ഭാഷ

എന്റെ ഭാഷ
അപരിഷ്കൃതമെന്ന്,
നീ വിരൽ ചൂണ്ടി
ചിരിക്കുമ്പോൾ,
അടിയൊഴുക്കുകളെ
പരാവർത്തനം ചെയ്യാ
നൊരു ഭാഷ കിട്ടാതുഴറുന്നു.
കിളികളുടെ ഭാഷ,
കാറ്റിനറിയാം
അത് ഇണക്കിളികൾക്കും
കുഞ്ഞിക്കിളികൾക്കും
പകർന്നു കൊടുക്കുന്നു.
മണ്ണിനറിയാം
മരങ്ങളുടെ ഭാഷ
അത് വേരുകളെ
തന്നിലേക്ക്
വലിച്ചടുപ്പിക്കുന്നു.
മഴയുടെ ഭാഷ
മഴപ്പാറ്റകൾക്കറിയാം
അത് പറയാനാണവറ്റ
ജന്മമെടുത്തത് തന്നെ
വെയിലിന്റെ ഭാഷ
പൂക്കൾക്കെല്ലാമറിയാം
അവരത് കേട്ട്
പുഞ്ചിരിക്കൊണ്ട് വിടരുന്നു,
സുഗന്ധത്താൽ
പരസ്യപ്പെടുത്തുന്നു.
മഞ്ഞിന്റെ ഭാഷ
അറിയാവുന്നത്
പുല്ലുകൾക്കാണ്
അവരത് തിളക്കി
കൊണ്ടോമനിക്കും.
നമുക്കിടയിൽ
മാത്രമാണീ
വ്യകരണം തെറ്റുന്ന
ഭാഷയുള്ളത്

You can share this post!