പെണ്ണക്ഷരം

ആടകളെല്ലാമുരിഞ്ഞുവച്ചേ..
ആഡംബരങ്ങളഴിച്ചു വച്ചേ…
ആലിപ്പഴം പോൽ വിശുദ്ധയായി
ആഴിപോൽ പരിപൂർണ്ണ നഗ്‌നയായി..
ഓരോ കതകും തുറന്നു തള്ളി
ഒരു കൊടുങ്കാറ്റായിരച്ചു കേറി…!
ആരിവൾ? ചോദ്യത്തിനൊട്ടു മുമ്പേ,
ഉത്തരം…’അക്ഷരം ! ‘,
ഇടിമുഴക്കം!!


2.
നഗ്‌നയായ് നിൽക്കുന്ന പെണ്ണാണിവൾ,
അഗ്നിയായ് കത്താൻ തുടങ്ങുന്നവൾ
അലങ്കാര മേളങ്ങളൊന്നുമില്ല..
അരഞ്ഞാണവൃത്തങ്ങളേതുമില്ല..
പാണന്റെ വായ്മൊഴി പാട്ടുമല്ല,
കാടിന്റെ കാതരശബ്ദമല്ല,
കാണാത്തൊരക്ഷരപ്പെണ്സ്വരൂപം
കണ്ടു വിറച്ചൂ കവികളൊക്കെ !!
3.
സൂര്യനെ പോലവൾ കത്തി നിൽക്കേ
സ്ഥൂലവും സൂക്ഷ്മവും കത്തുകയായ്….
പേന,കസേര, കടലാസുകൾ,
കവിതകൾ, പദ്യങ്ങൾ, പൂരണങ്ങൾ
പൊന്നാട, ശില്പങ്ങൾ, കീർത്തിപത്രം,
പൊങ്ങച്ചജീവിതപ്പൊയ്കാലുകൾ..
അത്രയും കത്തിയെരിഞ്ഞമർന്നേ…
‘അക്ഷരം അഗ്നി’യാണെന്നറിഞ്ഞേ..!!
4.
‘ഏറെ വിശുദ്ധമാമക്ഷരത്തെ
എത്ര മലീമസമാക്കി നിങ്ങൾ..? ‘
കണ്ണിലെ തീയൊരു ചോദ്യമാക്കി
തട്ടകം വിട്ടവൾ പോയിടുന്നു!!
സർവതും നിശ്ചലമായി നിൽക്കേ
പെണ്ണവൾ പൊട്ടിച്ചിരിച്ചു പോകേ
തുഞ്ചൻ പറമ്പിലെ തത്ത ചൊല്ലി…
നെഞ്ചിൽ കുരുത്ത കറുത്തവാക്ക്..!!
കാഞ്ഞിരത്തിൽ കാക്ക ഏറ്റുപാടി
അതിജീവനത്തിൻ കരുത്തുപാട്ട്!!

pho:7025212005
rajan.kailas@gmail.com

You can share this post!