്‌ ഒന്നാകണമെങ്കിൽ മനസ്‌ ഇണങ്ങണം. ഉടൽ ഒത്തു ചേരുകയും വേണം. നായക ജാതിത്രയത്തെപ്പറ്റിയും നായികാജാതി ചതുഷ്ടയത്തെക്കുറിച്ചും കാമശാസ്ത്രം പഠിപ്പിക്കുന്നുണ്ട്‌. ഒരു ലൈംഗികാധിഷ്ഠിത ജനിതകശാസ്ത്രമാണ്‌ ഈ വർഗീകരണത്തിലൂടെ വെളിവാകുന്നത്‌ “ – ലേഖനം വിശദീകരിക്കുന്നു.
ഭാരതത്തെ സംബന്ധിച്ചിടത്തോളം കാമസൂത്രം വേദമാണ്‌. അത്‌ ഇന്നുവരെ ആരും നിഷേധിക്കുകയോ നിരോധിക്കുകയോ ചെയ്തിട്ടില്ല. മനുഷ്യശരീരത്തിന്റെ സാധ്യതകളാണ്‌ രതിയെ നിശ്ചയിക്കുന്നത്‌. ഓരോരുത്തർക്കും സാധ്യമായതെല്ലാം അവരുടെ രതിയാണ്‌.
സ്തനങ്ങളുടെയും ശരീരത്തിന്റെയും ആകൃതിയും വലിപ്പവും അടിസ്ഥാനമാക്കി സ്ത്രീകളെ നാല്‌ വിഭാഗങ്ങളായി വാഗ്ഭടന്റെ അഷ്ടാംഗ ഹൃദയത്തിൽ തരംതിരിച്ചിട്ടുള്ളത്‌ എടുത്തുകാട്ടി കാമശാസ്ത്രവും ആയുർവേദവും തമ്മിലുള്ള ചേർച്ചയാണ്‌ ലേഖകൻ ഓർമ്മിപ്പിക്കുന്നത്‌.
ആഹാരം, നിദ്ര, വ്യായാമം ലൈംഗികത എന്നിവ ആയുസ്സിന്റെ അടിസ്ഥാനതത്വങ്ങളാണ്‌. അതിനാൽ രതി പരമപ്രധാനമാണ്‌. അത്‌ നിഷേധിക്കപ്പെടുന്നവൾ, നിഷേധിക്കപ്പെടുന്നവൻ വേറൊരു രീതിയിലേക്ക്‌ വഴി തിരിഞ്ഞുപോകുകയോ തെറ്റായ മാർഗങ്ങളിൽ അഭയം തേടുകയോ ചെയ്യാം.
ഇവിടെ ഏറ്റവും പ്രബലമായ വസ്തുത ഒരു ക്രിസ്ത്യൻ സഭയുടെ കീഴിൽ പ്രസിദ്ധം ചെയ്യുന്ന ഒരു മാഗസിനിൽ ഭാരതീയമായ രതി ദർശനത്തിനും സംഭോഗ രീതികൾക്കും ആരോഗ്യകരമായ ജീവിതത്തിനും അത്യന്താപേക്ഷിതമെണ്ണമട്ടിൽ പ്രാമുഖ്യം ലഭിച്ചതാണ്‌. ഇത്‌ ഇതിനു മുമ്പ്‌ ഉണ്ടായിട്ടില്ല. ഇന്ത്യൻ സഭകൾക്ക്‌ മുമ്പേ നടക്കുന്ന ലേഖനമാണിതെന്ന്‌ പറയാതെ നിവൃത്തിയില്ല. ഉചിതവും ശാസ്ത്രീയവും ക്രമബദ്ധവുമായ ലൈംഗികജീവിതം ഏവരും ആഗ്രഹിക്കുന്നുണ്ടെന്നും അതിനു ഭാരതത്തിന്റെ കാമശാസ്ത്രം പൈന്തുടരുന്നത്‌ വളരെ നല്ലതായിരിക്കുമെന്നും ലേഖനം വിളിച്ചു പറയുന്നുണ്ട്‌. ഇത്‌ സഭാംഗങ്ങൾക്കുള്ള ഒരു പുതിയ അറിവ്‌ എന്ന ധാരണ പരത്താനും ഡോ. സന്തോഷിനു കഴിയുന്നു.
കാമശാസ്ത്രത്തിലെ രതിക്രീഡകൾ ദമ്പതികൾ അനുഷ്ഠിക്കണമെന്ന്‌ അഷ്ടാംഗഹൃദയത്തിൽ പറഞ്ഞിട്ടുള്ള കാര്യം അദ്ദേഹം ഓർമ്മിപ്പിക്കുന്നു. ചേരേണ്ടവർ ചേർന്നാലാണ്‌ സന്തുഷ്ടമായ കുടുംബജീവിതം കിട്ടുക. സ്ത്രീപുരുഷൻമാരുടെ വർഗീകരണം ഇതിനായാണ്‌  കണ്ടുപിടിച്ചിട്ടുള്ളത്‌. ദേശം, കാലം, ബലം, സ്വസാമർത്ഥ്യം എന്നിവയെ ആശ്രയിച്ചാണ്‌ ഇത്‌ അന്വേഷിക്കേണ്ടതെന്നും പറയുന്നു.
സ്ത്രീകളെ രതിയുടെ അടിസ്ഥാനത്തിൽ നാലായി തിരിക്കുന്നത്‌ ഡോ.തോമസ്‌ ഉദ്ധരിക്കുന്നുണ്ട്‌.
“താമര ഇതളിനു സമാനമായ കണ്ണുകൾ, ചെറിയ നാസാദ്വാരങ്ങൾ, ഇടതൂർന്ന സ്തനങ്ങൾ, ഭംഗിയുള്ള കേശം, വടിവൊത്ത അംഗങ്ങൾ തുടങ്ങി മൃദുവായി സംസാരിക്കുന്ന,നല്ല ശീലങ്ങളുള്ള, പാട്ടിലും വാദ്യോപകരണങ്ങളിലും തത്പറയായ താമരയുടെ ഗന്ധം പേറുന്ന കൃശഗാത്രയാണ്‌ പത്മിനി. തീരെ ഹ്രസ്വമല്ലാത്ത നാവ്‌, ഉപസ്ഥം, എള്ളിൻ പൂവിനു സമാനമായ നീണ്ടതല്ലാത്ത മൂക്ക്‌, കരീംകൂവളപ്പൂപോലെയുള്ള വഴുവഴുത്ത കണ്ണുകൾ, മൃദുവല്ലാത്ത ഭാരമുള്ള കുചങ്ങൾ, സുന്ദരിയും ശീലങ്ങളോട്‌ കൂടിയവളും സകല ഗുണങ്ങളുള്ളവളും ഭംഗിയുള്ള വായയോടും കൂടിയവളാണ്‌ ചിത്രിണി.
നീണ്ട കണ്ണുകളുള്ള ഉത്തമസുന്ദരി, വിഷയസുഖം ഇഷ്ടപ്പെടുന്ന, രസിപ്പിക്കുന്ന, പലവിധ ഗുണങ്ങളുമുള്ളവൾ, കണ്ഠത്തിൽ മൂന്നു വരകളാകുന്ന അലങ്കാരത്തോട്‌ കൂടിയവൾ – അതാണ്‌ ശംഖിനി
കൂടുതൽ ഭയക്കുന്ന, രതി ഇഷ്ടപ്പെടുന്ന, കാമോത്സുകയും സുശീലയുമാണ്‌ ഹസ്തിനി. ഇവരുടെ ശരീരവും വിരലുകളും സ്തനങ്ങളും തടിച്ചതായിരിക്കും. നിതംബമാകട്ടെ തടിച്ച്‌ ഉരുണ്ടതും. കാമപ്രധാനമായ രതിയുടെ മൂന്നുയാമങ്ങളിൽ ഏതേത്‌ യാമങ്ങളിലാണ്‌ ഇവരെ രമിപ്പിക്കേണ്ടതെന്ന്‌ എടുത്ത്‌ പറയുന്നതിലൂടെ ലൈംഗികതയുടെ ആസ്വാദ്യത വർദ്ധിപ്പിക്കുന്നതോടൊപ്പം ഇവരുടെ പ്രകൃതിയും (വാത, പിത്ത, കഫ) അനുമാന വിധേയമാക്കുന്നുണ്ട്‌. അതാണ്‌ കാമശാസ്ത്രത്തിന്റെ ശാസ്ത്രീയതയും ആയർവ്വേദ ബന്ധവും”
ഇന്ദ്രിയങ്ങളെ ആകർഷിക്കുന്ന സ്ത്രീയെ തിരഞ്ഞെടുക്കാൻ വ്യക്തികൾ ശ്രമിക്കണമെന്നാണ്‌ ലേഖനം നൽകുന്ന വ്യക്തമായ സൊ‍ാചന. ശൃംഗാരചേഷ്ടയും വിശുദ്ധിയും കലാവിദ്യയും ഒരു സ്ത്രീയോടൊത്തുള്ള രതി വിജയിക്കുന്നതിന്‌ ആവശ്യമാണ്‌.
പുരുഷനിൽ ഒരു ദിവസം തന്നെ ദശലക്ഷക്കണക്കിന്‌ പുരുഷബീജങ്ങളാണ്‌ ഉൽപാദിപ്പിക്കുന്നതെന്ന്‌ ലേഖകൻ വിവരിക്കുന്നു. ഇത്‌ പുറത്തേക്ക്‌ തള്ളാനുള്ള ഒരു വാഞ്ച അവനിൽ പലവിധത്തിലുള്ള ലൈംഗിക വ്യതിയാനങ്ങൾ സൃഷ്ടിക്കുന്നുണ്ട്‌. ഇത്‌ തടസ്സപ്പെടുന്നത്‌ ഒളിഞ്ഞുനോട്ടം, പ്രദർശനതാൽപര്യം തുടങ്ങി മലം, മൂത്രം ഇവകളിൽപ്പോലും ലൈംഗികസുഖം കണ്ടെത്തുന്ന വ്യതിയാനം സൃഷ്ടിച്ചേക്കാമെന്നാണ്‌ ഡോ. സന്തോഷ്‌ പറയുന്നത്‌.
സ്ത്രീകളിൽ കാര്യമായ ലൈംഗിക വ്യതിയാനമുണ്ടാകാത്തതിനു കാരണം, മാസത്തിൽ ഒരു അണ്ഡം മാത്രം ഉൾപ്പാദിപ്പിക്കുന്നതു കൊണ്ടാണത്രേ.
സ്തനഭംഗിയും ശൃംഗാരഭാവവുമുള്ള സ്ത്രീയുടെ ആലിംഗനം ശരീരതാപം കുറയ്ക്കുന്ന ശീതജ്വരത്തെ ശമിപ്പിക്കുമെന്ന്‌ അഷ്ടാംഗഹൃദയകാരൻ പ്രസ്താവിച്ചിട്ടുള്ളത്‌ ലേഖകൻ ഓർമ്മിപ്പിക്കുന്നു.
ഡോ.സന്തോഷ്‌ സഭാവിശ്വാസികൾക്കായി എഴുതിയ ലേഖനമാണിതെന്നതിൽ സംശയമില്ല. കാരണം ഇതുപോലൊരു ലേഖനം ചരിത്രത്തിൽതന്നെ ആദ്യമായാണ്‌ വരുന്നത്‌. ദാമ്പത്യബന്ധത്തിൽ പിണക്കങ്ങൾ ഉണ്ടാകും. എന്നാൽ അത്‌ പരിഹരിക്കാൻ സെക്സിനു കഴിയുന്നതാണ്‌. ഇതിനുള്ള അറിവ്‌ ഉണ്ടാക്കണമെന്നാണ്‌ അദ്ദേഹം ഉദ്ദേശിക്കുന്നത്‌. ആണിനെ ലൈംഗികമായി സന്തോഷിപ്പിക്കുന്നത്‌ രോഗമകറ്റാനും ജിവിതത്തിന്റെ മറ്റ്‌ മേഖലളിൽ വിജയിക്കാനും സഹായകമാണത്രേ. ഇത്‌ അഷ്ടാംഗ ഹൃദയം ഉദ്ധരിച്ച്‌ അദ്ദേഹം സമർത്ഥിക്കുന്നുണ്ട്‌. പരീക്ഷിണിതനായി, പലവിധ പ്രശ്നങ്ങളിൽപ്പെട്ട്‌ പരാജയപ്പെട്ടവനെപ്പോലെ വീട്ടിൽ വന്നെത്തുന്ന ഭർത്താവിനെ ഭാര്യ തന്റെ സ്തനങ്ങൾ കൊണ്ടും ഉടലുകൊണ്ടമാണ്‌ സമാശ്വസിപ്പിക്കേണ്ടതെന്ന്‌ സൂചിപ്പിക്കപ്പെടുന്നു. ഇതിൽ നിന്ന്‌ മനസിലാകുന്നത്‌ ലൈംഗികത എന്നാൽ വെറും കാമപൂരണമല്ല. അത്‌ വൈദ്യശാസ്ത്രപരമായ ഒരു വിധിയാണ്‌. മനസിനെയും ശരീരത്തെയും സുഖപ്പെടുത്തി, കഷ്ടത കുറഞ്ഞ ഒരു ജീവിതത്തിലേക്ക്‌ നീങ്ങാനും നിത്യവും കർമ്മകുശലത നേടാനും അത്‌ സഹായിക്കുകയാണ്‌ ചെയ്യുന്നത്‌. ഇക്കാര്യത്തിൽ പ്രായമൊന്നും ഒരു തടസ്സമല്ല.
ഈ ലേഖനത്തിന്റെ ഒടുവിൽ ലേഖകൻ കുമ്പസാരമെന്നപോൽ, തന്റെ രതിജീവിതവും തുറന്നുകാട്ടുന്നു. അത്‌ ഇങ്ങനെ വിവരിക്കുന്നു:
“ആകാശങ്ങളിൽ ഇരിക്കുന്ന ഞങ്ങളുടെ പിതാവെ എന്നു മാത്രം ഒരുവട്ടം ഉരുവിട്ട ശേഷമാണ്‌ ഞാൻ കിടക്കാറ്‌. ഉറങ്ങി തുടങ്ങുമ്പോൾ ഭാര്യയുടെ കരതലം ചുംബിക്കാറുണ്ട്‌. ‘ഞാനാരാ ബിഷപ്പോ’ എന്ന്‌ ഭാര്യ ഒരിക്കൽ ചോദിച്ചിട്ടുണ്ട്‌. മൗനമായിരുന്നു ഉത്തരം. തന്നിട്ടുള്ള സുഖലാഭങ്ങൾക്കുള്ള നന്ദി പ്രകടനമായിരുന്നു എന്റെ ഓരോ ചുംബനവും. ഇതെഴുതിയതിലൂടെ ആ മൗനം ഭഞ്ജിക്കപ്പെടുകയാണ്‌.

You can share this post!