പ്രണയകാലത്ത്‌.

എൻമേനി ചേർന്നമർന്നെന്നിലലിഞ്ഞെന്റെ
പ്രേയസിയെല്ലാം മറന്നു നിൽക്കേ,
പ്രേമാർദ്രമായ് വിറ പൂണ്ടോരച്ചുണ്ടിലെ
തേൻമയമൊപ്പിഞാൻ പുൽകി നിൽക്കേ,
ആകെക്കിതയ്ക്കുന്ന കാറ്റിന്റെ സീൽക്കാര-
മെന്നിലൊരഗ്നി പകർന്നു നിൽക്കേ,
ആലസ്യമായിരുന്നാ സ്വരം ‘സന്ധ്യയാം-
പെണ്ണിൻ കപോലം തുടുത്തതെന്തേ..?’
ഞാനോതി സൂര്യന്റെ ദാഹാർദ്ര ചുംബന-
മേൽക്കവേ പൂങ്കവിൾ പൂത്തതാകാം!
എങ്കിലിപ്പൊന്നിൻ പുലരിതൻ പൂന്തുകിൽ
ഈറനായ് ചോപ്പു കലർന്നതെന്തേ..?
സസ്മിതമോതി ഞാൻ-ആ മധു കന്യതൻ
പ്രായം നിനക്കിത്ര ഓർമ്മയില്ലേ?
എങ്കിലീ ചെമ്പനീർ പുഷ്പമീ മുദ്രയാ-
ലാരെയോ ചാരെ ക്ഷണിപ്പതെന്തേ?
അക്കവിൾ  ചുംബിച്ചമർത്തി
ഞാൻ ചോദിച്ചു…
നിന്നിലെ മോഹമപ്പൂവിനില്ലേ..?
എത്രയോ ചോദ്യങ്ങളായവൾ പിന്നെയും
ഏറെയസ്വസ്ഥതയോടെ നിൽക്കേ,
ആ മിഴിക്കർപ്പൂരദീപങ്ങളാലവൾ
ആവാഹനം ചെയ്തു
ചേർന്നു നിൽക്കേ…
കത്തിജ്ജ്വലിക്കുന്ന
രണ്ടഗ്നിനാളങ്ങൾ….
ഒന്നു മറ്റൊന്നിൽപ്പടർന്നു കത്തി..!
ആരാവിലപ്പോൾ  കിനാവിന്റെ തുമ്പത്ത്
ആരാണ് മുട്ടി വിളിച്ചതെന്നെ?

rajan.kailas@gmail.com
7025212005.. mob.
__________

You can share this post!