ഋതുസംക്രമം

6

എന്താ കുട്ടി വല്യ ആലോചനയിൽ മുഴുകി നടക്കണത് .വല്ല കല്ലിലും തട്ടി വീഴും കേട്ടോ .” ആലോചനയിൽ മുഴുകിയുള്ള യാന്ത്രികമായ നടപ്പു കണ്ടിട്ടാകാം അമ്മിണിയമ്മ പുറകെ എത്തിപറഞ്ഞു . അപ്പോൾ മാത്രമാണ് താൻ വീടെത്തിയ കാര്യംഅറിഞ്ഞത്. അമ്മിണിയമ്മ പറമ്പിനതിരിലുള്ള മുരിങ്ങമരത്തിൽനിന്നുംമുരിങ്ങകായ പറിച്ചുകൊണ്ടു നിൽക്കുകയായിരുന്നു . അവരുടെ ചോദ്യം കേട്ട് ഒരു വിളറിയ ചിരിയോടെതാൻ പറഞ്ഞു . ”അല്ല അമ്മിണിയമ്മേ നമ്മുടെ നാട്ടുകാർ എത്ര അന്ധവിശ്വാസികളാണെന്നു ഞാൻ ആലോചിക്കുകയായിരുന്നു . യുക്തിക്കു നിരക്കാത്തഎത്ര വിശ്വാസ പ്രമാണങ്ങളാണ് നമുക്കുള്ളത്..” ‘പിന്നീട് അമ്പലത്തിൽ നടന്ന കാര്യങ്ങളൊക്കെ അമ്മിണിയമ്മയോട് വിശദമായി പറഞ്ഞു .

അല്ല കുട്ടി എന്താ വിചാരിച്ചിരിക്കണേ ..ദൈവദോഷം പറയരുത് കുട്ടി . കുഞ്ഞാണെങ്കിലും അത് ശ്രീകോവിലിനകത്തു കേറിയാൽ ശുദ്ധിക്രിയകൾ ചെയ്തേ തീരു. .അല്ലെങ്കിൽ ദൈവ കോപം ഉണ്ടാകും . ”.  അതുകേട്ട് തിരിച്ചു ചോദിച്ചുപണ്ട് ഗുരുവായൂരപ്പന് ഒരു കുഞ്ഞു നേദിച്ച നേദ്യമായിരുന്നല്ലോ പ്രിയം .അതിൽ നിന്ന് തന്നെ നിഷ്കളങ്കരായ കുഞ്ഞുങ്ങൾ ഈശ്വരന് എത്ര പ്രിയപ്പെട്ടഅവരാണെന്നു നമുക്കറിയാം . തന്റെ വാദമുഖങ്ങൾ കേട്ട് അമ്മിണിയമ്മ മൂക്കത്തു വിരൽ വച്ച .”അല്ല പ്രിയക്കുഞ്ഞിനോട്‌ വാദിച്ചു ജയിക്കാൻ ഞാൻ ആളല്ല. അല്ല ഈ കുട്ടിക്ക് അല്പം അരവട്ടുണ്ടോന്നാ ഇപ്പൊ ന്റെ സംശയം .അല്ലെങ്കിലും ആ മാധവന്റെ മോളല്ലേ ഇങ്ങിനെയൊക്കെ പറഞ്ഞില്ലെങ്കിലല്ലേ അതിശയിക്കാനുള്ളൂ. ”അവർ അച്ഛനെപ്പറഞ്ഞതു തനിക്കൊട്ടും രസിച്ചില്ലെങ്കിലും അത് പുറത്തു കാണിക്കാതെ മുത്തശ്ശിയെ വിളിച്ചു പറഞ്ഞു . ”മുത്തശ്ശി .എനിക്ക് വിശക്കണു . വേഗം കാപ്പി എടുത്തു തരൂ. ”അതുകേട്ട് അമ്മിണിയമ്മ ചിരിച്ചുകൊണ്ട് പുറം പണികൾക്കായി വീടിനു പുറകിലേക്ക് നടന്നു . നടക്കുമ്പോൾ അവർ പറയുന്നുണ്ടായിരുന്നു . ”അല്ല ഇപ്പളത്തെക്കാലത്തു കുട്ട്യോൾടെ ഓരോ വിചാരെ.അല്പം പഠിത്തംണ്ടെങ്ങി എന്തും പറയാമെന്നായി .

..” . അതുകേട്ടില്ലെന്നു നടിച്ചു വീടിനു നേർക്ക് നടന്നു . ”ഊണുമുറിയിൽ ഇഡ്ഡലി എടുത്തു വച്ചിട്ടുണ്ട്. അമ്മു കൈ കഴുകി വന്നോളൂ ”.ഉമ്മറത്തുനിന്നു മുത്തശ്ശി വിളിച്ചുപറഞ്ഞു . കാപ്പി കുടി കഴിഞ്ഞ് ഉമ്മറത്തേക്ക് നടക്കുമ്പോൾ അവളുടെ മനസ്സിൽ നിരവധി ചോദ്യങ്ങൾ തലപൊക്കി . ഒരുപക്ഷെ അതിനെല്ലാം മുത്തശ്ശിയോട് ചോദിച്ചാൽ ഉത്തരം കിട്ടിയേക്കുമെന്നു അവൾക്കു തോന്നി . അവൾ ചാരുപടിയിലിരുന്നു പത്രംവായിക്കുന്ന മുത്തശ്ശിയുടെ അരികിലെത്തി അന്ന് അമ്പലത്തിൽ നടന്ന കാര്യങ്ങൾ വിവരിച്ചു . എന്നിട്ട് ചോദിച്ചു . ”അല്ല മുത്തശ്ശി ഈ താണ ജാതിയിൽപ്പെട്ടവരോടും കുഞ്ഞുങ്ങളോടും ഇങ്ങനെ ക്രൂരമായി പെരുമാറുന്നതിൽ ഈശ്വരന് അപാകതയൊന്നുമില്ലേ .  ”അവളുടെ ചോദ്യത്തിന് മറുപടിയായി മുത്തശ്ശി പറഞ്ഞു . ”കുഞ്ഞുങ്ങളോട് ക്രൂരത കാണിക്കാൻ ആ മിത്രന് മാത്രമേ കഴിയുകയുള്ളൂഅമ്മൂ . ദുഷ്ടത അയാളുടെ കൂടപ്പിറപ്പാണ് .അയാളോട് ദൈവം ചോദിച്ചോളും” . ..”അല്ല മുത്തശ്ശി മനുഷ്യ മനസ്സിലെ അശുദ്ധിയല്ലേ ആദ്യം പുണ്യാഹം തളിച്ച് ശുദ്ധി ചെയ്യേണ്ടത് .കുടില പ്രവർത്തികൾ മാത്രം ചെയ്തു ജീവിതം തള്ളി നീക്കുന്നവർക്കു എങ്ങിനെ അമ്പലങ്ങളിൽ ഈശ്വരനെ കുടിയിരുത്താനാകും .അങ്ങിനെയുള്ളവർക്കു ഈശ്വരപൂജ ചെയ്യാൻ എന്താണാവകാശം ? ”

ആ മിത്രനെപ്പോലുള്ളവർ അധികകാലം അമ്പലത്തിൽ ഉണ്ടാകുമെന്നു തോന്നുന്നില്ല അമ്മൂ ..അയാൾക്ക് ദൈവം എന്തെങ്കിലും ശിക്ഷ നല്കാതിരിക്കില്ല.. ”മുത്തശി പറഞ്ഞതുകേട്ട് സന്തോഷം തോന്നി എഴുന്നേറ്റ്സ്വന്തം മുറിയിലേക്ക് നടന്നു .കോറിഡോറിലൂടെ നടക്കുമ്പോൾ മുത്തശ്ശൻ കിടക്കുന്ന മുറി കണ്ടു . താൻ വന്നിട്ട് രണ്ടുമൂന്നു ദിവസം കഴിഞ്ഞെങ്കിലും ഇതുവരെതളർന്നുകിടക്കുന്ന മുത്തശ്ശനെ കാണാൻ ചെല്ലാത്തതിൽ കുറ്റബോധം തോന്നി. പണ്ട് കുട്ടിയയായിരുന്നപ്പോൾ മുത്തശ്ശന്റെ വാത്സല്യം നുകർന്നിരുന്നത്‌, ഓലപ്പന്തും ,ഓലപ്പീപ്പിയും എല്ലാം ഉണ്ടാക്കിത്തന്നു തന്റെ കൂടെ കളിച്ചിരുന്നത്.., തീരെ കുഞ്ഞിലേ തന്നെപുറത്തേറ്റിആനകളിപ്പിച്ചിരുന്നത്.. എല്ലാം ഒരു നിമിഷം ഓർത്തു പോയി ആ മുത്തശ്ശനിന്ന് അനങ്ങാൻ വയ്യാതെ കിടപ്പിലാണ്.പാവം മുത്തശ്ശൻ !.. മുത്തശ്ശനെ നോക്കാൻ അച്ഛനേർപ്പെടുത്തിയ അയ്യപ്പനമ്മാവനെ മുറിയിൽ കണ്ടു .മുറിയിൽ കാലെടുത്തു വയ്ക്കാൻ തുനിഞ്ഞപ്പോൾ നാടൻ മരുന്നിന്റെയും ,കുഴമ്പിന്റെയും രൂക്ഷഗന്ധം അവിടെ തങ്ങിനിൽക്കുന്നത് അ നുഭവപ്പെട്ടു .ഒന്നുരണ്ടു കൊല്ലം മുമ്പ് അവിടെയെത്തിയ അയ്യപ്പനമ്മാവന്‌ താൻ അപരിചിതയെങ്കിലുംതന്നെ മനസ്സിലായിട്ടെന്നോണം പരിചിതഭാവത്തിൽ അയാൾ ചിരിച്ചു . ”പ്രിയ മോളല്ലേ .

ഞാൻ കുടുംബഫോട്ടോയിൽ കണ്ടിട്ടുണ്ട് . പിന്നെ മുത്തശ്ശനെപ്പോഴും പറയുകയും ചെയ്യാറുണ്ട് അമ്മുക്കുട്ടിയുടെ കാര്യം” .മുത്തശ്ശനും മുത്തശ്ശിയും ഏറെ സ്നേഹത്തോടെ വിളിക്കുന്ന അമ്മൂ എന്ന പേര് ഇപ്പോൾ അയ്യപ്പനമ്മാവനും അറിഞ്ഞിരിക്കുന്നു . താൻ വിചാരിച്ചു . ”വരൂ അകത്തേയ്ക്ക് വന്നു മുത്തശ്ശനെ കണ്ടോളൂ ”. ..അയാൾ മുറിക്കുപുറത്തു മടിച്ചു നിന്ന തന്നെ അകത്തേക്ക് ക്ഷണിച്ചു .” താങ്ക്യൂ” . ചിരിച്ചുകൊണ്ട് അകത്തേക്ക് കേറുമ്പോൾ പറഞ്ഞു . മുത്തശ്ശനടുത്തെത്തി ആ കൈകളിൽ പിടിച്ചുകൊണ്ട്‌ നിന്നു . . ഉറക്കത്തിലായിരുന്ന മുത്തശ്ശൻ മെല്ലെ കണ്ണുതുറന്നു നോക്കി അല്ല ഇതാര് അമ്മുമോളോ ?.എപ്പഴെത്തി ?. മുത്തശ്ശൻ മോളെ കണ്ടിട്ട് എത്ര നാളായി” . വിറപൂണ്ട സ്വരത്തിൽ അതുപറയുമ്പോൾ ആ കണ്ണുകളിൽ നനവുപടരുന്നത് കണ്ടു . ”കുട്ടി കണ്ടില്ലേ എന്റെ കിടപ്പ് ?എനിക്കിപ്പോൾ നാക്കു മാത്രമേ അനക്കാൻ പറ്റുന്നുള്ളൂ . ബാക്കിയെല്ലാം തളർന്നു പോയി” . മുത്തശ്ശന്റെ കണ്ണുനീർ തന്നിലേക്കും പടർന്നു കയറി . തേങ്ങലുകൾ തൊണ്ടയിൽ മുട്ടിത്തിരിഞ്ഞപ്പോൾ ഒന്നും മിണ്ടാനാവാതെ നിന്നു .”പണ്ട് കുഞ്ഞിലേ അമ്മൂനെ പുറത്തിരുത്തി എത്ര ആന കളിപ്പിച്ചതാണ് . ഇന്നിപ്പോൾ നീ ഒരുപാട് വളർന്നു. വല്യകുട്ടിയായി . എങ്കിലുംമുത്തശ്ശന് നീ ഇപ്പളും ആ കൊച്ചു കുട്ടിയാ. ഇത്ര നാളും നീഎന്നെക്കാണാൻ വരാതിരുന്നതിലെ മുത്തശ്ശന് വിഷമമുള്ളൂ.”ആ വാക്കുകൾ മുഴുവൻ കേൾക്കാൻ കഴിയാതെ മുത്തശ്ശനെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു . . . ”എന്നോട് ക്ഷമിക്കൂ മുത്തശ്ശാ….. മുത്തശ്ശന്റെ അമ്മൂ ഇനി മുത്തശ്ശനോടൊപ്പം നില്ക്കാൻ പോവുകയാണ് . ഈ നാട്ടിൽനിന്നും ഞാനിനി ഉടനെ മടങ്ങാൻ പോകുന്നില്ല.” ആ വാക്കുകൾ മുത്തശ്ശനെ ഉത്സാഹഭരിതനാക്കി .

എന്റെ കുട്ടി നന്നായി വരും. മുത്തശ്ശന് സന്തോഷായി . ”ആ ആശിർവാദം ഏറ്റുവാങ്ങി , കണ്ണീർ തുടച്ചുതാൻ പുഞ്ചിരിച്ചു . അൽപനേരം കൂടി മുത്തശ്ശന്റെ അടുത്തിരുന്നു. ബാല്യകാലത്തെ കുസൃതികൾ അയവിറക്കി.. പിന്നീട് മുത്തശ്ശനെ ഉറങ്ങാൻ വിട്ട് തന്റെ മുറിയിലേക്ക് നടന്നു.

നടക്കുമ്പോൾ ഓർത്തത് ആ വീട്ടിലുള്ളവരുടെ സ്നേഹത്തെക്കുറിച്ചാണ് . ഇതുപോലെ ഒരച്ഛനെയും അമ്മയെയും ലഭിച്ച അച്ഛൻ എത്ര ഭാഗ്യവാനാണ് ,സ്നേഹത്തിന്റെ നറും മലരുകൾ പൊഴിക്കുന്ന ആ ഹൃദയ നൈർമ്മല്യങ്ങൾ, ,തന്റെ ജീവിതത്തിലുടനീളം സുഗന്ധം പൊഴിക്കുന്ന വിലപിടിപ്പുള്ള ഒരു മാല്യമാകുമെന്നറിഞ്ഞു . ഈ നാട്ടിൽ എന്തൊക്കെ വേദനാജനകമായ അനുഭവങ്ങളുണ്ടെങ്കിലും, തന്നെ ഈ തറവാട്ടിൽ പിടിച്ചു നിർത്തുന്നത് ഈ വീട്ടിലുള്ളവരുടെ നിഷ്കളങ്കമായ സ്നേഹമാണല്ലോ എന്നും ഓർത്തു പോയി .

You can share this post!