ഉറവ

 

ശിഥിലിത മുഖം നോക്കും
തടാകക്കരയിൽ വെയിൽ കുട്ടികൾ
കണ്ണാടി  നോക്കി രസിക്കുന്നു
നീർകാക്കകളുടെ   നിശ്ശബ്ദതടാകം

ഒരു കടൽ കിഴവൻ ആകാശത്തു നിന്ന്
ആയിരം ചരടുകളിൽ
ചുണ്ടു കോർത്തിടുന്നു

ഓർമ്മകളെ ഊറ്റിക്കൊണ്ടുപോയ ചൂടുകാറ്റ്
വിശ്വാസങ്ങളുടെ അടിത്തട്ടിൽ
അദിമ മണൽച്ചുഴി കാട്ടുന്നു

പ്രകൃതി തിരികെ വിളിക്കാൻ മറന്നുവച്ച
ഒരു മനുഷ്യൻ
അവന്റെ ആകുലതകളെ
തടാകത്തിന്റെ
ആദ്യ ഉറവകളിലയച്ച്
ജലത്തിൽ വിരിയുന്ന പൂക്കളെ
സ്വപ്നം കാണുന്നു

പറന്നുപോയ  വിത്തുകളും
ഒഴുകിവന്ന മഴവെള്ളവും
തീർത്തതാണീ  ഭൂമി

കരിയിലകൾ അടക്കം പറയുന്നു
എല്ലാ വിത്തുകളും അതിന്റെ ഗർഭത്തിലുറങ്ങും

You can share this post!