ഒരു പെണ്ണായിരിക്കുന്നതിന്റെ ഉന്മാദവും ദുഃഖവും

”പ്രമുഖ സാഹിത്യകാരനായ വിക്ടർ ഹ്യൂഗോ പറഞ്ഞത്‌, ഒരു പെണ്ണിനോട്‌ സംസാരിക്കുമ്പോൾ അവൾ കണ്ണുകളിലൂടെ എന്താണ്‌ പറയുന്നതെന്ന്‌ മറക്കരുതെന്നാണ്‌. അതായത്‌ അവൾക്ക്‌ രണ്ട്‌ സംഭാഷണങ്ങളുമുണ്ട്‌. ഒന്ന്‌ നേരിൽ പറയുന്നതും, മറ്റൊന്ന്‌ കണ്ണുകളിലൂടെ പറയുന്നതും  സ്വന്തം മനസ്സിൽ തന്നെ പ്രണയപരമായ സംവാദങ്ങൾക്ക്‌ അല്ലെങ്കിൽ രതിയുടെ സംവാദങ്ങൾക്ക്‌ പലതരം ഇടനാഴികൾ സൂക്ഷിക്കാൻ പെണ്ണിനാവുന്നു. അവൾ നേരെ നോക്കണമെന്നില്ല”.
 
ഒരു പെണ്ണിനു പകരം വയ്ക്കാൻ മറ്റൊരു പെണ്ണിനുപോലും കഴിയില്ല. കാരണം ഓരോ പെണ്ണും അനന്യമാണ്‌. അതുല്യമാണ്‌. ഓരോ പെണ്ണും സൗന്ദര്യമാണ്‌. വേറൊരു രീതിയിൽ പറഞ്ഞാൽ ഓരോ പെണ്ണും കവിതയാണ്‌. വ്യത്യസ്തമായ കവിതകൾ. അതേ സമയം പെണ്ണിനു മറ്റൊരു പെണ്ണിനോട്‌ മാത്രം സംവേദനം ചെയ്യാൻ കഴിയുന്ന ഒരുപാട്‌ കാര്യങ്ങളുണ്ട്‌. അവർക്ക്‌ മാത്രം മനസ്സിലാവുന്ന കാര്യങ്ങൾ. ഒരു പെണ്ണായിരിക്കുന്നത്‌ ഒരേ സമയം ഉന്മാദവും വിഷാദവുമാണ്‌. പെണ്ണ്‌ നിറവാണ്‌. എന്നാൽ അവൾ എപ്പോഴും കീഴടക്കപ്പെടുകയാണ്‌. രാത്രിയിൽ തെരുവിൽ ലിംഗാവസ്ഥയുടെ പേരിൽ പിച്ചിചീന്തപ്പെടുന്നത്‌ പെണ്ണാണ്‌. അവൾക്ക്‌ ഒരാളെയും എതിരിട്ട്‌ കീഴ്പെടുത്താൻ കഴിയണമെന്നില്ല. ഒന്നിലധികം ആണുങ്ങൾ അക്രമിക്കാൻ വന്നാൽ സ്വയം സംരക്ഷിക്കാൻ കഴിയാതെ ചെറുത്ത്‌ നിന്ന്‌ മരിച്ചുവീണ എത്രയോ പെണ്ണുങ്ങളാണുള്ളത്‌.
 
നമ്മുടെ രാജ്യത്ത്‌ കന്യാസ്ത്രീകൾക്കെതിരെ പോലും അക്രമങ്ങൾ നടക്കുകയാണ്‌. പരിശുദ്ധിയുടെ പാതയിൽ സഞ്ചരിക്കുന്നവരെപ്പോലും തെറ്റായ രീതിയിൽ നോക്കുന്നു. അപകടകരമായ വിധം സ്ത്രീജിവിതം ചിതറുകയാണ്‌. ജീവിക്കാൻ വേണ്ടിയുള്ള ഓട്ടത്തിൽ സ്വന്തം കുടുംബത്തിലുള്ളവർ പോലും അവളെ വകവരുത്തുന്നു. ഭർത്താക്കന്മാരെ ഭയന്ന്‌ ജീവിക്കാൻ പറ്റാത്ത സ്ത്രീകൾ വീടുവിട്ടു പോകുകയാണ്‌.
ഈ പശ്ചാത്തലത്തിൽ ഒരു പെണ്ണായിരിക്കുന്നതിന്റെ ഉന്മാദവും ദുഃഖവും എന്തെല്ലാമാണെന്ന്‌ പരിശോധിക്കുകയാണിവിടെ.
 
ശരീരം
ഒരു പെണ്ണിന്റെ ശരീരം മൊത്തത്തിൽ ഒരു അലങ്കാരവസ്തുവാണ്‌. ഏത്‌ അവയവവും അലങ്കരിക്കാം. കൈവിരലുകൾ, കാൽ വിരലുകൾ, കൈത്തണ്ട, കാൽമുട്ടുകൾ, കണങ്കാൽ എല്ലാം മനോഹരമാണ്‌. അവ അലങ്കരിക്കുന്നതോടെ കൂടുതൽ സുന്ദരമാകും. ഒരു കലാകാരനും, ഒരിക്കലും പെണ്ണിനെ വർണിച്ച്‌ തൃപ്തിയടയാനാവില്ല. എന്നും സ്ത്രീശരീരം ഒരു പ്രഹേളികയാണ്‌. ശിൽപികൾ കല്ലിൽ കൊത്തുന്നു. ചിലർ അവളെ പുല്ലുകളിൽ വെട്ടിയൊരുക്കുന്നു. സിമന്റിലും തടിയിലും മണ്ണിലും പെണ്ണ്‌ തന്നെ ഉണ്ടാക്കപ്പെടുന്നു.
 
വളരെ മൃദുലമായ സ്ത്രീശരീരം എപ്പോഴും ഒരു രഹസ്യം സൂക്ഷിക്കുന്നുണ്ട്‌. അതിന്റെ സൗന്ദര്യം ഒരിക്കലും അവസാനിക്കുന്നില്ല. അത്‌ തൃഷ്ണകളെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. കവികൾക്കും എഴുത്തുകാർക്കും ഉറങ്ങാൻ പറ്റാത്ത അനന്തസൗന്ദര്യമാണ്‌ പെണ്ണിന്റെ ഉടൽ നൽകുന്നത്‌.
അതിൽപെട്ട്‌ ഉഴറി ആണുങ്ങൾ ഒന്നുകിൽ ഭ്രാന്തന്മാരോ കാമുകൻമാരോ ആകുന്നു.
 
സെക്സ്‌
പെണ്ണിന്റെ ഉടലിൽ സെക്സ്‌ ഇല്ലെങ്കിൽ, അത്‌ വേറെ എവിടെയും അന്വേഷിച്ചിട്ട്‌ കാര്യമില്ല. പ്രകൃതിയിൽ എല്ലായിടത്തും ആൺലിംഗത്തിനാണ്‌ സവിശേഷതകൾ നൽകിയിരിക്കുന്നത്‌. എന്നാൽ മനുഷ്യവർഗത്തിൽ പെണ്ണിനാണ്‌ അതുള്ളത്‌. ഒരു ആൺമയിലിന്‌ പീലികൾ വിടർത്തിയാടാം. ഒരു പൂവൻകോഴിക്ക്‌ അങ്കവാലും തലപ്പൂവും ഉണ്ട്‌. ഒരു കൊമ്പനാനയ്ക്ക്‌ നീണ്ട കൊമ്പുകളും തലയെടുപ്പുമാണുള്ളത്‌. പെണ്ണിനെ ലൈംഗികതയിൽ നിന്ന്‌ വേർപെടുത്തി കാണാൻ കഴിയുന്നത്‌ മാതൃത്വത്തിലും സാഹോദര്യത്തിലുമാണ്‌. അല്ലാത്തപ്പോൾ പെണ്ണിന്റെ ശരീരത്തിൽ നിന്ന്‌ ലൈംഗികത ഒളിപ്പിക്കാനാവില്ല. ശരീരമാസകലം അത്‌ പടർന്ന്‌ കിടക്കുന്നു. അതുകൊണ്ടാണ്‌ കലയുടെയും സംഗീതത്തിന്റെയും സാഹിത്യത്തിന്റെയും കേന്ദ്രമാകാൻ അവൾക്ക്‌ കഴിയുന്നത്‌.
 
എന്നാൽ സ്ത്രീശരീരത്തിലെ ലൈംഗികത അവളെ ഇരയാക്കാനും കാരണമാകുന്നു.അവൾ എല്ലായിടത്തും ഒരു പൊതുനോട്ടത്തിനുള്ള വസ്തുവാകുന്നു. തുറിച്ചു നോട്ടമാണ്‌ അവളെ കാത്തിരിക്കുന്നത്‌. ആൾക്കൂട്ടത്തിൽ ഒരു പെണ്ണായിരിക്കുന്നത്‌ വെല്ലുവിളിയാണ്‌. പെണ്ണിനു മാത്രമെ അതിനെ കാണാനോക്കു. അവളുടെ ശരീരത്തിലേക്ക്‌ പാഞ്ഞെത്തുന്ന കൺനോട്ടങ്ങളെ ചെറുക്കാനുള്ള പരിചകൾ അവരുടെ മനസ്സിൽ നിന്ന്‌ ആർജിക്കേണ്ടിവരും. അതിനവൾക്ക്‌ മനസാന്നിദ്ധ്യംവേണം.
 
ആണുങ്ങൾ കുത്തകയാക്കിവച്ചിരിക്കുന്ന ലൈംഗികതയുടെ കൊടുമുടികളിലേക്ക്‌ അവൾക്ക്‌ പ്രവേശനം നിഷേധിക്കപ്പെടുന്നു. അതുകൊണ്ടാണ്‌ ഒരു രതിസാമ്രാജ്യം എന്ന നിലയിൽ അവൾക്ക്‌ സ്വയം സംരക്ഷിച്ചുനിർത്തേണ്ടി വരുന്നത്‌.
 
അവൾ മറ്റാരുടെയോ രതിയാണ്‌ എന്നാണ്‌ പ്രചരിപ്പിക്കപ്പെടുന്നത്‌. അതുകൊണ്ട്‌ മറ്റുള്ളവരുടെ രതിഭാവനകൾ കടന്നൽ പോലെ അവളെ പൈന്തുടരുകയാണ്‌.
 
പുരുഷൻ
പുരുഷൻ അടുത്തുള്ളതുകൊണ്ടാണ്‌ സ്ത്രീ ഒരുങ്ങുന്നത്‌. അവൾ സുന്ദരിയാണെന്ന്‌ അറിയിക്കാൻ സുബോധമുള്ള ഒരാണിനെയെങ്കിലും കണ്ടുകിട്ടുക ശ്രമകരമാണ്‌. അവൾ സുന്ദരിയാണെന്ന്‌ അറിയിക്കുന്നത്‌ ഒരു സുവാർത്തയാണ്‌. അതിന്‌ അവൾ കാത്തിരിക്കുകയാണ്‌. വിപണിയിലെ ഓരോ ജോഡി കമ്മലിലും അവൾ സ്വയം ദർശിക്കുന്നു. ഏത്‌ വസ്തുവിലും സൗന്ദര്യം കാണാനും അത്‌ തനിക്കില്ലല്ലോ എന്നോർത്ത്‌ ആത്മാർത്ഥമായി അസൂയപ്പെടാനും പെണ്ണിനുമാത്രമെ കഴിയൂ. പുരുഷൻ അവളെ പ്രലോഭിപ്പിക്കുന്നു. എന്നാൽ അവളെ അറിയുന്നതുവരെ ആ പുരുഷന്‌ ഒരു വിലയുമില്ല.
 
പുരുഷൻ ഒരു കളങ്കമാകാതിരിക്കുന്നിടത്തേ അവൾക്ക്‌ ജയിക്കാനാവു. എന്നാൽ എങ്ങനെ ഒരു പുരുഷനെ പ്രവചിക്കാനാകും ? ആണിന്റെ സമീപത്ത്‌ നിന്ന്‌ മാറി ഒറ്റയ്ക്ക്‌ താമസിക്കുമ്പോഴും ഒരു പെണ്ണിന്റെയടുത്ത്‌ ഒരു ആണ്‌ അദൃശ്യനായി ഉണ്ടാകും. അവനെ മനസിൽ കണ്ട്‌ അവൾ ഒരു ചതുരംഗത്തിലെന്നപോലെ കരുക്കൾ നീക്കും. ഒറ്റയ്ക്കിരിക്കുമ്പോൾ അവൾ സ്വതന്ത്രയാകുന്നതെങ്ങനെയാണ്‌ ?  സ്നേഹത്തിൽ നിന്ന്‌ ഒരു കാതം അകലെ, വിദൂരതയിൽ നിന്ന്‌ സ്നേഹം എടുത്ത്‌ തലോടി അവൾ ഇരിക്കും.
 
കണ്ണുകൾ
പെണ്ണിന്റെ കണ്ണുകൾ അപാരമാണ്‌. അതിന്റെ സൗന്ദര്യം നോക്കി കവികൾ താമരയിലയും കരിങ്കൂവളത്തിന്റെയിലയും തേടിനടന്നിട്ടുണ്ട്‌. ഏതിനോട്‌ ഉപമിക്കാം ആ കണ്ണുകളെ ? ഒരേ സമയം അവ നിഷ്കങ്കളവുമാണ്‌. ആ കണ്ണുകളിൽ പ്രണയം ഒളിച്ചിരിക്കുന്നു. അത്‌ അമർത്തിവച്ച പ്രണയമായാലും കണ്ണുകളിൽക്കൂടി പുറത്തു ചാടും. പ്രമുഖ സാഹിത്യകാരനായ വിക്ടർ ഹ്യൂഗോ പറഞ്ഞത്‌, ഒരു പെണ്ണിനോട്‌ സംസാരിക്കുമ്പോൾ അവൾ കണ്ണുകളിലൂടെ എന്താണ്‌ പറയുന്നതെന്ന്‌ മറക്കരുതെന്നാണ്‌. അതായത്‌ അവൾക്ക്‌ രണ്ട്‌ സംഭാഷണങ്ങളുമുണ്ട്‌. ഒന്ന്‌ നേരിൽ പറയുന്നതും, മറ്റൊന്ന്‌ കണ്ണുകളിലൂടെ പറയുന്നതും  സ്വന്തം മനസ്സിൽ തന്നെ പ്രണയപരമായ സംവാദങ്ങൾക്ക്‌ അല്ലെങ്കിൽ രതിയുടെ സംവാദങ്ങൾക്ക്‌ പലതരം ഇടനാഴികൾ സൂക്ഷിക്കാൻ പെണ്ണിനാവുന്നു.
 
അവൾ നേരെ നോക്കണമെന്നില്ല. ആ കണ്ണുകൾ കാണാമറയത്തുള്ളതു കൂടി കാണാനുള്ളതാണ്‌. നേരെ നോക്കി ഗ്രഹിക്കാൻ പോകുന്നത്‌, ചിലപ്പോൾ അപകടകരമാണ്‌. അവൾ നോക്കി എന്ന്‌ സ്ഥാപിക്കപ്പെടുന്നത്‌ ഇഷ്ടപ്പെടുന്നില്ല. ആ നോട്ടത്തിന്റെ പേരിൽ ഒരിഷ്ടം വകവച്ചുകൊടുക്കാൻ അവൾക്കാവില്ല. അതുകൊണ്ട്‌ അവൾ വേറൊരു ദിക്കിലേക്ക്‌ നോക്കികൊണ്ട്‌ മറ്റൊന്ന്‌ കാണുന്നു. അവൾക്കാവശ്യമായ കാഴ്ചകൾ നിഴലുകളിൽ നിന്ന്‌ ഉണ്ടാകുന്നു. ആണുങ്ങൾക്ക്‌ അങ്ങനെയൊരു നോട്ടം അജ്ഞാതമാണ്‌. ഒരിടത്ത്‌ നോക്കി മറ്റൊരിടത്ത്‌ എന്താണ്‌ നടക്കുന്നതെന്ന്‌ അറിയാൻ അവർക്കാവില്ല. പെണ്ണിന്റെ കണ്ണുകൾ അത്ഭുതജീവികളാണ്‌. അവ ആ ശരീരത്ത്‌ വേറെ ജീവിതം തേടുകയാണ്‌. കാഴ്ചകളെ പെണ്ണിന്റേതായ അനുഭവളോകത്തിലേക്ക്‌ കൊണ്ടുപോയി ആവിഷ്കരിക്കാൻ ആ കണ്ണുകൾക്ക്‌ കഴിയും.
 
സ്തനങ്ങൾ
സ്തനങ്ങൾ രണ്ട്‌ കണ്ണുകളാണ്‌. മനസിലൂടെ കാണുന്നത്‌, കണ്ണുകളിലൂടെ ഒപ്പിയെടുക്കുന്നത്‌. പെണ്ണിന്‌ വിദൂരവും അദൃശ്യവുമായ കാഴ്ചകൾ ഒരുക്കുന്നത്‌ സ്തനങ്ങളാണ്‌. ഏതൊരു ആണും സ്തനങ്ങളുടെ മുമ്പിൽ ഒന്ന്‌ പതറും. ലൈംഗികതയുടെ പ്രത്യക്ഷവും സൂക്ഷ്മവുമായ ഇന്ദ്രിയങ്ങളായി സ്തനങ്ങൾ വർത്തിക്കുന്നു. എല്ലാ  കണ്ണുകളും സ്തനങ്ങളിലേക്ക്‌ വരുന്നതു കൊണ്ട്‌ ഒന്ന്‌ ഒഴിഞ്ഞുമാറാനോ നിൽക്കുന്നിടത്ത്‌ തന്നെ താഴ്‌ന്നു പോകാനോ സ്തനങ്ങൾ ഒരുക്കമല്ല. അത്‌ ഉയർന്നു തന്നെ നിൽക്കേണ്ടതാണ്‌. അത്‌ കൃത്യമായി കാണത്തക്കവിധം അവൾ ക്രമീകരിക്കുന്നു. ഏതാനും പതിറ്റാണ്ടുകൾക്ക്‌ മുമ്പ്‌ സ്ത്രീകൾ മുണ്ടും ബ്ലൗസുമാണ്‌ ധരിച്ചിരുന്നത്‌. ഏറ്റവും സെക്സിയായ വേഷമായിട്ടും, ആരും അതിനെ അങ്ങനെ വിളിച്ചിട്ടില്ല. കാരണം അതിന്റെ ലാളിത്യമാണ്‌. അതേ സമയം ഒരു പെണ്ണിനെ വളരെ ഗാഢമായി ആഴത്തിൽ അനുഭവിപ്പിക്കാൻ ആ ബ്ലൗസിനു കഴിഞ്ഞിരുന്നു. വീട്ടമ്മമാരുടെ ഔദ്യോഗിക വേഷമായിരുന്നല്ലോ മുണ്ടും ബ്ലൗസും.
 
ബ്ലൗസ്‌
സാരി സെക്സി വേഷമാണെന്നും ചുരിദാർ സെക്സിയാണെന്നുമെല്ലാം നാം പറഞ്ഞുകേൾക്കാറുണ്ട്‌. എന്നാൽ ബ്ലൗസ്‌ സെക്സിയാണെന്ന്‌ പറയാൻ ഇന്നേവരെ ആരും തയ്യാറായിട്ടില്ല. കാരണം മലയാളി സ്ത്രീയെ സ്ത്രീയാക്കിയത്‌ ബ്ലൗസാണ്‌. അതിന്റെ എല്ലാ ഭാഗവും ലൈംഗികതയാണ്‌. അത്‌ പിൻഭാഗം ഭാഗികമായേ മറയ്ക്കുന്നുള്ളൂ. ആ മറയ്ക്കാത്ത ഭാഗം ലൈംഗികതയുടെ ധ്വനി ഉണർത്തുന്നു. ബ്ലൗസ്‌ മുണ്ടുമായോ സാരിയുമായോ അതിരിടുന്ന ഭാഗവും നഗ്നതയാണ്‌. എന്നാൽ നഗ്നതയ്ക്ക്‌ ഔദ്യോഗിക അംഗീകാരം ലഭിച്ചിട്ടുണ്ട്‌. ഒരു പെണ്ണ്‌ എന്താണോ അത്‌ ബ്ലൗസ്‌ കൃത്യമായി രേഖപ്പെടുത്തുന്നു. ബ്ലൗസ്‌ കള്ളം പറയില്ല. അതിൽ ഏത്‌ പെണ്ണും കലാകാരിയാകുന്നു.
 
സാരി
മലയാളിപ്പെണ്ണിന്‌ സാരി ഒരു ഐഡന്റിറ്റിയാണ്‌. അവളെ ഔദ്യോഗികമായി നിലനിർത്തുന്നത്‌ സാരിയാണ്‌. സാരിയിൽ ഒരു പുരാതനത്വമുണ്ട്‌. അത്‌ പല നഗരസംസ്കാരങ്ങളെയും കരകൗശലക്കാരുടെ ചരിത്രത്തെയും ഓർമ്മിപ്പിക്കുന്നു. അത്‌ പുരാതനരാജവാഴ്ചയുടെ കാലത്തെ രാഥോത്സവത്തെയാണ്‌ ദൃശ്യപ്പെടുത്തുന്നത്‌.
 
മുൻവശത്തുള്ള ഞൊറികൾ സാരിയെ ഒരു കലാവസ്തുവാക്കുകയാണ്‌. സാരിയുടെ പിൻഭാഗം ലംബമായി കിടക്കുകയാണ്‌. അത്‌ എങ്ങനെവച്ചാലും ലാളിത്യവും ഭംഗിയുമുണ്ട്‌. സാരിയുടെ അറ്റം മടക്കി വയറിലേക്ക്‌ തിരുകി വച്ചാൽ പക്വത ഉണ്ടാകും. അത്‌ നേരെ താഴ്ത്തിയിട്ടാൽ ചിട്ടയും വെടിപ്പുമാണ്‌ ഉണ്ടാവുക. സാരിയുടെ മടക്കുകൾ ക്രമീകരിക്കുന്നത്‌, ഓരോ സ്ത്രീയുടെയും സ്പഷ്ടവും വ്യക്തിത്വവുമാണ്‌
 
വയർ.
വയർ ഗർഭധാരണത്തെയാണ്‌ സാക്ഷ്യപ്പെടുത്തുന്നത്‌. നിറഞ്ഞ വയറുള്ള പെണ്ണ്‌ കുടുംബത്തെ അർത്ഥമാക്കുന്നു. ആ ദൃശ്യത്തിൽ ഭർത്താവ്‌, കുഞ്ഞ്‌, വീട്‌, അമ്മ എല്ലാമുണ്ട്‌. വയർ രതിയുടെ ചിഹ്നവുമാണ്‌. പുരുഷൻമാർ രഹസ്യമായി കാമിക്കുന്നത്‌ വയറിനെയാണ്‌. സാരി ധരിച്ച പെണ്ണിന്റെ അൽപമാത്രം കാണാവുന്ന വയർ ഒരു ആണിന്‌ അഭിമാനവും തൃപ്തിയുമാണ്‌ നൽകുന്നത്‌. പെണ്ണിലേക്കുള്ള ദൂരം അധികമില്ലെന്ന്‌ ഓർത്ത്‌ സമാധാനിക്കാം. എം.എഫ്‌ ഹുസൈൻ വരച്ച ഒരു പെയിന്റിംഗ്‌ ഓർക്കുകയാണ്‌. ഒരു യുവതിയുടെ നഗ്നമായ വയറിൽ ആന ചിന്നം വിളിക്കുന്ന ദൃശ്യമാണത്‌. ഇന്ത്യൻ യുവതിയുടെ വയറിനെ ആൺ വർഗം എത്ര തീവ്രമായി പ്രണയിക്കുന്നു എന്ന്‌ വ്യക്തമാക്കുകയാണ്‌ ആ ചിത്രം.
 
മൂക്ക്‌
സ്ത്രീയുടെ ലൈംഗികവും സൗന്ദര്യാത്മകവുമായ ആഭരണമാണ്‌ മൂക്കിലെ  കല്ല്‌. മൂക്ക്‌ പെണ്ണിന്റെ സ്വഭാവത്തെപ്പോലും അനാവൃതമാക്കുന്നു. സുന്ദരമായ മൂക്കിൽ ഒരു മൂക്കുത്തി ഒരു പൂർണതയാണ്‌. അത്‌ ജീവിതകാമനയെ ഒന്ന്‌ നിയന്ത്രിച്ചതിന്റെ അടയാളമായി വേണമെങ്കിൽ വ്യാഖ്യാനിക്കാം.
എന്നാൽ ആ അടയാളത്തിൽ പോലും പെണ്ണിന്റെ  സൗന്ദര്യം ഇരട്ടിയാകുകയാണ്‌.
ഏത്‌ പെണ്ണിനും അവളുടെ യഥാർത്ഥ പ്രതിച്ഛായക്കുമപ്പുറം  പോയി ഒരു മിത്താകാൻ അല്ലെങ്കിൽ അവിശ്വസനീയമാം വിധം സുന്ദരിയാകാൻ ഒരു മൂക്കുത്തിയിലൂടെ സാധിക്കും. ഈ ലോകത്തിന്റേതല്ലാത്ത ഒരു സൗന്ദര്യമാണത്‌.
 
കമ്മൽ
കാതുകുത്തി കമ്മലിട്ടിട്ട്‌ എത്ര കാലമായി എന്ന്‌ പറയാനാവില്ല. പ്രാചീന മഹർഷിമാർ പോലും കാതിൽ എന്തെങ്കിലുമൊക്കെ അണിഞ്ഞിട്ടുണ്ട്‌. കാത്‌ കമ്മലിടാനുള്ളതാണെന്ന്‌ ആരു കണ്ടെത്തി ? അവിടെ മനുഷ്യഭാവനയുടെ മഹത്തായ ഒരു അദ്ധ്യായം ആരംഭിക്കുകയാണ്‌. കാതിൽ എത്രയൊക്കെ വൈവിധ്യമുള്ള കമ്മലുകൾ അണിഞ്ഞാലും അവസാനമുണ്ടാകില്ല. അനന്തമായ ഒരു കലാഭാവനയാണത്‌. പെണ്ണ്‌ ഉരിയാടുമ്പോൾ കാതുകളിൽ കമ്മൽ ആടുന്നത്‌ കാണുന്നവർ കലാകാരൻമാരായാൽ ഭാഗ്യം. അത്‌ നമ്മെ മഹത്വമുള്ളവരാക്കും.
 
മുടി
ആണുങ്ങൾക്ക്‌ മുടി നീട്ടി വളർത്താൻ കഴിയുമെങ്കിലും അതൊരു ഭാരമായിരിക്കും. പ്രകൃത്യാ അങ്ങനെയൊരു സിദ്ധി ആണുങ്ങൾക്കില്ല.ആണിന്റെ മുടി നീട്ടി വളർത്തിയാൽ, അത്‌ കൃതൃമമായി ഉണ്ടാക്കിയതുപോലെയാണ്‌. എന്നാൽ പെണ്ണിന്റെ മുടി ശരീരത്തിലെ ഒരവയവം പോലെയാണ്‌. അതെങ്ങനെ പരിപാലിക്കണമെന്ന്‌ അവൾക്കറിയാം. ആ മുടി പ്രതിഷേധിക്കാനും പ്രണയിക്കാനും ആരാധനിക്കാനും ഉള്ളതാണ്‌.
 
  മുടി മുന്നോട്ട്‌ കെട്ടി വച്ചാൽ ഒരു പടയ്ക്ക്‌ പുറപ്പാടാണ്‌. പിന്നിൽ കെട്ടി വച്ചാൽ അധ്വാനത്തിന്‌ തയ്യാർ എന്നാണ്‌ സൊ‍ാചന. വെറുതെ അഴിച്ചിട്ടാൽ രതിപാരവശ്യമാണ്‌.
 
പിന്നിയിട്ടാൽ പ്രണയമാണ്‌. തലമുടികൊണ്ട്‌ പല അർത്ഥങ്ങൾ ഉൽപാദിപ്പിക്കാൻ അവൾക്ക്‌ കഴിയും.
 
പ്രണയം
പ്രണയം ഒരേ സമയം മുറിവും ഉന്മാദവുമാണ്‌. എത്രയൊക്കെ നി
ഷേധിച്ചാലും, ആണിനെന്നപോലെ പെണ്ണിനും പ്രണയത്തെ തള്ളാനാവില്ല. അവൾ എപ്പോഴും മനസുകൊണ്ട്‌ പ്രണയിക്കുന്നു. എന്നാൽ അതൊന്നും സാക്ഷാത്കരിക്കപ്പെടുകയില്ല. അതുകൊണ്ട്‌ അവൾ ആ പ്രണയത്തെ ആഭരണങ്ങളിലും വസ്ത്രങ്ങളിലുമായി ചിത്രീകരിക്കുന്നു. പ്രണയത്തെ തീവ്രമായി ആശ്ലേഷിക്കാനും അതുപോലെ മറക്കാനും അവൾക്കാവുന്നു. പ്രണയം മനസിനുള്ളതാണ്‌. അത്‌ പങ്കുവയ്ക്കാൻ പോലുമല്ല. ഇതാണ്‌ അവളെ ദുഃഖിപ്പിക്കുന്നത്‌.
 
സ്ത്രീയായതിന്റെ പേരിലാണ്‌ ബലാത്സംഗം ചെയ്യപ്പെടുന്നത്‌. അതിന്റെ പേരിലാണ്‌ ദുരഭിമാനക്കൊലയുണ്ടാവുന്നത്‌. സ്ത്രീയായിരിക്കുക എന്നത്‌ ഒരേ സമയം സൗന്ദര്യവും പീഡനവുമാണ്‌. മറ്റുള്ളവരാണ്‌ പീഡനവുമായി വരുന്നത്‌. ഒറ്റയ്ക്കാവുമ്പോൾ അവൾ ദുഃഖിതയുമാണ്‌. എന്തിനോ വേണ്ടി മനസ്‌ പരതിക്കൊണ്ടിരിക്കും. അവസാനമില്ലാത്ത പരതൽ.
 
ആർത്തവം
ഒരു പെണ്ണിന്റെ ശാരീരിക ഭ്രമണപഥമാണ്‌ ആർത്തവ ചക്രം. ഓരോ മാസത്തിലും അവൾ പ്രസവത്തിലൂടെയും രതിയിലൂടെയും കടന്നുപോകുന്നതിന്റെ സ്മൃതിയാണിത്‌. ആർത്തവ നാളുകളെ സംബന്ധിച്ച്‌ പരമ്പരാഗതമായ ചില വിശ്വാസങ്ങൾ നിലനിൽക്കുന്നു. ഈ സന്ദർഭങ്ങളിൽ സ്ത്രീ വിശുദ്ധയല്ല എന്ന ചിന്തയാണത്‌. ശബരിമലയ്ക്ക്‌ കെട്ടുനിറച്ച്‌ പോകുന്നവർ പണ്ട്‌ ആർത്തവമാരംഭിച്ച പെണ്ണുങ്ങളിൽ നിന്ന്‌ അകലം പാലിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇത്തരം ചിന്തകൾ തെറ്റാണെന്നും സ്ത്രീയോടുള്ള അയിത്തമാണെന്നും ചിന്തിക്കുന്നവരുണ്ട്‌.
 
വേറൊരു രീതിയിൽ സ്ത്രീ ശാരീരികമായി കൂടുതൽ ആരോഗ്യവതിയാകുകയാണ്‌, ഇതിലൂടെ. ആർത്തവ ചംക്രമണം പൂർത്തിയാകുന്നത്‌ സ്ത്രീ എന്ന നിലയിലുള്ള ആരോഗ്യവും പക്വതയും ഉറപ്പു വരുത്തുകയാണ്‌.
 
ചിലരിൽ ഇത്‌ മാനസികമായ ഒറ്റപ്പെടലിന്റെ കാലമാണ്‌. അവർ ഇതിനെ ഏകാന്തത്തയായി കാണുന്നു. പുരുഷനുമായി സംയോഗത്തിനു തടസ്സമുള്ള നാളുകളായതിനാൽ, വിരഹത്തിന്റെയും അകന്നിരിക്കലിന്റെയും ഓർമ്മകൾ അത്‌ ഉണർത്തിവിടുന്നു.
 
നിതംബം
പെണ്ണിന്റെ സൗന്ദര്യത്തിന്‌ എന്നും നിതംബം ഒരു ഘടകമായിരുന്നിട്ടുണ്ട്‌. യഥാർത്ഥ സ്ത്രീ സൗന്ദര്യത്തിൽ ഉഗ്രനിതംബിനികൾക്ക്‌ സ്ഥാനമുണ്ട്‌. നിതംബത്തിന്റെ ആകൃതി ആണിനെ വശീകരിക്കാൻ പര്യാപ്തമാണ്‌. ചില ആണുങ്ങളെങ്കിലും തന്റെ ഇണയുടെ നിതംബത്തിന്റെ വലിപ്പത്തിൽ ആകൃഷ്ടരാവുകയോ രമിക്കുകയോ ചെയ്യുന്നു. നിതംബത്തെ മറയ്ക്കുന്നതിനായി കേശഭാരരവും സാരിത്തലപ്പും ഉപയോഗിക്കുന്നവരുണ്ട്‌.
 
 

You can share this post!